KERALA INDIA WORLD SPECIAL
ആ ഭാഷാസ്‌നേഹിയെ ഓര്‍ക്കാന്‍ ഒരു പാര്‍ക്ക് മാത്രം

 

 

അനന്തപുരിയുടെ ചരിത്രത്തില്‍ നൂറ്റാണ്ടുകളുടെ പഴമപേറി നില്‍ക്കുന്ന സ്ഥലനാമമാണ് 'ചീകണ്‌ഠേശ്വരം' അഥവാ ശ്രീകണ്‌ഠേശ്വരം. ഇന്ന് ശ്രീകണ്‌ഠേശ്വരം അറിയപ്പെടുന്നത് അവിടത്തെ പ്രസിദ്ധമായ േക്ഷത്രം വഴിയാണ്. എന്നാല്‍ 'വേണാട്' എന്ന ചെറിയ രാജ്യം വിശാലമായ തിരുവിതാംകൂര്‍ ആകുന്നതിന് നൂറ്റാണ്ടുമുമ്പ് ശ്രീകണ്‌ഠേശ്വരം ഇന്നത്തെ സ്ഥലമായിരുന്നില്ല. അത് ഇന്നത്തെ എസ്.എം.വി. സ്‌കൂളിന് എതിര്‍വശത്തായിരുന്നു. അവിടത്തെ ക്ഷേത്രമാണ് യഥാര്‍ഥത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീകണ്‌ഠേശ്വരം ക്ഷേത്രം.
എ.ഡി. 1588ലെ മതിലകം ഗ്രന്ഥവരിയില്‍ ശ്രപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട എഴുന്നള്ളത്തിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. അത് കടന്നുപോയത് 'ചിരികണ്ടേച്ചുവരത്തു കുളത്തിന് കിഴക്കേ പെരുവഴിയെ കൂടി'യാണെന്ന് പറഞ്ഞിട്ടുണ്ട്. രേഖ അനുസരിച്ച് അനന്തതീര്‍ത്തക്കരെക്കുളം (?) ഓണപ്പടനിലം (?) വഴി തിരുപുത്തരിക്കണ്ടം വടക്കേവരമ്പത്തുകൂടി താമരകുളത്തിന് തെക്കേപ്പാടത്തുകൂടിയാണ് ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തില്‍ പള്ളിവേട്ട എഴുന്നള്ളത്ത് തിരികെ പ്രവേശിച്ചിരിക്കുന്നത്.
അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (172958) അധികാരത്തില്‍ വരുന്നതിന് മുമ്പ് 141 വര്‍ഷം മുമ്പാണിതെന്ന് ഓര്‍ക്കുക. എന്നാല്‍ പില്‍ക്കാലത്ത് ഇന്നത്തെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രവും അതിന് ചുറ്റുപാടുമുള്ള സ്ഥലവും പ്രസിദ്ധമായി. തിരുനാള്‍, പള്ളിക്കെട്ട് (വിവാഹം) എന്നിവയ്ക്കുശേഷം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ദര്‍ശനം കഴിഞ്ഞാല്‍ രാജകുടുംബങ്ങള്‍ എത്തുന്നത് പുതിയ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലായി. രാജകീയ പരിലാളനയിലാണ് ഇപ്പോഴത്തെ ശ്രീകണ്‌ഠേശ്വരം വളര്‍ന്നത്. അവിടെ തൊട്ടടുത്ത കോട്ടയ്ക്കുള്ളില്‍ കടന്നാല്‍ മനോഹരമായ പാര്‍ക്ക് ഇന്ന് കാണാം. മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു മഹാന്റെ പേരാണ് ആ പാര്‍ക്കിന് നല്‍കിയിരിക്കുന്നത്. 'ശബ്ദതാരാവലി ശ്രീകണ്‌ഠേശ്വരം ജി. പദ്മനാഭപിള്ള സ്മാരക ചില്‍ഡ്രന്‍സ് പാര്‍ക്ക്' എന്നാണ് അതിന്റെ പേര്.
രാജകൊട്ടാരങ്ങളിലെ വിളക്കുകള്‍ കത്തിക്കുകയും രഥങ്ങള്‍ നന്നാക്കുകയും ചെയ്തിരുന്ന 'പോണ്ടന്‍മാരുടെ' വിഹാരരംഗവും പഴയ രഥങ്ങളും പല്ലക്കുകളും കൂട്ടിയിട്ടിരുന്നതുമായ ഈ സ്ഥലത്ത് പാര്‍ക്ക് ഉയര്‍ന്നപ്പോള്‍ പദ്മനാഭപിള്ളയുടെ പേര് എങ്ങനെ വന്നു? മലയാള ഭാഷയ്ക്കുവേണ്ടി ജീവിതം ഹോമിച്ച ആ മഹാന്റെ ചരിത്രം ഇന്ന് എത്രപേര്‍ക്ക് അറിയാം?
കല്ലച്ചില്‍ നിന്നും കടലാസില്‍ നിന്നും അച്ചടിരംഗം ഇന്ന് കമ്പ്യൂട്ടര്‍ രംഗത്ത് എത്തിനില്‍ക്കുന്നു. പുസ്തകങ്ങളും നിഘണ്ടുക്കളും എല്ലാം കടലാസില്‍ അച്ചടിച്ചതിനെക്കാള്‍ കമ്പ്യൂട്ടറില്‍ വായിക്കാനും ഉപയോഗിക്കാനും പ്രിയം കൂടിവരുന്നു. മലയാളത്തില്‍ ഇന്ന് നിഘണ്ടുക്കള്‍ക്ക് കുറവില്ല. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, കോളിന്‍സ്, ബഞ്ചമിന്‍ ബെയ്‌ലി തുടങ്ങിയ പാശ്ചാത്യപണ്ഡിതന്മാര്‍ വികസിപ്പിച്ചെടുത്തതാണ് മലയാളത്തിന്റെ നിഘണ്ടുരംഗം. എന്നാല്‍ മലയാളത്തിന് ആദ്യത്തെ ലക്ഷണമൊത്ത ശാസ്ത്രീയ നിഘണ്ടു സംഭാവന ചെയ്ത മഹാനാണ് ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള. കീശാനിഘണ്ടുവിലൂടെ വികസിപ്പിച്ചെടുത്ത അദ്ദേഹത്തിന്റ 'ശബ്ദതാരാവലി'യാണ് ഇന്നും മലയാളികളുടെ പ്രിയ നിഘണ്ടു. കാലം മാറിയിട്ടും മലയാള ഭാഷ വളര്‍ച്ചയുടെ പുതിയ പടവുകള്‍ കടന്നിട്ടും 'ശബ്ദതാരാവലി'യുടെ പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല. ഇന്ന് 'ശ്രീകണ്‌ഠേശ്വരം' എന്ന സ്ഥലനാമം മലയാളികള്‍ ഉള്ളിടത്തെല്ലാം അറിയുന്നതും പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി വഴിയാണ്.
ഇങ്ങനെ ഒരു നിഘണ്ടു നിര്‍മിക്കാന്‍ പദ്മനാഭപിള്ള അനുഭവിച്ച കഷ്ടപ്പാടും മനോവിഷമവും ബന്ധുക്കളില്‍ നിന്നുള്ള അവജ്ഞയും എത്രമാത്രമാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഇംഗ്ലീഷില്‍ പ്രഥമ ശബ്ദകോശം തയ്യാറാക്കിയ ഡോ. ജോണ്‍സന്റെ ജീവിതവുമായി സാദൃശ്യമുണ്ട് പദ്മനാഭപിള്ളയുടെ ത്യാഗത്തിനും ഭാഷാ സമര്‍പ്പണ ജീവിതത്തിനും.
മലയാള ഭാഷയ്ക്ക് ആദ്യ ഭാഷാചരിത്രം സമ്മാനിച്ച സര്‍വ്വാധികാര്യക്കാര്‍ പി. ഗോവിന്ദപ്പിള്ളയുടെ ജ്യേഷ്ഠസഹോദരി നാരായണിഅമ്മയുടെയും ശ്രീകണ്‌ഠേശ്വരത്ത് പരുത്തിക്കാട്ടുവീട്ടില്‍ തഹസില്‍ദാര്‍ നാരായണപിള്ളയുടെയും മകനായി കൊല്ലവര്‍ഷം 1040 വൃശ്ചികം 10ന് (ഇംഗ്ലീഷ് വര്‍ഷം 1864) ജനിച്ച പദ്മനാഭപിള്ള ബി.എ. ബിരുദം സമ്പാദിച്ചതിന് ശേഷം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചുവെങ്കിലും നിഘണ്ടു നിര്‍മാണം എന്ന ലക്ഷ്യത്തിനുവേണ്ടി എല്ലാം ഉപേക്ഷിച്ചു. ഇതിനിടയില്‍ ധാരാളം സാഹിത്യസൃഷ്ടികളും അദ്ദേഹം നടത്തി. എന്നാല്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത് ബന്ധുക്കളെ ശത്രുക്കളാക്കി. തന്റെ സ്വത്തുപോലും എഴുതിവിറ്റ് നിഘണ്ടുനിര്‍മാണവുമായി മുന്നോട്ടുപോയ ശ്രീകണ്‌ഠേശ്വരത്തിന് മാനസികവിഭ്രാന്തി സംഭവിച്ചുവെന്നും അതിന് ചികിത്സ വേണമെന്നുപോലും ബന്ധുക്കള്‍ കരുതി. പന്ത്രണ്ടുവര്‍ഷം ഏകനായി താന്‍ ജോലിചെയ്ത് തയ്യാറാക്കിയ വാക്കുകള്‍ ഉപയോഗിച്ച് ഒരു ലഘുനിഘണ്ടു (കീശാനിഘണ്ടു) അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇതിന്റെ വില്പനയാണ് ശബ്ദതാരാവലി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് പ്രചോദനമായത്.
രണ്ടായിരത്തിലധികം പേജ് വരുന്ന ശബ്ദതാരാവലി പ്രസിദ്ധീകരണശാലക്കാരുടെ നിസ്സഹകരണം കാരണം ഖണ്ഡശഃയായിട്ടാണ് പ്രസിദ്ധീകരിച്ചത്. ആദ്യലക്കം പുറത്തുവന്നതോടെ കേരളവര്‍മ വലിയകോയിതത്തമ്പുരാന്‍ ഉള്‍പ്പെടെ അദ്ദേഹത്തെ പ്രശംസകൊണ്ട് മൂടി. 1923 മാര്‍ച്ച് 16ന് ശബ്ദതാരാവലിയുടെ ഒന്നാം പതിപ്പിന്റെ മുദ്രണം പൂര്‍ത്തിയായി. മലയാള ഭാഷയ്ക്ക് ലഭിച്ച ആദ്യത്തെ അമൂല്യരത്‌നമായിരുന്നു അത്. 1946 മാര്‍ച്ച് 4ാം തീയതിയാണ് ഭാഷാസ്‌നേഹിയും മഹാപണ്ഡിതനുമായ ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള ലോകത്തോട് യാത്ര പറഞ്ഞത്. ഇക്കഴിഞ്ഞ നവംബര്‍ 27 ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ 150ാം ജന്മവാര്‍ഷികമായിരുന്നു. സര്‍വകലാശാലയോ അക്കാദമികളോ പണ്ഡിതസദസ്സോ ഒന്നും അതറിഞ്ഞില്ല. എങ്കിലും ഒന്നാശ്വസിക്കാം. ആ മഹാനെ ഓര്‍മിക്കാന്‍ ശ്രീകണ്‌ഠേശ്വരത്ത് ഒരു 'ശബ്ദതാരാവലി' പാര്‍ക്ക് എങ്കിലും ഉണ്ടല്ലോ?

ശ്രീകണ്‌ഠേശ്വരത്തെ പറ്റി കൂടുതല്‍ അറിയാന്‍

ശ്രീകണ്‌ഠേശ്വരത്തിനു നാം കൊടുത്ത വാക്ക്

ആര്‍ഭാടവും സന്യാസിയും നിഘണ്ടുവും


 
ഇന്റര്‍നെറ്റില്‍ ചരിത്രപരമായ വിവരങ്ങളും ദൃശ്യങ്ങളും ലഭിക്കുന്ന ചില സൈറ്റുകളിലേക്കുള്ള ചൂണ്ടുവിരലാണ് താഴെ.
സമാനമായ സൈറ്റുകളെപ്പറ്റി അറിവുള്ള വായനക്കാര്‍ ആ സൈറ്റുകളുടെ മേല്‍വിലാസം (URL) അയച്ചുതന്നാല്‍ അവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം
ഡച്ചുകാര്‍ സുഗന്ധവ്യഞ്ജനങ്ങളന്വേഷിച്ച് 1603-ല്‍ കേരളത്തില്‍ വന്നതു മുതല്‍ അവര്‍ കൊച്ചിയില്‍ നിന്നും വിടപറയുന്നതുവരെയുള്ള (1795) ചരിത്രം പ്രതിപാദിക്കുന്ന ഡച്ച് ഇന്‍ കേരള എന്ന സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
യൂനിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോര്‍ണിയയുടെ ശേഖരത്തിലുള്ള 1850 മുതല്‍ 1950 വരെയുള്ള ബാസല്‍ മിഷന്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവിതാംകൂര്‍ രാജഭരണകാലത്തെ കേരള ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട് നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളുമായി ഒരു ബ്ലോഗ്‌
പൗരാണിക ഇന്ത്യാ ചരിത്രം ലളിതമായി ഇന്ററാക്റ്റീവ് രീതിയില്‍ അവതരിപ്പിക്കുന്ന ബ്രിട്ടീഷ് മ്യൂസിയത്തിന്റെ സൈറ്റ്‌
ചരിത്രപ്രാധാൈന്യമുള്ള പഴയന്‍ ഇന്ത്യന്‍ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്ന ദ ഓള്‍ഡ് ഇന്ത്യന്‍ ഫോട്ടോസ് എന്ന സൈറ്റ്

Other News in this section:

» 162 വര്ഷം മുമ്പ് ചാലയിലെ തീപ്പിടിത്തവും കടകള് ഓടിടാന് ഉത്തരവും » വീരരായന്‍ പണം » പോര്‍ച്ചുഗീസ് ചരിത്രത്തിന് ജീവന്‍ തുടിക്കും » ആവിയന്ത്രത്തിന്റെ സഹായത്തോടെ പദ്മതീര്‍ഥം നവീകരിച്ച ശേഷയ്യാ ശാസ്ത്രി » നിയമജ്ഞന്മാരെ വളര്‍ത്തിയെടുത്ത മുത്തശ്ശി നൂറിനോട് അടുക്കുന്നു » മാമൂലുകള്‍ എടുത്തുമാറ്റി ആദ്യം യൂറോപ്പിലേക്ക് പോയ മഹാരാജാവ്‌ » മാര്‍ത്താണ്ഡവര്‍മ മുതല്‍ ഇ.എം.എസ്. വരെ » നാടുകടത്തലിന്റെയും വിരഹദുഃഖത്തിന്റെയും ഓര്‍മയുമായി... » ഈയംപൂശലുകാരന്റെ വരവ്‌ » തടവുകാരും ഒളിച്ചോട്ടവും » നഗരപരിഷ്‌കര്‍ത്താക്കളെ, ഇതായിരുന്നു അന്നത്തെ തലസ്ഥാനം » ബീച്ചില്‍ നിര്‍ദേശിക്കപ്പെട്ട റെയില്‍വേ സ്‌റ്റേഷന്‍ » സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന് അവര് സ്വീകരിച്ച നടപടികള്‌ » വിസ്മൃതിയിലാണ്ടൊരു ചരമവാര്‍ഷികം » നഗരത്തിലെ വെള്ളപ്പൊക്കം അന്നും ഇന്നും
© Copyright Mathrubhumi 2013. All rights reserved.