KERALA INDIA WORLD SPECIAL
മാമൂലുകള്‍ എടുത്തുമാറ്റി ആദ്യം യൂറോപ്പിലേക്ക് പോയ മഹാരാജാവ്‌

 

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

 

അതിനുമുമ്പ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ വിദേശത്ത് പോകാറില്ലായിരുന്നു. കാരണം കടല്‍കടന്ന് പോകുന്നവര്‍ക്കും തിരിച്ചുവരുന്നവര്‍ക്കും ഭ്രഷ്ട് കല്പിച്ചിരുന്ന കാലമായിരുന്നു അത്. ഉന്നത ഉദ്യോഗസ്ഥന്മാര്‍ വിദേശത്ത് പോയിവന്നാല്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമേ അമ്പലങ്ങളില്‍ കയറാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ ആചാരം ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് (19311949) എടുത്തുകളഞ്ഞുവെന്ന് മാത്രമല്ല, കുടുംബസമേതം ആദ്യമായി യൂറോപ്യന്‍ സന്ദര്‍ശനത്തിന് ധൈര്യപ്പെടുകയും ചെയ്തു.
1933 ഏപ്രില്‍ 8ന് അനുജന്‍ ഉത്രാടം തിരുനാളും അമ്മ സേതുപാര്‍വതിബായിയും സഹോദരി കാര്‍ത്തിക തിരുനാളുമായി മഹാരാജാവ് യൂറോപ്യന്‍ പര്യടനത്തിന് പുറപ്പെട്ടു. 'യു.എസ്. റാവല്‍പിണ്ടി' എന്ന കപ്പലില്‍ വെനീസ്, വിയന്ന എന്നിവിടങ്ങളിലൂടെ അവര്‍ പാരീസിലെത്തി. അവിടെ മൈസൂര്‍ യുവരാജാവും നേപ്പാള്‍ രാജകുമാരനും ഉണ്ടായിരുന്നു.
ഇറ്റലിയില്‍െവച്ച് മഹാരാജാവ് പോപ്പിനെ കണ്ട് സംഭാഷണം നടത്തിയതും അദ്ദേഹം സ്വര്‍ണമെഡല്‍ സമ്മാനമായി നല്‍കിയതും പത്രങ്ങളില്‍ വലിയ വാര്‍ത്തയായി.
ലണ്ടനില്‍ ചക്രവര്‍ത്തിയും രാജകുടുംബാംഗങ്ങളും വിന്‍ഡ്‌സണ്‍ കൊട്ടാരത്തില്‍ െവച്ച് ഇവര്‍ക്ക് അത്താഴവിരുന്ന് നല്‍കി. യൂേറാപ്പിലെ പ്രമുഖ രാജ്യങ്ങള്‍ എല്ലാം സന്ദര്‍ശിച്ചശേഷം ആഗസ്ത് 27ന് രാജകുടുംബം തിരുവനന്തപുരത്ത് എത്തി.
അന്ന് അവരെ സ്വീകരിക്കാന്‍ ഒരുക്കിയ വേദിയാണ് തമ്പാനൂരിലെ ഇന്നത്തെ പൊന്നറ ശ്രീധര്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലമെന്ന് പഴമക്കാര്‍ പറയുന്നു.
ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെയും രാജകുടുംബത്തിന്റെയും യൂറോപ്യന്‍ സന്ദര്‍ശനംകൊണ്ട് പില്‍ക്കാലത്ത് ഗണ്യമായ പുരോഗതി ഉണ്ടായത് തിരുവനന്തപുരം നഗരത്തിനാണ്. മഹാരാജാവിന് തിരുവനന്തപുരം മുനിസിപ്പാലിറ്റി ഗംഭീരമായ സ്വീകരണം നല്‍കി. അക്കാലത്ത് മുനിസിപ്പാലിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് ഇപ്പോഴത്തെ എസ്.എം.വി. സ്‌കൂളിന് എതിര്‍വശത്തായിരുന്നു. മുനിസിപ്പാലിറ്റി നല്‍കിയ മംഗളപത്രത്തില്‍ വിദേശങ്ങളില്‍ കണ്ട പരിഷ്‌കാരങ്ങള്‍ അനന്തപുരിയിലും നടപ്പിലാക്കണമെന്ന് അഭ്യര്‍ഥിച്ചു. മംഗളപത്രം ഇങ്ങനെ തുടര്‍ന്നു:
''ഈ നഗരത്തിന്റെ വളര്‍ച്ചയും അഭിവൃദ്ധിയും അവിടുന്ന് എപ്പോഴും താത്പര്യത്തോടെ നോക്കുന്നുണ്ടെന്ന് ഞങ്ങള്‍ കൃതജ്ഞതയോടെ അറിയുന്നുണ്ട്. അവിടുത്തെ ഗുണഭൂയിഷ്ടമായ മേല്‍നോട്ടത്തില്‍ പട്ടണം കൂടുതല്‍ കൂടുതല്‍ വളര്‍ച്ച പ്രാപിക്കുന്നതുമാണ്. നഗരത്തിലെ ജലവിതരണ പദ്ധതി (പിന്നീട് ഗവര്‍ണര്‍ ജനറല്‍ വെല്ലിങ്ടണ്‍ പ്രഭു ഉദ്ഘാടനം ചെയ്തു) പൂര്‍ത്തിയായിരിക്കുന്നുവെന്ന് ഞങ്ങള്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നു.
നഗരത്തിലെ പ്രജകളില്‍ ഏറ്റവും പാവപ്പെട്ടവര്‍ക്കുപോലും ജലം ലഭിക്കത്തക്കവിധം ഈ വിതരണം നടത്തുമെന്ന് ഞങ്ങള്‍ വിനയപുരസരം ആശിക്കുന്നു. നഗരത്തിലെ ജലനിര്‍ഗമന പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. പട്ടണത്തിന്റെ ചില ഭാഗങ്ങളുടെ അനാരോഗ്യകരമായ സ്ഥിതി ഈ പദ്ധതികൊണ്ട് പരിഹരിക്കപ്പെടും. പട്ടണത്തിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. ഇത് തിരുമനസ്സിന്റെ ശ്രദ്ധയ്ക്ക് പാത്രമാകണമെന്ന് ഞങ്ങള്‍ ആശിക്കുന്നു. ഈ നഗരത്തെ വിധാനം ചെയ്ത് ഏറ്റവും ആകര്‍ഷകമായ ഒരു ആധുനിക പട്ടണമാക്കി തീര്‍ക്കുന്നതിന് തിരുമനസ്സിലെ ലണ്ടന്‍, വിയന്ന, റോം തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളിലെ സന്ദര്‍ശനം പ്രദാനം ചെയ്യുമെന്ന് വിചാരിക്കുന്നു. നഗരത്തിലെ യാചകരുടെ പ്രശ്‌നം വളരെക്കാലമായി ആലോചനയിലാണ്. തിരുമനസ്സിലെ ചെല്ലംവകയില്‍ നിന്നും നല്‍കുന്ന സംഭാവനയാല്‍ അഗതിമന്ദിര പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് ഞങ്ങള്‍ വിനയപുരസരം പ്രത്യാശിക്കുന്നു''.
ജലവിതരണവും വൈദ്യുതിയും നഗരത്തിന്റെ എല്ലാഭാഗത്തും എത്തിക്കുന്നതിനും നഗരം പരിഷ്‌കരിക്കുന്നതിന് മുനിസിപ്പാലിറ്റി നല്‍കിയ ശ്രദ്ധേയമായ നിര്‍േദശങ്ങള്‍ കഴിയുന്നത്ര നടപ്പിലാക്കുമെന്ന് മറുപടി പ്രസംഗത്തില്‍ മഹാരാജാവ് ഉറപ്പുകൊടുത്തു. എന്നാല്‍ മഹാരാജാവിന്റെ അമ്മ സേതുപാര്‍വതിബായി നഗരപരിഷ്‌കരണം സംബന്ധിച്ച് ശ്രദ്ധേയമായ നിര്‍േദശങ്ങള്‍ മുന്നോട്ടുെവച്ചു.
അതിലൊന്ന് ഭൂതകാലത്തില്‍ നിന്ന് ലഭിച്ച കലാവസ്തുക്കള്‍,സ്തംഭങ്ങള്‍ എന്നിവയ്ക്ക് മാത്രമായി ഒരു മ്യൂസിയം സ്ഥാപിക്കുക എന്നതാണ്. മഹത്തായ അഭിവൃദ്ധിയോടും ശാസ്ത്രപുരോഗതിയോടുംകൂടിത്തന്നെ പഴയ പാട്ടുകളും പഴമ്പുരാണങ്ങളും ആഘോഷങ്ങളും എല്ലാം പ്രചാരത്തില്‍ കൊണ്ടുവരാന്‍ പാശ്ചാത്യരാജ്യങ്ങള്‍ ശ്രമിക്കുന്നതായും അത് ഈ നഗരത്തിലും നടപ്പാക്കുന്നത് പ്രയോജനപ്രദമായിരിക്കുമെന്നും അവര്‍ പറഞ്ഞു.
സംഗീതോത്സവങ്ങള്‍, കായികാഭ്യാസ കളരി, കടലോരമന്ദിരങ്ങള്‍ എന്നിവ നഗരത്തിനാവശ്യമാണെന്ന് സേതുപാര്‍വതിബായി അഭിപ്രായപ്പെട്ടു. അവര്‍ പിന്നീട് പ്രസംഗിച്ചപ്പോള്‍ കേരളത്തിലെ ധാതുമണലിനെപ്പറ്റി പറഞ്ഞു. നമ്മുടെ കടലോരത്തുള്ള ഈ പ്രത്യേക മണല്‍ വളരെ വിലപിടിപ്പുള്ളതാണെന്നും ഇത് ഉപയോഗിച്ച് വ്യവസായശാലകള്‍ തുടങ്ങിയാല്‍ തിരുവിതാംകൂര്‍ ഏറ്റവും വിലയ സമ്പന്നനാടാകുമെന്നുമായിരുന്നു അഭിപ്രായപ്പെട്ടത്.
മഹാരാജാവിന്റെയും രാജകുടുംബത്തിന്റെയും യൂറോപ്യന്‍ സന്ദര്‍ശനം പിന്നിട് ഈ നഗരത്തിലെ പരിഷ്‌കാരങ്ങളില്‍ പ്രതിഫലിച്ചു. 1936ല്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ ദിവാനായതോടെ ഈ പരിഷ്‌കാരങ്ങള്‍ക്ക് വേഗതകൂടി. സര്‍വകലാശാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, റോഡിയോ സ്‌റ്റേഷന്‍, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, അഗതിമന്ദിരങ്ങള്‍, സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട്, സംഗീത അക്കാദമി, സിമന്റ് റോഡ് തുടങ്ങി എത്രയോ സംരംഭങ്ങള്‍ ഇതില്‍ ചിലത് മാത്രമാണ്.


ഇന്റര്‍നെറ്റില്‍ ചരിത്രപരമായ വിവരങ്ങളും ദൃശ്യങ്ങളും ലഭിക്കുന്ന ചില സൈറ്റുകളിലേക്കുള്ള ചൂണ്ടുവിരലാണ് താഴെ.
സമാനമായ സൈറ്റുകളെപ്പറ്റി അറിവുള്ള വായനക്കാര്‍ ആ സൈറ്റുകളുടെ മേല്‍വിലാസം (URL) അയച്ചുതന്നാല്‍ അവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം
ഡച്ചുകാര്‍ സുഗന്ധവ്യഞ്ജനങ്ങളന്വേഷിച്ച് 1603-ല്‍ കേരളത്തില്‍ വന്നതു മുതല്‍ അവര്‍ കൊച്ചിയില്‍ നിന്നും വിടപറയുന്നതുവരെയുള്ള (1795) ചരിത്രം പ്രതിപാദിക്കുന്ന ഡച്ച് ഇന്‍ കേരള എന്ന സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
യൂനിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോര്‍ണിയയുടെ ശേഖരത്തിലുള്ള 1850 മുതല്‍ 1950 വരെയുള്ള ബാസല്‍ മിഷന്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവിതാംകൂര്‍ രാജഭരണകാലത്തെ കേരള ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട് നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളുമായി ഒരു ബ്ലോഗ്‌
പൗരാണിക ഇന്ത്യാ ചരിത്രം ലളിതമായി ഇന്ററാക്റ്റീവ് രീതിയില്‍ അവതരിപ്പിക്കുന്ന ബ്രിട്ടീഷ് മ്യൂസിയത്തിന്റെ സൈറ്റ്‌
ചരിത്രപ്രാധാൈന്യമുള്ള പഴയന്‍ ഇന്ത്യന്‍ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്ന ദ ഓള്‍ഡ് ഇന്ത്യന്‍ ഫോട്ടോസ് എന്ന സൈറ്റ്

Other News in this section:

» ആ ഭാഷാസ്‌നേഹിയെ ഓര്‍ക്കാന്‍ ഒരു പാര്‍ക്ക് മാത്രം » 162 വര്ഷം മുമ്പ് ചാലയിലെ തീപ്പിടിത്തവും കടകള് ഓടിടാന് ഉത്തരവും » വീരരായന്‍ പണം » പോര്‍ച്ചുഗീസ് ചരിത്രത്തിന് ജീവന്‍ തുടിക്കും » ആവിയന്ത്രത്തിന്റെ സഹായത്തോടെ പദ്മതീര്‍ഥം നവീകരിച്ച ശേഷയ്യാ ശാസ്ത്രി » നിയമജ്ഞന്മാരെ വളര്‍ത്തിയെടുത്ത മുത്തശ്ശി നൂറിനോട് അടുക്കുന്നു » മാര്‍ത്താണ്ഡവര്‍മ മുതല്‍ ഇ.എം.എസ്. വരെ » നാടുകടത്തലിന്റെയും വിരഹദുഃഖത്തിന്റെയും ഓര്‍മയുമായി... » ഈയംപൂശലുകാരന്റെ വരവ്‌ » തടവുകാരും ഒളിച്ചോട്ടവും » നഗരപരിഷ്‌കര്‍ത്താക്കളെ, ഇതായിരുന്നു അന്നത്തെ തലസ്ഥാനം » ബീച്ചില്‍ നിര്‍ദേശിക്കപ്പെട്ട റെയില്‍വേ സ്‌റ്റേഷന്‍ » സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന് അവര് സ്വീകരിച്ച നടപടികള്‌ » വിസ്മൃതിയിലാണ്ടൊരു ചരമവാര്‍ഷികം » നഗരത്തിലെ വെള്ളപ്പൊക്കം അന്നും ഇന്നും
© Copyright Mathrubhumi 2013. All rights reserved.