KERALA INDIA WORLD SPECIAL
മാര്‍ത്താണ്ഡവര്‍മ മുതല്‍ ഇ.എം.എസ്. വരെ

 

 

കേരള ചരിത്രത്തിന്റെ മൂകസാക്ഷിയാണ് സെക്രട്ടേറിയറ്റ്. രാജഭരണത്തിന്റെ അസ്തമയവും ജനകീയഭരണത്തിന്റെ ഉദയാസ്തമനങ്ങളും ഈ മുത്തശ്ശി കെട്ടിടം എത്രയോ കണ്ടു. നവംബര്‍ ഒന്നിന് ഐക്യകേരളത്തിന്റെ അമ്പത്തിയെട്ടാം പിറന്നാളാണ്.
രണ്ടുവര്‍ഷംകൂടി കഴിഞ്ഞാല്‍ ഐക്യകേരളത്തിന് ഷഷ്ടിപൂര്‍ത്തിയാകും. മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന ഐക്യകേരള രൂപവത്കരണദിനം ഇന്നും ഓര്‍ക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഈ നഗരത്തിലുണ്ട്.
നൂറ്റാണ്ടുകളായി തിരുവിതാംകൂര്‍ ഭരിച്ച ഒരു രാജവംശത്തിന്റെ അവസാനകണ്ണിയായ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് 1949 ജൂലായ് ഒന്നിന് തിരുകൊച്ചി സംസ്ഥാന രൂപവത്കരണത്തോടെയാണ് 'രാജപ്രമുഖന്‍' (ഗവര്‍ണര്‍ക്ക് തുല്യം) ആയത്. അദ്ദേഹത്തിന്റെ പദവി അവസാനിക്കുന്ന ദിനവും ഐക്യകേരളത്തിന്റെ തുടക്കവുമായിരുന്നു 1956 നവംബര്‍ ഒന്ന്. പഴയകാലഘട്ടത്തിന്റെ അന്ത്യവും പുതുമയുടെ തുടക്കുവുമായ ആ ചരിത്ര മുഹൂര്‍ത്തം ഒരു ദീപാവലിദിനംകൂടിയായിരുന്നു.
ചെകിട് അടയ്ക്കുന്ന പടക്കങ്ങള്‍ പൊട്ടിച്ചും കണ്ണഞ്ചിക്കുന്ന മത്താപ്പുകള്‍ കത്തിച്ചും ജനം തലേദിവസം സന്ധ്യമുതല്‍ കേരള പിറവിയെ എതിരേറ്റു. തലസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ ഓഫീസുകളും കടകളും വര്‍ണക്കടലാസുകള്‍കൊണ്ട് അലങ്കരിച്ചിരുന്നു. മ്യൂസിയം മുതല്‍ കിഴക്കേക്കോട്ട വരെയുള്ള േറാഡുകളില്‍ വര്‍ണ വൈദ്യുതവിളക്കുകള്‍ മിന്നിത്തെളിഞ്ഞു.
സെക്രട്ടേറിയറ്റ്, കനകക്കുന്ന് കൊട്ടാരം എന്നിവിടങ്ങള്‍ ദീപപ്രഭയില്‍ ആറാടി. പ്രഭാതം പൊട്ടിവിടര്‍ന്നതോടെ ആയിരക്കണക്കിന് ആളുകള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ അനന്തപുരിയിലേക്ക് ഒഴുകി. ഘോഷയാത്രയില്‍ പങ്കെടുക്കാനുള്ള സ്‌കൂള്‍ കുട്ടികളേയും കേരള വേഷം ധരിച്ച മങ്കമാരേയും കൊണ്ട് സെക്രട്ടേറിയറ്റിന് ചുറ്റും നിറഞ്ഞു. പിന്നിലുള്ള സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലായിരുന്നു പ്രധാനപരിപാടികള്‍ നടന്നത്.
രാവിലെ 8 മണിക്കുതന്നെ സൈറന്‍ മുഴക്കിയ പോലീസ് വാഹനത്തിന്റെ പിന്നാലെ തുറന്ന ജീപ്പില്‍ മെയിന്‍ റോഡിലൂടെ ആക്ടിങ് ഗവര്‍ണര്‍ പി.എസ്. റാവു സഞ്ചരിച്ചു. തിരുകൊച്ചി രാജപ്രമുഖന്റെ ഉപദേഷ്ടാവ് എന്ന നിലയില്‍ അദ്ദേഹത്തിനെ നഗരത്തിന് അറിയാമായിരുന്നു. എന്നാല്‍, അദ്ദേഹം ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലേക്ക് യാത്രയാകുന്നത് ഐക്യകേരളത്തിന്റെ നിയുക്ത ആക്ടിങ് ഗവര്‍ണര്‍ക്കുള്ള സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു.
സെക്രട്ടേറിയറ്റിന് മുമ്പില്‍ കുതിര പോലീസും ബാന്‍ഡ് മേളക്കാരും പീരങ്കിപ്പടയുമെല്ലാം അണിനിരന്നിരുന്നു. മുമ്പ് രാജാക്കന്മാരുടെ കിരീടധാരണത്തിന് എത്രയോ പ്രാവശ്യം അണിഞ്ഞൊരുങ്ങിയ സെക്രട്ടേറിയറ്റ് മന്ദിരത്തിന് മുമ്പിന്‍ നിയുക്ത ആക്ടിങ്ങ് ഗവര്‍ണര്‍ എത്തി. ചീഫ് സെക്രട്ടറി എന്‍.ഇ.എസ്. രാഘവാചാരി തിരുവനന്തപുരം നഗര പിതാവ് പൊന്നറ ശ്രീധര്‍ എന്നിവര്‍ ചേര്‍ന്ന് റാവുവിനെ സ്വീകരിച്ച് ദര്‍ബാര്‍ ഹാളിലേക്ക് ആനയിച്ചു. അവിടെ മദ്രാസ് ധനമന്ത്രി സി. സുബ്രഹ്മണ്യം, മലബാറിലേയും തിരുകൊച്ചിയിലേയും നേതാക്കള്‍, മുന്‍മന്ത്രിമാര്‍, ഉദ്യോഗസ്ഥന്മാര്‍ എന്നിവരടക്കം മുന്നൂറോളംപേര്‍ എത്തിയിരുന്നു.
മദ്രാസിന്റെ വകയായ മലബാറിനെ കേരളത്തിനെ ഏല്പിക്കാനാണ് താന്‍ വന്നിരിക്കുന്നതെന്ന് തമാശരൂപത്തില്‍ സി.സുബ്രഹ്മണ്യം നേതാക്കളോട് പറഞ്ഞത് കൗതുകം ഉയര്‍ത്തി.
ചടങ്ങില്‍ എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്‌ലി സെലാസി എത്തുമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം വന്നില്ല. കൃത്യം 8.30ന് ചീഫ് സെക്രട്ടറി രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദിന്റെ വിളംബരം വായിച്ചു. പുതിയ ഗവര്‍ണര്‍ വരുന്നതുവരെ ആക്ടിങ് ഗവര്‍ണറായി പണ്ട്യാല സത്യാനാരായണറാവു ( പി.എസ്. റാവു ) വിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ തന്നെ ഇന്ത്യ ഗവണ്മെന്റ് ചുമതലപ്പെടുത്തിയിരിക്കുന്നതായി തിരുകൊച്ചി ചീഫ് ജസ്റ്റിസ് കെ.ടി. കോശി പ്രസ്താവിച്ചതോടെ സത്യപ്രതിജ്ഞ ആരംഭിച്ചു. കോശി ആക്ടിങ് ഗവര്‍ണര്‍ക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. അപ്പോള്‍ സെക്രട്ടേറിയറ്റ് വളപ്പില്‍നിന്നും 19 ആചാരവെടികള്‍ മുഴങ്ങി.
പിന്നീട് ആക്ടിങ് ഗവര്‍ണര്‍ കേരള ചീഫ് ജസ്റ്റിസായി കെ.ടി.കോശിക്കും ജഡ്ജിമാരായ കെ.ശങ്കരന്‍, ജി.കുമാരപിള്ള, എം.എസ്. മേനോന്‍, ടി.കെ.ജോസ്, എസ്. വരദരാജന്‍ എന്നിവര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിനുശേഷം ആക്ടിങ്ങ് ഗവര്‍ണര്‍ ഉള്‍പ്പെടെ എല്ലാവരും ഘോഷയാത്രയായി പിന്നിലുള്ള സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്ക് പോയി. അവിടത്തെ പന്തലില്‍ ആക്ടിങ് ഗവര്‍ണര്‍ ദേശീയ പാതക ഉയര്‍ത്തിയതോടെ സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ആയിരക്കണക്കിനാളുകള്‍ കരഘോഷവും ആര്‍പ്പുവിളിയും ഉയര്‍ത്തി. അപ്പോള്‍ സ്‌റ്റേഡിയത്തിന് പുറത്ത് ആരവംകേട്ടു. അത് മലബാറില്‍നിന്നും ദിവസങ്ങള്‍ക്കുമുമ്പ് കൊളുത്തിവിട്ട ദീപശിഖ പോലീസ് അത്‌ലറ്റ് പി. വാസവന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്നതായിരുന്നു. ദിപശിഖയെ എല്ലാവരും എണീറ്റുനിന്ന് എതിരേറ്റു.
വാസവന്‍ ദീപശിഖ ആക്ടിങ് ഗവര്‍ണര്‍ക്ക് നല്‍കി. അദ്ദേഹം അത് നഗരപിതാവ് പൊന്നറ ശ്രീധര്‍ക്ക് കൈമാറി. ദീപശിഖ സ്തംഭത്തില്‍ പ്രതിഷ്ഠിച്ചതോടെ ഉദ്ഘാടന നടപടി തുടങ്ങി. ഇതിനിടയില്‍ മഹാകവി വള്ളത്തോള്‍ സ്‌റ്റേജിലെത്തി. അദ്ദേഹം രചിച്ച 'പൊന്നുമക്കളാവുക' എന്ന കവിത അഖിലേന്ത്യാ റേഡിയോയിലെ ഗംഗാധരന്‍ നായര്‍ പാടി. ചരിത്രത്തിന്റെ വഴിത്താരയില്‍ മൂന്നായി പിരിഞ്ഞ തറവാടുകള്‍ ഒന്നാകുന്ന സുദിനമാണ് ഇതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ആക്ടിങ് ഗവര്‍ണര്‍ പി.എസ്. റാവു പറഞ്ഞു.
ഒരു മാസം തികയും മുമ്പ് കേരളത്തിന്റെ ഗവര്‍ണറായി ഡോ.ബി. രാമകൃഷ്ണറാവു നിയമിതനായി. അദ്ദേഹം നവംബര്‍ 22ന് ചാര്‍ജ് എടുത്തു. അങ്ങനെ കേരളത്തിന് ആദ്യ ഗവര്‍ണറെ കിട്ടി. ഡോ.ബി. രാമകൃഷ്ണറാവുവിന്റെ നേതൃത്വത്തിലാണ് പിന്നീട് തിരഞ്ഞെടുപ്പ് നടന്നത്. 1957 ഏപ്രില്‍ 5ന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റു. ഇത് ലോകപത്രങ്ങള്‍ക്ക് പ്രധാന വാര്‍ത്തയായി. അതിനുശേഷം സെക്രട്ടേറിയറ്റ് ഇരുപത് മുഖ്യമന്ത്രിമാരെ കണ്ടു. എങ്കിലും സെക്രട്ടേറിയറ്റിലെ ഭരണചരിത്രം എഴുതുമ്പോള്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മുതല്‍ ഇ.എം.എസ്. വരെ എന്നുപറയേണ്ടിവരും. കാരണം കേരളം പടയോട്ടത്തിലൂടെ ഒന്നാക്കാന്‍ ആദ്യം ശ്രമിച്ച മഹാരാജാവായിരുന്നു അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ.
1741ല്‍ കുളച്ചല്‍ യുദ്ധത്തിലൂടെ ഡച്ച് ശക്തിയെ നിലംപരിശാക്കിയെങ്കിലും കേരളം ഏകീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
പക്ഷേ, അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ആയില്യം തിരുനാള്‍ മഹാരാജാവ് 1869ല്‍ പണിതീര്‍ത്ത സെക്രട്ടേറിയറ്റിലാണ് ഐക്യകേരളത്തിലെ ആദ്യത്തെ ജനകീയമന്ത്രിസഭ അധികാരത്തിലെത്തി ഭരണം നടത്തിയത്.


ഇന്റര്‍നെറ്റില്‍ ചരിത്രപരമായ വിവരങ്ങളും ദൃശ്യങ്ങളും ലഭിക്കുന്ന ചില സൈറ്റുകളിലേക്കുള്ള ചൂണ്ടുവിരലാണ് താഴെ.
സമാനമായ സൈറ്റുകളെപ്പറ്റി അറിവുള്ള വായനക്കാര്‍ ആ സൈറ്റുകളുടെ മേല്‍വിലാസം (URL) അയച്ചുതന്നാല്‍ അവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം
ഡച്ചുകാര്‍ സുഗന്ധവ്യഞ്ജനങ്ങളന്വേഷിച്ച് 1603-ല്‍ കേരളത്തില്‍ വന്നതു മുതല്‍ അവര്‍ കൊച്ചിയില്‍ നിന്നും വിടപറയുന്നതുവരെയുള്ള (1795) ചരിത്രം പ്രതിപാദിക്കുന്ന ഡച്ച് ഇന്‍ കേരള എന്ന സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
യൂനിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോര്‍ണിയയുടെ ശേഖരത്തിലുള്ള 1850 മുതല്‍ 1950 വരെയുള്ള ബാസല്‍ മിഷന്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവിതാംകൂര്‍ രാജഭരണകാലത്തെ കേരള ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട് നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളുമായി ഒരു ബ്ലോഗ്‌
പൗരാണിക ഇന്ത്യാ ചരിത്രം ലളിതമായി ഇന്ററാക്റ്റീവ് രീതിയില്‍ അവതരിപ്പിക്കുന്ന ബ്രിട്ടീഷ് മ്യൂസിയത്തിന്റെ സൈറ്റ്‌
ചരിത്രപ്രാധാൈന്യമുള്ള പഴയന്‍ ഇന്ത്യന്‍ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്ന ദ ഓള്‍ഡ് ഇന്ത്യന്‍ ഫോട്ടോസ് എന്ന സൈറ്റ്

Other News in this section:

» ആ ഭാഷാസ്‌നേഹിയെ ഓര്‍ക്കാന്‍ ഒരു പാര്‍ക്ക് മാത്രം » 162 വര്ഷം മുമ്പ് ചാലയിലെ തീപ്പിടിത്തവും കടകള് ഓടിടാന് ഉത്തരവും » വീരരായന്‍ പണം » പോര്‍ച്ചുഗീസ് ചരിത്രത്തിന് ജീവന്‍ തുടിക്കും » ആവിയന്ത്രത്തിന്റെ സഹായത്തോടെ പദ്മതീര്‍ഥം നവീകരിച്ച ശേഷയ്യാ ശാസ്ത്രി » നിയമജ്ഞന്മാരെ വളര്‍ത്തിയെടുത്ത മുത്തശ്ശി നൂറിനോട് അടുക്കുന്നു » മാമൂലുകള്‍ എടുത്തുമാറ്റി ആദ്യം യൂറോപ്പിലേക്ക് പോയ മഹാരാജാവ്‌ » നാടുകടത്തലിന്റെയും വിരഹദുഃഖത്തിന്റെയും ഓര്‍മയുമായി... » ഈയംപൂശലുകാരന്റെ വരവ്‌ » തടവുകാരും ഒളിച്ചോട്ടവും » നഗരപരിഷ്‌കര്‍ത്താക്കളെ, ഇതായിരുന്നു അന്നത്തെ തലസ്ഥാനം » ബീച്ചില്‍ നിര്‍ദേശിക്കപ്പെട്ട റെയില്‍വേ സ്‌റ്റേഷന്‍ » സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന് അവര് സ്വീകരിച്ച നടപടികള്‌ » വിസ്മൃതിയിലാണ്ടൊരു ചരമവാര്‍ഷികം » നഗരത്തിലെ വെള്ളപ്പൊക്കം അന്നും ഇന്നും
© Copyright Mathrubhumi 2013. All rights reserved.