അറബിയിലെ രാമായണം

Posted on: 03 Oct 2010


എം.എന്‍. കാരശ്ശേരിഅറബിയില്‍ രാമായണമോ? പ്രശസ്ത രാമകഥാഗവേഷകന്‍
കാമില്‍ ബുല്‍കെ കണ്ടിട്ടില്ലാത്ത ഇതിഹാസപാഠത്തെപ്പറ്റി


അത്ഭുതം തോന്നും; അറബിരാമായണത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അതിന്റെ മലയാളം വന്നിട്ട് കാല്‍നൂറ്റാണ്ടായി. എന്നിട്ടും കേരളത്തിലെ മുഖ്യധാരയോ ഗവേഷകന്മാരോ സാഹിത്യകാരന്മാരോ വിവരം അറിഞ്ഞില്ല. എന്താവാം കാരണം? അറബിയിലെ ആ പുസ്തകം പരിചയിച്ച മലയാളികള്‍ അതിന്റെ പ്രാധാന്യം തിരിച്ചറിയാതെ പോയിരിക്കാം. രാമായണത്തില്‍ താത്പര്യമുള്ളവര്‍ അറബിയില്‍ രാമകഥയുമായി ബന്ധപ്പെട്ട് വല്ലതുമൊന്നുണ്ടോ എന്ന് അന്വേഷിക്കാതെയും പോയിരിക്കാം.
അറബിയില്‍ രാമായണമോ! എന്ന് അമ്പരക്കുന്ന കൂട്ടത്തില്‍ രണ്ട് ചോദ്യം വരാം: അറബികള്‍ക്കെന്തിനാണ് രാമായണം? രാമായണത്തിനെന്തിനാ അറബി?
മാപ്പിളപ്പാട്ടിന്റെ ഭാഷയും കഥനശൈലിയും ഈണവുമെല്ലാമായി ഒരു നാടോടിരാമായണം മലബാറില്‍ പ്രചാരത്തിലുണ്ടെന്നും അതിന് 'മാപ്പിളരാമായണം' എന്നാണ് പേര് പറയുന്നത് എന്നും 1976 ജൂലായില്‍ വാര്‍ത്ത വന്നപ്പോള്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ എനിക്കോര്‍മയുണ്ട്. മാപ്പിളമാര്‍ക്കെന്തിനാ രാമായണം? രാമായണത്തിനെന്തിനാ മാപ്പിളമാര്‍?
രാമകഥയുടെ പ്രചാരത്തിനും വികാസത്തിനും രൂപാന്തരങ്ങള്‍ക്കും ദേശത്തിന്റെയോ കാലത്തിന്റെയോ വിശ്വാസത്തിന്റെയോ ഭേദങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന് ഇറ്റലിയില്‍ ജനിച്ചുവളര്‍ന്ന ഫാദര്‍ കാമില്‍ ബുല്‍കെ (1909-1982) നടത്തിയ പ്രശസ്തമായ രാമകഥാഗവേഷണം തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 'രാമകഥ - ഉത്ഭവവും വളര്‍ച്ചയും' (1950) എന്ന ഗവേഷണഗ്രന്ഥത്തില്‍ ഇപ്പറഞ്ഞതിന് എത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്. നമ്മുടെ ഗാനരചയിതാവ് അഭയദേവ് ആ പുസ്തകം ഹിന്ദിയില്‍നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി(കേരള സാഹിത്യ അക്കാദമി: 1978).
ഈ പുസ്തകത്തിലെ പതിമൂന്നാം അധ്യായം വിദേശഭാഷകളിലെ രാമകഥകളെ വിശകലനം ചെയ്യുന്നതാണ്. ടിബറ്റ് രാമായണം, ഇന്‍ഡൊനീഷ്യന്‍ രാമായണം, ബര്‍മീസ് രാമായണം മുതല്‍ പാശ്ചാത്യസമൂഹങ്ങളുടെ സൃഷ്ടികളടക്കം എത്രയോ വിദേശ രാമായണങ്ങളുടെ അതിശയിപ്പിക്കുന്ന വിവരങ്ങള്‍ ആ ഭാഗത്തുണ്ട്. ബുദ്ധമതം, ജൈനമതം, ക്രിസ്തുമതം, ഇസ്‌ലാം മതം തുടങ്ങിയ പാരമ്പര്യങ്ങളില്‍ പുലരുന്ന സമൂഹങ്ങളുടെ കലാവാസനയെയും കഥാകൗതുകത്തെയും രാമകഥ പ്രചോദിപ്പിച്ചിരുന്നു എന്നര്‍ഥം. അവിടെയൊക്കെ അവരുടെ ലോകബോധത്തിന് ഇണങ്ങുന്ന മട്ടിലുള്ള ചില്ലറ മാറ്റങ്ങള്‍ കഥയ്ക്ക് വന്നുചേരുന്നുമുണ്ട്.
നമുക്ക് ഇന്ത്യന്‍ സാഹചര്യത്തിലേക്ക് വരാം. ഇവിടത്തെ മുസ്‌ലീങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഷകളായി അറിയപ്പെടുന്ന പാര്‍സിയിലും ഉര്‍ദുവിലും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ രാമായണത്തിന് പലവിധമായ ആഖ്യാനങ്ങള്‍ ഉണ്ടായിരുന്നതായി കാമില്‍ ബുല്‍കെ കണ്ടെത്തിയിട്ടുണ്ട് (അധ്യായം 12).
മുഗള്‍ ചക്രവര്‍ത്തി അക്ബറുടെ കല്പനപ്രകാരം അല്‍ബദായൂനി (അബ്ദുല്‍ ഖാദിര്‍ ഇബ്‌നുമുലൂകശ്ശാഹ്) ക്രി.വ. 1584-1589 കാലത്ത് വാല്മീകിരാമായണം പാര്‍സിയിലേക്ക് പദ്യരൂപത്തില്‍ പരിഭാഷപ്പെടുത്തി. ജഹാംഗീറിന്റെ കാലത്ത് തുളസീദാസിന്റെ സമകാലീനനായ ഗിരിധരദാസന്‍ വാല്മീകിരാമായണം സംക്ഷേപിച്ച് പാര്‍സിയിലേക്ക് പദ്യമായി വിവര്‍ത്തനം ചെയ്തു. ജഹാംഗീറിന്റെ കാലത്തുതന്നെയാണ് മുല്ലാമസീഹ പാര്‍സിയില്‍ രാമായണമസീഹി രചിച്ചത്. ലക്‌നൗവിലെ നവലകിശോര പ്രസ്സ് ക്രി.വ. 1898 ല്‍ ഇത് പ്രസിദ്ധീകരിച്ചു. ഷാജഹാന്റെ കാലത്തെ ഒരു പാര്‍സി വിവര്‍ത്തനത്തിന് രാമായണഫൈജി എന്നു പേര്. പത്തൊമ്പതാം ശതകത്തില്‍ ദേവീദാസന്‍ ഹിന്ദിയില്‍നിന്ന് തുളസീദാസന്റെ രാമചരിതമാനസം പാര്‍സിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. റായിമുന്‍ഷി പരമേശ്വരിസഹായനും ലാലാചന്ദാ അമല്‍ചന്ദനും പാര്‍സി ഭാഷയില്‍ ഇതിന്റെ സംക്ഷിപ്ത പദ്യവിവര്‍ത്തനങ്ങള്‍ രചിക്കുകയുണ്ടായി.
ഉര്‍ദുവില്‍ രാമകഥകള്‍ പലതുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ രചിക്കപ്പെട്ട മുന്‍ഷി ജഗന്നാഥ ഖുശ്തരുടെ രാമായണഖുശ്തര്‍, മുന്‍ഷി ശങ്കര്‍ദയാല്‍ ഫര്‍ഹതയുടെ രാമായണമഞ്ജുമ, ബാങ്കെ ബിഹരിലാല്‍ ബഹാരയുടെ രാമായണബഹാര, സൂരജ് നാരായണ മെഹ്‌റയുടെ രാമായണമെഹ്‌റ എന്നിവ പ്രധാനം.

*
അറബിയിലെ രാമായണം താരതമ്യേന ആധുനികമാണ്. അതിന് ഫീ ഗാബ്ബത്തിശ്ശയാത്തീന്‍(ചെകുത്താന്മാരുടെ കാട്ടില്‍) എന്ന് പേര്. എണ്‍പതോളം പേജുള്ള ബാലസാഹിത്യകൃതിയാണിത്.
ഗ്രന്ഥകാരന്‍ കാമില്‍ കൈലാനി (1897-1959) ആധുനിക അറബി സാഹിത്യത്തിലെ എണ്ണംപറഞ്ഞ എഴുത്തുകാരില്‍ ഒരാളാണ്. അറബിഭാഷയില്‍ ബാലസാഹിത്യം ആരംഭിച്ചതിന്റെ പേരില്‍ സാഹിത്യചരിത്രത്തില്‍ സവിശേഷമായ സ്ഥാനമുള്ള ആള്‍. ഈജിപ്തുകാരനാണ്.
വലിയ ഭക്തനായിരുന്ന കൈലാനിക്ക് കുട്ടിക്കാലം തൊട്ടേ ഖുര്‍ആന്‍ മുഴുവന്‍ കാണാപ്പാഠം അറിയാം.
അദ്ദേഹത്തിന്റെ ബാലസാഹിത്യകൃതികളില്‍ നല്ല ശതമാനം ഫ്രഞ്ച്-ഇംഗ്ലീഷ് കൃതികളുടെ വിവര്‍ത്തനങ്ങളാണ്. സംഗ്രഹിച്ചും കുട്ടികള്‍ക്കുവേണ്ടി പാകപ്പെടുത്തിയും ആണ് പരിഭാഷപ്പെടുത്തുന്നത്.
ഇംഗ്ലീഷിലുള്ള ഏതോ രാമായണം ആധാരമാക്കിയാണ് 'ചെകുത്താന്മാരുടെ കാട്ടില്‍' രചിച്ചത് എന്നാണ് സാഹചര്യംകൊണ്ട് ഞാന്‍ ഊഹിക്കുന്നത്.
കാല്‍ നൂറ്റാണ്ടുമുമ്പെ (1985) കാലിക്കറ്റ് സര്‍വകലാശാല അറബി ബി.എ.ക്ക് ഈ രാമായണം പാഠപുസ്തകമാക്കിയിരുന്നു. ആ വഴിക്ക് പുസ്തകത്തിന് മലബാര്‍ പതിപ്പുകളുണ്ടായി. അക്കാലത്തുതന്നെ മലയാള പരിഭാഷ പുറപ്പെട്ടു. അതില്‍ പുസ്തകത്തിന്റെ ശീര്‍ഷകം മൊഴിമാറ്റം ചെയ്തിട്ടില്ല. പുറന്താളില്‍ 'ബാലരാമായണം' എന്ന് ഉപശീര്‍ഷകമുണ്ട് (അയ്യൂബി ബുക്ക് ഹൗസ്-കോഴിക്കോട്). ആ തര്‍ജമ നിര്‍വഹിച്ചത് മതാധ്യാപകനായ അറബിപണ്ഡിതന്‍ കെ.എ. ഖാദര്‍ ഫൈസി (ജനനം: 1950)യാണ്. മലപ്പുറം ജില്ലയിലെ അബ്ദുറഹിമാന്‍ നഗറുകാരന്‍. വാണിമേല്‍ ദാറുല്‍ഹുദാ അറബിക് കോളേജ്, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി നോക്കിയിരുന്നു. അറബിയിലും മലയാളത്തിലുമായി പതിനഞ്ച് പുസ്തകങ്ങളെഴുതിയ ഫൈസി ക്രിസ്തുമതത്തെപ്പറ്റി ആഴത്തില്‍ പഠിച്ചിട്ടുണ്ട്. പുസ്തകങ്ങളില്‍ നാലെണ്ണം ബൈബിളിനെ വിലയിരുത്തുന്നവയാണ്. സൂഫിസത്തിന്റെ വേരുകള്‍, വര്‍ഗീയതയും വിഭാഗീയതയും ഇഹ്‌യാ ഉലുമുദ്ദീന്‍ പരിഭാഷ മുതലായവയാണ് മലയാളകൃതികള്‍.

***

രാമകഥാ ഗവേഷകനായ ഇറ്റലിയിലെ ക്രിസ്ത്യന്‍ പാതിരിക്കും രാമകഥാപരിഭാഷകനായ ഈജിപ്തിലെ ഇസ്‌ലാമികപണ്ഡിതനും പേരൊന്നാണ് (കാമില്‍) എന്നത് യാദൃച്ഛികമാവാം! രണ്ടുപേരും സമകാലികരാണ്. പരസ്​പരം അറിഞ്ഞിരിക്കാനിടയില്ല. ബുല്‍കെയുടെ, 1950 ല്‍ പുറപ്പെട്ട ഗവേഷണപ്രബന്ധത്തില്‍ കൈലാനിയുടെ പേരോ പുസ്തകമോ പരാമര്‍ശിച്ചിട്ടില്ല.
ഈ അറബി രാമായണത്തിന് മൂലകഥയുമായി വ്യത്യാസങ്ങള്‍ ഏറെയാണ്. പ്രധാനപ്പെട്ടവ:
1. രാവണനെ കൊന്ന് സീതയെ വീണ്ടെടുത്ത് അയോധ്യയില്‍ മടങ്ങിയെത്തിയ ശ്രീരാമന്‍ ദീര്‍ഘകാലം പ്രജാക്ഷേമതത്പരനായി നാടുവാണു എന്നേടത്ത് ഇവിടെ കഥ തീരുന്നു. ഗര്‍ഭിണിയായ സീതയെ ഉപേക്ഷിക്കുന്ന ഭാഗമൊന്നുമില്ല എന്നര്‍ഥം.
2. രാവണവധം കഴിഞ്ഞ് സീതയെ കാണുന്ന രാമന്‍ അന്യഗൃഹത്തില്‍ കുറേയേറെ മാസങ്ങള്‍ പാര്‍ത്തതിന്റെ പേരില്‍ അവളെ കുത്തിപ്പറയുന്നുണ്ട്; തനിക്ക് അവളെ ആവശ്യമില്ല എന്നുവരെയും. ദുഃഖഭാരത്താല്‍ സീത തീയില്‍ ചാടി. പതിവ്രതയായ ആ പെണ്‍കിടാവ് അഗ്‌നിശുദ്ധി തെളിയിച്ച് മടങ്ങിവന്നിട്ടേ രാമന്‍ സ്വീകരിക്കുന്നുള്ളൂ. രാമന്റെ സംശയം കുത്തുവാക്കുകളും സീതയുടെ അഗ്‌നിപ്രവേശവുമൊന്നും ഈ കൃതിയിലില്ല.
3. ബാലിവധം നിത്യവിവാദമാണ്: കിഷ്‌കിന്ധയുടെ യഥാര്‍ഥ ഭരണാധികാരിയെ കൊന്ന് അദ്ദേഹത്തിന്റെ അനുജനെ രാജാവാക്കിയത് എവിടത്തെ ധര്‍മമാണ്? കൈലാനിയുടെ രാമായണത്തില്‍ കിഷ്‌കിന്ധയുടെ യഥാര്‍ഥ ഭരണാധികാരി സുഗ്രീവനാണ്. സഹോദരന്‍ ബാലി സുഗ്രീവനെ സ്ഥാനഭ്രഷ്ടനാക്കാന്‍ വേണ്ടി പലവിധമായ അക്രമങ്ങള്‍ കാണിച്ചു. മനോബലം നഷ്ടപ്പെട്ട സുഗ്രീവന്‍ സിംഹാസനം ഉപേക്ഷിച്ചു. അങ്ങനെയാണ് ബാലി രാജാവാകുന്നത്. സുഗ്രീവനുമായി സഖ്യംചെയ്ത രാമന്‍ ബാലിയെക്കൊന്ന് കിഷ്‌കിന്ധ യഥാര്‍ഥ അവകാശിക്ക് തിരിച്ചുകൊടുക്കുകയാണ്!
4. ശൂര്‍പ്പണഖ എന്നൊരു കഥാപാത്രംതന്നെ ഇതിലില്ല.
5. പൊന്മാനായി മായാവേഷം കെട്ടിവന്ന മാരീചനെ പിന്തുടര്‍ന്നുപോയ രാമന്‍ നിലവിളിക്കുന്നത് കേട്ട് രാമന്റെ രക്ഷയ്ക്കുവേണ്ടി ഓടിച്ചെല്ലുവാന്‍ അനിയന്‍ ലക്ഷ്മണനോട് സീത ആജ്ഞാപിച്ചു. ഈ പുസ്തകത്തില്‍ ലക്ഷ്മണന്‍ തന്റെ ഉടലു മോഹിക്കുന്നുണ്ടോ എന്ന് സീത സംശയിക്കുന്നില്ല. അത്തരം മോശം വാക്കൊന്നും പറയുന്നുമില്ല. പകരം രാമസന്നിധിയിലേക്ക് ഓടാന്‍ അവള്‍ ലക്ഷ്മണനെ പ്രകോപിപ്പിക്കുന്നത് ''നീ ഭീരുവാണോ?'' എന്നു ചോദിച്ചിട്ടാണ്. ആ ആക്ഷേപം സഹിക്കവയ്യാതെ ലക്ഷ്മണന്‍ ഓടി.
എല്ലാ നിലയ്ക്കും മാതൃകാപുരുഷനായ ഒരു രാജാവിനെയാണ് കൈലാനി അവതരിപ്പിക്കുന്നത്. അദ്ദേഹം ദൈവമോ അവതാരമോ ഒന്നുമല്ല. എങ്കിലും വലുതോ ചെറുതോ ആയ ഒരന്യായവും ചെയ്യാത്തവനാണ്. വാല്മീകി മഹര്‍ഷി നടത്തുന്ന കുറ്റപ്പെടുത്തലുകളില്‍ നിന്നുപോലും ഈ അറബിപണ്ഡിതന്‍ രാമനെ മോചിപ്പിച്ചിരിക്കുന്നു- സീതാപരിത്യാഗം, ബാലിവധം, ശംബൂകവധം മുതലായി കടുത്ത രാമഭക്തന്മാര്‍ക്കു പോലും ന്യായീകരിക്കാനാവാത്തവ രാമചരിതത്തില്‍ നിന്ന് മായ്ച്ചുകളഞ്ഞിരിക്കുന്നത് നോക്കുക!
ശ്രീരാമനും സീതയും കഥാപാത്രങ്ങളായുള്ള സാഹിത്യരചനകള്‍ മൊത്തത്തില്‍ രണ്ട് ഇനമായി പകുത്തുവെക്കാം:
ഒന്ന്:
രാമഭക്തിസാഹിത്യം- ഇവിടെ രാമന്‍ വിഷ്ണുവിന്റെ അവതാരമോ രഘുകുലത്തിലെ മാതൃകാപുരുഷനായ രാജാവോ ആണ്. ആസ്വാദകരില്‍ ഭക്തി ഉത്പാദിപ്പിക്കുകയാണ് ഈ തരം സാഹിത്യത്തിന്റെ ലക്ഷ്യം. എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് ഉദാഹരണം.
രണ്ട്:
രാമകഥാസാഹിത്യം- ഇവിടെ രാമന്‍ ചരിത്രപുരുഷനോ സാഹിത്യസൃഷ്ടിയിലെ നായകനോ ആണ്. ആസ്വാദകരില്‍ ലാവണ്യാനുഭവം ഉത്പാദിപ്പിക്കുകയാണ് ഈ തരം സാഹിത്യത്തിന്റെ ലക്ഷ്യം. സി.എന്‍.ശ്രീകണ്ഠന്‍നായരുടെ സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത എന്നീ രാമായണനാടകങ്ങള്‍ ഉദാഹരണം.
ഹാസ്യകവനമായ മാപ്പിളരാമായണം, ബാലാസഹിത്യമായ അറബിരാമായണം എന്നിവ രാമഭക്തി സാഹിത്യത്തിന്റെ ഭാഗമല്ല, രാമകഥാസാഹിത്യത്തിന്റെ ഭാഗമാണ്.
സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും കലയുടെയും മേച്ചില്‍പ്പുറങ്ങളില്‍ നാനാവിധമായ അതിരുകളെ മൂടിക്കളയുന്ന മഹാപ്രവാഹമായി അനേകം ദേശങ്ങളില്‍ രാമായണം ഒഴികിപ്പരന്നു കിടപ്പുണ്ട്. സമീപകാലത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാമകഥ വേര്‍തിരിവും വെറുപ്പും ഉത്പാദിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു എന്ന അറിവ് ആരെയാണ് സങ്കടപ്പെടുത്താത്തത്?
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/