സ്തംഭവിളക്കിന്   ഡച്ച് കാവല്‍; പിന്നെ ധ്യാനബുദ്ധനും

മാവേലിക്കര: കേരളത്തിന്റെ ഭൂതകാലത്തിലേക്കുള്ള അന്വേഷണങ്ങള്‍ക്ക് കൂടുതല്‍ വെളിച്ചമേകി ശ്രീകൃഷ്ണക്ഷേത്രത്തിലെ സ്തംഭവിളക്കിലെ ഡച്ച് പടയാളികളുടെ കാവല്‍ശില്‍പ്പം. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂറിലെ രാഷ്ട്രീയ-സാമൂഹ്യമാറ്റങ്ങള്‍ക്കുനേരെ പിടിച്ച കണ്ണാടിയെന്നോണം മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ഡച്ച് പോരാളികളുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശില്‍പങ്ങളുള്ളത്.

ഒമ്പത്, പത്ത് നൂറ്റാണ്ടുകളില്‍ ഈ പ്രദേശം ബൗദ്ധജനപദമായിരുന്നെന്ന വാദത്തിന് അടിവരയിട്ടുകൊണ്ട് കിഴക്കേനടയിലെ കിഴക്കുവശത്തു ധ്യാനബുദ്ധന്റെ പ്രതിമ ചരിത്രാന്വേഷികള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നു. വലിപ്പമേറിയ ധ്യാനബുദ്ധന്‍ കേരളത്തില്‍ അപൂര്‍വം. ഒമ്പതാം നൂറ്റാണ്ടിലേതാണിതെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. ഡച്ച് രീതിയില്‍ ഒരുവശം മടക്കിവച്ച വലിയ തൊപ്പിയും ധരിച്ച് കൈയ്യില്‍ തോക്ക് പിടിച്ച് കാവല്‍നില്‍ക്കുന്ന പടയാളികളുടെ ശില്‍പങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ തിരുവിതാംകൂറിന്റെ പടനായകനായിരുന്നു ഡിലനോയിലേക്കാണ് എത്തുക. 1746ലാണ് മാര്‍ത്താണ്ഡവര്‍മ മാവേലിക്കര പ്രദേശമുള്‍പ്പെടെ തന്റെ അധീനതയിലാക്കി തിരുവിതാംകൂറിനോട് ചേര്‍ത്തത്.

തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മയും ഡച്ചുകാരും തമ്മില്‍ സമാധാന-സൗഹൃദ ഉടമ്പടിയുണ്ടാക്കി. എഡി 1753 ആഗസ്ത് 15നാണ് ചരിത്രപ്രസിദ്ധമായ ഈ ഉടമ്പടി ഒപ്പുവച്ചത്. ഈ സൗഹൃദത്തിന്റെയും ഉടമ്പടിയുടെയും സ്മരണയ്ക്കായി ഡച്ചുകാര്‍ സംഭാവനയായി നിര്‍മിച്ച് നല്‍കിയതാണ് ഈ സ്തംഭവിളക്ക്. 1741ല്‍ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാര്‍ പരാജയപ്പെട്ടതോടെ ഡച്ച് പട്ടാള ജനറല്‍ ആയിരുന്ന ഡിലനോയിയെ സ്വന്തം സൈന്യാധിപനായി മാര്‍ത്താണ്ഡവര്‍മ നിയമിച്ചിരുന്നു. വാളും കുന്തവും ഉപയോഗിച്ചിരുന്ന നായര്‍ പട്ടാളത്തിന് ഡച്ച് രീതികളും തോക്കും ഉപയോഗിക്കാനുള്ള പരിശീലനവും അങ്ങനെയാണ് ലഭിച്ചത്.