LATEST NEWS

Loading...

Custom Search
+ -
നയ്‌റോബി: കേരള അസോസിയേഷന്‍ ഓഫ് കെനിയ അറുപതാം പിറന്നാള്‍ ആഘോഷിച്ചു. നയ്‌റോബിയിലെ പട്‌നി ഹാളില്‍ വെച്ച് നടന്ന കെ.എ.കെ @ 60 എന്ന പേരിട്ട ആഘോഷങ്ങളില്‍ കേരള അസോസിയേഷന്‍ ഓഫ് കെനിയയുടെ അറുപതാം പിറന്നാള്‍ മാഗസിന്‍ ' മറുപുറം' ചീഫ് എഡിറ്റര്‍ രാജ് മോഹന്‍ രക്ഷാധികാരികള്‍ ഗോപകുമാര്‍, മോഹന്‍ദാസ്...
ജോഹ്നസ്ബര്‍ഗ് : സൗത്ത് ആഫ്രിക്കയിലെ ലിംപോപ്പോ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍...
കലാമണ്ഡലം ടാന്‍സാനിയ 'കേരളോത്സവം' എന്ന പേരില്‍ ദാര്‍ സലാമില്‍ കേരളപ്പിറവി...
ജോഹന്നാസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ 2012 ലെ നാഷണല്‍ സീനിയര്‍ സര്‍ട്ടിഫിക്കറ്റ്...

 

 

59 രാഷ്ട്രങ്ങളില്‍നിന്ന് 1,256 പ്രസാധകര്‍; 210 ഭാഷകളിലായി 14 ലക്ഷം വ്യത്യസ്ത പുസ്തകങ്ങള്‍;അക്ഷരങ്ങളുടെ ഈ മഹോത്സവത്തിന് ചുക്കാന്‍പിടിക്കാന്‍ സാഹിത്യസ്‌നേഹിയായ ഒരു സുല്‍ത്താന്‍! വിശ്വവിഖ്യാതമായ ഷാര്‍ജാ അന്തര്‍ദേശീയ പുസ്തകമേളയെക്കുറിച്ച്... വിശ്വവിഖ്യാതമായ ഷാര്‍ജ അന്തര്‍ദേശീയ പുസ്തകമേള, 2014 നവംബര്‍ അഞ്ചാംതീയതി ഷാര്‍ജാഭരണാധികാരിയും സര്‍ഗധനനുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ കാസിമി പുസ്തകപ്രേമികള്‍ക്ക് തുറന്നുകൊടുത്തപ്പോള്‍ മരുപ്പച്ചയുടെ ശീതളിമയില്‍ എത്തിയ അനുഭവമാണ് ഉണ്ടായത്. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ പുസ്തകോത്സവനഗരിയിലേക്ക് സ്വദേശികളും വിദേശികളുമായ പതിനായിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തിക്കൊണ്ടിരുന്നതിന് സാക്ഷ്യംവഹിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഒരു അനര്‍ഘമുഹൂര്‍ത്തമായാണ് ഞാന്‍ കാണുന്നത്. അഞ്ച് മുതല്‍ 15ാം തീയതിവരെയുള്ള പതിനൊന്ന് രാപകലുകള്‍ ഷാര്‍ജാനഗരി അക്ഷരോത്സവത്തിമര്‍പ്പിലായിരുന്നു. മുപ്പത്തിമൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ച, ഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവം ഈ മുപ്പത്തിമൂന്നാം തവണയും ഉദ്ഘാടനം ചെയ്തത് ഡോ. ശൈഖ് സുല്‍ത്താന്‍ തന്നെയാണ്. ലോകത്ത് മറ്റൊരു ഭരണാധികാരിക്കും സിദ്ധിക്കാത്ത മഹാസൗഭാഗ്യം! ഷാര്‍ജാ സര്‍ക്കാറിന്റെ സാംസ്‌കാരികവാര്‍ത്താവിനിമയ വകുപ്പിന് നടത്തിപ്പുചുമതലയുള്ള ഈ പുസ്തകോത്സവം ലോകപുസ്തകമേളകളില്‍ നാലാംസ്ഥാനത്താണ്. മഹത്തായൊരു പൈതൃകവും അയ്യായിരത്തിലേറെ സംവത്സരങ്ങളുടെ കുടിയേറ്റ ചരിത്രവും സ്പന്ദിക്കുന്ന ഷാര്‍ജ, യു.എ.ഇ.യുടെ സാംസ്‌കാരിക തലസ്ഥാനം മാത്രമല്ല ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഈ വര്‍ഷത്തെ തലസ്ഥാനമായി അംഗീകരിക്കപ്പെട്ട എമിറേറ്റുകൂടിയാണ്. 1972ല്‍ ഷാര്‍ജയുടെ ഭരണാധികാരിയായി ഡോ. ശൈഖ് സുല്‍ത്താന്‍ സ്ഥാനമേറ്റശേഷം യു.എ.ഇ.യിലെ ഏറ്റവും സമ്പന്നമായ മൂന്നാമത്തെ എമിറേറ്റായി അത് വളര്‍ന്നു. ശാസ്ത്രവും സാഹിത്യവും ദര്‍ശനവും പഠനകാലത്തുതന്നെ അദ്ദേഹത്തെ അഗാധമായി സ്വാധീനിച്ചിരുന്നു. ദര്‍ഹാം, എക്സ്സ്റ്റര്‍ സര്‍വകലാശാലകളില്‍നിന്ന് ഡോക്ടറേറ്റുകള്‍ നേടിയ ശൈഖ് സുല്‍ത്താന്‍, കയ്‌റൊ സര്‍വകലാശാലയില്‍നിന്ന് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയിരുന്നു. യു.എ.ഇ. സുപ്രീംകൗണ്‍സില്‍ അംഗംകൂടിയായ ഈ ഭരണതന്ത്രജ്ഞന്‍ ഷാര്‍ജ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ എന്നിവയുടെ അമരക്കാരന്‍ കൂടിയാണ്. പല ലോകരാഷ്ട്രങ്ങളും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുള്ള സുല്‍ത്താന്‍ യു.എ.ഇ.യുടെ 'സാംസ്‌കാരിക സ്ഥാനപതി'യായാണ് അറിയപ്പെടുന്നത്. നമ്മുടെ കലിക്കറ്റ് സര്‍വകലാശാലയും ഈയിടെ അദ്ദേഹത്തിന് ഡി.ലിറ്റ് പ്രഖ്യാപിച്ചിരുന്നു. 'ദ മിത്ത് ഓഫ് അറബ് പൈറസി ഇന്‍ ദ ഗള്‍ഫ്', 'ദി ബ്രിട്ടീഷ് ഒക്കുപ്പേഷന്‍ ഓഫ് അദന്‍', 'ഫ്രാഗ്‌മെന്റേഷന്‍ ഓഫ് ഒമാനി എമ്പയര്‍' തുടങ്ങി നാല്പതോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 'മൈ ഏര്‍ളി ലൈഫ്' എന്ന ആത്മകഥാപരമായ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. 'വെള്ളക്കാരന്‍ ശൈഖ്', 'പകയുടെ രോഷാഗ്‌നി', 'ഇബ്‌നു മാജിദ്' എന്നീ കൃതികള്‍ക്ക്് മലയാള വിവര്‍ത്തനവും ഉണ്ടായിട്ടുണ്ട്. ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, ഉറുദു, പേര്‍ഷ്യന്‍ തുടങ്ങിയ നിരവധി ഭാഷകളിലേക്കും ഇദ്ദേഹത്തിന്റെ രചനകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു: എല്ലാ അര്‍ഥത്തിലും അക്ഷരങ്ങളുടെ സുല്‍ത്താന്‍!ഷാര്‍ജ പുസ്തകോത്സവത്തിന്റെ വിജയശില്പികള്‍ കിരീടാവകാശി ശൈഖ് അബ്ദുള്ള ബിന്‍ സാലിം അല്‍ കാസിമി, സാംസ്‌കാരികവാര്‍ത്താവിനിമയ വകുപ്പ് മേധാവി അബ്ദുള്ള ബിന്‍ മൊഹമ്മദ് അല്‍ ഒവൈസ്, പുസ്തകോത്സവ ഡയറക്ടര്‍ അഹമ്മദ് ബിന്‍ റഖാദ് അല്‍ അമ്രി തുടങ്ങിയവരാണ്. ഷാര്‍ജാ സര്‍ക്കാറിന്റെ സാംസ്‌കാരികവാര്‍ത്താവിനിമയ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പുസ്തകോത്സവത്തിന്റെ വിദേശകാര്യ എക്‌സിക്യൂട്ടീവ് മലയാളിയായ മോഹന്‍കുമാറും പുസ്തകമേളയുടെ സംഘാടകരില്‍ പ്രമുഖനാണ്. 1982ല്‍ പുസ്തകോത്സവം ആരംഭിച്ചതുമുതല്‍ 33 വര്‍ഷങ്ങളായി മേളയുടെ സംഘാടകരില്‍ അറബ് വംശജനല്ലാത്ത ഏക വിദേശിയാണ് പയ്യന്നൂരുകാരനായ മോഹന്‍കുമാര്‍. ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, അഭിമാനകരമാണ് അദ്ദേഹത്തിന്റെ ഈ നിയോഗം. അസ്സലായി അറബിഭാഷ സംസാരിക്കുന്ന മോഹന്‍കുമാര്‍ കലയിലും സാഹിത്യത്തിലുമൊക്കെ അതീവ തത്പരനുമാണ്. ശാസ്ത്രീയസംഗീതത്തില്‍ അവഗാഹമുള്ള അദ്ദേഹം ഇടയ്ക്ക് സംഗീതക്കച്ചേരികളും നടത്താറുണ്ട്. ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള പ്രസാധകര്‍ക്ക് മേളയില്‍ പവലിയനുകളുണ്ടായിരുന്നു. യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാമാണ് നൂറിലധികം പ്രസാധകര്‍ പങ്കെടുത്ത ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മന്ത്രി ഡോ. എം.കെ. മുനീര്‍, ഡോ. സിദ്ധിഖ് അഹമ്മദ്, രവി ഡിസി, വി.കെ. ഹംസ അബ്ബാസ് തുടങ്ങി കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക, പുസ്തകപ്രസാധന മേഖലകളെ പ്രതിനിധീകരിച്ച് നിരവധിപേര്‍ ചടങ്ങില്‍ സംബന്ധിച്ചു. മേളയിലെ 'മാതൃഭൂമി' സ്റ്റാള്‍ ഉദ്ഘാടനം ചെയ്തതും അംബാസഡര്‍ ടി.പി. സീതാറാമായിരുന്നു. മന്ത്രി മുനീറിനുപുറമേ ഞാനും മാതൃഭൂമി ജനറല്‍ മാനേജര്‍ (ഗള്‍ഫ്) പി.എസ്. ശ്രീകുമാര്‍, പ്രത്യേക പ്രതിനിധി പി.പി. ശശീന്ദ്രന്‍, ചീഫ് പി.ആര്‍. മാനേജര്‍ കെ.ആര്‍. പ്രമോദ് തുടങ്ങിയവരും നൂറുകണക്കിന് മാതൃഭൂമിയുടെ ബന്ധുക്കളും അഭ്യുദയകാംക്ഷികളും ചടങ്ങില്‍ സംബന്ധിച്ചു. പി.പി. ശശീന്ദ്രന്റെ 'ഈന്തപ്പനച്ചോട്ടില്‍' എന്ന രചനയുടെ പ്രകാശനവും മേളയില്‍വെച്ച് നടന്നു. ഷാര്‍ജ പുസ്തകോത്സവത്തില്‍ ആദ്യമായാണ് ഞാന്‍ പങ്കെടുക്കുന്നത്. പുസ്തകോത്സവ ഡയറക്ടര്‍ അഹമ്മദ് ബിന്‍ റഖാദ് അല്‍ അമ്രി, വായനയും വിജ്ഞാനവും പ്രചരിപ്പിക്കാനായി രൂപംനല്‍കിയ 'നോളേജ് വിത്തൗട്ട് ബോര്‍ഡേഴ്‌സി'ന്റെ ജനറല്‍ മാനേജര്‍ റാഷിദ് മുഹമ്മദ് അല്‍കാസിം തുടങ്ങിയ പല പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്താന്‍ മോഹന്‍കുമാര്‍ അവസരമൊരുക്കിയതും സ്‌നേഹപൂര്‍വം സ്മരിക്കുന്നു. ഇത്തവണ 59 രാഷ്ട്രങ്ങളില്‍നിന്നായി 1,256 പ്രസാധകര്‍ പുസ്തകോത്സവത്തില്‍ പങ്കെടുത്തു. അവര്‍ 210 ഭാഷകളിലായി 14 ലക്ഷം ശീര്‍ഷകങ്ങള്‍ മേളയിലെത്തിക്കുകയുണ്ടായി. പുസ്തകോത്സവത്തില്‍ സംബന്ധിച്ചതിന് കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് മോഹന്‍കുമാര്‍ ഞങ്ങള്‍ക്കയച്ച സന്ദേശത്തില്‍, 14.7 ലക്ഷത്തിലധികം സന്ദര്‍ശകര്‍ പുസ്തകോത്സവത്തില്‍ പങ്കെടുത്തതായും 485 ലക്ഷം ഡോളറിലധികം വിലയ്ക്കുള്ള പുസ്തകങ്ങള്‍ വില്ക്കപ്പെട്ടതായും ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടിയോളം അക്ഷരസ്‌നേഹികള്‍! യു.എ.ഇ.യില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പ്രസാധകര്‍ മേളയില്‍ സംബന്ധിച്ചത്141; ഈജിപ്ത് (140), ലബനന്‍ (105), റഷ്യ (75), സിറിയ (68), ഇന്ത്യ (100), ജോര്‍ദാന്‍ (51), യൂറോപ്പ് (51), അമേരിക്ക (27), ഇറ്റലി (13) എന്നിങ്ങനെയാണ് പ്രസാധകരുടെ കണക്ക്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ എന്നും പുസ്തകോത്സവത്തിനെത്തിക്കൊണ്ടിരുന്നു. ഒരു ദിവസം 350 സ്‌കൂളുകളില്‍നിന്ന് മേളയിലേക്കൊഴുകിയെത്തിയത് 46,000 കുട്ടികള്‍! ഷാര്‍ജ, യു.എ.ഇ.യിലെ മറ്റ് എമിറേറ്റുകള്‍, അയല്‍ ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ നിന്നുമെത്തിയ അസംഖ്യം മലയാളിക്കുട്ടികളും മുതിര്‍ന്നവരും പുസ്തകങ്ങളില്‍ ഒപ്പുവെക്കാനും ഓട്ടോഗ്രാഫിനും ഒരുമിച്ചൊരു ഫോട്ടോയ്ക്കുമായി ചുറ്റുംകൂടിയത് അവിസ്മരണീയമായ അനുഭവമായി. അക്ഷരനഗരിയില്‍ നിന്ന് പുറത്തുകടക്കുന്നവരുടെ കൈകളിലെ കെട്ടുകണക്കിന് പുസ്തകങ്ങള്‍ ആവേശകരമായ കാഴ്ചയായി. പുസ്തകോത്സവത്തിന്റെ സര്‍വ ചെലവുകളും വഹിക്കുന്നത് ഷാര്‍ജാ സര്‍ക്കാറാണ്. ഒട്ടും ലാഭേച്ഛയില്ലാതെ ചെലവിടുന്ന വന്‍തുകയെക്കുറിച്ച് സംഘാടകര്‍ക്ക് ആശങ്കയില്ലാത്തത്, വായനയിലൂടെ മനസ്സിനെ നവീകരിക്കാമെന്നും സംസ്‌കരിക്കാമെന്നുമുള്ള ഷാര്‍ജാഭരണാധികാരിയുടെ തിരിച്ചറിവുതന്നെ. മേളയോടനുബന്ധിച്ച് നടന്ന വിവിധരാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ച സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാസാഹിത്യസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ വിജ്ഞാനപ്രദവും വര്‍ണാഭവുമായിരുന്നു. വ്യത്യസ്തവേദികളില്‍ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുമ്പോള്‍, അതുമായി ബന്ധപ്പെട്ടവര്‍ മാത്രമാണ് വേദിയിലൊരുക്കിയ പ്രൗഢഗംഭീരങ്ങളായ ഇരിപ്പിടങ്ങളിലിരിക്കുക. ഷാര്‍ജാ സര്‍ക്കാറിലെ വിശിഷ്ട വ്യക്തികളടക്കമുള്ള ഉന്നതസ്ഥാനീയര്‍ വേദിക്കുതാഴെയുള്ള കസേരകളിലാണിരുന്നത്. കലാസാംസ്‌കാരിക പരിപാടികളില്‍ അധികാരപ്രസരത്തിന്റെ ലാഞ്ഛന പോലുമുണ്ടായിരുന്നില്ല. തികച്ചും വ്യത്യസ്തമായ അനുഭവം. പ്രശസ്തരായ എഴുത്തുകാരെ മേളയില്‍ പങ്കെടുപ്പിക്കുന്നതില്‍ എല്ലാ വര്‍ഷവും ഷാര്‍ജാസര്‍ക്കാര്‍ ശ്രദ്ധിക്കാറുണ്ട്. 'ഡാവിഞ്ചി കോഡി'ന്റെ രചയിതാവായ ഡാന്‍ ബ്രൗണ്‍ ആയിരുന്നു ഇത്തവണ മേളയിലെ താരം. യൂറോപ്പിലെയും ഇസ്‌ലാമിക രാജ്യങ്ങളിലെയും ഒട്ടേറെ പ്രമുഖര്‍ അതിഥികളായെത്തി. ഹുസൈന്‍ ഹഖാനി (പാകിസ്താന്‍), ജി. വില്ലൊ വില്‍സണ്‍ (യു.എസ്), കാമില ഷംസി (പാക്ബ്രിട്ടീഷ് എഴുത്തുകാരി), ഡൗഗ്ലാസ് പ്രെസ്റ്റന്‍ (യു.എസ്.), യാസ്മിന ഖദ്ര (അള്‍ജീരിയ), രൊമേഷ് ഗണശേഖര (ശ്രീലങ്ക), റണ്ട അബ്ദല്‍ ഫാത്ത (ഓസ്‌ട്രേലിയ) എന്നിവര്‍ അവരില്‍ ചിലര്‍മാത്രം. ഇന്ത്യന്‍ പ്രസാധകരെയും പ്രത്യേക ക്ഷണിതാക്കളെയും ഷാര്‍ജയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കാപെക്‌സില്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് എന്നിവയാണ്; മുഴുവന്‍ ചെലവും ആതിഥ്യവും ഷാര്‍ജാ സര്‍ക്കാറിന്റേതും. മേളയിലെ സ്റ്റാളുകള്‍ക്ക് ഷാര്‍ജാ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട് എന്നത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. കേന്ദ്രസാഹിത്യ അക്കാദമിയും ഷാര്‍ജാ പുസ്തകമേളയില്‍ സര്‍ഗപ്രതിഭകള്‍ക്ക് അവസരങ്ങളൊരുക്കുന്നു. എന്‍.ബി.ടി. ചെയര്‍മാനും പ്രശസ്ത സാഹിത്യകാരനുമായ സേതുവും രവി ഡിസിയും മേളയുടെ സഹകാരികളിലുള്‍പ്പെട്ടു. ഇന്ത്യയില്‍നിന്ന് മുപ്പതിലേറെ സാംസ്‌കാരികപ്രവര്‍ത്തകരാണ് പുസ്തകോത്സവത്തിനെത്തിയത്. അമീഷ് ത്രിപാഠി, ശിവ്‌ഖേര, ചേതന്‍ ഭഗത്, അമിതാവ് ഘോഷ്, രശ്മി ബന്‍സാല്‍ തുടങ്ങിയവര്‍ പ്രത്യേകക്ഷണിതാക്കളായിരുന്നു. കേരളത്തില്‍നിന്ന് ശശി തരൂര്‍, കെ.ജി. ശങ്കരപ്പിള്ള, വി. മധുസൂദനന്‍ നായര്‍, പെരുമ്പടവം ശ്രീധരന്‍, കുരീപ്പുഴ ശ്രീകുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രഭാവര്‍മ, പി.പി. രാമചന്ദ്രന്‍, കെ.ആര്‍. മീര, ഡോ. ലക്ഷ്മിനായര്‍ തുടങ്ങിയ എഴുത്തുകാരും നടി മഞ്ജുവാര്യര്‍, ഗായകന്‍ ജി. വേണുഗോപാല്‍ എന്നിവരും അതിഥികളായി എത്തിയിരുന്നു. നമ്മുടെ പ്രിയകവികളുടെ കാവ്യാലാപനം കേള്‍ക്കാന്‍ ആയിരക്കണക്കിന് മലയാളികളാണ് തടിച്ചുകൂടിയത്. ഇന്ത്യന്‍ ഭാഷകളെ പ്രതിനിധീകരിച്ച് കേന്ദ്രസാഹിത്യഅക്കാദമി സംഘടിപ്പിച്ച കവിസമ്മേളനവും ശ്രദ്ധേയമായി. ഇതോടനുബന്ധിച്ച് കൗതുകകരവും ഹൃദ്യവുമായൊരു അനുഭവം കൂടി കുറിക്കട്ടെ. പുസ്തകോത്സവത്തിനിടെ ഒരു ദിവസം കവി ആലങ്കോട് ലീലാകൃഷ്ണന്‍, ശശീന്ദ്രന്‍, ശ്രീകുമാര്‍, നന്ദന്‍ എന്നിവരോടൊപ്പം ഞാന്‍ തൃശ്ശൂര്‍ക്കാരനായ എന്‍.വി. ജോര്‍ജിന്റെ ക്ഷണപ്രകാരം 148 നിലകളുള്ള വിഖ്യാതമായ ബുര്‍ജ് ഖലീഫ കെട്ടിടസമുച്ചയത്തില്‍ പോയി. 125ാം നിലയില്‍വെച്ച് അദ്ദേഹം ഞങ്ങളെ ഹാര്‍ദമായി സ്വീകരിച്ചു. ആ ഫ്ലോറില്‍ത്തന്നെ ഒരു ലൈബ്രറിയും മറ്റു സൗകര്യങ്ങളുമുള്ള ഒരിടത്തേക്ക് ജോര്‍ജ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അവിടെ കലാകാരിയായ അംബികാമേനോന്‍, ശില്പാ നായര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. കുശലവര്‍ത്തമാനങ്ങള്‍ക്കിടയില്‍ ലീലാകൃഷ്ണന്‍ ഒരു കവിത ചൊല്ലണമെന്നായി എല്ലാവരും. കവി അദ്ദേഹത്തിന്റെ ഒരു കവിത മധുരോദാരമായി ആലപിച്ചപ്പോള്‍ ഞങ്ങള്‍ കേള്‍വിക്കാര്‍ ആ ആലാപനമുഗ്ധതയില്‍ ലയിച്ചു. ഒരുപക്ഷേ, ഇത്രയും ഉയരത്തില്‍നിന്ന് മറ്റൊരു കവി സ്വന്തം കവിത ആലപിച്ചിരിക്കാനിടയില്ല. മഞ്ജുവാര്യര്‍ സദസ്സുമായി സംവദിക്കുന്ന പരിപാടിയിലേക്ക് ജനം പ്രവഹിക്കുകതന്നെയായിരുന്നു. ആകര്‍ഷകമായ ചടങ്ങില്‍വെച്ച് മഞ്ജുവിന്റെ 'സല്ലാപം' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. നടന്‍ കുഞ്ചാക്കോ ബോബനും ചടങ്ങില്‍ സംബന്ധിച്ചു. സേതുവിന്റേത് ഉള്‍പ്പെടെ നിരവധി മലയാളപുസ്തകങ്ങളും വിവിധ ചടങ്ങുകളിലായി മേളയില്‍ പ്രകാശനം ചെയ്യപ്പെട്ടു. പുസ്തകോത്സവത്തില്‍ ഇന്ത്യന്‍ ഭാഷകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ 'സ്ഥാനപതി'യായാണ് മോഹന്‍കുമാര്‍ വിശേഷിപ്പിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ഊര്‍ജസ്വലതയും ആത്മാര്‍ഥതയും ആതിഥ്യത്തിലെ ഊഷ്മളതയും മറക്കാനാവില്ല. വായനയെയും പുസ്തകങ്ങളെയും സംസ്‌കാരത്തെയും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഷാര്‍ജാ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ കാസിമിയുടെ നേതൃത്വമാണ് ഈ മഹോത്സവത്തിന്റെ എല്ലാ വിജയത്തിന്റെയും അടിസ്ഥാനം. ഇത്തവണ ഭാവനാസമ്പന്നനായ ഈ ഭരണകര്‍ത്താവ് മഹത്തായ ഒരു പുതിയ ആശയം അവതരിപ്പിക്കുകയുണ്ടായി 'ഒാേരാരുത്തര്‍ക്കും ഓരോ പുസ്തകം, ഓരോ വീട്ടിലും ഒരു ഗ്രന്ഥാലയം'. അദ്ദേഹത്തിന്റെ പ്രിയങ്കരമായൊരു സ്വപ്നമാണിത്. ഷാര്‍ജയിലെ സ്വദേശി പൗരന്മാരുടെ വീടുകളിലെല്ലാം പുസ്തകങ്ങളടങ്ങിയ അലമാര എത്തിക്കുകയാണ് സര്‍ക്കാറിന്റെ പരിപാടി. അതിന്റെ ഭാഗമായി എണ്‍പതിനായിരം പുസ്തകഷെല്‍ഫുകളാണ് തയ്യാറാക്കിയത്. ഓരോന്നിലും 5,000 ദിര്‍ഹം വിലവരുന്ന പുസ്തകങ്ങളും! അമൂല്യങ്ങളും അപൂര്‍വങ്ങളുമായ ഗ്രന്ഥശേഖരങ്ങള്‍ നശിപ്പിച്ച ഭരണാധികാരികളുടെ സമാനതകളില്ലാത്ത നിഷ്ഠുരതകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇവിടെയിതാ അക്ഷരങ്ങളെ സ്‌നേഹിക്കുന്ന, വായനയെ പ്രോത്സാഹിപ്പിക്കുന്ന, ഒരു മഹാനായ ഭരണാധികാരി ചരിത്രം രചിക്കുന്നു!