യാത്ര പറയാതെ അഞ്ജു ട്രാക്ക് വിടുന്നു

Posted on: 09 Aug 2013


കെ. വിശ്വനാഥ്‌കോഴിക്കോട്: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരങ്ങളില്‍ ഒരാളായ അഞ്ജു ബി. ജോര്‍ജ് ട്രാക്കിനോട് വിടപറയുന്നു. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യന്‍ അത്‌ലറ്റായ അഞ്ജു ഔപചാരികമായ പ്രഖ്യാപനമോ ആഘോഷങ്ങളോ ഇല്ലാതെയാണ് കായിക രംഗത്തുനിന്ന് വിടവാങ്ങുന്നത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഇന്ത്യന്‍ മെഡലിന് പത്തു വയസ്സ് തികയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, മാതൃഭൂമിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇനി ട്രാക്കിലേക്കില്ലെന്ന് അഞ്ജു വ്യക്തമാക്കിയത്. 2003 ആഗസ്ത് മുപ്പതിനാണ് പാരീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു ലോങ്ജംപില്‍ വെങ്കലമെഡല്‍ നേടിയത്.

''കഴിഞ്ഞ വര്‍ഷത്തെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ മികച്ചൊരു പ്രകടനം കാഴ്ചവെച്ചശേഷം വിരമിക്കല്‍ പ്രഖ്യാപിക്കാനായിരുന്നു പദ്ധതി. ഒളിമ്പിക്‌സിന് മാസങ്ങള്‍ക്ക് മുമ്പ് പരിശീലനവും പുനരാരംഭിച്ചിരുന്നു. എന്നാല്‍, അതിനിടയ്ക്ക് ജംപിങ് പിറ്റില്‍ വീണ് അഞ്ജുവിന് പരിക്കേറ്റു. അങ്ങനെ ലണ്ടന്‍ ഒളിമ്പിക്‌സ് എന്ന സ്വപ്നം പൊലിഞ്ഞു. അതോടെ പ്രഖ്യാപനമോ പ്രത്യേക ചടങ്ങോ ഇല്ലാതെ കരിയര്‍ സ്വാഭാവികമായി അവസാനിക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു''- അഞ്ജുവിന്റെ പരിശീലകനും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ ഭര്‍ത്താവ് റോബര്‍ട്ട് ബോബി ജോര്‍ജ് പറഞ്ഞു.

''ഒരു ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ട്. പക്ഷേ, നിരാശയോടെയല്ല കരിയര്‍ അവസാനിപ്പിക്കുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തിയുണ്ട്.'' - അഞ്ജു പറഞ്ഞു. 2004-ല്‍ ആതന്‍സില്‍ നടന്ന ഒളിമ്പിക്‌സില്‍ ലോങ്ജംപില്‍ അഞ്ജു ആറാം സ്ഥാനമാണ് നേടിയത്. എന്നാല്‍, അന്ന് അഞ്ചാം സ്ഥാനത്തെത്തിയ മരിയന്‍ ജോണ്‍സ് ഉത്തേജക മരുന്നടിച്ചിരുന്നെന്ന് തെളിഞ്ഞതുകൊണ്ട് അവരെ അയോഗ്യയാക്കി. അഞ്ജുവിന് അഞ്ചാംസ്ഥാനം ലഭിച്ചു. അഞ്ജുവിനേക്കാള്‍ കൂടുതല്‍ ദൂരം ചാടിയ മറ്റ് നാല് അത്‌ലറ്റുകളും പിന്നീട് പലപ്പോഴായി ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. അതേസമയം,ആഗോള ഉത്തേജകമരുന്ന് വിരുദ്ധ അതോറിറ്റിയുടെ (വാഡ) ഔദ്യോഗിക അംബാസഡറായിരുന്ന അഞ്ജു കരിയറില്‍ ഉടനീളം ക്ലീന്‍ അത്‌ലറ്റ് എന്ന ഖ്യാതി നിലനിര്‍ത്തി. അഞ്ജുവിന് ആതന്‍സില്‍ നഷ്ടമാായത് അര്‍ഹിച്ചിരുന്ന ഒളിമ്പിക്‌സ് മെഡലാണെന്ന് ഇത് വ്യക്തമാക്കുന്നു.

തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാനുള്ള ഒരുക്കത്തിലാണ് മുപ്പതുകാരിയായ അഞ്ജു. മകന്‍ ആരോണിന് മൂന്ന് വയസ്സുണ്ട്. ഇനിയൊരിക്കല്‍ കൂടി ഇന്ത്യയ്ക്കുവേണ്ടി മത്സരിക്കാന്‍ ട്രാക്കിലേക്കില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കുമ്പോഴും ഒളിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ അത്‌ലറ്റ് മെഡല്‍ നേടുന്ന കാലം വിദൂരമല്ലെന്നും അങ്ങനെയൊരു അത്‌ലറ്റിനെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാവുമെന്നും അഞ്ജു ഉറപ്പു നല്‍കുന്നു.

അത്‌ലറ്റിക്‌സില്‍ ഒരു ഒളിമ്പിക് ഇന്ത്യന്‍ മെഡല്‍ എപ്പോള്‍ യാഥാര്‍ഥ്യമാവും?


ഒളിമ്പിക്‌സ് മെഡല്‍ നമുക്കു കിട്ടും. ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ പടിപടിയായുള്ള വളര്‍ച്ചയുണ്ട്. പക്ഷേ, എപ്പോള്‍, ഏത് വര്‍ഷം എന്ന് പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല. വാഡയുടെ പരിശോധന കൂടുതല്‍ കര്‍ശനമായി വരികയാണ്. അതുകൊണ്ട് ഉത്തേജക മരുന്നിന്റെ പിന്‍ബലത്തിലുള്ള പ്രകടനങ്ങള്‍ കുറയും. അത് ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് അനുകൂല ഘടകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കോച്ചിങ്ങിലേക്ക് തിരിയുമോ?


അത്‌ലറ്റ് എന്ന നിലയില്‍ കരിയര്‍ അവസാനിപ്പിച്ചുവെങ്കിലും സ്‌പോര്‍ട്‌സിനോടുള്ള ബന്ധം അവസാനിപ്പിക്കാന്‍ എനിക്കു കഴിയില്ല. ഞാനും ബോബിയും ചേര്‍ന്ന് ചില പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. കഴിവുള്ള കുറച്ച് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തിരഞ്ഞെടുത്ത് അവര്‍ക്ക് പരിശീലനം നല്‍കി അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കണം എന്നാണ് ആഗ്രഹം. കോച്ചെന്ന നിലയില്‍ ബോബിയുടെയും അത്‌ലറ്റ് എന്ന നിലയില്‍ എന്റെയും അനുഭവ പരിചയങ്ങള്‍ അതിന് തുണയാവണം. എന്നാല്‍, ആ സംരംഭത്തിന്റെ പ്രാഥമിക രൂപമേ ആയിട്ടുള്ളൂ.

കായികജീവിതത്തില്‍ ഏറ്റവും കടപ്പാട് ആരോടാണ് ?


അതിലൊരു സംശയവുമില്ല. ബോബിയോട് തന്നെ. ഒരു ശരാശരി അത്‌ലറ്റായി ഒതുങ്ങിപ്പോവുമായിരുന്ന എന്നെ ലോക നിലവാരത്തിലെത്തിച്ചതും വലിയ വിജയങ്ങള്‍ നേടാന്‍ പ്രാപ്തയാക്കിയതും ബോബിയാണ്. എന്റെ വിജയങ്ങള്‍ക്കായി എന്നേക്കാള്‍ വിയര്‍പ്പൊഴുക്കിയതും ബോബിയാണ്.

ജീവിതരേഖ


ഘ മുഴുവന്‍ പേര്: അഞ്ജു ബോബി ജോര്‍ജ്
ഘ ജനനം: 19.4.1977, ചീരന്‍ചിറ, ചങ്ങനാശ്ശേരി (കോട്ടയം ജില്ല)
ഘ മാതാപിതാക്കള്‍: കെ.ടി. മാര്‍ക്കോസ്, ഗ്രേസി മാര്‍ക്കോസ്, കൊച്ചുപറമ്പില്‍ വീട്, ചീരന്‍ചിറ
ഘ വിവാഹം: 2000 ഏപ്രില്‍ 24
ഘ ഭര്‍ത്താവ്: റോബര്‍ട്ട് ബോബി ജോര്‍ജ്
ഘ മകന്‍: ആരോണ്‍
ഘ വിദ്യാഭ്യാസ യോഗ്യത: ബി.എ. ഇക്കണോമിക്‌സ്
ഘ സ്‌കൂള്‍, കോളേജ്: ചങ്ങനാശ്ശേരി ലിസി യു കോണ്‍വെന്റ്, ഇത്തിത്താനം (1982-'86), ആന്‍സ് ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി (1986-'90), കോരുത്തോട് സി. കേശവന്‍ മെമ്മോറിയല്‍ സ്‌കൂള്‍ (1990-'92). പ്രീഡിഗ്രി, ഡിഗ്രി-വിമലാ കോളേജ്, തൃശ്ശൂര്‍ (1992-'97)
നാഴികക്കല്ലുകള്‍
* ലോക റാങ്കിങ്ങില്‍ ലോങ്ജംപില്‍ നാലാംസ്ഥാനം. ആധുനിക അത്‌ലറ്റിക്‌സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ അത്‌ലറ്റിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്.
* ലോക ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ഏക ഏഷ്യന്‍ വനിത.
* '99 മുതല്‍ ഒരിക്കലും പരാജയപ്പെടാത്ത ദേശീയ ലോങ്ജംപ് ചാമ്പ്യന്‍.
* കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ അത്‌ലറ്റ്.
* ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യന്‍ അത്‌ലറ്റ്.
* ഏഷ്യന്‍ ഗെയിംസ് വനിതാ ലോങ്ജംപില്‍ സ്വര്‍ണമെഡല്‍ നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റ്.
* വേള്‍ഡ് അത്‌ലറ്റിക്‌സ് ഫൈനലില്‍ മെഡല്‍ നേടിയ അത്‌ലറ്റ്
* തുടര്‍ച്ചയായി മൂന്നുതവണ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച ഏക ഇന്ത്യന്‍ അത്‌ലറ്റ് അവാര്‍ഡുകള്‍
' അര്‍ജുന അവാര്‍ഡ്-2002
' മാതൃഭൂമി സ്‌പോര്‍ട്‌സ് മാസിക സ്റ്റാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്-2002,പദ്മശ്രീ-2003
' ഏറ്റവും മികച്ച ഇന്ത്യന്‍ വനിതാ കായികതാരത്തിനുള്ള ഹീറോ സ്‌പോര്‍ട്‌സ് അവാര്‍ഡ്-2003
' രാജീവ്ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ്-2003-'04
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/