Last Updated 30 min 54 sec ago
17
Thursday
October 2013

ചികിത്സാരീതികള്‍

അബിത പുല്ലാട്ട്‌

mangalam malayalam online newspaper

കര്‍ക്കടകമെന്നാല്‍ സുഖചികിത്സ എന്നാണ്‌ എല്ലാവരുടെയും ധാരണ. മാസങ്ങള്‍ക്ക്‌ മുന്‍പേ ആയുര്‍വേദ ആശുപത്രികളില്‍ കര്‍ക്കടകചികിത്സക്കായി ബുക്കുചെയ്യുന്നവരും കുറവല്ല. ഉഴിച്ചിലിന്റെയും പിഴിച്ചിലിന്റെയും കൂടെ പോക്കറ്റ്‌ പിഴിയുന്നത്‌ പലപ്പോഴും നമ്മള്‍ അറിയാറില്ല. എന്നാല്‍ ചികിത്സയ്‌ക്ക് ഒരുങ്ങും മുന്‍പ്‌ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ...

ആയുര്‍വേദമെന്നാല്‍ എണ്ണയും കുഴമ്പുമിട്ട്‌ മസാജുചെയ്യുന്നതും കുറച്ചു കഷായം കുടിക്കുന്നതുമാണെന്നാണ്‌ മിക്കവരുടെയും ധാരണ. അതുകൊണ്ട്‌ തന്നെ കര്‍ക്കടക മാസത്തില്‍ കുറച്ച്‌ ഉഴിച്ചിലും പിഴിച്ചിലും നടത്തിയാല്‍ ചികിത്സയായി എന്നു വിചാരിക്കുന്നവരാണ്‌ അധികവും. എന്നാല്‍ കര്‍ക്കടക ചികിത്സയ്‌ക്ക് പോകും മുന്‍പ്‌ അതിനെപ്പറ്റി നന്നായി അറിയണം.

പണ്ടു മുതലേ ഭാരത്തിലുടനീളം ആയുര്‍വേദ ചികിത്സയ്‌ക്ക് പ്രാധാന്യമുണ്ടായിരുന്നു. ശരീരത്തിനുണ്ടാകുന്ന രോഗങ്ങള്‍ ആയുര്‍വേദത്തിലൂടെ തന്നെ ഇല്ലായ്‌മ ചെയ്‌തിരുന്നു. ഭാരതത്തിലെ മറ്റു സംസ്‌ഥാനങ്ങളില്‍ ഇല്ലാത്ത, കേരളത്തില്‍ മാത്രമായി ഉണ്ടായിരുന്ന ചികിത്സാ വിധികളാണ്‌ ധാര, ഉഴിച്ചില്‍, പിഴിച്ചില്‍ ഒക്കെ. ഇവയാണ്‌ കേരളീയ ചികിത്സകള്‍ എന്ന്‌ അറിയപ്പെടുന്നത്‌. പ്രധാനമായും കര്‍ക്കിടക മാസത്തിലാണ്‌ ഇത്‌ ചെയ്യുന്നത്‌.
ശരീരത്തെ ശുദ്ധീകരിക്കാന്‍ ആവിഷ്‌കരിച്ചിട്ടുള്ള അഞ്ചു ചികിത്സകളാണ്‌ പഞ്ചകര്‍മ്മ ചികിത്സ എന്നറിയപ്പെടുന്നത്‌. ഇതിനായി ശരീരത്തെ പാകപ്പെടുത്തുന്ന ഉഴിച്ചിലിനെയും പിഴിച്ചിലിനെയും മറ്റും വിളിക്കുന്നത്‌ പൂര്‍വ്വകര്‍മ്മ ചികിത്സ എന്നാണ്‌. മാനസികവും ശരീരികവുമായ നേട്ടമാണ്‌ സുഖചികിത്സയുടെ നേട്ടം.

സുഖചികില്‍സയ്‌ക്ക് ഉത്തമം.

സാധാരണയായി ഏഴ്‌, 14, 21 ദിവസങ്ങളിലാണു സുഖചികില്‍സ ചെയ്യേണ്ടത്‌. എത്ര ദിവസം ചികില്‍സ നടത്തുന്നുവോ അത്രയും നാള്‍ പഥ്യം പാലിക്കണം. പ്രധാന പഥ്യങ്ങളില്‍ ഒന്ന്‌ ബ്രഹ്‌മചര്യമാണ്‌. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ലഹരിപദാര്‍ഥങ്ങള്‍ ഉപേക്ഷിക്കുക, പകലുറക്കവും രാത്രിയില്‍ ഉറക്ക മൊഴിയുന്നതും ഒഴിവാക്കുക, ശരീരം അധികം ഇളകാതെ വിശ്രമിക്കുക, ദേഷ്യം, കോപം, അസൂയ തുടങ്ങിയവ അകറ്റുക, പ്രാര്‍ഥനയ്‌ക്കു പ്രാധാന്യം കൊടുക്കുക എന്നിങ്ങനെ മനസ്സിനും ശരീരത്തിനും ബാധകമായ പഥ്യങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. വസ്‌തി, കിഴി, ധാര, പിഴിച്ചില്‍ തുടങ്ങിയ ആയുര്‍വേദ ചികില്‍സകള്‍ സുഖചികില്‍സയില്‍ ഉള്‍പ്പെടു ത്താറുണ്ട്‌.
ആദ്യത്തെ ഏഴുദിവസം അഭ്യംഗം,അതോടൊപ്പം നസ്യം. യുവത്വം നിലനിര്‍ത്താന്‍ ആയുര്‍വ്വേദം അനുശാസിക്കുന്ന ചര്യയാണ്‌ അഭ്യംഗം. ഇതിന്റെ ഗുണം, മസിലുകളുടെ ഉറപ്പ്‌, സ്‌പര്‍ശസുഖം, അയവ്‌, സുഖനിദ്ര,സുഗമമായ രക്‌ത ചംക്രമണം,ദഹനപ്രക്രിയ ക്രമമാക്കുക എന്നിവ യാണ്‌. ശിരസ്സ്‌, ചെവി, കാലിന്റെ വെള്ള എന്നിവിടങ്ങളില്‍ എണ്ണ പുരട്ടുന്നത്‌ കണ്ണിന്റെ ആരോഗ്യത്തിന്‌ നല്ലതാണ്‌. അഭ്യംഗം കഴി ഞ്ഞാല്‍ മരുന്നിട്ട വെള്ളം കൊണ്ട്‌ ആവികൊള്ളുന്നു. രോഗത്തിനനുസരിച്ച മരുന്നു വെള്ളം കൊണ്ടാണ്‌ ആവികൊള്ളുന്നത്‌. ശരീരമാസകലം ആവികൊള്ളാം.

ശ്രദ്ധിക്കാന്‍

കര്‍ക്കിടക ചികിത്സ ചെയ്യാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചെങ്കില്‍ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളു. ചികിത്സയ്‌ക്കിടയില്‍ പൂര്‍ണ്ണ വിശ്രമം ആവശ്യമാണ്‌. ചികിത്സക്കിടയില്‍ സസ്യാഹാരം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ വേണം ചികിത്സയ്‌ക്ക് പോകാന്‍.

അഭ്യംഗം

എണ്ണപുരട്ടിയുള്ള കുളിയാണ്‌ അഭ്യംഗത്തില്‍. ദേഹം മുഴുവന്‍ കുഴമ്പ്‌ പുരട്ടി അല്‌പ സമയം ഇരുത്തിയ ശേഷമാണ്‌ കുളിപ്പിക്കുന്നത്‌. ധന്വന്തരം കുഴമ്പാണ്‌ തലയില്‍ തേയ്‌ക്കാന്‍ ഉത്തമം.

നസ്യം

രോഗശമനത്തിനായി ഔഷധതൈലമോ ദ്രവ്യങ്ങളോ മൂക്കില്‍ ഒഴിക്കുന്നു. ഇത്‌ കഴുത്തിലേയും ചുമലിലേയും പേശികളെ ബലപ്പെടുത്തുകയും ജരാനരയെ ദീര്‍ഘിപ്പിക്കുകയും ചെയ്യുന്നു. മുഖത്തെ കറുത്തപാടുകളെ അകറ്റുന്നു. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.

ധാര

ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാകുന്ന ദ്രാവകം ശരീരത്തിന്റെ പ്രത്യേക ഭാഗത്ത്‌ പ്രത്യേക രീതിയില്‍ വീഴ്‌ത്തി ചെയ്യുന്ന ചികിത്സതയാണ്‌ ധാര. നിശ്‌ചിത ഉയരത്തില്‍ ഇടം മുറിയാതെ ദ്രാവകം വീഴ്‌ത്തുകയാണ്‌ ഈ ചികിത്സയില്‍ ചെയ്യുന്നത്‌. പ്രത്യേക തരത്തിലുള്ള പാത്രം ഉറിപോലെ തൂക്കി അതിലൂടെ ധാര നെറ്റിയില്‍ വീഴ്‌ത്തുന്നു. ശരീരം മുഴുവനായി ചെയ്യുന്നതിനെ സര്‍വാംഗധാരയെന്നും ഒരു പ്രത്യേക ഭാഗത്ത്‌ മാത്രമാണെങ്കില്‍ ഏകധാരയെന്നും പറയുന്നു. ധാരകളില്‍ പ്രധാനി ശിരോധാരയാണ്‌. തൈലധാര, ക്ഷീരധാര, തക്രധാര തുടങ്ങിയവയാണ്‌ ശിരോധാരകളില്‍ പ്രധാനം. ധാന്വന്തരം തൈലം, ക്ഷീരബലതൈലം തുടങ്ങിയവയൊക്കെയാണ്‌ തൈലധാരയ്‌ക്കുപയോഗിക്കുന്നത്‌. ഔഷധങ്ങള്‍ ചേര്‍ത്ത പാലുപയോഗിച്ച്‌ ചെയ്യുന്നത്‌ ക്ഷീരധാരയും മോരുപയോഗിച്ച്‌ ചെയ്യുന്നത്‌ തക്രധാരയുമാണ്‌.

ഉഴിച്ചിലും പിഴിച്ചിലും

സുഖചികിത്സയുടെ രണ്ടാമത്തെ ആഴ്‌ച ഉഴിച്ചിലും പിഴിച്ചിലുമാണ്‌. രക്‌തയോട്ടം വര്‍ധിപ്പിക്കുന്നതിനും മൃതകോശങ്ങളെ പുറന്തള്ളി പുതിയ കോശങ്ങളുടെ വര്‍ധനയ്‌ക്കും ശരീരത്തിലെ വിവസ്‌തുക്കളെ പുറത്താക്കുന്നതിനും ഉഴിച്ചിലും പിഴിച്ചിലും നല്ലതാണ്‌. പ്രത്യേകം തയാറാക്കിയ പാത്തിയില്‍ കിടത്തി ചെയ്യുന്ന ചികിത്സയാണു പിഴിച്ചില്‍. രോഗമില്ലാത്തവര്‍ക്ക്‌ എണ്ണയും കുഴമ്പുകളും ഉപയോഗിക്കുന്നു. രോഗമുള്ളവര്‍ക്ക്‌ അവരുടെ രോഗാവസ്‌ഥയ്‌ക്കനുസരിച്ചുള്ള ഔഷധങ്ങള്‍ ചേര്‍ത്ത എണ്ണ ഉപയോഗിക്കുന്നു. ചെറുചൂടോടെ പാത്തിയില്‍ ഈ എണ്ണ നിര്‍ത്തും. എണ്ണയില്‍ മുക്കിയ തുണികൊണ്ടു ശരീരത്തില്‍ എണ്ണ വീഴ്‌ത്തുകയും ചെയ്യും. ഒന്ന്‌ - ഒന്നര മണിക്കൂര്‍ ഈ ചികിത്സയ്‌ക്കു വേണ്ടിവരും. രണ്ടു പേര്‍ ഇരുവശത്തു നിന്നും ചെയ്യുന്നു. രണ്ട്‌ പേര്‍ അരയ്‌ക്കു മുകളില്‍ ഇരുവശത്തും രണ്ടുപേര്‍ അരയ്‌ക്കു താഴെയും ഒരേ സമയം പിഴിച്ചില്‍ ചെയ്യുന്നു. ഇത്‌ ശരീരബലം കൂട്ടും,സന്ധിവേദന, പിടിത്തം,മരവിപ്പ്‌, വാത രോഗം ഇവയ്‌ക്ക് ഏറ്റവും നല്ലത്‌. ഈ ചികിത്സയുടെ കൂടെ വസ്‌തിയും നിര്‍ദ്ദേശിക്കാം. രോഗിയുടെ ബലം, പ്രകൃതി,അസുഖവും കൂടെ കണക്കിലെടുത്ത്‌ മാറ്റങ്ങള്‍ ഉണ്ടാകാം.

ഞവരകിഴി

സുഖചികിത്സയുടെ മൂന്നാമത്തെ ആഴ്‌ച ഞവരക്കിഴിയാണ്‌. ഏഴു ദിവസം 45 മിനിറ്റ്‌ നീണ്ട്‌ നില്‍ക്കുന്നു. കുറുന്തോട്ടി കഷായവും പാലും ചേര്‍ത്ത്‌ ഞവരയരി കിഴികെട്ടി വേവിച്ചാണ്‌ കിഴിചെയ്യുന്നത്‌. ശരീരത്തിന്റെ സൗമ്യഭാവം നിലനിര്‍ത്താന്‍ ഇത്‌ സഹായിക്കുന്നു. ഞവരയരി കിഴിപോലെ കെട്ടി, കുറുന്തോട്ടിക്കഷായവും പാലും ചേര്‍ത്തു തിളപ്പിച്ചതില്‍ ഇട്ടു വേവിച്ചശേഷം ആ കിഴി മരുന്നില്‍ മുക്കി ശരീരം ഉഴിയുന്നു.ഞവരയരിയുടെയും കുറുന്തോട്ടിയുടെയും വിശേഷങ്ങള്‍ ഈ ചികിത്സയുടെ പ്രത്യേകതയാണ്‌. ത്വക്കിന്‌ വിറ്റാമിന്‍ എ യും, ബി യും കിട്ടുന്നു. പേശിക്ക്‌ പോഷണവും വാതശമനവും ലഭിക്കുന്നു. കര്‍ണ്ണപൂരണം, ധാര, തര്‍പ്പണം ഇവ ഈ ക്രിയകളോടൊപ്പം ചെയ്യാവുന്നതാണ്‌.

പഞ്ചകര്‍മ ചികില്‍സ

രോഗിയുടെ അഥവാ ചികില്‍സയ്‌ക്കു വിധേയനാകുന്ന ആളുടെ അവസ്‌ഥയ്‌ക്കനുസരിച്ചാണു പഞ്ചകര്‍മ ചികില്‍സ ചെയ്യേണ്ടത്‌. പഥ്യത്തോടും മറ്റു മരുന്നുകളോടും ഒപ്പമാണ്‌ ഇത്തരം ചികില്‍സകള്‍ ചെയ്യേണ്ടത്‌. വസ്‌തി, വമനം, വിരേചനം, നസ്യം, രക്‌തമോക്ഷം എന്നിങ്ങനെ അഞ്ചു ചികില്‍സകളാണ്‌ പഞ്ചകര്‍മ ചികില്‍സയില്‍ ഉള്ളത്‌. സ്‌നേഹവസ്‌തിയെന്നും കഷായവസ്‌തിയെന്നും രണ്ടുതരം വസ്‌തി കളുണ്ട്‌. മരുന്നെണ്ണകള്‍കൊണ്ടുള്ള ഒരുതരം എനിമയാണ്‌ സ്‌നേഹവ സ്‌തി. മരുന്നുകള്‍ അരച്ചു നല്‍കുന്നതു കഷായവസ്‌തി. പ്രത്യേക മരുന്നുകള്‍കൊണ്ടു തയാറാക്കിയ ചെറുചൂടുള്ള എണ്ണ തലയില്‍ ധാരപോലെ ഒഴിക്കുന്ന ചികില്‍സയാണു ശിരോവസ്‌തി. തലയില്‍ തൊപ്പിപോലെ വച്ചിരിക്കുന്ന പ്രത്യേക പാത്രത്തിലാണ്‌ എണ്ണ നിര്‍ത്തുക. അടുപ്പിച്ച്‌ ഏഴു ദിവസമാണ്‌ ഈ ചികിത്സ ചെയ്യേണ്ടത്‌.

മരുന്നുകള്‍ നല്‍കി ഛര്‍ദിപ്പിക്കുന്ന ചികില്‍സയ്‌ക്കു വമനം എന്നു പറയുന്നു. കുടലുകളുടെ ശുദ്ധീകരണത്തിനുള്ള ചികില്‍സയാണു വിരേചനം.മൂക്കിലൂടെ മരുന്നുകള്‍ നല്‍കുന്നതു നസ്യവും അശുദ്ധരക്‌തം ശുദ്ധിചെയ്യുന്നത്‌ രക്‌തമോക്ഷവുമാണ്‌. പഞ്ചകര്‍മ ചികില്‍സയും സുഖചികില്‍സയുടെ ഭാഗമാണ്‌. ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള ദോഷങ്ങളെ അകറ്റാനും മനസ്സിനും ശരീരത്തിനും ഊര്‍ജം പകരാനും സുഖചികില്‍സ സഹായകമാണ്‌. വേനല്‍ക്കാലത്തും മഞ്ഞുകാലത്തും സുഖചികില്‍സ ചെയ്യാറില്ല.

ഉഷ്‌ണത്തില്‍ നിന്ന്‌ തണുപ്പിലേക്കുള്ള പെട്ടെന്നുള്ള മാറ്റം ശരീരത്തെ ദുര്‍ബലമാക്കുന്നു. അതിനെതിരെ ശരീരത്തെ സജ്‌ജമാക്കാന്‍ ഇത്തരം സുഖചികിത്സയും മരുന്നു കഞ്ഞിയും സഹായിക്കും. ഏതു പ്രായത്തിലുള്ളവര്‍ക്കും സുഖചികിത്സ അഭികാമ്യമാണ്‌. മൂന്നാഴ്‌ചയാണ്‌ ഇതിന്റെ സമയ ദൈര്‍ഘ്യം. ചെയ്യുന്ന വരുടെ സമയവും സൗകര്യവും കണക്കിലെടുത്ത്‌ ഒരാഴ്‌ചവരെ ചുരുക്കാം.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌

ഡോ. ഗോപാലകൃഷ്‌ണന്‍

ശ്രീകൃഷ്‌ണഫാര്‍മസി, കായംകുളം
വൈദ്യന്‍ ബിജു കുളമാവ്‌
ശാന്തിമന്ദിരം, കോട്ടയം

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 • mangalam malayalam online newspaper

  വണ്ണം കുറയ്‌ക്കാം... ഈസിയായി

  വണ്ണം കുറയ്‌ക്കാനുള്ള ചികിത്സകള്‍ ഭാവിയില്‍ പ്രശ്‌നമാകുമോ എന്നു...

 • mangalam malayalam online newspaper

  Headache Migraine

  അമ്മേ, തലവെട്ടിപ്പൊളിയുന്നേ! ഒമ്പതാംക്ലാസില്‍ പഠിക്കുന്ന ഗീതുവിന്...

 • mangalam malayalam online newspaper

  ടാ തടിയാ

  അമിതവണ്ണം നമ്മില്‍ മാനസികമായും ശാരീരികമായും പ്രശ്‌നങ്ങള്‍ സ്യഷ്‌...

 • mangalam malayalam online newspaper

  എന്നെന്നും ആരോഗ്യത്തോടെ

  ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ ഉണരുക. എണ്ണ തേച്ച്‌ കുളി, മരുന്നുകഞ്ഞി...

 • mangalam malayalam online newspaper

  ചികിത്സാരീതികള്‍

  കര്‍ക്കടകമെന്നാല്‍ സുഖചികിത്സ എന്നാണ്‌ എല്ലാവരുടെയും ധാരണ....

Back to Top