വീണ മുറുക്കിയ കാലം


മലയാളികളുടെ  ഹൃദയത്തില്‍ വീണമീട്ടിയ

കോഴിക്കോട്‌  അബ്ദുള്‍ ഖാദറിന്റെ  ഓര്‍മ്മയ്‌ക്ക്‌ 31 വര്‍ഷം...


(ടാഗോറിന്റെ ഗീതാഞ്‌ജലിയോട്‌
ആശയാനുവാദം)


ഞാന്‍ പാടാനോര്‍ത്തൊരു മധുരിതഗാനം
പാടിയതില്ലല്ലോ-ഞാന്‍
പാടിയതില്ലല്ലോ-
കൈയിലെ വീണ മുറുക്കി ഒരുക്കീ
കാലം പോയല്ലോ - വെറുതെ
കാലം പോയല്ലോ... (ഞാന്‍)
ശരിയായില്ലാ രാഗം... ശരിയായില്ലാ താളം
പാട്ടിന്‍ വാക്കുകള്‍ തെറ്റിടുമല്ലോ
പരവശമാണെന്‍ നാദം... (ഞാന്‍)
പാടണമെന്നൊരു വെമ്പലിലിങ്ങനെ
പാടുകയാണെന്‍ ജീവന്‍
പാടണമെന്നൊരു മോഹം കരളില്‍
കൂടുകയാണതിവേഗം... (ഞാന്‍)

രചന- പി. ഭാസ്‌കരന്‍
സംഗീതം - കെ. രാഘവന്‍
പാടിയത്‌ -കോഴിക്കോട്‌ അബ്‌ദുല്‍ ഖാദര്‍


എങ്ങനെ നീ മറക്കും കുയിലേ' എഴുതിയ ഭാസ്‌കരനും
പാടിയ അബ്‌ദുല്‍ ഖാദറും മണ്‍മറഞ്ഞത്‌ ഒരേ മാസത്തില്‍. ഫിബ്രവരിയില്‍. ഓര്‍ക്കുക വല്ലപ്പോഴും എന്ന്‌ എപ്പോഴും പറയുകയും പാടുകയും ചെയ്‌ത ഭാസ്‌കരന്‍ മാഷുടെ
ഓര്‍മ്മയ്‌ക്ക്‌ ഒരു വര്‍ഷം.

അബ്‌ദുല്‍ഖാദറിന്റെ ഓര്‍മയ്‌ക്ക്‌ മുപ്പത്തിയൊന്നു വര്‍ഷംവി.ആര്‍. സുധീഷ്‌


നീലക്കുയിലുകള്‍ കേരളത്തില്‍ പറന്നത്‌ അന്‍പത്തിനാലിലാണ്‌. `നീലക്കുയില്‍' സിനിമയില്‍ എത്രയെത്ര കുയിലുകളാണ്‌! ഗാനരചനയില്‍ ഭാസ്‌കരന്‍, സംഗീതത്തില്‍ രാഘവന്‍, ആലാപനത്തില്‍ കോഴിക്കോട്‌ അബ്‌ദുല്‍ ഖാദര്‍... `എങ്ങനെ നീ മറക്കും കുയിലേ' എഴുതിയ ഭാസ്‌കരനും പാടിയ അബ്‌ദുല്‍ ഖാദറും മണ്‍മറഞ്ഞത്‌ ഒരേ മാസത്തില്‍. ഫിബ്രവരിയില്‍. ഓര്‍ക്കുക വല്ലപ്പോഴും എന്ന്‌ എപ്പോഴും പറയുകയും പാടുകയും ചെയ്‌ത ഭാസ്‌കരന്‍ മാഷുടെ ഓര്‍മ്മയ്‌ക്ക്‌ ഒരു വര്‍ഷം. അബ്‌ദുല്‍ഖാദറിന്റെ ഓര്‍മയ്‌ക്ക്‌ മുപ്പത്തിയൊന്നു വര്‍ഷം. വിവിധ മേഖലകളില്‍ വ്യാപരിച്ച ഭാസ്‌കരന്‍മാഷുടെ പാട്ടുകളും കവിതകളും തന്നെയാണ്‌ നമ്മുടെ മനസ്സില്‍ സ്‌മരണാലയം തീര്‍ക്കുന്നത്‌. മുപ്പത്തൊന്നു വര്‍ഷം കഴിഞ്ഞുപോയിട്ടും അബ്‌ദുല്‍ഖാദറിന്റെ ശോകാര്‍ദ്ര നാദം ഇന്നും തിരയടിക്കുന്നു.
മലയാളമനസ്സ്‌ പാട്ടിലൂടെ മധുരിച്ചത്‌ അന്‍പതുകള്‍ തൊട്ടാണ്‌. ആ മധുരത്തില്‍ ഏറിയ പങ്ക്‌ ഭാസ്‌കരന്‍ മാഷുടെ ഭാവനയ്‌ക്കുണ്ട്‌. ചിലപ്പോള്‍ സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്‌; ഏതാണ്‌ ഭാസ്‌കരന്‍മാഷുടെ മികച്ച പാട്ടെന്ന്‌? അങ്ങനെയൊന്ന്‌ തീര്‍ത്തെടുക്കുക ക്ലേശകരമാണ്‌. വ്യക്തിപരമായ മാനദണ്ഡങ്ങളില്‍ ചില സുഹൃത്തുക്കള്‍ `എങ്ങനെ നീ മറക്കും കുയിലേ' അവകാശപ്പെടാറുണ്ട്‌. എം.എന്‍. കാരശ്ശേരി പറയുന്നു. ``പച്ചപ്പാവാടയുടുത്ത കേരളത്തിന്റെ നാട്ടിന്‍പുറം. മാനത്തിന്റെ ചോട്ടില്‍ സ്വയം മറന്ന്‌ യൗവനം. കിനാവിന്റെ മാമ്പൂ തിന്ന്‌ മേലോട്ടു പൊന്തുന്ന നീലക്കുയില്‍... ജാതിയുടെ കണക്കില്‍ നമ്മുടെ നാട്ടിലെ ഒരു പാവം പെണ്‍കിടാവിന്ന്‌ മാനഹാനിയും ജീവഹാനിയും വിധിച്ചു കൊടും ചതിയില്‍ പിറവികൊണ്ട തീരാത്ത, തീരാത്ത ശോകത്തിന്റെ ഇന്നും തുടര്‍ന്നു പോരുന്ന കഥയാണിത്‌. ഭാസ്‌കരന്റെ രചനയിലെ ലാളിത്യം രാഘവന്റെ ഈണത്തിലും പുലര്‍ന്നു. മലയാളി ഉല്‌പാദിപ്പിച്ച ഏറ്റവും ശോകസാന്ദ്രമായ സ്വരത്തിന്റെ ഉടമ കോഴിക്കോട്‌ അബ്‌ദുല്‍ ഖാദര്‍, ഹൃദയത്തിന്റെ അഗാധതയില്‍ നിന്നു ഉണര്‍ന്നു വരുന്ന ആ ഗംഭീര നാദത്തില്‍ അതു പാടി. ആത്മാവുകൊണ്ടു മാത്രം പാടാന്‍ കഴിയുന്ന വിധം, ഭാസ്‌കരന്റെയുള്ളില്‍ സ്ഥായിയായി കുടികൊണ്ടുപോന്ന ശോകത്തിന്റെ മികച്ച പ്രത്യക്ഷമായിത്തീരാന്‍ പാകത്തില്‍ അബ്‌ദുല്‍ഖാദര്‍ അതു പാടി.....' (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ മാര്‍ച്ച്‌ 18, 2007). കാലത്തിന്റെയും സ്വപ്‌നത്തിന്റെയും സ്‌മരണയുടെയും മോഹത്തിന്റെയും ദാഹത്തിന്റെയും പച്ചമലയാളപ്പാട്ടാണ്‌ തീരാത്ത ശോകത്തില്‍ ഭാസ്‌കരന്‍മാഷ്‌ എഴുതിയത്‌. കിനാവിന്റെ മാമ്പൂവും മോഹത്തിന്റെ തേമ്പഴവും ഭാസ്‌കരന്‍മാഷുടെ ഏതു പാട്ടിനും ചേരും. നിദ്ര തന്‍ നീരാഴി നീന്തിക്കടന്ന്‌ സ്വപ്‌നത്തിന്റെ കളിയോടം സ്വന്തമാക്കുന്ന ഒരു മലയാളി മനസ്സ്‌ ഭാസ്‌കരന്‍ മാഷുടെ പാട്ടുകളിലുണ്ട്‌. ആ പാട്ടിന്‌ പിന്തുണ കണ്ണീരിലെ ചന്ദ്രകാന്തത്തിളക്കമാണ്‌. അതാണ്‌ എങ്ങനെ നീ മറക്കും എന്ന പാട്ടിന്റെ അനശ്വരതയുടെ രഹസ്യം. ടാഗോറിനോട്‌ ആശയാനുവാദം വാങ്ങി ഗീതാഞ്‌ജലിയിലെ കുറച്ചു വരികള്‍ ഭാസ്‌കരന്‍മാഷ്‌ പരിഭാഷപ്പെടുത്തിയപ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച പാട്ടുകളിലൊന്ന്‌ പിറവിയെടുത്തു. അതാണ്‌ അബ്‌ദുല്‍ഖാദര്‍ പാടിയ `പാടോനോര്‍ത്തൊരു മധുരിത ഗാനം'. മോഹനവും ബിലഹരിയും സംയോജിപ്പിച്ച്‌ രാഘവന്‍മാഷ്‌ ചിട്ടപ്പെടുത്തിയ ആ ഗാനം ആകാശവാണിക്കുവേണ്ടി ഒരുക്കിയതായിരുന്നു. അതേ ട്യൂണിലാണ്‌ പിന്നീട്‌ `നഗരമെ നന്ദി`ക്കുവേണ്ടി `നഗരം നഗരം മഹാസാഗരം' ഉണ്ടാകുന്നത്‌. ആകാശവാണിയില്‍ ഭാസ്‌കരന്‍മാഷ്‌ ജോലിചെയ്യുന്ന കാലത്താണ്‌ ബോംബെയില്‍നിന്നും അബ്‌ദുല്‍ഖാദര്‍ കോഴിക്കോട്ടെത്തുന്നത്‌. ഭാസ്‌കരന്‍മാഷുടെ രചനയിലാണ്‌ അബ്‌ദുല്‍ ഖാദര്‍ തന്റെ ഏറെ നല്ല പാട്ടുകള്‍ പാടിയത്‌. തങ്കക്കിനാക്കള്‍ ഹൃദയേ വീശും (നവലോകം), ഹേ, കളിയോടമേ, പാലാഴിയാം നിലാവില്‍, താരകം ഇരുളില്‍ മായുകയോ (തിരമാല) നീയെന്തറിയുന്നു നീല താരമെ ഇത്രനാളിത്രനാളീവസന്തം (മിന്നാമിനുങ്ങ്‌) തുടങ്ങിയ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്‌ ബാബുരാജാണ്‌. അബ്‌ദുല്‍ഖാദര്‍ നല്ല നടന്‍ കൂടിയായിരുന്നു. എഴുപത്തിയഞ്ചില്‍ സെബാസ്റ്റ്യന്റെ ഉപാസന എന്ന നാടകത്തില്‍ നടനായിട്ടാണ്‌ ഞാന്‍ അബ്‌ദുല്‍ഖാദറെ ആദ്യമായി കാണുന്നത്‌. നാടകത്തിലെ നായിക അഭ്യര്‍ത്ഥിച്ചപ്പോള്‍ അഭിനയിച്ചുകൊണ്ട്‌ അദ്ദേഹം സ്റ്റേജില്‍ പാടുകയായിരുന്നു. `എങ്ങനെ നീ മറക്കും കുയിലെ'. പാട്ടുകളുടെ ഒരു ആര്‍ദ്രസാഗരം തന്നെ അബ്‌ദുല്‍ ഖാദറിന്റേതായിട്ടുണ്ട്‌. ദൈവമേ കരുണാസാഗരമേ, ഭൂവില്‍ ബാഷ്‌പധാര, പ്രണയത്തിന്‍ തൂവല്‍, പൂച്ചെടി പൂവിന്റെ മൊട്ട്‌, പച്ചപ്പനന്തത്തേ, മാമകാത്മാവിന്റെ മാകന്ദതോപ്പിലെ, തങ്കത്തരിവള ഇളകീ, പാടൂ പുല്ലാങ്കുഴലേ, രാധേ രാധേ, കുന്നിക്കുരുക്കള്‍ പെറുക്കും പരിതാപമിതേ ആ ജീവിതമേ, നീരിലെ ഇണ പോലെ തുടങ്ങിയ പാട്ടുകള്‍ പെട്ടെന്ന്‌ മനസ്സിലെത്തുകയാണ്‌.
മുപ്പത്തിയൊന്നു വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട്‌ അബ്‌ദുല്‍ ഖാദറിന്റെ പേരില്‍ ഇപ്പോള്‍ ഒരു ഫൗണ്ടേഷന്‍ രൂപീകരിക്കപ്പെടുകയാണ്‌. ഫിബ്രവരി 13ന്‌ അദ്ദേഹം മരിച്ചിട്ട്‌ മുപ്പത്തിയൊന്നുവര്‍ഷം തികയുന്നു. 24ന്‌ `എങ്ങനെ നീ മറക്കും കുയിലേ' എന്ന പേരില്‍ ആ പാട്ടുകളെല്ലാം ടാഗോര്‍ സെന്റിനറി ഹാളില്‍ പുനര്‍ജ്ജനിക്കുന്നു. അബ്‌ദുല്‍ ഖാദറിന്റെ പേരിലുള്ള പ്രഥമ പുരസ്‌ക്കാരം കെ.പി. ഉദയഭാനുവിന്‌ നല്‍കുന്നു. പാടിയതും പാടാനോര്‍ത്തതുമായ മധുരിത ഗാനങ്ങള്‍ക്ക്‌ കാലം നല്‍കുന്ന സാക്ഷാത്‌കാരം.


മുല്ലപ്പൂവിന്‍  സുഗന്ധം പോലെ

ഭാഷയേതായാലും തനിക്കു കിട്ടുന്ന കഥാപാത്രങ്ങളെ പൂര്‍ണതയിലെത്തിക്കാന്‍ കെല്‌പുള്ള നായികനടിയാണ്‌ മീര ജാസ്‌മിന്‍.
കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ മലയാളി പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരിയായി തീര്‍ന്ന മീരാജാസ്‌മിന്‍ എന്ന നടിയെ മലയാള സിനിമയ്‌ക്ക്‌ അന്യം നിന്നുപോകുമെന്ന്‌ കരുതിയ സമയത്താണ്‌ സത്യന്‍ അന്തിക്കാടു ചിത്രങ്ങളിലൂടെ മീരയുടെ ശക്തമായ സാമീപ്യം നാമറിഞ്ഞത്‌. അമാനുഷിക കഥാപാത്രങ്ങളില്‍നിന്നും മീശപിരിപ്പന്‍ ലാലില്‍നിന്നും മോഹന്‍ലാല്‍ എന്ന ഇതിഹാസ താരത്തിന്‌ ഒരു മാറ്റമുണ്ടായതും സത്യന്‍ അന്തിക്കാട്‌ ചിത്രങ്ങളിലൂടെയായിരുന്നു. മോഹന്‍ലാല്‍-മീരജാസ്‌മിന്‍-സത്യന്‍ അന്തിക്കാട്‌ ടീം ഇപ്പോഴിതാ രസതന്ത്രത്തിനുശേഷം വീണ്ടും ഒരുമിക്കുകയാണ്‌. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സത്യന്‍ ചിത്രത്തില്‍ നഗരത്തില്‍ ടെക്‌സ്റ്റൈയില്‍ ബിസിനസ്‌ നടത്തുന്ന ഗോപകുമാര്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുമ്പോള്‍ ഇയാളുടെ സഹായി കമല എന്ന കഥാപാത്രമായാണ്‌ മീര വേഷമിടുന്നത്‌.

അശ്വതി

കൂടുതല്‍ വിശേഷങ്ങള്‍ക്ക്‌ ചിത്രഭൂമി കാണുക.......