കുഞ്ഞുകഥകളുടെ മുത്തച്ഛന് ഇത് പിറന്നാള്‍ സമ്മാനം

തൃശൂര്‍: പുല്ലിനും പുല്‍ച്ചാടിക്കും പുഴുവിനും പൂമ്പാറ്റയ്ക്കും പറയുവാനേറെയുണ്ടെന്ന് കുഞ്ഞുമനസ്സുകള്‍ക്ക് പറഞ്ഞുകൊടുത്ത മുത്തച്ഛന്‍. അത്ഭുത വാനരന്മാരിലൂടെയും നീരാളിയിലൂടെയും അദൃശ്യമനുഷ്യനിലൂടെയും ഭാവനയുടെ വര്‍ണരാജികള്‍ കുട്ടികള്‍ക്കുമുന്നില്‍ നിരത്തിവച്ച രാമനാഥന്‍മാഷ്. മികച്ച ബാലസാഹിത്യകാരനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിലൂടെ ആദരിക്കപ്പെടുന്നത് മലയാള സാഹിത്യം. ഇരിങ്ങാലക്കുട സ്വദേശിയായ രാമനാഥന്‍ മാസ്റ്റര്‍ക്കുള്ള ജന്മദിന സമ്മാനംകൂടിയാണ് ഈ പുരസ്കാരം.കുട്ടികള്‍ക്കിടയില്‍ വരുമ്പോള്‍ അവിടെ പ്രായത്തിന്റെ അന്തരം മാസ്റ്റര്‍ക്ക് ഇല്ലാതാകും. ലളിത ജീവിതവും സ്നേഹം നിറഞ്ഞ പെരുമാറ്റവുംകൊണ്ട് പരിചയപ്പെടുന്നവരുടെ മനസിനെ അതിവേഗം ആകര്‍ഷിക്കുന്ന കെ വി രാമനാഥന്‍ 1932 ആഗസ്ത് 29ന് മണമ്മല്‍ ശങ്കരമേനോന്റേയും കിഴക്കേവളപ്പില്‍ കൊച്ചുകുട്ടിയമ്മയുടെയും മകനായി ജനിച്ചു.

ഇരിങ്ങാലക്കുട സംഗമേശ്വരവിലാസം എല്‍പി സ്കൂള്‍, ഗവ. ബോയ്സ് ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂര്‍ ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദീര്‍ഘകാലം ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളില്‍ അധ്യാപകനായിരുന്നു. ബാലസാഹിത്യ അക്കാദമി എന്ന സംഘടനയുടെ പ്രസിഡന്റുമാണ്. കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെ ഓണററി മെമ്പര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം, ഡല്‍ഹി ആസ്ഥാനമായ എഡബ്ല്യുഐസി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗായകന്‍ ജയചന്ദ്രന്‍, ഇന്നസെന്റ് എംപി തുടങ്ങി വിപുലമായ ശിഷ്യസമ്പത്തിനുടമകൂടിയാണ് ഈ കഥാ മുത്തച്ഛന്‍. അപ്പുക്കുട്ടനും ഗോപിയും, മാന്ത്രികപ്പൂച്ച, കുട്ടികളുടെ ശാകുന്തളം , അത്ഭുതവാനരന്മാര്‍, അത്ഭുതനീരാളി, അദൃശ്യമനുഷ്യന്‍, ടാഗോര്‍ കഥകള്‍, കുട്ടികള്‍ക്ക് സ്നേഹപൂര്‍വം, കമാന്‍ഡര്‍ ഗോപി, ആമയും മുയലും, ഒരിക്കല്‍ക്കൂടി, വിഷവൃക്ഷം തുടങ്ങിയവയാണ് പ്രധാന ബാലസാഹിത്യ കൃതികള്‍.

പ്രവാഹങ്ങള്‍, ചുവന്ന സന്ധ്യ എന്നീ നോവലുകളും രാഗവും താളവും എന്ന ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചു. ബാലസാഹിത്യം, നോവല്‍, ചെറുകഥ, ഗവേഷണം, ഓര്‍മകള്‍ തുടങ്ങിയ മേഖലകളിലായി 27ഓളം കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം അവാര്‍ഡ്, കൈരളി ചില്‍ഡ്രന്‍സ് ബുക്ട്രസ്റ്റ് പുരസ്കാരം, ഭീമ സ്മാരക അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനാപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട പാലസ് റോഡിലെ പൗര്‍ണമിയിലാണ് താമസം. ഭാര്യ: കെ കെ രാധ. രേണു രാമനാഥ്, ഇന്ദുകലാ രാമനാഥ് എന്നിവര്‍ മക്കള്‍.