സിന്ധുരക്ഷകില്‍ തീപ്പിടിത്തം രണ്ടാം തവണ

Posted on: 15 Aug 2013ന്യൂഡല്‍ഹി: രണ്ടാം തവണയാണ് ഐ.എന്‍.എസ്. സിന്ധുരക്ഷക് അന്തര്‍വാഹിനിയില്‍ സേ്ഫാടനവും തീപ്പിടിത്തവുമുണ്ടാകുന്നത്.
ആദ്യത്തേത് 2010 ഫിബ്രവരിയില്‍ വിശാഖപട്ടണത്തായിരുന്നു. അപകടത്തില്‍ ഒരു നാവികന്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബാറ്ററി മുറിയിലുണ്ടായ സേ്ഫാടനമാണ് തീപ്പിടിത്തത്തിനിടയാക്കിയതെന്നാണ് നാവികസേന റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍നിര്‍മിത ബാറ്ററി ഉപയോഗിച്ചതാണ് പ്രശ്‌നകാരണമെന്നും സംശയമുയര്‍ന്നു. പക്ഷേ, രണ്ടാംതവണ സേ്ഫാടനത്തെയും തുടര്‍ന്നുണ്ടായ വന്‍തീപ്പിടിത്തത്തെയും അതിജീവിക്കാന്‍ സിന്ധുരക്ഷകിന് കഴിഞ്ഞില്ല.

2010-ലെ സേ്ഫാടനത്തെത്തുടര്‍ന്ന് സിന്ധുരക്ഷക് അറ്റകുറ്റപ്പണിക്കും പൂര്‍ണമായ അഴിച്ചുപണിക്കുമായി റഷ്യയിലേക്കയച്ചു. സ്വെസ്‌ഡോച്ക ഷിപ്‌യാര്‍ഡിലായിരുന്നു നവീകരണപ്രവര്‍ത്തനങ്ങള്‍. ആധുനിക സംവിധാനങ്ങളേര്‍പ്പെടുത്തി ശേഷി ഉയര്‍ത്തുകയും ചെയ്തു. 480 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. നവീകരണപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കഴിഞ്ഞ ജനവരി 13-നാണ് അന്തര്‍വാഹിനി ഇന്ത്യയ്ക്ക് കൈമാറിയത്. സുരക്ഷാ പരിശോധനയ്ക്കുശേഷം കഴിഞ്ഞ ഏപ്രിലില്‍ നാവികസേനയുടെ ഭാഗമായി. അടുത്ത പത്തുവര്‍ഷംകൂടി സിന്ധുരക്ഷക് ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്താകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഏഴുമാസം പിന്നിടുമ്പോഴേക്കും വന്‍ദുരന്തമെത്തി.

റഷ്യന്‍ സാങ്കേതികമികവായിരുന്നു ഐ.എന്‍.എസ്. സിന്ധുരക്ഷകിന്റെ കരുത്ത്. റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലെ അഡ്മിറാലിറ്റി ഷിപ്‌യാര്‍ഡില്‍ 1995-ലാണ് നിര്‍മാണം തുടങ്ങിയത്. 1997 ഡിസംബറിലാണ് ഇന്ത്യയ്ക്ക് കൈമാറിയത്. നാവികസേനയുടെ പത്ത് സിന്ധുഘോഷ് ക്ലാസ് അന്തര്‍വാഹിനികളില്‍ ഒന്നാണിത്. കിലോ ക്ലാസ് അന്തര്‍വാഹിനികളെന്നാണ് ഇവ അറിയപ്പെടുന്നത്. 1985-2000 കാലയളവിലാണ് ഈ അന്തര്‍വാഹിനികള്‍ ഇന്ത്യയ്ക്കുവേണ്ടി റഷ്യന്‍ കപ്പല്‍ശാലകളില്‍ നിര്‍മിച്ചത്.
ശത്രുസേനകളുടെ അന്തര്‍വാഹിനികള്‍ക്കും പടക്കപ്പലുകള്‍ക്കും നേരെ ആക്രമണം നടത്തുക, പ്രധാനതീരങ്ങള്‍ക്കും നാവികസേനാ താവളങ്ങള്‍ക്കും സുരക്ഷതീര്‍ക്കുക, വാര്‍ത്താവിനിമയബന്ധത്തില്‍ പങ്കാളിയാവുക തുടങ്ങിയവയായിരുന്നു സിന്ധുരക്ഷക് അന്തര്‍വാഹിനിയുടെ പ്രധാനദൗത്യങ്ങള്‍. 2300 ടണ്ണാണ് ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനിയായ ഇതിന്റെ ഭാരം. 72.6 മീറ്റര്‍ ദൈര്‍ഘ്യം. 52 നാവികരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. മുങ്ങിക്കിടക്കുമ്പോള്‍ മണിക്കൂറില്‍ 31 കിലോമീറ്ററും സമുദ്രോപരിതലത്തില്‍ 19 കിലോമീറ്ററും വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. 300 മീറ്റര്‍ ആഴത്തില്‍ വരെ മുങ്ങിക്കിടക്കാനും ശേഷിയുണ്ട്.
മധ്യദൂര മിസൈലുകളും കപ്പല്‍വേധ മിസൈലുകളും കപ്പലുകള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ടോര്‍പ്പിഡോകളുമൊക്കെയാണ് സിന്ധുരക്ഷകില്‍ വിന്യസിച്ചിരുന്നത്. 150 മൈല്‍ അകലെയുള്ള ശത്രുലക്ഷ്യങ്ങളില്‍ പ്രഹരമേല്‍പ്പിക്കാന്‍ ശേഷിയുള്ള റഷ്യന്‍ നിര്‍മിത ക്രൂസ് മിസൈലുകളാണ് ഇതില്‍ പ്രധാനം.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

  

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/