KERALA INDIA WORLD SPECIAL
നഗരപരിഷ്‌കര്‍ത്താക്കളെ, ഇതായിരുന്നു അന്നത്തെ തലസ്ഥാനം

 

 

ഇത് കോട്ടയ്ക്കകം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേഭാഗം. ഇവിടെയാണ് ഈ നഗരത്തിന്റെ വളര്‍ച്ചയുടെ തുടക്കം. കൊട്ടാരസമുച്ചയങ്ങളും ഉദ്യോഗസ്ഥന്മാരുടെ വലിയ ഔദ്യോഗിക വസതികളും വിശാലമായ തെരുവും ഉണ്ടായിരുന്ന ഈ സ്ഥലത്താണ് ഹജൂര്‍കച്ചേരി അഥവാ സെക്രട്ടേറിയറ്റ് ആദ്യം പ്രവര്‍ത്തനം ആരംഭിച്ചത്. മുമ്പ് ദിവാന്‍ എവിടെയാണോ അവിടെയായിരുന്നു സെക്രട്ടേറിയറ്റ്. അഥവാ ഹജൂര്‍ കച്ചേരി. എന്നാല്‍ സ്വാതിതിരുനാള്‍ മഹാരാജാവ് ഹജൂര്‍ കച്ചേരി സ്ഥിരമായി തലസ്ഥാനത്തുള്ള കോട്ടയ്ക്കകത്തേക്ക് മാറ്റി. അതിന്റെ ചില അവശിഷ്ടങ്ങള്‍ ഇന്നും കാണാം. പിന്നീട് ആയില്യം തിരുനാള്‍ മഹാരാജാവി(1860-1880)ന്റെ കാലത്താണ് സെക്രട്ടേറിയറ്റ് ഇന്നത്തെ സ്ഥലത്തേക്ക് മാറ്റിയത്.
1869ല്‍ പുതിയ സെക്രട്ടേറിയറ്റ് പണിത് അതിനകത്ത് ആദ്യം ആസ്ഥാനം ഉറപ്പിച്ച ദിവാന്‍ സര്‍. ടി. മാധവറാവുവാണ് കോട്ടയ്ക്കകം ശുദ്ധീകരിക്കാന്‍ ആദ്യം തൂപ്പുകാരെ നിയമിച്ചത്. അതായിരുന്നു തിരുവനന്തപുരത്തിന് നഗരം എന്ന പില്‍ക്കാലത്തേക്കുള്ള പ്രയാണത്തിന്റെ തുടക്കം. മാത്രവുമല്ല, കോട്ടയ്ക്കകത്ത് ചവറിടുന്നവര്‍ക്ക് അഞ്ചു രൂപ പിഴ ചുമത്താനും അദ്ദേഹം ഉത്തരവിട്ടു. ആദ്യം നഗരപരിഷ്‌കരണ കമ്മിറ്റിയും അതിനുശേഷം മുനിസിപ്പാലിറ്റിയും 1940ല്‍ കോര്‍പ്പറേഷനുമായി തിരുവനന്തപുരം മാറി.
കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷന്‍ എന്ന നിലയില്‍ തിരുവനന്തപുരം പട്ടണം അതിവേഗം ഇന്ത്യയുടെ ശ്രദ്ധ പിടിച്ചുപറ്റി. 1975ല്‍ കോര്‍പ്പറേഷന്‍ പ്രസിദ്ധീകരിച്ച 'ട്രിവാന്‍ഡ്രം ദി സിറ്റി, ബ്യൂട്ടിഫുള്‍' എന്ന പുസ്തകത്തില്‍ കോട്ടയ്ക്കകത്തെ ശ്രീചിത്തിരതിരുനാള്‍ പ്രതിമ സാക്ഷിനിര്‍ത്തി ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരം എന്ന ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചവറ് മാറ്റാനുള്ള ഉപകരണങ്ങളുമായി ഉത്സാഹത്തോടെ നില്‍ക്കുന്ന തൊഴിലാളികളെയും ഔദ്യോഗിക വേഷം ധരിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും ജീവനക്കാരെയും ചിത്രത്തില്‍ കാണാം. ആ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്ന സ്ഥലത്തിന്റെ ഇന്നത്തെ സ്ഥിതി എന്ത്? അത് നഗരത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം.
ശാലീനസുന്ദരമായ തിരുവനന്തപുരം ഒരുകാലത്ത് പച്ചയും പൂക്കളും നിറഞ്ഞ ശുചിത്വമുള്ള നഗരമായിരുന്നു. വേലുത്തമ്പി ദളവയെ പിടികൂടാന്‍ നഗരത്തില്‍ 1810ല്‍ എത്തിയ ഇംഗ്ലീഷ് ഈസ്റ്റ്ഇന്ത്യാ കമ്പനി ക്യാപ്ടന്‍ ജെയിംസ് വെല്‍ഷും 1881ല്‍ 'ഇന്ത്യന്‍ വിമന്‍സ്' എന്ന ഇംഗ്ലീഷ് പുസ്തകം എഴുതിയ ഗ്രന്ഥകാരിയുമെല്ലാം ഈ നഗരത്തിന്റെ മനോഹാരിതയെ വാഴ്ത്തിയിട്ടുണ്ട്. കല്‍ക്കട്ട കഴിഞ്ഞാല്‍ മനോഹരമായ കെട്ടിടങ്ങള്‍ ഉള്ള നഗരം തിരുവനന്തപുരം ആണെന്ന് ചരിത്രകാരനായ റോബിന്‍ ജെഫ്രി എഴുതിയിട്ടുണ്ട്. പക്ഷേ, ഇന്ന് ഈ നഗരത്തിന്റെ സ്ഥിതിയെന്ത്?
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖര വാര്‍ത്ത പുറത്തുവന്നതോടെ ഇന്ത്യയ്ക്കകത്തും പുറത്തുനിന്നും എത്രയെത്ര സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. പക്ഷേ, 'ദൈവത്തിന്റെ സ്വന്തം നാട്' കാണാന്‍ എത്തുന്നവര്‍ മൂക്കുപൊത്തിയും മനംപുരട്ടി ഛര്‍ദ്ദിച്ചും തിരിച്ചുപോകേണ്ട സ്ഥിതിയാണ്. ചപ്പും ചവറും നിറഞ്ഞ നഗരത്തിന്റെ മിക്കഭാഗത്തും അസഹ്യമായ ദുര്‍ഗന്ധം ഉയരുന്നു. എവിടെയും ചവറുകള്‍ കുന്നുകൂടി കിടക്കുന്നു. ചവറുകളില്‍ മാംസാവശിഷ്ടങ്ങളും ചത്ത ജീവികളും ഉണ്ട്. മാലിന്യസംസ്‌കരണ കേന്ദ്രം ഇല്ലാത്ത ഗതികെട്ട നഗരമായി തലസ്ഥാനം മാറിയിരിക്കുന്നു. കാലനില്ലാത്ത കാലത്തെപ്പറ്റി കുഞ്ചന്‍നമ്പ്യാര്‍ വിവരിച്ചതുപോലെ വീടുകളില്‍ പ്ലാസ്റ്റിക്, സ്ത്രീകള്‍ ഉപയോഗിക്കുന്ന പ്രത്യേക ശുചിത്വ തുണികള്‍, ഫ്യൂസായ ട്യൂബ് ലൈറ്റുകള്‍, ബള്‍ബുകള്‍ എന്നിവ കൂട്ടിയിട്ടിരിക്കുന്നു. ഇവ നശിപ്പിക്കാനുള്ള സ്ഥലം പല വീടുകളിലും ഇല്ല. മൂന്നോ നാലോ സെന്റ് സ്ഥലമുള്ളവര്‍ എങ്ങനെയാണ് ഈ വസ്തുക്കള്‍ നശിപ്പിക്കുക?
മുമ്പ് അനന്തപുരിയിലെ മിക്ക വീടുകളുടെ മുമ്പിലും പലതരം ചെടികള്‍, വാഴ, തെങ്ങ്, മാവ് എന്നിവ ഉണ്ടായിരുന്നു. ഇതാണ് നഗരത്തെ ഹരിതാഭമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് മിക്ക വീടുകളും ഇവ നട്ടുവളര്‍ത്താന്‍ തയ്യാറാകുന്നില്ല. അവശിഷ്ടങ്ങള്‍ കളയാന്‍ മാര്‍ഗമില്ലാത്തതാണ് കാരണം. നഗരത്തിലെ നെല്‍കൃഷി വിടപറഞ്ഞു. നെല്ല് കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാന്‍ കന്യാകുമാരി ജില്ലയിലോ സമീപത്തോ പോകണം.
ഇങ്ങനെ പോയാല്‍ തെങ്ങ് നഗരത്തില്‍നിന്നും വിടപറയാനും അധികകാലം വേണ്ടിവരില്ല. തെങ്ങിന്റെ ഓല, കൊതുമ്പ്്, തൊണ്ട്, ചിരട്ട എന്നിവ കളയാന്‍ സ്ഥലം ഇല്ല. ഇതുകാരണം അതിവേഗം തെങ്ങുകള്‍ നഗരവാസികള്‍ വിറ്റുകൊണ്ടിരിക്കുകയാണ്. നഗരത്തില്‍ എത്തുന്നവര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സുരക്ഷിതമായ പ്രാഥമിക സൗകര്യത്തിന് എവിടെയാണ് സ്ഥലം?
നഗരത്തിലെ അറവുശാല പൂട്ടിയിട്ട് വര്‍ഷങ്ങളായി. നഗരത്തിലെങ്ങും അനധികൃത മാംസക്കച്ചവടം തകൃതിയായി നടക്കുന്നു. നഗരത്തിലെ ചന്തകളുടെ സ്ഥിതി എത്രയോ ശോചനീയമാണ്. പല ചന്തകളിലും കയറിയാല്‍ ഛര്‍ദ്ദി ഉണ്ടാകും. നഗരത്തിലെ ജനജീവിതത്തിന്റെ നാഡിയായിരുന്ന കിള്ളിയാറിന്റെയും കരമനയാറിന്റെയും സ്ഥിതി എന്ത്? പാര്‍വ്വതിപുത്തനാര്‍ കാളിന്ദിയായി തുടരുന്നു.
നഗരപരിഷ്‌കര്‍ത്താക്കളേ, അടുത്ത നഗരസഭാ തിരഞ്ഞെടുപ്പിനുവേണ്ടി വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ ഓടി നടക്കുന്നവരേ ചരിത്രത്തിലേക്ക് നോക്കൂ. രാജഭരണകാലത്ത് ഈ നഗരത്തിന്റെ മുക്കിലും മൂലയിലും മൂത്രപ്പുരകളുണ്ടായിരുന്നു. രാത്രികാലങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് താമസിക്കാന്‍ കുറഞ്ഞ ചെലവിലുള്ള സത്രങ്ങളുമുണ്ടായിരുന്നു. രാവിലെയും വൈകിട്ടും നഗരം ശുചീകരിച്ചിരുന്നു. ചവറ് ഇടാന്‍ വലിയതുറയില്‍ ഡിപ്പോ ഉണ്ടായിരുന്നു. കുന്നുകുഴിയില്‍ അറവുശാല ഉണ്ടായിരുന്നു. ഹോട്ടലുകള്‍ പരിശോധിക്കാനും ചന്തകളുടെ ശുചിത്വം ഉറപ്പാക്കാനും യൂണിഫോം ധരിച്ച ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു. പട്ടികളെ പിടിക്കാന്‍ സംവിധാനം ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം എവിടെ?
രാജഭരണത്തെക്കാള്‍ മേന്മയുള്ളതാണ് ജനാധിപത്യഭരണം. അതിനുവേണ്ടിയാണ് ഒരുകാലത്ത് സ്വാതന്ത്ര്യസമരസേനാനികള്‍ അടിയും വെടിയും കൊണ്ടത്. പക്ഷേ, ജനാധിപത്യഭരണം തിരുവനന്തപുരം നഗരസഭയില്‍ ജനങ്ങള്‍ക്ക് ശാപമായി മാറുന്നു. ഇത് ജനാധിപത്യ സംവിധാനത്തിന്റെ വേരറക്കുന്നതിലേക്ക് കാര്യങ്ങളെ നയിക്കും.
തലസ്ഥാനനഗരിയില്‍ ഒരു ചവറ് ഡിപ്പോപോലും വര്‍ഷങ്ങളായി സ്ഥാപിക്കാന്‍ കഴിയാത്ത നിങ്ങളാണോ ഇനിയും നഗരത്തെ രക്ഷിക്കാന്‍ ഭരണവും പ്രതിപക്ഷവുമായി വോട്ട് ചോദിക്കാന്‍ പോകുന്നത്?


ഇന്റര്‍നെറ്റില്‍ ചരിത്രപരമായ വിവരങ്ങളും ദൃശ്യങ്ങളും ലഭിക്കുന്ന ചില സൈറ്റുകളിലേക്കുള്ള ചൂണ്ടുവിരലാണ് താഴെ.
സമാനമായ സൈറ്റുകളെപ്പറ്റി അറിവുള്ള വായനക്കാര്‍ ആ സൈറ്റുകളുടെ മേല്‍വിലാസം (URL) അയച്ചുതന്നാല്‍ അവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം
ഡച്ചുകാര്‍ സുഗന്ധവ്യഞ്ജനങ്ങളന്വേഷിച്ച് 1603-ല്‍ കേരളത്തില്‍ വന്നതു മുതല്‍ അവര്‍ കൊച്ചിയില്‍ നിന്നും വിടപറയുന്നതുവരെയുള്ള (1795) ചരിത്രം പ്രതിപാദിക്കുന്ന ഡച്ച് ഇന്‍ കേരള എന്ന സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
യൂനിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോര്‍ണിയയുടെ ശേഖരത്തിലുള്ള 1850 മുതല്‍ 1950 വരെയുള്ള ബാസല്‍ മിഷന്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവിതാംകൂര്‍ രാജഭരണകാലത്തെ കേരള ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട് നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളുമായി ഒരു ബ്ലോഗ്‌
പൗരാണിക ഇന്ത്യാ ചരിത്രം ലളിതമായി ഇന്ററാക്റ്റീവ് രീതിയില്‍ അവതരിപ്പിക്കുന്ന ബ്രിട്ടീഷ് മ്യൂസിയത്തിന്റെ സൈറ്റ്‌
ചരിത്രപ്രാധാൈന്യമുള്ള പഴയന്‍ ഇന്ത്യന്‍ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്ന ദ ഓള്‍ഡ് ഇന്ത്യന്‍ ഫോട്ടോസ് എന്ന സൈറ്റ്

Other News in this section:

» ആ ഭാഷാസ്‌നേഹിയെ ഓര്‍ക്കാന്‍ ഒരു പാര്‍ക്ക് മാത്രം » 162 വര്ഷം മുമ്പ് ചാലയിലെ തീപ്പിടിത്തവും കടകള് ഓടിടാന് ഉത്തരവും » വീരരായന്‍ പണം » പോര്‍ച്ചുഗീസ് ചരിത്രത്തിന് ജീവന്‍ തുടിക്കും » ആവിയന്ത്രത്തിന്റെ സഹായത്തോടെ പദ്മതീര്‍ഥം നവീകരിച്ച ശേഷയ്യാ ശാസ്ത്രി » നിയമജ്ഞന്മാരെ വളര്‍ത്തിയെടുത്ത മുത്തശ്ശി നൂറിനോട് അടുക്കുന്നു » മാമൂലുകള്‍ എടുത്തുമാറ്റി ആദ്യം യൂറോപ്പിലേക്ക് പോയ മഹാരാജാവ്‌ » മാര്‍ത്താണ്ഡവര്‍മ മുതല്‍ ഇ.എം.എസ്. വരെ » നാടുകടത്തലിന്റെയും വിരഹദുഃഖത്തിന്റെയും ഓര്‍മയുമായി... » ഈയംപൂശലുകാരന്റെ വരവ്‌ » തടവുകാരും ഒളിച്ചോട്ടവും » ബീച്ചില്‍ നിര്‍ദേശിക്കപ്പെട്ട റെയില്‍വേ സ്‌റ്റേഷന്‍ » സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന് അവര് സ്വീകരിച്ച നടപടികള്‌ » വിസ്മൃതിയിലാണ്ടൊരു ചരമവാര്‍ഷികം » നഗരത്തിലെ വെള്ളപ്പൊക്കം അന്നും ഇന്നും
© Copyright Mathrubhumi 2013. All rights reserved.