KERALA INDIA WORLD SPECIAL
വീരരായന്‍ പണം

 

അഡ്വ. ടി.ബി.സെലുരാജ്‌

 

ഈയിടെ കണ്ട 'ഫെയ്‌സ്ബുക്കി'ലെ ഒരു പോസ്റ്റിങ് വല്ലാതെ ആകര്‍ഷിച്ചു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒരു യാത്രാവേളയില്‍ വഴിമധ്യേ കുറച്ച് നാണയങ്ങളെ കണ്ടുമുട്ടുകയാണ്.
പഞ്ചപുച്ഛമടക്കി നാണയത്തുട്ടുകള്‍ നോട്ടുകളോട് കുശലാന്വേഷണമാരംഭിച്ചു. ''എങ്ങനെ പോകുന്നു, ജീവിതം?'' തെല്ലൊരഹങ്കാരത്തോടെ ആയിരം രൂപ നോട്ട് മറുപടി പറയുന്നു: ''അടിപൊളിയാണ് ജീവിതം. ബാറുടമകളുടെയും മന്ത്രിമാരുടെയും കൈയിലേക്ക്, ചിലപ്പോഴൊക്കെ സ്വിസ് ബാങ്കിലേക്ക്. ജീവിതത്തിന് ഒരു ഈസ്റ്റ്മാന്‍ കളറൊക്കെയുണ്ട് കേട്ടോ. അതിരിക്കട്ടെ, നിങ്ങളുടെയൊക്കെ ജീവിതമെങ്ങനെ?'' അല്പം അപകര്‍ഷതാബോധത്തോടെ നാണയത്തുട്ടുകള്‍ മറുപടി പറഞ്ഞു: ''ഓ, ഞങ്ങടെയൊക്കെ ജീവിതം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെ. യാചകരുടെ ചട്ടിയിലും ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങളിലുമായി ജീവിതം തള്ളിനീക്കുന്നു.'' വാസ്തവവും അതാണ്.
നാണയങ്ങളെ നാമുപയോഗിക്കാറ് കൊച്ചുകൊച്ചാവശ്യങ്ങള്‍ക്കായിട്ടാണല്ലോ. ചുരുങ്ങിയപക്ഷം ബസ് യാത്രക്കാരെങ്കിലും ഇത് സമ്മതിക്കും. കണ്ടക്ടര്‍ക്കുനേരെ പത്തുരൂപ നീട്ടിയാല്‍ അയാള്‍ മൊഴിയും: ''ഒരു രണ്ടുരൂപയെങ്കിലും ചില്ലറ തരൂ.'' ഇല്ലെന്നു പറഞ്ഞാല്‍ യാത്രക്കാരനെ ഒരു വര്‍ഗശത്രുവിനെപ്പോലെയാണ് കണ്ടക്ടര്‍മാര്‍ നോക്കുക. ഇന്ത്യന്‍ പീനല്‍ കോഡിലെ ഏതോ ഒരു കുറ്റകൃത്യം ചെയ്ത കുറ്റവാളിയെപ്പോലെ.

എന്നാല്‍, ഒരുകാലത്ത്, പേപ്പര്‍ കറന്‍സിയൊന്നുമില്ലാത്ത കാലത്ത്, നാണയങ്ങള്‍ക്ക് ഒരന്തസ്സും ആഭിജാത്യവുമൊക്കെയുണ്ടായിരുന്നു. മലബാറില്‍ നിലനിന്നിരുന്നത് വീരരായന്‍ എന്ന പണമായിരുന്നു. പുത്തന്‍ വീരരായനെന്ന സ്വര്‍ണപ്പണവും പഴയ വീരരായന്‍ സ്വര്‍ണപ്പണവും. ഇതിനു പുറമേയായിരുന്നു വെള്ളിപ്പണങ്ങളും. 1822ല്‍ മലബാറില്‍ ഒരേകീകൃത നാണയം നടപ്പാക്കണമെന്ന് മദ്രാസ് സര്‍ക്കാര്‍ തീരുമാനിച്ചുറച്ചു. മദ്രാസ് ഉറുപ്പിക, അണ, പൈ എന്നിങ്ങനെയായിരുന്നു നാണയത്തിന്റെ പേര്‍.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മദ്രാസ് ഗവര്‍ണര്‍ മലബാര്‍ കളക്ടര്‍ക്ക് അയച്ച കത്തിനുള്ള മറുപടിയിലൂടെയുമാണ് ഇന്നു നാം കടന്നുപോകുന്നത്. അതാകട്ടെ, അക്കാലത്ത് മലബാറില്‍ നിലനിന്നിരുന്ന നാണയങ്ങളെക്കുറിച്ച് ഒരേകദേശ രൂപം നമുക്ക് തരികയും ചെയ്യുന്നു. അതിങ്ങനെ:
''സര്‍, കഴിഞ്ഞ ഫെബ്രുവരി മാസം 23ാം തിയ്യതി മദ്രാസ് ഉറുപ്പിക, അണ, പൈ മലബാറില്‍ കൊണ്ടുവരണമെന്നാവശ്യമുന്നയിച്ചുകൊണ്ട് താങ്കളൊരു കത്തയച്ചിരുന്നുവല്ലോ. മലബാറില്‍ നിലവിലുള്ള നാണയങ്ങളെക്കുറിച്ചൊരു റിപ്പോര്‍ട്ടയയ്ക്കണമെന്നും താങ്കളാവശ്യപ്പെട്ടിരുന്നു. നാണയങ്ങളെക്കുറിച്ച് പറയുവാന്‍ വലിയ വിജ്ഞാനമൊന്നുമില്ല. എന്റെ അറിവ് തുലോം പരിമിതമാണ്. എന്നാലും ഞാന്‍ നടത്തിയ പഠനങ്ങള്‍ ഇവിടെ വിവരിക്കട്ടെ. 5587.50 പോണ്ടിച്ചേരി ഉറുപ്പിക, 74562 സ്പാനിഷ് ഡോളറുകള്‍, 71579 ജര്‍മന്‍ ക്രൗണുകള്‍ എന്നിവയാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ മലബാറില്‍ വന്നിട്ടുള്ള വിദേശ നാണയങ്ങള്‍. ജര്‍മന്‍ നാണയങ്ങളും സ്പാനിഷ് നാണയങ്ങളും നാം നിയമംമൂലം മലബാറില്‍ വിലക്കുകയുണ്ടായി. എന്നാല്‍ കൊച്ചി സര്‍ക്കാരില്‍ ഇപ്പോഴും ഇവ നിലനില്‍ക്കുന്നു. ഇനി ഞാന്‍ മലബാറിലെ വീരരായന്‍ സ്വര്‍ണ്ണപ്പണത്തെക്കുറിച്ചും സില്‍വര്‍ പണത്തെക്കുറിച്ചുമാണ് പറയാന്‍ പോകുന്നത്.
എന്നു മുതലാണ് വീരരായന്‍ അഥവാ വീരായന്‍ സ്വര്‍ണ്ണനാണയം മലബാറില്‍ നിലനിന്നുപോന്നിരുന്നത് എന്ന് വ്യക്തമായി പറയുവാനെനിക്ക് കഴിയില്ല. 1761ല്‍ ഹൈദരാലി വരുന്നതിന് എത്രയോ മുമ്പുതന്നെ ഈ നാണയങ്ങള്‍ മലബാറില്‍ നിലനിന്നിരുന്നു. 165 വര്‍ഷം പഴക്കമുള്ള രേഖകളിലും വീരരായന്‍ സ്വര്‍ണ്ണപ്പണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ നാണയത്തിന്റെ പഴമയ്ക്ക് ഉത്തമ ഉദാഹരണമാണ് ഈ രേഖകള്‍. കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാജവംശക്കാര്‍ അവരുടെ കമ്മട്ടത്തില്‍ അടിച്ചുവന്നിരുന്നതാണ് ഈ നാണയങ്ങള്‍. ഭൂമിയുടെ നികുതി സ്വീകരിച്ചിരുന്നതും ഈ നാണയപ്രകാരമാണ്. 1802ല്‍ മാക്ലോയ്ഡിന്റെ ഭരണകാലത്തും ഈ നാണയങ്ങള്‍പ്രകാരമാണ് നികുതി സ്വീകരിച്ചുവന്നിരുന്നത്. മൂന്നര പുതിയ വീരരായന്‍ സ്വര്‍ണ്ണപ്പണം ഒരു മദ്രാസ് ഉറുപ്പികയ്ക്ക് തുല്യമായിട്ടാണ് നാം കണക്കാക്കിയിട്ടുള്ളത്. പഴയ വീരരായന്‍ സ്വര്‍ണ്ണപ്പണമാണെങ്കില്‍ നാല് പണം വേണം ഒരു മദ്രാസ് ഉറുപ്പികയാകാന്‍. വെള്ളിപ്പണമാണെങ്കില്‍ ഒരു മദ്രാസ് ഉറുപ്പികയായി നാം കണക്കാക്കുന്നത് പന്ത്രണ്ടര പുതിയ വെള്ളിപ്പണമാണ്. പഴയ വെള്ളിപ്പണമാണെങ്കില്‍ ഒരു മദ്രാസ് ഉറുപ്പികയ്ക്ക് പതിനാല് വെള്ളിപ്പണമെന്ന തോതിലാണ് നാം മൂല്യം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ മാക്ലോയ്ഡ് മലബാറിന്റെ അധികാരം വഹിച്ചപ്പോള്‍ ഈ നാണയങ്ങളുടെ മൂല്യം കുറച്ചു. ഒരു മദ്രാസ് ഉറുപ്പികയ്ക്ക് നാലെ ഏഴെ ബൈ മുപ്പത്തിരണ്ട് എന്നതായി മൂല്യം. വെള്ളിപ്പണത്തിനാകട്ടെ പതിനാലെ ഒമ്പതെ ബൈ അറുപത്തിനാല് എന്നതുമായി മൂല്യം. നികുതി അടയ്ക്കുന്ന മലബാറിലെ ജന്മികള്‍ക്ക് ഇതില്‍ വളരെയേറെ അതൃപ്തിയുണ്ടായി. സ്വര്‍ണ്ണപ്പണം പ്രകാരമാണ് നികുതി അടയ്ക്കുന്നതെങ്കില്‍ ഇരുപത് ശതമാനവും വെള്ളിപ്രകാരമാണ് നികുതി അടയ്ക്കുന്നതെങ്കില്‍ പത്ത് ശതമാനവും മാക്ലോയ്ഡിന്റെ പരിഷ്‌ക്കാരപ്രകാരം വര്‍ദ്ധനവുണ്ടായി. ഇതിനു പുറമെ അദ്ദേഹം ഭൂനികുതി വര്‍ദ്ധിപ്പിക്കുവാന്‍കൂടി തീര്‍ച്ചപ്പെടുത്തിയപ്പോള്‍ ജനം രോഷാകുലരായി. മാക്ലോയ്ഡിനുശേഷം വന്ന റിക്കാര്‍ഡ്‌സ് തന്ത്രപൂര്‍വ്വം നികുതിവര്‍ദ്ധനവ് ഒഴിവാക്കുകയാണ് ചെയ്തത്, അതുപോലെതന്നെ മൂല്യവര്‍ദ്ധനയും.

ടിപ്പുവില്‍നിന്ന് നാം മലബാര്‍ ഭരണം ഏറ്റെടുത്തതിനുശേഷവും പല രാജാക്കന്മാരെയും അവരുടെ ഭരണം തുടര്‍ന്ന് പോകുവാന്‍ അനുവദിച്ചിരുന്നു. കമ്മട്ടത്തിന്റെ അവകാശം ഇതുപ്രകാരം സാമൂതിരി രാജാവ് തുടര്‍ന്നും കൈക്കൊണ്ടിരുന്നു. എന്നാല്‍ നികുതി അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കമ്മട്ടത്തിന്റെ അവകാശം അദ്ദേഹത്തില്‍നിന്നും ബോംബെ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. തുടര്‍ന്ന് കമ്പനിയുടെ പ്രാദേശിക സര്‍ക്കാരിന്റെ കീഴിലായി കമ്മട്ടം. ദക്ഷിണ, മധ്യ മലബാറിലാണ് വീരരായന്‍ സ്വര്‍ണ്ണപ്പണം കൂടുതല്‍ നിലവിലുള്ളത്. വടക്കന്‍ മലബാറിലാകട്ടെ, വെള്ളിപ്പണമാണ് കൂടുതലും പ്രചാരത്തിലുള്ളത്. പലപ്പോഴും ഇവ അടിച്ചിരുന്നത് നാട്ടുരാജാക്കന്മാരായിരുന്നില്ല. മലബാറില്‍ ഫാക്ടറികളുള്ള രാജ്യക്കാരാണ് ഇതച്ചടിച്ചു വന്നിരുന്നത്. അവര്‍ അവരുടെ കച്ചവടത്തിനുവേണ്ടി ഈ നാണയങ്ങള്‍ അടിച്ചുപോന്നു. ബോംബെ സര്‍ക്കാര്‍ ബോംബെ ഉറുപ്പിക അടിക്കുന്ന അതേ കൃത്യതയോടും ഭംഗിയോടും കൂടിതന്നെയാണ് വീരരായന്‍ സ്വര്‍ണ്ണനാണയങ്ങളും വെള്ളിനാണയങ്ങളും ബോംബെ കമ്മട്ടത്തില്‍നിന്നും അടിച്ചുപോന്നിരുന്നത്. ഇങ്ങനെ ബോംബെയിലടിച്ചുപോന്ന വീരരായന്‍ നാണയങ്ങള്‍ തലശ്ശേരിയിലെ ട്രഷറികള്‍ക്ക് കൈമാറി മദ്രാസ് ഉറുപ്പിക കൈപ്പറ്റി. ഫ്രഞ്ച് സര്‍ക്കാരാവട്ടെ, വീരരായന്‍ സ്വര്‍ണ്ണനാണയവും വെള്ളിനാണയവും പോണ്ടിച്ചേരി കമ്മട്ടത്തില്‍നിന്നടിച്ചിറക്കി. നാണയത്തില്‍ ജ എന്ന ഇംഗ്ലീഷ് അക്ഷരം അടിച്ചു ചേര്‍ത്തിരുന്നു. ഡച്ചുകാരാവട്ടെ, 'ട്രാങ്കോബാര്‍ കമ്മട്ടത്തില്‍' നിന്നാണ് വീരരായന്‍ നാണയങ്ങള്‍ അടിച്ചിറക്കിയിരുന്നത്. നല്ലൊരു കച്ചവടക്കാരനായ കണ്ണൂര്‍ അലി രാജയും തങ്ങള്‍ക്കുവേണ്ട സ്വര്‍ണ്ണ നാണയങ്ങളും വെള്ളിപ്പണവും കണ്ണൂരിലെ കമ്മട്ടത്തില്‍നിന്ന് അടിച്ചിറക്കി. അങ്ങിനെ നാല് വ്യത്യസ്ത സര്‍ക്കാരുകള്‍ അടിച്ചിറക്കിയ വീരരായന്‍ സ്വര്‍ണ്ണപ്പണവും വെള്ളിപ്പണവും മലബാറില്‍ വ്യാപകമായി. ഇവയുടെ മൂല്യങ്ങള്‍ക്ക് വലിയ വ്യത്യാസമൊന്നുമില്ലായിരുന്നുവെന്നറിയിക്കട്ടെ. ഹൈദരാലിയും ടിപ്പുവും വരുമ്പോള്‍ ഇത്തരം വീരരായന്‍ പണമാണ് മലബാറില്‍ വ്യാപകമായിരുന്നത്. ഹൈദരാലിയും ടിപ്പുവും അവരുടേതായ വീരരായന്‍ പണം അടിച്ചിറക്കുകയുണ്ടായി. ഉര്‍ദ്ദു അക്ഷരങ്ങളും നരിയുടെ തലയും ആലേഖനം ചെയ്തതായിരുന്നു ഈ വീരരായന്‍ പണങ്ങള്‍. 1776ല്‍ ഡച്ചുകാരുടെ ഫാക്ടറികളില്ലാതായപ്പോള്‍ അവരുടെ വീരരായന്‍ പണവും ഇല്ലാതായി. കുറച്ചു കഴിഞ്ഞപ്പോള്‍ ബോംബെ സര്‍ക്കാരും വീരരായന്‍ പണം അടിച്ചിറക്കുന്നത് നിര്‍ത്തി. കാരണം അപ്പോഴേക്കും തലശ്ശേരിയില്‍ നമ്മുടെയൊരു കമ്മട്ടം പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു.
മലബാറിലെ ജനത വീരരായന്‍ പണത്തെയല്ലാതെ മറ്റൊരു പണത്തെയും സ്വീകരിക്കാന്‍ സന്നദ്ധരായിട്ടില്ല എന്നറിയിക്കട്ടെ. പുതിയ നാണയങ്ങള്‍ അവരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നതാണ് വാസ്തവം. ഇതവര്‍ക്ക് ബുദ്ധിമുട്ടും നഷ്ടവുമുണ്ടാക്കുന്നു. വിദ്യാഭ്യാസമില്ലാത്ത ഒരു ജനതയുടെ മീതെ നാം പുതിയ പേരില്‍ നാണയങ്ങളിറക്കുമ്പോള്‍ അവര്‍ക്കിത് സ്വീകരിക്കുവാന്‍ പലപ്പോഴും ബുദ്ധിമുട്ടായി വരുന്നു. അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കും കച്ചവട രീതികള്‍ക്കും മൂല്യം കണ്ടെത്തിയത് ഓര്‍മ്മവെച്ച കാലം മുതല്‍ വീരരായന്‍ സ്വര്‍ണ്ണനാണയങ്ങളിലും വെള്ളിപ്പണങ്ങളിലുമാണ്. അത് പെട്ടെന്ന് നാം നിര്‍ത്തുകയാണെങ്കില്‍ മലബാറുകാര്‍ക്കത് സ്വീകരിക്കുവാന്‍ ബുദ്ധിമുട്ട് വരും. അവര്‍ ഭൂനികുതി അടയ്ക്കുന്നതും ഇതേ നാണയങ്ങളില്‍തന്നെ. ചുരുക്കത്തില്‍ മലബാറിലെ എല്ലാ ക്രയവിക്രയങ്ങളും വീരരായന്‍ സ്വര്‍ണ്ണനാണയങ്ങളെയും വെള്ളിനാണയങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് നടത്തിവരുന്നത്. ഇതില്‍ നാം പെട്ടെന്ന് മാറ്റം വരുത്തിയാല്‍ മലബാറിലെ ജനത നമുക്കെതിരെ തിരിയും. ഇവര്‍ക്ക് മറ്റൊരു നാണയത്തിലൂടെയും കൂട്ടാനും കിഴിക്കാനുമറിയില്ല. ഭൂമി വില്‍പ്പന, പണയം വെയ്ക്കല്‍, മറ്റു കടപത്രങ്ങള്‍ എല്ലാം വീരരായന്‍ പണത്തിലധിഷ്ഠിതമാണ്. നാം ഒരു ഏകോപിത നാണയ സമ്പ്രദായം അതായത് മദ്രാസ് ഉറുപ്പിക, അണ, പൈ മലബാറില്‍ വരുത്തുവാനുദ്ദേശിക്കുന്നപക്ഷം അവര്‍ക്ക് സംഭവിക്കുന്ന എല്ലാവിധ കഷ്ടനഷ്ടങ്ങളും നികത്തിക്കൊടുക്കുവാന്‍ നാം ബാധ്യസ്ഥരാണെന്നും കൂടി ഓര്‍മ്മിപ്പിക്കട്ടെ. നാം മദ്രാസ് ഉറുപ്പിക മലബാറില്‍ നടപ്പിലാക്കുന്നപക്ഷം നിലവിലുള്ള വീരരായന്‍ സ്വര്‍ണ്ണപ്പണവും വെള്ളിപ്പണവും ട്രഷറികളില്‍ സ്വീകരിച്ചേ പറ്റൂ.''

seluraj@yahoo.com


ഇന്റര്‍നെറ്റില്‍ ചരിത്രപരമായ വിവരങ്ങളും ദൃശ്യങ്ങളും ലഭിക്കുന്ന ചില സൈറ്റുകളിലേക്കുള്ള ചൂണ്ടുവിരലാണ് താഴെ.
സമാനമായ സൈറ്റുകളെപ്പറ്റി അറിവുള്ള വായനക്കാര്‍ ആ സൈറ്റുകളുടെ മേല്‍വിലാസം (URL) അയച്ചുതന്നാല്‍ അവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം
ഡച്ചുകാര്‍ സുഗന്ധവ്യഞ്ജനങ്ങളന്വേഷിച്ച് 1603-ല്‍ കേരളത്തില്‍ വന്നതു മുതല്‍ അവര്‍ കൊച്ചിയില്‍ നിന്നും വിടപറയുന്നതുവരെയുള്ള (1795) ചരിത്രം പ്രതിപാദിക്കുന്ന ഡച്ച് ഇന്‍ കേരള എന്ന സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
യൂനിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോര്‍ണിയയുടെ ശേഖരത്തിലുള്ള 1850 മുതല്‍ 1950 വരെയുള്ള ബാസല്‍ മിഷന്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവിതാംകൂര്‍ രാജഭരണകാലത്തെ കേരള ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട് നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളുമായി ഒരു ബ്ലോഗ്‌
പൗരാണിക ഇന്ത്യാ ചരിത്രം ലളിതമായി ഇന്ററാക്റ്റീവ് രീതിയില്‍ അവതരിപ്പിക്കുന്ന ബ്രിട്ടീഷ് മ്യൂസിയത്തിന്റെ സൈറ്റ്‌
ചരിത്രപ്രാധാൈന്യമുള്ള പഴയന്‍ ഇന്ത്യന്‍ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്ന ദ ഓള്‍ഡ് ഇന്ത്യന്‍ ഫോട്ടോസ് എന്ന സൈറ്റ്

Other News in this section:

» കരുണാകരമേനോനെക്കുറിച്ച് മലബാര്‍ കളക്ടര്‍ » കല്‌പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട് 3 » 'സതി' അനുഷ്ഠിക്കാനുള്ള അനുവാദത്തിന് റസിഡന്‍സിക്ക് മുമ്പില്‍ സത്യാഗ്രഹം » കല്‌പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട് 2 » ബ്രിട്ടീഷ് സര്‍ക്കാരിനെയും ശ്രീമൂലം തിരുനാള്‍ മഹാരാജാവിനെയും ഞെട്ടിപ്പിച്ച രാജി » കല്‌പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട്‌ » ഒന്നരനൂറ്റാണ്ടോടടുക്കുന്ന മന്ദിരത്തിന്റെ സമീപത്തുള്ള സിമന്റ് കോലം » ആ ഭാഷാസ്‌നേഹിയെ ഓര്‍ക്കാന്‍ ഒരു പാര്‍ക്ക് മാത്രം » 162 വര്ഷം മുമ്പ് ചാലയിലെ തീപ്പിടിത്തവും കടകള് ഓടിടാന് ഉത്തരവും » പോര്‍ച്ചുഗീസ് ചരിത്രത്തിന് ജീവന്‍ തുടിക്കും » ആവിയന്ത്രത്തിന്റെ സഹായത്തോടെ പദ്മതീര്‍ഥം നവീകരിച്ച ശേഷയ്യാ ശാസ്ത്രി » നിയമജ്ഞന്മാരെ വളര്‍ത്തിയെടുത്ത മുത്തശ്ശി നൂറിനോട് അടുക്കുന്നു » മാമൂലുകള്‍ എടുത്തുമാറ്റി ആദ്യം യൂറോപ്പിലേക്ക് പോയ മഹാരാജാവ്‌ » മാര്‍ത്താണ്ഡവര്‍മ മുതല്‍ ഇ.എം.എസ്. വരെ » നാടുകടത്തലിന്റെയും വിരഹദുഃഖത്തിന്റെയും ഓര്‍മയുമായി...
© Copyright Mathrubhumi 2013. All rights reserved.