എടക്കല്‍ ഗുഹയിലെ അപൂര്‍വബ്രാഹ്മിലിഖിതം

Posted on: 20 Feb 2012


എം.ആര്‍.രാഘവവാരിയര്‍വയനാട്ടില്‍ പാറച്ചിത്രങ്ങള്‍ക്കു വിഖ്യാതമായ എടക്കല്‍ ഗുഹയില്‍ ഇതുവരെ അറിയപ്പെടാതെ കിടന്ന ഒരു ലിഖിതം കണ്ടെത്തിയിരിക്കുന്നു. ബ്രാഹ്മിലിപിയിലുള്ള ലിഖിതം ശ്രീവഴുമി എന്നു വായിക്കാം. വളരെ തെളിവുള്ള അക്ഷരങ്ങളിലാണെഴുത്ത്. വഴുമി എന്ന പേര് ഒരു പക്ഷേ, ബ്രഹ്മാവ് എന്നതിന്റെ തമിഴ് രൂപമാവാം. ഇതിനോട് സമമായ രൂപഭേദം വേറേയുമുണ്ട്. ഋഗ്വേദത്തിന്റെ ഒരു ചരണമായ ബാഹ്വ്രീചം എന്നതു മലയാളത്തില്‍ പകഴിയമായും (പകഴിയം ചടങ്ങ്. ഒരു ചടങ്ങുപുസ്തകം) തമിഴില്‍ പവഴിയമായും (ആയ് രാജാവായ കരുനന്തടക്കന്റെ പാര്‍ഥിവശേഖരപുരം ലിഖിതം) മാറുന്നത് ഉദാഹരിക്കാം. 'ര', 'ഹ' എന്നീ ശബ്ദങ്ങള്‍ക്ക് ദ്രാവിഡമട്ടിലുള്ള ഉച്ചാരണത്തില്‍ വരുന്ന മാറ്റമാണത്. ഈ പേരില്‍ ഴകാരം എഴുതാന്‍ ദ്രാവിഡബ്രാഹ്മി ലിപി ഉപയോഗിച്ചിരിക്കുന്നു. മറ്റുള്ള അക്ഷരങ്ങള്‍ക്ക് വടക്കന്‍ ബ്രാഹ്മിലിപിയാണ് കാണുന്നത്. മകാരചിഹ്നം ദൃഷ്ടാന്തം. ദ്രാവിഡബ്രാഹ്മിയില്‍ പൊതുവെ കാണുന്ന '' എന്ന ആകൃതിയിലുള്ള മകാരമല്ല. വടക്കന്‍ ബ്രാഹ്മിയിലെ ലിപിയാണ് ഇവിടെ. 'ശ്രീ', 'വ' എന്നീ അക്ഷരങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ക്രിസ്താബ്ദം മൂന്നാം നൂറ്റാണ്ടിലെയോ നാലാം നൂറ്റാണ്ടിലെയോ ലിപിസമ്പ്രദായമാണ് ലിഖിതത്തില്‍ കാണുന്നത്. എടക്കല്‍ ഗുഹയിലെ പാറച്ചിത്രങ്ങളുടെ കാലമോ അവയുടെ യഥാര്‍ഥസന്ദേശമോ സംബന്ധിച്ച് യുക്തിയുക്തമായ നിഗമനങ്ങളൊന്നുംതന്നെ ഇതുവരെ ഉണ്ടായിട്ടില്ല. നവീനശിലായുഗമായും മറ്റും ചിത്രങ്ങളെ ചേര്‍ത്തുവെക്കുന്ന പതിവുണ്ട്. അതിനൊന്നും പിഴയ്ക്കാത്ത തെളിവുകളുടെ പിന്‍ബലമില്ല. ഈ പശ്ചാത്തലത്തില്‍ ലിപിമാതൃകയുടെ കാലസൂചന ഒരു പിടിവള്ളിയാണെന്നു പറയാം.

എഴുത്തിലെന്നപോലെ അര്‍ഥസൂചനകൊണ്ടും പ്രാധാന്യമുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയ ലിഖിതം. എടക്കല്‍ ശൈലിയില്‍ ചിത്രപ്പെടുത്തിയ ഒരു വലിയ ആള്‍രൂപത്തിന് ചുവടെ എഴുതിയ ലേബലായിട്ടാണ് കണ്ടാല്‍ തോന്നുക. ഒരു ഉര്‍വരതാബിംബമെന്നു ധ്വനിപ്പിച്ചുകൊണ്ട് ആള്‍രൂപത്തിന് ചേര്‍ന്നതില്‍ കവിഞ്ഞ തോതിലുള്ള ലിംഗം അടയാളപ്പെടുത്തിയിരിക്കുന്നു. എടക്കല്‍ ചിത്രങ്ങളെ ബ്രാഹ്മി എഴുത്തുമായി ചേര്‍ക്കാനുള്ള മികച്ചൊരു തെളിവാണ് ഈ ലിഖിതം വഴി കൈവന്നിട്ടുള്ളത്. ഗുഹയില്‍ വേറെയും ലിഖിതങ്ങളുണ്ട് തമിഴ് ബ്രാഹ്മിയിലും മറ്റുമായിട്ട്. അവയെല്ലാം ഒന്നൊഴിയാതെ ചിത്രതലത്തില്‍ നിന്നകന്നിട്ടാണ്. അവ അതതുകാലത്തു ഗുഹ സന്ദര്‍ശിച്ചവരുടെ പേരുകളാവണം. എന്നാല്‍, പുതിയ രേഖ ഒരു ചിത്രത്തെ തിരിച്ചറിയാനുള്ള ലേബലെന്നപോലെയാണ്. ബൗദ്ധവിഹാരങ്ങളില്‍ ജാതകകഥകളും മറ്റും കൊത്തിവെച്ചതിന് താഴെ ഇന്ന കഥ എന്നു പേരെഴുതിവെക്കുന്ന വഴക്കം ഇന്ത്യയില്‍ തെക്കും വടക്കും ഒരുപോലെ നടപ്പുണ്ടായിരുന്നു. അതുപോലൊരു രീതിയുടെ പ്രാദേശികരൂപമാവാം ഇവിടെ തെളിയുന്നത്.

എഴുത്തുമാതൃകയെ ഗുഹാചിത്രങ്ങളുമായി ചേര്‍ത്തുവെക്കുന്നതു സ്വീകാര്യവും ശരിയുമെങ്കില്‍ ചിത്രങ്ങളുടെ കാലത്തെക്കുറിച്ചറിയാം. അപ്പോള്‍ പാറച്ചുവരുകളില്‍ കാണുന്ന പല ചിത്രങ്ങള്‍ക്കും അര്‍ഥം കല്പിക്കാനുമാവും. ദേവതാസ്ഥാനത്തു വരുന്നവര്‍ക്കുള്ള അറിയിപ്പാണത്. എങ്കില്‍ എടക്കല്‍ ഗുഹയുടെ പ്രാചീനകാലത്തെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു ചരിത്രത്തെളിവാകുന്നു ഈ ലിഖിതം. ചരിത്രാതീതകാലത്തെ പാരമ്പര്യത്തിന്റെ ചരിത്രകാലത്തേക്കുള്ള തുടര്‍ച്ച സൂചിപ്പിക്കാനുമാവും. രണ്ടാമതായി, എടക്കല്‍ ചിത്രങ്ങളില്‍ ചിലതിനെയെങ്കിലും തമിഴ് ബ്രാഹ്മിയുടെ കാലവുമായി കണ്ണിചേര്‍ക്കാനുള്ള ഒരു തെളിവുകൂടി ഈ ലിഖിതത്തിലുണ്ട്. അങ്ങനെ, പ്രാചീനമായ ഒരാരാധനാസ്ഥാനത്തിന്റെ ചരിത്രകാലത്തേക്കുള്ള തുടര്‍ച്ചയെ കുറിക്കാനും ഈ രേഖ സമര്‍ഥമാവുന്നു. മൂന്നാമതായി, ദ്രാവിഡത്തിന്റെയും സംസ്‌കൃതത്തിന്റെയും ലിപി, ഭാഷ, ദേവതാസങ്കല്പം എന്നീ ഘടകങ്ങളുടെ സങ്കരം സൂചിപ്പിക്കുന്ന രേഖകൂടിയാണിത്. നാലാമതായി, രേഖയിലുപയോഗിച്ച ലിപി സമ്പ്രദായത്തിന്റെ കാലസൂചനയനുസരിച്ച് ചിത്രങ്ങളുടെ കാലഗണന ഭാഗികമായെങ്കിലും സങ്കല്പിക്കാന്‍ പുതിയ ലിഖിതം അത്യന്തം സഹായകമാവുന്നു. ഗുഹയില്‍ മുമ്പു കണ്ടെത്തി വായിച്ച ലിഖിതങ്ങളിലെ കദംബരാജാവായ വിഷ്ണുവര്‍മനും ആതനും കാരിയും പൂതിവീരനുമെല്ലാം ഇവിടം സന്ദര്‍ശിച്ചത് കുലവര്‍ധനയ്ക്കും സന്തതിക്കും വേണ്ടിയാവാം. ചരിത്രാതീതകാലംതൊട്ട് ക്രിസ്താബ്ദം അഞ്ചാം ശതകം വരെയെങ്കിലും എടക്കല്‍ ഗുഹ അനുഷ്ഠാനസങ്കേതമായി വരപ്രാര്‍ഥികളെ ആകര്‍ഷിച്ചുകൊണ്ടു നിലനിന്നു എന്നുകൂടി നിരീക്ഷിക്കാം.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/