Mathrubhumi Logo
ayyappan top

അരാജകജീവിതം...അജ്ഞാതമായ മടക്കം...

വി.എസ്. ശ്യാംലാല്‍ Posted on: 23 Oct 2010

'നിങ്ങളെനിക്കു കാശൊന്നും തരാനില്ലല്ലോ?' - പരിചയമുള്ള ഏതൊരാളെക്കണ്ടാലും കവി അയ്യപ്പന്‍ ചോദിക്കുന്ന ചോദ്യം. ആ ചോദ്യത്തില്‍ സൗഹൃദത്തിന്റെ സ്വാതന്ത്ര്യവും ഊഷ്മളതയുമുണ്ട്. ആരും തനിക്കു പണം തരാനില്ലെന്ന് അയ്യപ്പന് നന്നായറിയാം. പക്ഷേ, അദ്ദേഹത്തിന്റേതായ രീതിയില്‍ ആവശ്യമുന്നയിക്കുകയാണ്. അതിനുള്ള അവകാശം എല്ലാവരും അയ്യപ്പന് അനുവദിച്ചുനല്‍കിയിരുന്നു.

അയ്യപ്പനെ അറിയാത്തവര്‍ ചുരുക്കം. അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചിട്ടില്ലാത്തവര്‍ക്കും കവിയെ ഇഷ്ടമായിരുന്നു. സൗഹൃദങ്ങളുടെ തണലില്‍ ജീവിതം ജീവിച്ചുതീര്‍ത്താണ് അദ്ദേഹം മടങ്ങിയത്. മറയും ജാടയുമില്ലാത്ത പെരുമാറ്റത്തിലൂടെ ഈ മനുഷ്യന്‍ എല്ലാവരുടെയും മനസ്സിലേക്ക് ഇടിച്ചുകയറി സ്‌നേഹം പിടിച്ചുവാങ്ങി. ഒരു അവധൂതനെപ്പോലെ. പക്ഷേ, എല്ലാവരുമറിയുന്ന അയ്യപ്പന്‍ മരിച്ച വിവരം ആരുമറിഞ്ഞില്ല. 'അജ്ഞാത മൃതദേഹ'മായി മണിക്കൂറുകളോളം അയ്യപ്പന്‍ ജനറല്‍ ആസ്​പത്രി മോര്‍ച്ചറിയില്‍ കിടന്നു.

അജ്ഞാതനായി അയ്യപ്പന്‍ ജനറല്‍ ആസ്​പത്രിയിലെത്തുന്നത് ആദ്യമായല്ല. വഴിവക്കില്‍ അവശനായ നിലയില്‍ കണ്ടെത്തിയ കവിയെ നാട്ടുകാരാണ് ആസ്​പത്രിയിലാക്കിയത്. ഒന്‍പതാം വാര്‍ഡില്‍ ദിവസങ്ങളോളം അജ്ഞാതനായിക്കഴിഞ്ഞ കവിയെ തിരിച്ചറിയാന്‍ ദിവസവേതനക്കാരനായ ഒരു തൊഴിലാളി വേണ്ടിവന്നു.

പിന്നീട് അയ്യപ്പനെ വയോജനവാര്‍ഡിലേക്കു മാറ്റി. മന്ത്രി ബേബിയടക്കമുള്ള പ്രമുഖര്‍ സന്ദര്‍ശകരായി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടപ്പോള്‍ പത്തനാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടന അദ്ദേഹത്തെ ഏറ്റെടുത്തു. എന്നാല്‍, കവിയുടെ അരാജക ജീവിതത്തെ അധികകാലം തളച്ചിടാന്‍ അവിടത്തെ ചുമരുകള്‍ക്കായില്ല. താമസിയാതെ അയ്യപ്പന്‍ തിരുവനന്തപുരത്ത് സഹോദരിയുടെ അടുത്തെത്തി.

പതിവുപോലെ വ്യാഴാഴ്ച രാവിലെ ആറിന് കവി യാത്ര പുറപ്പെട്ടു. പകല്‍ മുഴുവന്‍ നഗരത്തില്‍. വൈകീട്ട് അഞ്ചരയോടെ തമ്പാനൂരിലെ ശ്രീവിശാഖ് തിയേറ്ററിനു മുന്നില്‍ അബോധാവസ്ഥയില്‍. അജ്ഞാതനായ യാത്രക്കാരനെ തമ്പാനൂര്‍ പോലീസ് ജനറല്‍ ആസ്​പത്രിയിലാക്കി. അവിടെയെത്തിയത് മരിച്ചനിലയില്‍. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.

മരിച്ചത് അയ്യപ്പനാണോ എന്ന് ആസ്​പത്രിയിലെ ഹെഡ് നേഴ്‌സായ റാണിക്ക് സംശയം തോന്നിയിരുന്നു. അവര്‍ വെള്ളിയാഴ്ച രാവിലെ അത് മോര്‍ച്ചറിയിലെ പോസ്റ്റ്‌മോര്‍ട്ടം ടെക്‌നീഷ്യനായ അനില്‍കുമാറിനോടു പറഞ്ഞു. ആസ്​പത്രിയിലെ പുല്ലുവെട്ടുകാരനായ രതീഷ് അയ്യപ്പന്റെ സുഹൃത്താണ്. ആസ്​പത്രിവാസക്കാലത്ത് അയ്യപ്പന്‍കവിതകള്‍ക്ക് ഇവരായിരുന്നു കേള്‍വിക്കാര്‍.അനിലും രതീഷും മോര്‍ച്ചറി തുറന്നു നോക്കി. അയ്യപ്പന്‍ മരിച്ച വിവരം അങ്ങനെ പുറംലോകമറിഞ്ഞു.

താമസിയാതെ വിവരം ആസ്​പത്രി ആര്‍.എം.ഒ. ഡോ.ജോയിയെ അറിയിച്ചു. അദ്ദേഹമാണ് ബന്ധുക്കളെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചത്. വ്യാഴാഴ്ച ആസ്​പത്രിയിലെത്തിക്കുമ്പോള്‍ അയ്യപ്പന്റെ കീശയിലുണ്ടായിരുന്നത് 55 രൂപ. ഇത് ജീവനക്കാര്‍ എടുത്തു സൂക്ഷിച്ചുവെച്ചു. വെള്ളിയാഴ്ച രാവിലെ അയ്യപ്പന്റെ ശരീരം പരിശോധിക്കുമ്പോള്‍ ഷര്‍ട്ടിന്റെ ഇടതു കൈമടക്കില്‍ 355 രൂപയും തുണ്ടു കടലാസും. അതില്‍ അവസാനമായി കുറിച്ചിട്ട വരികള്‍, ഉറ്റവരുടെ ഫോണ്‍ നമ്പരുകളും.

ഇതുപയോഗിച്ചാണ് അയ്യപ്പന്റെ ബന്ധുക്കളെ വിവരമറിയിക്കുന്നത്.വിവരം കാട്ടുതീ പോലെ പടര്‍ന്നു. ജനറല്‍ ആസ്​പത്രിയിലേക്ക് മാധ്യമപ്പട. മന്ത്രി വിജയകുമാറടക്കം ധാരാളം പേര്‍ മോര്‍ച്ചറിയിലെത്തി. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മോര്‍ച്ചറിയിലേക്കും.




ayyapan abimukam

video

ഗ്രീഷ്മമേ സാക്ഷി.. . അവസാനം

കവിതകള്‍ കേള്‍ക്കാം

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്    

സുമംഗലി