വടക്കന്‍ ബ്രാഹ്മിയും തെക്കന്‍ ബ്രാഹ്മിയും

Posted on: 22 Jan 2013


കെ. കൃഷ്ണരാജ്‌സ്വയം വിഡ്ഢികളാകാന്‍ ഭയക്കുന്നതിനാല്‍, ശാസ്ത്രത്തെ ആരും ചോദ്യം ചെയ്യാറില്ല. പക്ഷേ, അറിവില്ലെങ്കിലും സാമൂഹിക ശാസ്ത്രത്തെപ്പറ്റി 'ആധികാരികമായി' സംസാരിക്കാന്‍ ആരും മടിക്കാറുമില്ല. വിഷയജ്ഞാനമില്ലാതെ ആര്‍ക്കും എന്തും പറയാവുന്ന പഠനശാഖയാണ് സാമൂഹിക ശാസ്ത്രമെന്നാണ് വിചാരം. -റോമില ഥാപ്പര്‍

വേണ്ടത്ര പരിജ്ഞാനമില്ലാത്തവര്‍ സാമൂഹികശാസ്ത്രവിഷയങ്ങളില്‍ നടത്തുന്ന ഇടപെടലുകളെ ക്കുറിച്ച് റോമില ഥാപ്പറുടെ അഭിപ്രായം ഏറെ പ്രസക്തമാണ്. സമീപകാലത്ത് ചരിത്ര- പുരാതത്ത്വ വിഷയങ്ങളില്‍ പുറത്തുവരുന്ന ചില ലേഖനങ്ങള്‍ ഥാപ്പറുടെ അഭിപ്രായത്തെ അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്ന തരത്തിലുള്ളതാണ്. 2013 ജനവരി 15-ാം തീയതി മാതൃഭൂമി ദിനപ്പത്രത്തില്‍ ഡോ. ടി. പവിത്രന്‍ എഴുതിയ 'പട്ടണ ഉദ്ഖനനവും അഞ്ച് ബ്രാഹ്മി ലിഖിതവും' എന്ന ഗവേഷണക്കുറിപ്പും ഇത്തരത്തില്‍പ്പെട്ട ഒന്നാണ്.

പട്ടണത്തുനിന്നും ലഭിച്ചിട്ടുള്ള അഞ്ച് ബ്രാഹ്മി ലിഖിതങ്ങളാണ് ഡോ. ടി. പവിത്രന്‍ ഇതില്‍ പഠനവിധേയമാക്കുന്നത്. അദ്ദേഹത്തിന്റെ ലിഖിതവായനയോ വ്യാഖ്യാനമോ ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നില്ല. അത് ലിപി പണ്ഡിതര്‍ക്ക് വിടുന്നു. എന്നാല്‍, 'തെക്കന്‍ ബ്രാഹ്മി എന്നൊന്ന് ഇന്നുവരെയും തമിഴ്‌നാട്ടില്‍ നിന്നോ ആന്ധ്രയില്‍ നിന്നോ കണ്ടെടുത്തിട്ടില്ല. ബ്രാഹ്മി ലിപിക്ക് നൂറ്റാണ്ടുകള്‍ കഴിയുമ്പോഴുണ്ടാകുന്ന ലിപി ശൈലീമാറ്റം മാത്രമേ ഇവയില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ, എന്ന പ്രസ്താവന ഇതുവരെ പുറത്തുവന്ന ലിപി പഠനങ്ങളെയെല്ലാം പാടേ നിരാകരിക്കുന്ന വിധത്തിലുള്ളതാണ്. അശോക ബ്രാഹ്മി അഥവാ വടക്കന്‍ ബ്രാഹ്മി, തമിഴ്ബ്രാഹ്മി എന്ന് സാധാരണ അറിയപ്പെടുന്ന തെക്കന്‍ ബ്രാഹ്മി എന്നിങ്ങനെ ബ്രാഹ്മിക്ക് രണ്ട് വകഭേദങ്ങളുണ്ടെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആന്ധ്രയിലെ കൃഷ്ണ സംസ്ഥാനത്തെ ഭട്ടിപ്രോലുവില്‍ നിന്ന് കണ്ടെടുത്ത ബുദ്ധന്റെ ഭൗതികാവശിഷ്ടകലശത്തിന് (relic casket) മുകളില്‍ കണ്ട എഴുത്ത് ബ്രാഹ്മിയുടെ മറ്റൊരു വകഭേദമാണെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് ബ്യൂളറാണ്. (Buhler, Epigraphia Indica, vol II. pp.323). ഇതിലെ അക്ഷരങ്ങള്‍ക്ക് അശോകന്റെ ലിഖിതത്തിലെ അക്ഷരങ്ങളുമായി സാദൃശ്യമുണ്ടെങ്കിലും മറ്റെങ്ങും കണ്ടിട്ടില്ലാത്ത എന്തൊക്കെയോ പ്രത്യേകതകളുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നീട് തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി തമിഴ് ബ്രാഹ്മി ലിഖിതങ്ങള്‍ വെളിച്ചത്തുവന്നു. അരിക്കമേട്, ഉറൈയൂര്‍, കൊടുമണല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള ലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘകാലത്തെ പഠനഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട ഈ വസ്തുതയെ ചോദ്യം ചെയ്യാന്‍ തക്കതായ ഉപദാനങ്ങളൊന്നും ഡോ. പവിത്രന്‍ തന്റെ ലേഖനത്തിലൂടെ മുന്നോട്ടുവെക്കുന്നുമില്ല. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയെ നിരവധി തെളിവുകള്‍ നിരത്തി ഖണ്ഡിക്കാന്‍ കഴിയുമെങ്കിലും ബ്രാഹ്മിയുടെ തെക്കന്‍ , വടക്കന്‍ ഭേദങ്ങളില്‍ പ്രകടമായിക്കാണുന്ന ഒരു വ്യത്യാസം എടക്കല്‍ ഗുഹയിലെ രണ്ട് ലിഖിതങ്ങളെ അടിസ്ഥാനമാക്കി വിശകലനവിധേയമാക്കുകയാണിവിടെ.

'ബ്രാഹ്മി ലിഖിതങ്ങളുടെ ഗ്യാലറിയായ' എടക്കല്‍ ഗുഹയില്‍ ഏതാണ്ട് ഒരേ കാലത്ത് എഴുതപ്പെട്ടതെന്ന് കരുതുന്ന രണ്ട് ലിഖിതങ്ങളുണ്ട്. ക്രിസ്തു 2-5 നൂറ്റാണ്ടുകളാണ് ഇവയ്ക്ക് കാലം കല്പിച്ചിരിക്കുന്നത്. കിഴക്കേ ചുമരില്‍ വടക്കന്‍ ബ്രാഹ്മിയുടെ ഒരു വകഭേദമായ ലിപിയില്‍ (5-ാം നൂറ്റാണ്ടില്‍ ഭരണം നടത്തിയിരുന്ന കദംബരുടെ ലിഖിതങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടത് ഈ ലിപിയാണ്) എഴുതിയ 'ശ്രീ വിഷ്ണുവര്‍മാനാഹ കുടുംബിയ കുലവര്‍ധനസ്യ ലിഖിതം' എന്ന ലിഖിതവും പടിഞ്ഞാറേ ചുമരില്‍ മധ്യഭാഗത്തായി കാണുന്ന തമിഴ്ബ്രാഹ്മിയിലെഴുതിയ 'കടുമ്മി പുത ചേര' എന്ന ലിഖിതവും. 1894- ല്‍ ഫോസറ്റ് എടക്കല്‍ ചിത്രങ്ങളും ലിപികളും കണ്ടെത്തുന്ന കാലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ എപ്പിഗ്രാഫി വിഭാഗം തലവനായിരുന്ന ഇ. ഹുള്‍ഷ് മുതല്‍ ഐരാവതം മഹാദേവന്‍, ഡോ. എം.ആര്‍. രാഘവവാരിയര്‍ തുടങ്ങിയ ലിപി പണ്ഡിതര്‍വരെ ഏതാണ്ട് ഒരേ തരത്തില്‍ വായിച്ചിട്ടുള്ളതാണ് ഈ ലിഖിതങ്ങള്‍. ലിഖിതത്തിന്റെ വ്യാഖ്യാനത്തില്‍ മാത്രമാണ് ചെറിയ വ്യത്യാസങ്ങള്‍ കാണുക.(See 1. Hultzsch, ARE, 1896-97, 2. I. Mahadevan, Early Tamil Epigraphy, pp.8-10 and also I. Mahadevan, 'The Earliest Inscriptions of Kerala' Presidential Address, XXIV Annual Conference of the Epigraphical Society of India, Thrissur, May 1988. 3. Dr. M.R. Raghava Varier, 'Brahmi inscriptions of Kerala' Kerala Archaeological Series, pp. 13-17).

മുകളില്‍ പ്രസ്താവിച്ചിരിക്കുന്ന രണ്ട് ലിഖിതങ്ങളിലുമുള്ള 'മ്മ' എന്ന കൂട്ടക്ഷരം പരിശോധിച്ചഃാല്‍ വടക്കന്‍ ബ്രാഹ്മിയും തെക്കന്‍ ബ്രാഹ്മിയും തമ്മിലുള്ള ഒരു വ്യത്യാസം തിരിച്ചറിയാം. വടക്കനില്‍ 'മ' എന്ന അക്ഷരങ്ങള്‍ മുകളിലും താഴെയുമായി എഴുതിയപ്പോള്‍ (ചിത്രം- 1) തെക്കന്‍ ബ്രാഹ്മിയില്‍ അവ അടുത്തടുത്തായി ചേര്‍ത്താണ് എഴുതിയിരിക്കുന്നത് (ചിത്രം-2) 'മ' എന്ന അക്ഷരത്തിനുമുണ്ട് വ്യത്യാസം (ചിത്രം ശ്രദ്ധിക്കുക). ഡോ. പവിത്രന്‍ പറയുന്നതുപോലെ നൂറ്റാണ്ടുകള്‍ കഴിയുമ്പോഴുണ്ടാകുന്ന ലിപി ശൈലീമാറ്റം മാത്രമാണെങ്കില്‍ ഒരേ കാലത്തെഴുതപ്പെട്ട എടക്കല്‍ ലിഖിതങ്ങളിലെ 'മ്മ' എന്ന കൂട്ടക്ഷരം ഒരേ തരത്തിലായിരിക്കാനല്ലേ തരമുള്ളൂ.

മറ്റൊന്ന് ഡോ. പവിത്രന്റെ കുറിപ്പിലെ നാലാമത്തെ ലിഖിതവുമായി ബന്ധപ്പെട്ട കാര്യമാണ്. ലത്തീന്‍ കുരിശുപോലുള്ള അക്ഷരം ബ്രാഹ്മിയിലെ ആദ്യത്തെ വ്യഞ്ജനമായ 'ക' ആണ്. നാല് എന്ന ബ്രാഹ്മിയിലെ അക്കം കൂടിയാണിത് എന്ന അദ്ദേഹത്തിന്റെ നിരീക്ഷണവും തെറ്റാണ്. ബ്രാഹ്മിയിലെ നാല് എന്ന അക്കത്തിന് കുറച്ച് വ്യത്യാസമുണ്ട്. അതെഴുതുന്നത് രണ്ടു വിധങ്ങളിലാണെന്ന് ടി.എ. ഗോപിനാഥറാവു പ്രസ്താവിച്ചിട്ടുണ്ട്. (ചിത്രം-3) (See 'some chola inscriptions, with a chapter on the Evolution of the Tamil - Grantha Alphabet, T.A. Gopinatha Rao, Travancore Archaeological Series, Vol.1 No. XIV page 309).

ചരിത്രനിര്‍മിതിക്കുള്ള ഏറ്റവും വിലപ്പെട്ട ഉപദാനങ്ങളായി കരുതപ്പെടുന്നവയാണ് ലിഖിതങ്ങള്‍. അതിനാല്‍ ലിഖിതവായനയും വ്യാഖ്യാനവും വളരെ സൂക്ഷ്മതലത്തില്‍ നിര്‍വഹിക്കേണ്ട പ്രക്രിയയാണ്. ലഭ്യമാകുന്ന ലിഖിതങ്ങളെ അത്തരം സൂക്ഷ്മപഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കി മാത്രം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതായിരിക്കും ഉചിതവും നീതിയും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/