കാസര്‍കോട് ജില്ലയുടെ ഭാഗത്ത് കന്നട, തുളു, മലയാളം ഭാഷകള്‍ സമന്വയിച്ചിരുന്നുവെങ്കില്‍ ചന്ദ്രഗിരിയുടെ തെക്ക് മലയാളത്തോടൊപ്പം കന്നടയും പ്രചാരത്തിലുണ്ട്. ചന്ദ്രഗിരിപ്പുഴയുടെ തെക്കോട്ട് നീങ്ങുന്തോറും കന്നടയും വടക്കോട്ടുപോകുന്തോറും മലയാളവും കുറഞ്ഞുവരുന്നു.

കാസര്‍കോട് ലഭ്യമായ കന്നട ഭാഷയിലുള്ള ആദ്യത്തെ രചന ജയസിംഹന്റെ തളങ്കര ലേഖനത്തിലാണ് കാണുന്നത് (ഏകദേശം 10-11 നൂറ്റാണ്ട്). അലുപ രാജാവ് ജയസിംഹന്‍ കന്യാദാനമായി കൊടുത്ത ഭൂമിയെ സംബന്ധിച്ച ലിഖിതമാണിത്. ഇതുവളരെ പ്രധാനപ്പെട്ട ഒരു ശിലാശാസനമാണ്. ഇതില്‍ വരുന്ന കന്നട ഭാഷയിലെ ചില പ്രയോഗങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. ഒവഴുനീറ (10-ാം വരി), ഓഡില മനെ (12-ാം വരി), ഒവഴനെല (13-14-ാം വരി), ഒഴുപ്പു, നെലദാ (15-ാം വരി), കന്യാദാനം ഗൊട്ട ഭൂമി (16-ാം വരി) എന്നിവ ഉദാഹരണങ്ങളാണ്.

മുകളില്‍ പറഞ്ഞ വാക്കുകളില്‍ ഒവഴു, ഓഡു, കന്യാദാന എന്നിവ ശ്രദ്ധിക്കേണ്ടവയാണ്. ഒവഴുച-ഈ പദപ്രയേഗം കന്നട കാവ്യത്തില്‍ ഒരിടത്തും കാണുന്നില്ല. തമിഴ്, മലയാളം ഭാഷകളില്‍ 'ഉവര്‍' എന്നും തുളുവില്‍ 'ഉബര്‍' 'ഉബാര്‍' എന്നും പ്രയോഗിക്കപ്പെടുന്നു. 'ഒവഴു നെല' എന്നാല്‍ ഉപയോഗശൂന്യമായ ചതുപ്പുനിലമെന്നര്‍ഥം. പദത്തിന്റെ ആദ്യാക്ഷരങ്ങള്‍ '/' മാറി ഉണ്ടായതാകാമെന്നും കരുതാം. പഴയകന്നട, മധ്യകാല കന്നട, ആധുനിക കന്നട ഇവയില്‍ വാക്കുകള്‍ ഇങ്ങനെയായിരിക്കും. 'ബാഴെ'-ബാളെ, 'മാഴെ'-മാളെ, 'കൊഴെ'-കൊളെ, 'ഒവഴു'-ഒവളു. ഇവിടത്തെ ഭൂമിയുടെ പ്രത്യേകത സൂചിപ്പിക്കുന്ന പദമായതുകൊണ്ടും തീരദേശത്തുമാത്രം ഇവിടുത്തെ ഭൂമിയുടെ പ്രത്യേകത സൂചിപ്പിക്കുന്ന പദമായതുകൊണ്ടും തീരദേശത്തുമാത്രം കാണപ്പെടുന്നതുകൊണ്ടും കാലക്രമേണ ഇത് കന്നട ഭാഷയില്‍ ലോപിച്ചായിരിക്കാം. അല്ലെങ്കില്‍ ഈ ശിലാശാസനമെഴുതിച്ച വ്യക്തി പരിസരത്തുള്ള മലയാളം അഥവാ തുളു ഭാഷകളില്‍ പ്രയോഗത്തിലുള്ള വാക്ക് സ്വീകരിച്ചതാകാം.

ഓഡില മനെ. ഈ പ്രയോഗം തളങ്കര ശാസനത്തില്‍ മാത്രമേ കാണപ്പെടുന്നുള്ളു. ഓടുമേഞ്ഞ പുര എന്നാണിതിന്റെ അര്‍ഥം. തുളുവില്‍ 'ഓഡില്‍' 'ഒഡില്‍' 'ഓഡ്' എന്നിവയ്ക്ക് മലയാളത്തില്‍ 'ഓട്' എന്നര്‍ഥമാണ്. തമിഴിലും ഇതുതന്നെ. ഈ പ്രയോഗം ഇവിടത്തെ ചില കന്നട ഉപഭാഷകളിലും കാണപ്പെടുന്നു.

കന്യാദാനം. വിവാഹസമയത്ത് കന്യകയ്ക്ക് (വധുവിന്) കൊടുക്കുന്ന സമ്മാനം എന്നര്‍ഥം. ഈ പ്രയോഗം കന്നടയില്‍ ആദ്യമായി കാണുന്നത് തളങ്കര ശാസനത്തിലാണ്. കന്യകയ്ക്ക് ദാനമായി നല്‍കിയ സ്വത്തിന്റെ ഉടമാവകാശം ആ വംശത്തില്‍ പിറക്കുന്ന പെണ്‍മക്കള്‍ക്ക് മാത്രമാണെന്നും പെണ്‍കുഞ്ഞുങ്ങളില്ലെങ്കില്‍ മാത്രമേ ആണ്‍മക്കള്‍ക്ക് അവകാശമുള്ളുവെന്നും ഇത് അനുശാസിക്കുന്നു. തുളുനാട്ടിലെ മരുമക്കത്തായത്തിന്റെ പ്രഭാവം ഇവിടെ കാണാം.

തളങ്കര ശാസനത്തില്‍ കാണുന്ന 'മോര' എന്ന പദം കന്നട നിഘണ്ടുവില്‍ സ്ഥാനം പിടിച്ചിട്ടില്ല. 'ഊര്‍മെ' (അതിശയം, ആധിക്യം), അടിഹാര (അധികാരം) മുതലായ പദപ്രയോഗങ്ങളും ഇവിടത്തെ കന്നട ഭാഷ അന്യഭാഷകളില്‍നിന്നു പദങ്ങള്‍ സ്വീകരിച്ച് എങ്ങനെ വളരുന്നുവെന്നതിന് തെളിവാണ്. തളങ്കര ശിലാലേഖനത്തിനു ശേഷം യക്ഷഗാന കവി പാര്‍ഥിയ സുബ്ബന്റെ കൃതികളിലാണ് കാസര്‍കോട് ജില്ലയില്‍ കന്നട എഴുതിക്കാണുന്നത് (ക്രി.. 1575-1625) തളങ്കര ശിലാലേഖനത്തില്‍ പഴയ കന്നടയാണെങ്കില്‍ പാര്‍ഥിയ സുബ്ബന്റെ കൃതികളില്‍ മധ്യകാല കന്നട ഭാഷയാണ് പ്രയോഗിച്ചിരിക്കുന്നത്. ഇതില്‍ തുളു, മലയാളം പദങ്ങളും കലര്‍ന്നിരിക്കുന്നു. “

ഏനയ്യ, നിന്നംതറംഗ/മാനവില്ലദീ പ്രസംഗ/വേനയ്യ" (അംഗദസന്താനം) എന്നതില്‍ 'പ്രസംഗ' എന്ന പദതതിനു 'ഭാഷണം' എന്നാണര്‍ഥം. ഈ വാക്ക് മലയാളത്തില്‍ നിന്ന് സ്വീകരിച്ചതായിരിക്കാം. കാസര്‍കോട് സുബ്ബറായ, തിമ്മയ്യ ഭട്ട്, കുദ്രെപ്പാടി ഈശ്വരയ്യ, ബന്നൂറുനാരായണ ഭാഗവതര്‍, സംകയ്യ ഭാഗവതര്‍ (ക്രി.. 19-ാം നൂറ്റാണ്ട്) മുതലായവര്‍ പാര്‍വതി സുബ്ബനു ശേഷമുള്ള യക്ഷഗാന പ്രാസംഗികരാണ്. ഇവരുടെ കൃതികള്‍ മധ്യകാല കന്നടയിലാണ്. എന്നാല്‍ ആധുനിക കന്നടയിലെ പദപ്രയോഗങ്ങളുമുണ്ട്.

കന്നട ഇന്നും കാസര്‍കോട് ജില്ലയില്‍ വ്യവഹരിക്കുന്ന ഭാഷയാണ്. അതിന്റെ പല വകഭേദങ്ങളും ഇവിടെ കണ്ടുവരുന്നു. ഹവ്യകര്‍, കോട്ട, രാമരാജ്യ ക്ഷത്രിയര്‍, ശിവാജി ക്ഷത്രിയര്‍, മാദിഗര്‍, ബൈറര്‍, കുമാര ക്ഷത്രിയര്‍, വീരശൈവര്‍, ഒക്കലിഗര്‍, കുറുബ്‍, ഹെഗ്ഡെ, സിങ് മുതലായവര്‍ കന്നടയുടെ വിവിധരൂപങ്ങള്‍ സംസാരിക്കുന്നു. ഇവരുടെ പൂര്‍വികര്‍ കൃഷി, കാവല്‍, യുദ്ധം മുതലായ വ്യത്യസ്ത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരും ഇവിടേക്ക് കുടിയേറിവന്നവരുമായിരുന്നു. പ്രാദേശിക ഭാഷാസ്വാധീനം കൊണ്ട് ഇവരുടെ സംസാരഭാഷ വിവിധ ഉപഭാഷകളായിത്തീരുന്നു. ചന്ദ്രഗിരിയുടെ തെക്ക് ഭാഗത്തുള്ള കന്നടയില്‍ മലയാളത്തിലെ, തട്ടിപ്പ്, സുയിപ്പ്, പോയത്തം, ഏകദേശം, അടിസ്ഥാനം, രക്ഷയില്ല മുതലായ വാക്കുകള്‍ ധാരാളം പ്രയോഗിച്ചുകാണുന്നു.

ജില്ലയുടെ വടക്കുഭാഗത്ത് കന്നട ഉപഭാഷകളില്‍, കോട്ടകന്നട, ഹവ്യക് കന്നട, ബൈറ-മാദിഗ കന്നട, കോട്ടെ-ഓജി കന്നട മുതലായവയില്‍ വളരെ വ്യത്യാസങ്ങള്‍ കാണുന്നു. ചന്ദ്രഗിരിയുടെ തെക്കും വടക്കും ഭാഗത്തുള്ള ഈ ഉപഭാഷകള്‍ തമ്മില്‍ വളരെ വ്യത്യാസങ്ങളുണ്ട്. കാസര്‍കോടിലെ ശിഷ്ട കന്നടയിലും ഈ പരിവര്‍ത്തനം കാണാം. മൊഴിമാറ്റം ചെയ്യപ്പെട്ട സാഹിത്യകൃതികള്‍, പാഠപുസ്തകങ്ങള്‍ മുതലായവ ഈ മാറ്റത്തിന് കാരണമാകുന്നു. കന്നടഭാഷയില്‍ വേണ്ടത്ര പ്രാവീണ്യമില്ലാത്തവര്‍ തര്‍ജമയില്‍ മലയാളവാക്കുകള്‍ തന്നെ തിരുകിവയ്ക്കുന്നത് താരതമ്യേന, ഭരണഘടന, രാഷ്ട്രീയം, സാമൂഹികം, മുതലായവ കന്നട പാഠപുസ്തകങ്ങളില്‍ ധാരാളം കാണാം. മലയാളപത്രങ്ങളില്‍ കന്നടപത്രങ്ങളിലേക്ക് തര്‍ജ്ജിമചെയ്യുന്നതുകൊണ്ട് ഇത്തരം വാക്കുകള്‍ കന്നഡ പത്രങ്ങളിലും കാണാം.

നിക്ഷേപം, പരിശോധന (പരീക്ഷ), പദ്ധതി (യോജനെ), സാമ്പത്തികം (ആര്‍ത്ഥിക), പരിജ്ഞാനം (പരിചയ), ജനാധിപത്യം (പ്രജാപ്രഭുത്വ), സംവിധാനം (വ്യവസ്ഥെ), സൌജന്യ (ഉചിത) മുതലായവ മലയാളത്തില്‍ നിന്നു സ്വീകരിക്കപ്പെട്ടവയാണ്. പലതും സംസ്കൃതത്തില്‍ നിന്ന് എടുത്തതാണെങ്കിലും പ്രയോഗാര്‍ഥം വേറെയാകുന്നു. പലവാക്കുകളും കന്നടയിലും മലയാളത്തിലും വിഭിന്നമായ അര്‍ഥത്തില്‍ പ്രയോഗിക്കപ്പെടുന്നു. ചില പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക.

  1. അഭിമുഖീകരിസുവ പ്രശ്നെഗളും

  2. സാമാജികറു ഉദ്യോഗസ്ഥറു, ജനപ്രതിനിധിഗളു, സറക്കാരവു സേറുവ കൂട്ടപ്രയത്ന.

  3. ..പരിസറദെല്ലി

  4. ഈ അവസറവന്നു പൂര്‍ണ്ണവാഗി ഉപയോഗിസി

  5. സൌജന്യ പോളിയോ ബിന്ദു മദ്ദു ലഭിസുവുദു

കാസര്‍കോട് ജില്ലയിലെ കന്നട ഭാഷ അനുദിനം വളര്‍ച്ച പ്രാപിച്ച് ഭാവിയില്‍ 'കാസര്‍കോട് കന്നട' എന്ന പേരില്‍ തന്നെ വ്യത്യസ്ഥമായി അറിയപ്പെടാനിടയുണ്ട്. കാസര്‍കോടിലെ മലയാളവും ഇതേവിധത്തില്‍ തുളു, കന്നട ഭാഷകളുടെ സ്വാധീനം മൂലം മറ്റുപ്രദേശങ്ങളിലെ മലയാളത്തില്‍ നിന്നു വേര്‍പെട്ടുനില്‍ക്കുന്നതായി കാണാം.

1. കന്നട സാഹിത്യം.കന്നടസാഹിത്യചരിത്രം ഇവിടെ ആരംഭിക്കുന്നത് ജയസിംഹ രാജാവിന്റെ തളങ്കര ശാസനത്തോടുകൂടിയാണല്ലോ. കാസര്‍കോടിന്റെ ചരിത്രത്തില്‍ പ്രധാനപ്പെട്ട ഈ ശാസനം കന്നടശാസനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി പരിഗണിക്കപ്പെടുന്നു. കന്നട ഭാഷ സംസാരിക്കുന്ന ഒരു ജനതയുടെ ശക്തമായ സാന്നിധ്യവും വ്യാപനവും കന്നട സാഹിത്യത്തെ സമ്പന്നമാക്കുകയും നിരവധി അമൂല്യങ്ങളായ സാഹിത്യസൃഷ്ടികള്‍ ഈ ഭാഷയില്‍ ഉണ്ടാവുകയും ചെയ്തു. 14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാവുഗോളിയിലെ ത്രിവിക്രമ പണ്ഡിതനാണ് അറിയപ്പെടുന്ന ആദ്യത്തെ കന്നട സാഹിത്യകാരന്‍. ഉഷാഹരണം, വിഷ്ണുസ്തുതി, വായുസ്തുതി തുടങ്ങിയ സംസ്കൃത കൃതികളുടെ കര്‍ത്താവായ ത്രിവിക്രമ പണ്ഡിതന്റെ കുടുംബാംഗങ്ങളായിരുന്നു നാരായണ പണ്ഡിതന്‍, വാമനപണ്ഡിതന്‍, ശങ്കരപണ്ഡിതന്‍ എന്നിവര്‍ യഥാക്രമം മാധ്വവിജയം, ഉപനിഷത്ത് ഭാഷ്യങ്ങള്‍, സംബന്ധ ദീപിക തുടങ്ങിയ കൃതികളുടെ രചയിതാക്കളാണ്. അദ്ദേഹത്തിന്റെ സഹോദരി കല്യാണിദേവി വായുസ്തുതി രചിച്ച് ആദ്യകാല കവയത്രികളില്‍ ഒരാളായി മാറി. അതുപോലെ 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിഷ്ണു കവിയെഴുതിയ കൃഷ്ണലീലയും, അജ്ഞാതകവി കന്നട ലിപിയില്‍ സംസ്കൃതത്തിലെഴുതിയ വേലാപുരം മാഹാത്മ്യവും കാസര്‍കോട്ടെ കന്നടയിലെ ആദ്യകാല കൃതികളാണെന്ന് കാണാം.

കന്നട ഭാഷയില്‍ ശക്തമായ കാവ്യരചന ആരംഭിക്കുന്നത് യക്ഷഗാന രംഗത്തെ അതികായനായി മാറിയ പാര്‍ഥിസുബ്ബന്റെ കാലത്തോടുകൂടിയാണ്. യക്ഷഗാന കലയ്ക്ക് ശാസ്ത്രീയമായ അടിത്തറ നല്‍കിയ എഴുത്തുകാരനാണ് പാര്‍ഥി സുബ്ബന്‍. 14 ഓളം യക്ഷഗാന പ്രസംഗങ്ങള്‍ ലളിതമായ കന്നട ഭാഷയില്‍ രചിച്ച പാര്‍ഥിസുബ്ബന്‍ യക്ഷഗാനത്തെ ജനകീയവല്‍ക്കരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അമൂല്യമായ സംഭാവന ചെയ്ത എഴുത്തുകാരനാണ്. നൂറോളം കീര്‍ത്തനങ്ങള്‍ രചിച്ച വെങ്കിടസുബ്ബി ഇദ്ദേഹത്തിന്റെ സഹോദരിയാണെന്ന് വിശ്വസിക്കപ്പെടുന്നു. പാര്‍ഥിസുബ്ബന്റെ കാവ്യപാരമ്പര്യം മുന്നോട്ടുകൊണ്ടുപോയ നിരവധി കവികള്‍ നല്‍കിയ സംഭാവനയുടെ ഫലമായി ആയിരത്തിര്‍പ്പരം യക്ഷഗാനപ്രസംഗങ്ങള്‍ കന്നടയിലുണ്ടായി. കാസര്‍കോട് സുബ്രായകവി, ബായാറു സങ്കയ്യ ഭാഗവതര്‍, ചവര്‍ക്കാട് ശംഭു, മുണ്ടോടല നാരായണ തുടങ്ങിയവര്‍ ഈ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോയ കവികളാണ്. ജത്തി ഈശ്വരഭാഗവതര്‍, അംബെമൂലെ ഗോവിന്ദഭട്ട്, മുവ്വാറു കിട്ടണ്ണ ഭാഗവതര്‍, തോട്ടി തിമ്മയ്യ കവി, പുണ്ടൂറു ദാമോദര പുണിഞ്ചിത്തായ, ബലിപ വലിയ നാരായണ ഭാഗവതര്‍, ചെറിയ നാരായണഭാഗവതര്‍, കിട്ടഞ്ചി മഹാബലിഭട്ട്, ശേണി ഗുമ്മെ വാസുദേവ ഭട്ട്, ശേണി ഗോപാലകൃഷ്ണഭട്ട്, അടൂര്‍ ബളകില വിഷ്ണയ്യ, കീരിക്കാട് മാസ്റ്റര്‍ വിഷ്ണുഭട്ട്, മയ്യടി വെങ്കട രമണയ്യ, സി.എച്ച്, ശങ്കരനാരായണഭട്ട്, നാറംപാടി സുബ്ബയ്യ ഷെട്ടി, പുത്തിഗെ രാമകൃഷ്ണ ഭാഗവതര്‍ തുടങ്ങി നിരവധിപേര്‍ പാര്‍ഥിസുബ്ബന്റെ പിന്‍മുറക്കാരനായി യക്ഷഗാനകലയെ സമ്പന്നമാക്കിയ കവികളാണ്. 17-ാം നൂറ്റാണ്ടില്‍ കടുമനെ ഭഗീരഥി അമ്മ അനേകം "ശോഭാനെ" പാട്ടുകളും രചിക്കുകയുണ്ടായി. കന്നട സാഹിത്യത്തിലെ ആദ്യകാല പഥികരിലൊരാളാണ് നവരാത്രി പാട്ടുകളും ദേവി മാഹാത്മ്യവും എഴുതിയ ഉര്‍മിലെ ശ്യാമകവി.

ആധുനിക കന്നട സാഹിത്യത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി എഴുത്തുകാര്‍ കാസര്‍കോടുണ്ടായിട്ടുണ്ട്. ബേക്കല്‍ രാമനായ്ക്ക്, പുത്തിഗെ വിഷ്ണുമൂര്‍ത്തി ഹൊള്ളെ, പുണ്ടുറു ലക്ഷ്മിനാരായണ പുണിഞ്ചിത്തായ തുങ്ങിയവര്‍ ശ്രദ്ധേയങ്ങളായ നിരവധി കൃതികളുടെ രചയിതാക്കളായിരുന്നു. തികച്ചും കാല്‍പ്പനികമോ ചരിത്രപരമോ അല്ലാത്ത ഐതിഹ്യങ്ങള്‍ ചരിത്രത്തിന്റെ ഇഴകളില്‍ അതീവസുന്ദരമായ കഥകളായി വിരിയുന്ന കൃതികള്‍ ബേക്കല്‍ രാമനായ്ക്ക് രചിക്കുകയുണ്ടായി. ഐതിഹ്യങ്ങള്‍ രചനയിലേക്ക് ശക്തമായി കടത്തിവിട്ട എഴുത്തുകാരനാണ് അദ്ദേഹം. കിച്ചിന കിടിഗളു, നാടകതെഗളു, പുള്ളൂറു ബാച, കോട്ടെയ കതെഗളു, തെംകനാട ഐതിഹ്യഗളു മുതലായ കൃതികളോടൊപ്പം സത്യപരീക്ഷെ, സൌഭാഗ്യത്തെ, തൌളവ സ്വാതന്ത്ര്യ മുതലായ നാടകങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി.

രാഷ്ട്രകവി മഞ്ചേശ്വര്‍ ഗോവിന്ദപൈ കന്നട സാഹിത്യത്തിലെ ലബ്ധപ്രതിഷ്ഠ നേടിയ എഴുത്തുകാരില്‍ ഒരാളാണ്. 24 ഭാഷകളില്‍ പ്രാവീണ്യം നേടിയിരുന്ന ഒരു ഭാഷാ ഗവേഷകന്‍ കൂടിയായിരുന്ന അദ്ദേഹം. ഗൊല്‍ ഗോഥാ, വൈശാഖി എന്നീ ഖണ്ഡകാവ്യങ്ങളും ഹൃദയരംഗ, നന്ദാദീപ, ഗിളിവിണ്ടു മുതലായ കവനസങ്കല്പനങ്ങളുടെയും കര്‍ത്താവാണ്. ഹെബ്ബറളു, ചിത്രഭാനു, സൈരന്ധ്രി മുതലായ നാടകങ്ങളും രാഷ്ട്രവകവിയുടേതായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രൌഢമായ "നടുഗന്നഡ" ഭാഷാശൈലി കാണാം. പല ഭാഷകളില്‍ നിന്നും വാക്കുകള്‍ നിര്‍ലോഭം സ്വീകരിച്ച ഗോവിന്ദപൈ കന്നടയില്‍ ആദ്യമായി ആദ്യപ്രാസം ത്യജിച്ച് ഒരു പുതിയ കാവ്യവിപ്ലവത്തിന് തിരികൊളുത്തി. ഇംഗ്ലീഷിലെ പ്രസിദ്ധങ്ങളായ ഛന്ദസ്സുകളുടെ മാതൃകയില്‍ നിരവധി കവിതകള്‍ രചിച്ചു. നിരവധി ഗവേഷണ ലേഖനങ്ങളെഴുതിയ ഗോവിന്ദപൈയുടെ സമ്പന്നമായ സാഹിത്യപൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉടുപ്പിയില്‍ അദ്ദേഹത്തിന്റെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണകേന്ദ്രത്തില്‍ അദ്ദേഹത്തിന്റെ വന്‍ഗ്രന്ഥശേഖരം സൂക്ഷിച്ചുവച്ചിട്ടുണ്ട്. മഞ്ചേശ്വരം ഗവ. കോളജിന് അദ്ദേഹത്തിന്റെ പേരുനല്‍കി തുടിക്കുന്ന ഓര്‍മകള്‍ നിലനിര്‍ത്താന്‍ കേരളഗവണ്‍മെന്റ് തയ്യാറായി.

രാഷ്ട്രകവിയായി (മദ്രാസ് പ്രസിഡന്‍സിയുടെ കാലത്ത്) അവരോധിക്കപ്പെട്ട മഞ്ചേശ്വരം ഗോവിന്ദപൈയെപ്പോലുള്ള ദാര്‍ശനികന്മാര്‍ ജിവിച്ച നാടാണ് ഇത്. ഗോവയില്‍നിന്ന് പോര്‍ച്ചുഗീസുകാരുടെ പീഡനം ഭയന്ന് കാസര്‍കോട്ടേക്ക് കുടിയേറിയ കൊങ്ങിണി സമുദായത്തിലാണ് പൈ പിറന്നത്. 25 ഭാഷകള്‍ ഹൃദിസ്ഥമായിരുന്നു. മാക്സ് മുള്ളറെ പോലൊരാള്‍. അദ്ദേഹം ക്രിസ്ത്യന്‍ സംസ്കാരം ഉള്‍ക്കൊണ്ട് ഗാഗുല്‍ത്ത എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ പുരാണങ്ങള്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. തുളുനാടിന്റെ ചരിത്രം എഴുതിയിട്ടുണ്ട്. കൊങ്ങിണി സമൂഹത്തിന്റെ ഉല്‍പത്തിയെക്കുറിച്ച് നരവംശശാസ്ത്രം പഠനം എഴുതിയിട്ടുണ്ട്. അല്ലാമാ ഇഖ്ബാലിന്റെ ഹിന്ദുസ്ഥാന് പരിഭാഷയുണ്ടാക്കിയിട്ടുണ്ട്. അസാധാരണ മൌലികതയുള്ള കവിയായിരുന്നു.

പുത്തിഗെ വിഷ്ണുമൂര്‍ത്തി ഹൊള്ളെ 25-ല്‍പ്പരം യക്ഷഗാന കൃതികള്‍ രചിച്ച പ്രശസ്തകവിയാണ്. കന്ദന കൊളലു, സത്യസായി കീര്‍ത്തനതരംഗം, ദേവി ഭക്തിസാര, ഗാന്ധിഭക്തിസാര, ബാഷ്പാഞ്ജലി, തത്ഭവ സംസ്കൃത ശബ്ദകോശം, കന്നട ലഘുനിഘണ്ടു, കെനെവാലു തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനരചനകളാണ്. തിലകകാവ്യാഞ്ജലി, രാഷ്ട്രഗീത രത്നാകര, ബാലഗംഗാധര സ്തവ, ഹരിജന സന്താന, സ്വരാജ്യ ഗീതാമൃത മുതലായ രാഷ്ട്രഭക്തിഗാനങ്ങളും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കവിതകളും രചിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ സൃഷ്ടിപരമായ മുഴുവന്‍ കഴിവും സമര്‍പ്പിച്ച പുണ്ടൂറു ലക്ഷ്മിനാരായണ പുണിഞ്ചിത്തായ പല നാടകങ്ങളുടെയും രചയിതാവുകൂടിയായിരുന്നു. കന്നടയില്‍ വലിയതോതില്‍ സ്വാതന്ത്ര്യഗീതങ്ങള്‍ രചിച്ച് പ്രശസ്തനായ ഇദ്ദേഹത്തിന്റെ സമഗ്രമായ കൃതികള്‍ "സ്വരാജ്" എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

സത്യാവലോകനം, തുളുദിവിഗെ, കാവ്യപദമഞ്ജരി, കന്നട-കന്നട സുവര്‍ണകോശം, കുമാരവ്യാസ, രാമവിജയ കാവ്യ എന്നിങ്ങനെ ഇരുപതിലധികം കൃതികളുടെ കര്‍ത്താവായ താള്‍തഡെ കേശവഭട്ട്, സാഹിത്യത്തിലെ എല്ലാ രംഗങ്ങളിലും തിളങ്ങിയ വ്യക്തിയാണ്. മഞ്ചേശ്വര്‍ ഗണപതി ഐഗള്‍ മറ്റൊരു പ്രശസ്തനായ എഴുത്തുകാരനാണ്. മഞ്ചേശ്വര സ്ഥലപുരാണം, സാബൂന്‍ നിര്‍മാണരീതി, സമാജശാസ്ത്ര, പ്രകൃതി ശാസ്ത്ര, തോട്ടം നിര്‍മിക്കല്‍ മുതലായവയുടെ കര്‍ത്താവാണ്. ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി ദക്ഷിണ കന്നട ഇതിഹാസമാകുന്നു. കാസര്‍കോടിന്റെ സംഭാവനയായ ദക്ഷിണദ യക്ഷഗാന പുണ്ടൂറു ഗോപാലകൃഷ്ണ പുണിഞ്ചിത്തായ പരാവര്‍ത്തനം ചെയ്തതാണ്. ദാമോദര പുണിഞ്ചിത്തായയുടെ കുമ്പളസീമയുടെ ചരിത്രെ, നെല്ലിതട്ടു മാഹാത്മ്യം, ഇലിയ മദുവെ, ഷഷ്ഠിവൃത മാഹാത്മ്യം മുതലായവ പ്രസിദ്ധങ്ങളാണ്. ഇദ്ദേഹം "കര്‍ണാര്‍ജുന കാളഗ" മുതലായ യക്ഷഗാന കൃതികള്‍ രചിക്കുകയും, വൈദ്യസാരസമുദ്രതരംഗമെന്ന തെലുങ്ക് വൈദ്യഗ്രന്ഥത്തിന്റെ കന്നട ഭാഷാന്തരീകരണം നടത്തുകയും ചെയ്തിട്ടുണ്ട്.

സൌഭാഗ്യം സുന്ദരി എന്ന നാടകത്തിന്റെ കര്‍ത്താവായ കുഡ് ലു സുബ്രായ ശാനുഭാഗ്, വിജിതാശ്വ വിജയ രചിച്ച രാമചന്ദ്ര പുണിഞ്ചിത്തായ എന്നിവര്‍ ഹെസഗന്നടയിലെ ആദ്യകാല നാടകസുഹൃത്തുക്കളാണ്. ഇതേ കാലഘട്ടത്തില്‍ ബേലഗദ്ദെ അപ്പയ്യ, അലക്സാണ്ടര്‍, ഉഷാപരിണയം, സ്വര്‍ഗീയ സ്വപ്ന എന്നിങ്ങനെയുള്ള നാടകങ്ങള്‍ എഴുതി. കൂടാതെ ഈ കാലയളവില്‍ കാസര്‍കോടുനിന്ന് നിരവധി കന്നട നാടകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേശവന്‍ നമ്പീഷന്റെ "മഠസന്ദര്‍ശനം", കിളിംഗാറു കേശവ ഭട്ടിന്റെ സംസ്കൃത ഭാഷാപ്രബോധം, തൊണ്ടെമൂലെ നാരായണഭട്ടിന്റെ പെര്‍വാലഗീത, സ്തോത്രമാല എന്നിവയും ദര്‍ബെ നാരായണ ശാസ്ത്രിയുടെ ലേഖനങ്ങള്‍, കന്നെപ്പാടി പരമേശ്വര ശാസ്ത്രിയുടെ മഹാകാവ്യമായ സാനാജെ ഭൂതകാലചരിതം, ഖണ്ഡകാവ്യമായ കലിവിജയം എന്നിവയും അരമട്ക ശങ്കരശാസ്ത്രിയുടെ ഉദനേശ്വരശതകം, പഡ്രെ ശ്രീപതിശാസ്ത്രിയുടെ മൂകാംബിക സ്തോത്രവ്യാഖ്യാനം, അന്നപൂര്‍ണേശ്വരി സ്തോത്രം തുടങ്ങിയ സംസ്കൃത കൃതികള്‍ പ്രസിദ്ധങ്ങളാണ്. ഇവര്‍ കന്നടയിലും വളരെയേറെ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കന്നടയിലെ പ്രഗല്‍ഭ സാഹിത്യകാരനായ പെറഡാല കൃഷ്ണയ്യ, യാദവാഭ്യുദയ, ഗെലുവിന കത്തി എന്നീ രണ്ട് യക്ഷഗാന കൃതികളും ദേവിമാഹാത്മ്യം തുടങ്ങിയ ഖണ്ഡകാവ്യങ്ങളും രചിച്ചിട്ടുണ്ട്.

ചെറുകഥ, നോവല്‍ എന്നീ സാഹിത്യശാഖകളിലും കാസര്‍കോട് വളരെയധികം മുന്നേറിയിട്ടുണ്ട്. മായിപ്പാടി കേശവഭട്ട്, കാവേരിക്കാന കൃഷ്ണഭട്ട്, നീലേശ്വരം ഗണപതി കാമത്ത്, കാര്‍യ്യ ഹള്ള, റാമകൃഷ്ണ ഷെട്ടി, സിറിബാഗിലു വെംകപ്പയ്യ, ജി. ശങ്കരഭട്ട് മുതലായവരുടെ ചെറുകഥാ സമാഹാരങ്ങള്‍ പഴയ തലമുറയെ പ്രതിനിധീകരിക്കുന്നു. മുളിയാര്‍ നാരായണഭട്ടിന്റെ കുറുടു കാസു, മണ്ണിനനഞ്ചു എന്നിവയും കെ.എസ്. ഭട്ടിന്റെ ചന്ദ്രശേഖര കള്ളിഗെ, മഹാബല ഭണ്ഡാരിയുടെ മേലിനകോര്‍ട്ടു രാമ മളൂറന്റെ സാവിദ സമ്പത്തു, വൈശാലിനി, രക്തദാനം എന്നിവയും സത്യവാന്‍ ചേവാര്‍ എന്നയാളുടെ കറാവളി കന്യ, ഹൊലയ ഹൊറഗില്ല, പാപദപിണ്ഡ എന്നിവയും കാറാസാറെഗയുടെ ലേഡീസ് ഹോസ്റ്റല്‍, ദേലംപാടി സുബ്രഹ്മണ്യഭട്ടിന്റെ ഹള്ളിയ ഹുഗുഡി മുതലായവയും പഴയ തലമുറയിലെ നോവലുകളാണ്.

കാസര്‍കോടിലെ കന്നടക്കാരായ നിരവധി പേര്‍ മറ്റു ഭാഷകളില്‍ നിന്നും പ്രത്യേകിച്ച് സംസ്കൃത മലയാളം എന്നിവയില്‍നിന്നും കന്നടയിലേക്ക് കുറെ ഗ്രന്ഥങ്ങള്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നു. ടി. ഉബൈദിന്റെ മുസ്ലിമിന മൊറെഗളു, കയ്യാര്‍ കിഞ്ഞണ്ണറൈയുടെ കുമാരനാശാന്റെ മൂന്ന് ഖണ്ഡകാവ്യങ്ങള്‍, പഞ്ചമി എന്നിവയും കുളിംഗാറു കേശവഭട്ടരുടെ ഗരുഡപുരാണം, കാകുഞ്ചെ കൃഷ്ണഭട്ടരുടെ ബ്രഹ്മസൂത്ര, എന്‍.ഡി ശെട്ടിയുടെ ഭത്തദ കാളുഗളു, കുലവര്‍മ ബാലകൃഷ്ണയുടെ ഗീതഗോവിന്ദ, കുമാരസംഭവം എന്നിവയും എം. രാമകൃഷ്ണ ഭട്ടരുടെ ആശ്ചര്യ ചൂഡാമണി വെങ്കട്ടറാജ പുണിഞ്ചിത്തായയുടെ നന്നജ്ജനിഗെ ഒംദാനെയിത്തു മുതലായവ മൊഴിമാറ്റപ്പെട്ട പ്രധാനഗ്രന്ഥങ്ങളാണ്. ബി.കെ. തിമ്മപ്പ, സി. രാഘവന്‍, വി,എസ്. മുഡിത്തായ, ഡോ. എം. രാമ, എന്‍.ബി. മൊഗ്രാല്‍ മുതലായവര്‍ മലയാളത്തില്‍നിന്നും കന്നടയിലേക്ക് നിരവധി ഗ്രന്ഥങ്ങള്‍ ഭാഷാന്തരം ചെയ്തിട്ടുണ്ട്. അതുപോലെ ഇംഗ്ലീഷില്‍ നിന്നും കുറേ തര്‍ജ്ജിമകള്‍ കന്നടയിലേക്ക് നടത്തിയിട്ടുണ്ട്. ഭഗവത്ഗീത പോലെയുള്ളവ തുളുവിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

കാസര്‍കോട് രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ കാവ്യങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ ഏറ്റവും കൂടുതലുള്ളത് കാല്പനികേതര രചനകളാണ്. ഇവയില്‍ ജീവചരിത്രം, വിമര്‍ശനങ്ങള്‍, ശാസ്ത്രകൃതികള്‍, ഗവേഷണഗ്രന്ഥങ്ങള്‍, വ്യാകരണം, തത്വശാസ്ത്രം മുതലായവ ഉള്‍പ്പെടുന്നു. കാകുംജെ കൃഷ്ണഭട്ടരുടെ സുവര്‍ണകോശം, പെര്‍ല കൃ‌ഷ്ണഭട്ടരുടെ സംസ്കാരരത്നമാല, കിളിംഗാറു ഗോപാലകൃഷ്ണ ഭട്ടരുടെ ദ്രവ്യസൂചി, കുളവര്‍മ ബാലകൃഷ്ണയുടെ Under the Boost, പദ്മനാഭ കേക്കുണ്ണയുടെ Tulu Dialects, തലശ്ശേരി രാഘവേന്ദ്ര പ്രഭുവിന്റെ ജപയോഗാഭ്യാസനല്ക, ഗണപതി ഭട്ടരുടെ ആയുര്‍വേദ ചികിത്സ, കയ്യാറരുടെ ദുഡിതവേന്നദേവറു, പി. കൃഷ്ണഭട്ടരുടെ കന്നട വ്യാകരണദമേലെ സംസ്കൃതദപ്രഭാവ, ബേവിഞ്ചെ ശ്രീധരകക്കില്ലായരുടെ The Land of the Gods എന്നിങ്ങനെ പലതും ഉദാഹരണമായി കണക്കാക്കാം. വൈ.എസ്.വി. ഭട്ടര്‍ സമ്പാദകനായ ഗഡിനാഡഗിഡി ഒരു ബൃഹത്തായ ഗ്രന്ഥമാണ്. രാധാകൃഷ്ണ ഉളിയത്തട്കയുടെ കുത്യാളസംപദ, ശിവാനന്ദ ബേക്കലിന്റെ ബേക്കല കോട്ട, ഒരു അധ്യായം, രാധാകൃഷ്ണ ബെള്ളൂറിന്റെ പുണ്ടൂറു ഹാഗു കാസര്‍കോടു-97 മുതലായവ മേല്‍പ്പറഞ്ഞവയുടെ കൂട്ടത്തില്‍പ്പെടുത്താം.

കന്നട നവോത്ഥാനകാവ്യത്തിന്റെ മനോധര്‍മമനുസരിച്ച് സാഹിത്യരചന തുടങ്ങിയ കയ്യാര്‍ കിഞ്ഞണ്ണറൈ, ഗോവിന്ദപൈയെ പിന്തുടര്‍ന്ന് കര്‍ണാടക സംസ്ഥാനത്തില്‍ത്തന്നെ വളരെ പ്രസിദ്ധിയാര്‍ജിച്ച മഹദ് വ്യക്തിയാണ്. ശ്രീമുഖ, ഐക്യഗാന, പുനര്‍നവ, ചേതന, കൊറഗ, ശതമാനദഗാന, ഗന്ധവതീ, പംച എന്നിവയില്‍ക്കൂടി കന്നട കാവ്യമേഖലയില്‍ തനതായ ശൈലിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച റൈ സാമൂഹിക ആദര്‍ശങ്ങളുടെ ശ്രേഷ്ഠനായ വക്താവാണ്. ഉറച്ചഭാഷയിലുള്ള ഗാംഭീര്യമുള്ള ശൈലിയാണ് ഇദ്ദേഹത്തിന്റേത്. തുളുനാട് സംസ്കാരത്തിന്റെ മര്‍മമറിഞ്ഞ വ്യക്തി, സമ്പുഷ്ടമായ കാവ്യം, പയറ്റിത്തെളിഞ്ഞ ഗദ്യം, ഭാവുകമായ ഹൃദയം, അധ്യാപക ശ്രേഷ്ഠന്‍, കേരള-കര്‍ണാടക പ്രവിശ്യകളിലെ പാഠപുസ്തക രചന കമ്മിറ്റിയംഗം 66-ാം കന്നടസാഹിത്യ സമ്മേളനത്തില്‍ അധ്യക്ഷന്‍-ഇതെല്ലാമാണ് കര്‍ണാടകത്തിലെ കവികളില്‍ അടിസ്ഥാനപരമായ സ്വാധീനം ചെലുത്തിയ കവി കയ്യാര്‍ കിഞ്ഞണ്ണറൈ.

കാവേരികാന കൃഷ്ണഭട്ട്, കര്‍യ്യഹള്ള രാധാകൃഷ്ണ ശെട്ടി, അനന്തരാമ കെദില്ലായ, ഗണപതി ദിവാണ, വിചിത്ര ഏത്ഡ്ക, മുതലായ കവികളും ഈ സന്ദര്‍ഭത്തില്‍ പരാമര്‍ശിക്കപ്പെടേണ്ടവരാണ്. വെങ്കട്ടരാജ പുണിഞ്ചിത്തായ തുടക്കത്തില്‍ പുതുശൈലിയില്‍ രചന ആരംഭിച്ചുവെങ്കിലും ക്രമേണ എല്ലാ ശൈലികളിലെയും നല്ല അംശങ്ങള്‍ ഉള്‍ക്കൊണ്ട് എഴുതുവാന്‍ തുടങ്ങി. പ്രധാനമായും കാവ്യരചനയില്‍ നിന്നും ഗവേഷണപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. തുളു മഹാകാവ്യങ്ങള്‍ സമ്പാദനം നടത്തി പ്രകാശനം ചെയ്തു. ഗണപതി, ദിവാണ, വിചിത്ര ഏതഡ്ക എന്നിവര്‍ ഏതെങ്കിലും സമ്പ്രദായം സ്വീകരിക്കാതെ കാവ്യങ്ങളും ചിത്രീകരണങ്ങളും, ഹാസ്യലേഖനങ്ങളും രചിച്ചു. വി.എസ്. മൂഡിത്തായ ഇതേരീതിയില്‍ സരള പ്രബന്ധങ്ങള്‍ സ്വന്തം ശൈലിയില്‍ എഴുതി ശ്രദ്ധപിടിച്ചുപറ്റി. ഹാസ്യലേഖനങ്ങളുടെ രചനയില്‍ പേരുകേട്ട മറ്റു രണ്ടുപേരാണ് ടി.കെ. കാസര്‍കോട്, ഹരീശ് പെര്‍ല എന്നിവര്‍. ഈശ്വരി കെ. ഭട്ട്, മധുരക്കാന സഹോദരന്മാര്‍, കുളൂറു ശ്യാംഭട്ട്, മുളിയ ശങ്കര ഭട്ട്, കുളുവര്‍മ്മ വെംകപ്പ ഭട്ട്, ലക്ഷ്മി പാഡി മുതലായവര്‍ ബാലസാഹിത്യത്തില്‍ പേരുകേട്ടവരാണ്. എം. ഗംഗാധര ഭട്ട്, എം. വ്യാസ, കെ.വി. തിരുമലേശ്, വേണുഗോപാല കാസര്‍കോട് മുതലായവര്‍ പുതുപ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ നില്ക്കുന്നു. ഗംഗാധറ ഭട്ടരുടെ നെറളു മുപ്പില്ല നെനപുഗളികെ, നാഗനരക എന്നിവയുെ തിരുമലേശന്റെ മുഖവാഡഹളു വഠാറ, മഹാപ്രസ്ഥാന എന്നിവയും വ്യാസന്റെ സുളി, വേണുഗോപാലന്റെ ഗറിമുറിദ ഹക്കിഗളു, ഗറില്ല എന്നിവയും ശ്രീഷ ദേവപൂജിത്തായയുടെ തപ്പേനു, കവിഗോഷ്ഠി മുതലായവയും അടങ്ങിയ പുതിയ കാവ്യസംഗ്രഹങ്ങള്‍ പ്രസിദ്ധീകൃതമായി. സാഹിത്യത്തിലെ പുതിയ പ്രസ്ഥാനത്തിന്റെ ലക്ഷണങ്ങളായ ആന്തരിക ക്ഷേഭം, അനാഥപ്രജ്ഞ, നിരാശാവാദം മുതലായവ ഇവരുടെ കൃതികളില്‍ വ്യക്തമായി കാണാം. എന്നാല്‍ തിരുമലേശ് തന്റെ മുഖാമുഖസങ്കലനത്തിനുശേഷം പുതിയ പാത വെടിഞ്ഞ് കന്നടയില്‍ തന്റേതായ പന്ഥാവില്‍ രചനനടത്തി. ഗോവിന്ദപൈ, കയ്യാര്‍ കിഞ്ഞണ്ണ റൈ എന്നിവര്‍ക്കുശേഷം ഒരു പ്രശസ്ത കവിയായിത്തീര്‍ന്നു. ഇദ്ദേഹത്തിന്റെ ചെറുകഥകളിലും നോവലുകളിലും ഈ മാറ്റം ദര്‍ശിക്കാം.

കൃത എന്ന പ്രധാനപ്പെട്ട സങ്കല്പനത്തിന്റെ കര്‍ത്താവായ വ്യാസ് ചെറുകഥാ രംഗത്താണ് പേരെടുത്തത്. ഭാഷാശൈലി, വസ്തു, ആശയം എന്നിവയെ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ വിശേഷപ്പെട്ട ചെറുകഥകളാണ് ഇദ്ദേഹം കന്നട സാഹിത്യത്തിനു നല്‍കിയതെന്നുകാണാം. കാസര്‍കോടിലെ നാടകരംഗത്ത് ശ്രദ്ധേയനായ വേണുഗോപാല കാസര്‍കോട് രാമായണ, മഹാഭാരത, ദൃഷ്ടി, നീനല്ലാംദ്രനിന്നപ്പ മുതലായ നാടകാവിഷ്കരണത്തില്‍ക്കൂടി ഈ മേഖലയ്ക്ക് പുതുജീവന്‍ നല്‍കി. ആഹുതി അദ്ദേഹത്തിന്റെ നോവലാണ്. ജിമ്മിഗല്ലു എന്ന നോവല്‍ അടിസ്ഥാനമാക്കി ചലച്ചിത്രം നിര്‍മിക്കപ്പെട്ടിട്ടുണ്ട്. കെ.ടി. ഗട്ടി, സാറാ അബൂബക്കര്‍ എന്നിവര്‍ കാസര്‍കോടിലെ പ്രശസ്ത നോവലിസ്റ്റുകളാണ്. ഇവരില്‍ ഗട്ടി "അബ്രാഹ്മണ" കാമയജ്ഞ, ഭൂമിഗീതം, ചക്രബന്ധ മുതലായ മുപ്പതിലധികം നോവലുകളുടെ രചയിതാവാണ്. പല നോവലുകളും ചലച്ചിത്ര കഥകളാക്കപ്പെട്ടിരിക്കുന്നു. സാറാ അബൂബക്കര്‍ കന്നടയിലെ ആദ്യത്തെ മുസ്ലിം എഴുത്തുകാരിയാണ്. ചന്ദ്രഗിരിയ തീറദല്ലി, കദന വിറാമ, സഹനാ മുതലായവ അവരുടെ പ്രശസ്ത നോവലുകളാണ്. ചെറുകഥാ സമാഹാരവും പ്രകാശിതമായിട്ടുണ്ട്. കെ.ടി. വേണുഗോപാല്‍ അറിയപ്പെടുന്ന കഥാകൃത്തും പത്രപ്രവര്‍ത്തകനുമാണ്. തുളസി വേണുഗോപാലിന്റെ കഥകള്‍ ദൃഢമായ ബന്ധവും അനുഭവങ്ങളും പുതിയ ആശയങ്ങളും ഉള്‍ക്കൊള്ളുന്നവയാണ്. പ്രശസ്തരായ രണ്ട് കഥാകാരന്മാരാണ് മാംഭം പെര്‍ലയും ഗൌറു ഭട്ടും. മാനുഷിക മൂല്യങ്ങളും ആദര്‍ശങ്ങളും നിറഞ്ഞ ഇവരുടെ കഥകള്‍ കഥാമിഥുന എന്ന സമാഹാരത്തില്‍ പ്രസിദ്ധീകൃതമായിരിക്കുന്നു. അപൂര്‍ണ സ്വപ്ന, സുദര്‍ശന, മംഗളസൂത്ര, മറളിദാഗ എന്നിങ്ങനെ പ്രശസ്തങ്ങളായ നോവലുകളുടെ രചയിതാവാണ് മാംഭം പെര്‍ല.

ഹിമാനി എന്ന കഥാ സമാഹാരത്തിലെ കൃതികളുടെ കര്‍ത്താവായ ഡോ. എന്‍. ദാമോദര ഷെട്ടി പരാമര്‍ശിക്കപ്പെടേണ്ട നവസാഹിത്യകാരനാണ്. ശശി ഭാട്ടിയയുടെ കന്നടി ദേവതെ മഗളു എന്ന കഥാ സമാഹാരം, ജനാര്‍ദ്ദന എര്‍പകട്ടെയുടെ തിറസുതറു എന്ന കഥാ സമാഹാരം, . ഈശ്വരയ്യയുടെ ലളിത ഉപന്യാസ സമാഹാരം സരസ, തിലകനാട മഞ്ചേശ്വരത്തിന്റെ രാജീവ, ബിംബ എന്നീ നോവലുകള്‍ ചിഗുറുവബള്ളി എന്ന കഥാസമാഹാരത്തിന്റെ കര്‍ത്താവായ വൈ. മഹാലിംഗ ഭട്ട്, കവി മാര്‍ഗ എന്ന ഗവേഷണ ഗ്രന്ഥകര്‍ത്താവായ ഉപ്പംഗളരാമ ഭട്ട്, മണ്ണുകാടിന നെനപു എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവ് വിജയലക്ഷ്മി ശാനഭോഗ്, ഭൂഗത ഹൃദയ നോവലിന്റെ കര്‍ത്താവ് വിഠലഗട്ടി ഉളിയ, രൂഗുമന്നെ കവിതാ സംഗ്രഹത്തിന്റെ കര്‍ത്താവ് കെ.എസ്. ശര്‍മ്മ, സന്ദേഹത സുളിയല്ലി എന്ന നോവല്‍ രചിച്ച ശങ്കര്‍ യു. മഞ്ചേശ്വരം, അപരാജിത നോവല്‍ എഴുതിയ ഡോ. ലളിതാ എസ്.എന്‍. ഭട്ട്, മൈലിഗെ എന്ന നോവല്‍ രചിച്ച ശിവാനന്ദ ബേക്കല്‍ മുതലായവര്‍ കന്നട സാഹിത്യകാരില്‍ സ്വതന്ത്രമായ രീതിയുടെ ഉടമകളാകുന്നു.

ഊര്‍മിള, കപ്പുഹംസ മുതലായ കവിതാസമാഹാരങ്ങള്‍ പ്രസാദനം ചെയ്ത ശ്രീകൃഷ്ണ ചെനംഗോഡു സാഹിത്യത്തിന്റെ നവധാരയില്‍ പ്രവര്‍ത്തിച്ചുവളര്‍ന്ന ആളാണ്. അതുപോലെ വസന്തകുമാര്‍ പെര്‍ല കവിതാ സമാഹാരങ്ങളും നോവലുകളും ചിത്രീകരണങ്ങളും പ്രകാശനം ചെയ്തിട്ടുണ്ട്. ജിവിതംതിയചിട്ടി സമാഹാരത്തിന്റെ രചയിതാവ് കൃഷ്ണയ്യ അനന്തപുരം, നോവജിനുഗുവജീവ സമാഹാരത്തിന്റെ കര്‍ത്താവ് രാധാ‌കൃഷ്ണ ഉളിയത്തടുക്ക, ഹോഗദിറു ഹൊറഗെ സമാഹാരത്തിന്റെ രചയിതാവ് ശാന്ത എടനീര്‍, വാംഛെ എഴുതിയ സുബ്രഹ്മണ്യ ഭട്ട് കുംട്ടപദവു, ഹമീദ് മഞ്ചേശ്വരം മുതലായവര്‍ ശ്രദ്ധേയരായ എഴുത്തുകാരാണ്.

സാഹിത്യത്തിലെ വിവിധ പ്രസ്ഥാനങ്ങള്‍ക്ക് അതീതരായി ബഹുമുഖ പ്രതിഭകളായ എഴുത്തുകാരാണ് ഡോ. മൊഗസാലെയും, ഡോ. രമാനന്ദ ബനാരിയും, നെനപുഗളു, നെലദ നെറളു എന്നിവ മൊഗസാലയുടെ ഉത്തമ കവിതാ സമാഹാരങ്ങളാകുന്നു. ഇദ്ദേഹം തൊട്ടി മുതലായ നോവലുകളും എഴുതിയിട്ടുണ്ട്. തൊട്ടിലു, ജീവവൃക്ഷ, നോട്ടദൊളഗിന നോട്ട എന്നിങ്ങനെ കുറേ കവിതാ സംഗ്രഹങ്ങള്‍ രമാനന്ദ ബനാരിയുടേതായിട്ടുണ്ട്. യു. മഹേശ്വരി മുഗില ഹക്കി, രാധാകൃഷ്ണ ബെള്ളൂറിന്റെ മുഗില നെളറിന ബദുകു എന്നിവ ആധുനിക കാലഘട്ടത്തിനു യോജിച്ച ഭാവവും, ഭാഷയും, വിചാരവും തേടുന്നവയാകുന്നു. ഈ പുതിയ വികാസത്തിനനുസൃതമായി വളര്‍ന്നുവരുന്ന സാഹിത്യകാരന്മാരാണ് ധനഞ്ജയ കുബ്ലെ, ഗംഗാറത്ന പാരകൂറുമുഗളി, ടി..എന്‍. ഖണ്ഡിഗെ, കവിതാ കുഡ് ലു, ബാലകൃഷ്ണ ഹൊസഗുഡി തുടങ്ങിയവര്‍.

Audio Gallery

Video Gallery

Picture Gallery