ഇതാണ് മുന്ദ്ര, അതാണ് അദാനി

Posted on: 17 Aug 2015


ഇ.ജി. രതീഷ്‌തീവണ്ടി വളരെ അകലെനിന്ന് ഇഴഞ്ഞുവരുന്നതു കാണാം. ലൂണിമുന്ദ്ര റോഡിലെ അടച്ച റെയില്‍വേ ഗേറ്റില്‍ കാത്തുകിടക്കുന്നത് അദാനി പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ വാഹനമാണെന്ന് ഗേറ്റ്മാനു മനസ്സിലായി. അപ്പോള്‍ത്തന്നെ അയാള്‍ ഗേറ്റ് തുറന്നു. സ്‌കോര്‍പ്പിയോ ഇരച്ച് അപ്പുറം കടന്നു. ''വെല്‍ ഡണ്‍...'' വണ്ടിയിലിരുന്ന് കോര്‍പ്പറേറ്റ് അഫയേഴ്‌സ് സീനിയര്‍ മാനേജര്‍ ഭവേഷ് ദോണ്ഡ ഗേറ്റ്മാനെ അഭിനന്ദനമുദ്രകാട്ടി. അനേകം കണ്ടെയ്‌നറുകളെ കൊളുത്തിവലിച്ച് ഒരു ട്രെയിന്‍ കടന്നുപോയി. കമ്പനിക്ക് സ്വന്തമായി തീവണ്ടിയുണ്ടെങ്കില്‍ അങ്ങനെചില ഗുണങ്ങളുണ്ട്.
ഈ തീവണ്ടിപ്പാളം അദാനിയുടെതാണ്. മുന്ദ്ര മുതല്‍ ആദിപുര്‍വരെയുള്ള 64 കിലോമീറ്റര്‍ റെയില്‍പ്പാതയും ഈ ഗേറ്റും ഈ ദൂരത്തിനിടയിലുള്ള നാല് റെയില്‍വേ സ്‌റ്റേഷനുകളും ഏഴു തീവണ്ടി എന്‍ജിനുകളും അദ്ദേഹത്തിന്റെതാണ്. മുന്ദ്ര തുറമുഖത്തെ കപ്പലുകളിലേക്കും തിരിച്ചുമുള്ള ചരക്കുകളുമായി അമ്പതോളം തീവണ്ടികള്‍ ദിവസവും ഇതുവഴി ഓടുന്നു. 1998ല്‍ ഇവിടെയെത്തിയതുമുതല്‍ ഒരു സര്‍ക്കാറിന്റെ ഗേറ്റും ഗൗതം അദാനിക്കു മുന്നില്‍ അടഞ്ഞുകിടന്നിട്ടില്ല. അന്ന് ഉപ്പു കയറ്റിയിറക്കുന്ന കൊച്ചു ജെട്ടിയായിരുന്ന സ്ഥലം ഇന്ന് ഇന്ത്യയില്‍ ഏറ്റവും വരുമാനമുള്ള വാണിജ്യതുറമുഖമാണ്. കാല്‍ക്കാശിനു വിലയില്ലാതിരുന്നിടത്ത് ഒരേക്കറിന് ഒന്നരക്കോടിയാണ് വിപണിവില. എങ്കിലും സ്ഥലം വില്‍ക്കാതെ കണ്ടെയ്‌നറുകള്‍ക്ക് പാര്‍ക്കിങ്ങിനു നല്‍കി ബിസിനസ് നടത്തുന്നവര്‍ ധാരാളം.
ഈച്ചയെപ്പോലും പരിശോധിക്കാതെവിടില്ലെന്നു വാശിയുള്ള സുരക്ഷാ കോട്ടകള്‍ കടന്നാല്‍ ഇന്ത്യയുടെ പാരീസ് എന്ന് നരേന്ദ്ര മോദി വിശേഷിപ്പിച്ച സ്വതന്ത്ര വാണിജ്യരാഷ്ട്രം കാണുകയായി. ഒന്നര കിലോമീറ്റര്‍ നീളമുള്ള നാലുവരി റെയില്‍വേ മേല്‍പ്പാലം. അപ്‌സെസിന്റെ (അദാനി പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍) സാമ്രാജ്യമാണു മുന്നില്‍. ഇവിടെനിന്ന് സര്‍ക്കാറിനുള്ള നികുതിവരുമാനം 5000കോടി രൂപ കഴിഞ്ഞതിനാല്‍ കസ്റ്റംസിന്റെ പണ്ടത്തെ ചെറിയ സൂപ്രണ്ട് ഓഫീസ് ഇപ്പോള്‍ 350 ഓഫീസര്‍മാരുള്ള കമ്മിഷണറേറ്റായിട്ടുണ്ട്. തുറമുഖത്തിലേക്കുള്ള വഴിയില്‍ ആയിരക്കണക്കിന് കാറുകള്‍ നിരന്നുകിടക്കുന്ന മാരുതിയുടെ പാര്‍ക്കിങ് കേന്ദ്രം. വേലിയേറ്റമോ ഇറക്കമോ പ്രശ്‌നമില്ലാതെ 24 മണിക്കൂറും വാഹനങ്ങള്‍ കയറ്റിയിറക്കാവുന്ന റോള്‍ ഓണ്‍ റോള്‍ ഓഫ് സംവിധാനമാണ് മാരുതിയെ ആകര്‍ഷിച്ചത്. 3800 കണ്ടെയ്‌നറുകളുമായിവന്ന വലിയ ചരക്കുകപ്പലായ വലേറിയയെ മുന്ദ്രയിലേക്കാകര്‍ഷിച്ചത് തീരംവരെയെത്താവുന്ന ആഴവും രണ്ടു മിനുട്ടില്‍ ഒരു കണ്ടെയ്‌നര്‍ ഇറക്കാവുന്ന ശേഷിയുമാണ്. ഒരേസമയം 24 ബെര്‍ത്തുകളില്‍ അനേകം കപ്പലുകളില്‍നിന്ന് ബഹുനില ക്രെയിനുകള്‍വഴി സര്‍വസാധനങ്ങളും ഇറക്കുകയും കയറ്റുകയും അടുത്തുള്ള കൂറ്റന്‍ സംഭരണകേന്ദ്രങ്ങളിലെത്തിച്ച് കൊണ്ടുപോവുകയും ചെയ്യുന്നു. കൊച്ചി തുറമുഖത്തിന്റെ പത്തിരട്ടിവരും. എന്നിട്ടും നല്ല വൃത്തിയും വെടിപ്പും.
''വേഗവും വിശ്വാസ്യതയുമാണ് മറ്റു പോര്‍ട്ടുകളില്‍നിന്ന് മുന്ദ്രയെ വ്യത്യസ്തമാക്കുന്നത്'' കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ജനറല്‍ മാനേജരായ മലയാളി ചെറിയാന്‍ അബ്രാഹം പറയുന്നു. വല്ലാര്‍പാടത്ത് നാലുവര്‍ഷം ജോലിചെയ്തതിനു ശേഷം ഇവിടെയെത്തിയ ചെറിയാന് വ്യത്യാസം നേരിട്ടറിയാം. ''അവിടെ ഒരു കപ്പലെത്തിയാല്‍ ചരക്കിറക്കി എന്നു മടങ്ങുമെന്ന് കൃത്യമായി പറയാനാവില്ല. ഇവിടെ ഒന്നരദിവസത്തിനുള്ളില്‍ എല്ലാം നടന്നിരിക്കും''. ഇവിടെ ഒരാള്‍ക്ക് നേരിട്ടു ജോലികിട്ടുമ്പോള്‍ 15പേര്‍ക്ക് പരോക്ഷമായി ജോലി ലഭിക്കുമെന്നാണു കണക്ക്. അദാനിയുടെ സ്ഥിരം ജോലിക്കാരായി 4000പേരാണുള്ളത്. മുഖ്യഗേറ്റിലൂടെമാത്രം ദിവസം 30,000 തൊഴിലാളികള്‍ കടന്നുപോകുന്നുണ്ട്. അവരില്‍ പുറംകരാറുകാരും ദിവസക്കൂലിക്കാരുമുണ്ട്.
ഇന്ത്യയിലെ 20 കോടിയിലേറെയുള്ള മധ്യവര്‍ഗത്തിനാവശ്യമായ 'ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ്' എത്തിക്കുകയാണ് അദാനി ഗ്രൂപ്പിന്റെ വ്യവസായതന്ത്രം. പോര്‍ട്ടിനെ കേന്ദ്രമാക്കുന്നതാണ് അവരുടെ അടവുനയം. ഇറക്കുന്ന ചരക്കിന്റെ 20% അദാനിക്കുള്ളതാണ്. ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് കല്‍ക്കരിയിറക്കി മുന്ദ്രയില്‍ത്തന്നെ വലിയൊരു താപനിലയത്തില്‍ വൈദ്യുതിയുണ്ടാക്കി ആയിരത്തിലേറെ കിലോമീറ്റര്‍ ലൈനിലൂടെ കൊണ്ടുപോയി വില്‍ക്കുന്നു. മണ്ണില്‍ക്കിടക്കുന്ന ഇന്ധനം ഊര്‍ജമായി ലക്ഷ്യത്തിലെത്തുന്നതുവരെയുളള എല്ലാ പ്രവര്‍ത്തനങ്ങളും ഒരേ കമ്പനി നടത്തുന്നു. സെസിന്റെ മികച്ച സൗകര്യങ്ങളുപയോഗിച്ച് വ്യവസായം നടത്താനെത്തുന്നവരില്‍നിന്ന് യൂസര്‍ഫീസും കിട്ടും. ജിണ്ടാല്‍, സൂര്യ, വെല്‍സ്​പണ്‍ തുടങ്ങി എത്രയോ കമ്പനികള്‍ തുറമുഖത്തിന്റെ കാര്യക്ഷമതമൂലം ചുറ്റുവട്ടങ്ങളില്‍ അവരുടെ വ്യവസായശാലകള്‍ പടുത്തുയര്‍ത്തിയിരിക്കുന്നു. ഈ പ്രദേശങ്ങളടങ്ങുന്ന കച്ച് ജില്ലയില്‍ 2001ല്‍ 2500 കോടിയായിരുന്നു ആകെ നിക്ഷേപമെങ്കില്‍ ഇന്ന് ഒരുലക്ഷം കോടിയാണ്. 2020ല്‍ മൂന്നുലക്ഷം കോടിയാകും.

മുന്ദ്രയില്‍ ചതുരശ്രകിലോമീറ്ററില്‍ 46പേര്‍ മാത്രമാണു താമസിച്ചിരുന്നത്. ഇപ്പോള്‍ റെയ്മണ്ട്, ലിബര്‍ട്ടി, ഹ്യുണ്ടായ് തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ ഷോറൂമുകളുണ്ട്. ബിസിനസ് ക്‌ളാസ് ഹോട്ടലുണ്ട് നാലെണ്ണം. 15 വലിയ ഹോട്ടലുകള്‍ വേറെ. മുന്ദ്രയിലെ കേരളസമാജത്തില്‍ 150ഓളം മലയാളികുടുംബങ്ങളുണ്ട്. സമാജത്തിന്റെ ഓണാഘോഷത്തിന്റെ നോട്ടീസിലെ പരസ്യങ്ങള്‍ മുഴുവന്‍ മലയാളികളുടേതാണ്. മിക്കവരും വെറുംകൈയോടെ വന്ന് ടയര്‍, കണ്ടെയ്‌നര്‍ സര്‍വീസ് സ്ഥാപനങ്ങളും മറ്റും വളര്‍ത്തിയെടുത്തവര്‍. ഇതെല്ലാം സെസിനു പുറത്താണെന്നുകൂടി ഓര്‍ക്കണം. സെസ് ഏരിയക്കുള്ളില്‍ മനോഹരമായ വാസസ്ഥലങ്ങളും മാളും മള്‍ട്ടിപ്‌ളക്‌സും ഹോട്ടലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്​പത്രിയും എല്ലാമുണ്ട്. സെസിന്റെ ഉള്ളിലൂടെ സഞ്ചരിക്കുമ്പോള്‍ മുക്കുവര്‍ക്കു പോകാനെന്ന് പ്രത്യേകം എഴുതിവെച്ച വഴികള്‍ കണ്ടു. അമ്പലത്തിലേക്കു പോകാനുമുണ്ട് ഇങ്ങനെ വഴി. സെസ് വികസിച്ചപ്പോള്‍, നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന പരമ്പരാഗതപാതകളൊക്കെ അതിനകത്തായി. നാട്ടുകാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൊടുത്തിരിക്കുകയാണ്. പാറാവുകാര്‍ ചോദിച്ചാല്‍ കാര്‍ഡ് കാണിക്കണം. അദാനി ഗ്രൂപ്പിന് 2011വരെ ചതുരശ്രമീറ്ററിന് ഒരുരൂപമുതല്‍ 32രൂപവരെ വിലയ്ക്ക് 14,305 ഏക്കര്‍ ഭൂമി കൈമാറിയെന്ന് നിയമസഭയില്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 20072008ല്‍ ഇവിടെ വിപണിവില 92 രൂപയായിരുന്നു.
അപ്പോള്‍ മീന്‍പിടിത്തക്കാരോ? അവരെക്കാണാന്‍ 20 കിലോമീറ്ററകലെ ലൂണിയിലേക്കു പോയി. വെളുക്കെ ചിരിക്കുകമാത്രംചെയ്യുന്ന കച്ചിഭാഷ മാത്രമറിയാവുന്ന സാധുക്കള്‍. മീന്‍പിടിത്തമില്ലാത്തപ്പോള്‍ അദാനി കമ്പനി അവര്‍ക്ക് ഒരു ജോലികൊടുത്തിട്ടുണ്ട്; വികസനത്തില്‍ നശിച്ചതിനു പകരമായി കമ്പനി നട്ടുവളര്‍ത്തുന്ന കണ്ടല്‍ക്കാടുകളുടെ പരിരക്ഷ. 200 രൂപയാണ് കൂലിയെന്ന് ഹിന്ദിയറിയാവുന്ന കരാറുകാരന്‍ സലാം കാദര്‍ പറഞ്ഞു.

അദാനി എന്ന ബ്രാന്‍ഡ് നെയിം തലമുറകളിലേക്കു പടരുമെന്നുറപ്പ്. ഒരുകാര്യം കൂടി കണ്ട്‌ല എന്ന പൊതുമേഖലാ തുറമുഖത്തെ എന്നേ മറികടന്ന അദാനി ഗ്രൂപ്പ് ഇപ്പോള്‍ അവരുടെ ട്യൂണയിലുള്ള പോര്‍ട്ട് ബി.ഒ.ടി. അടിസ്ഥാനത്തില്‍ ഏറ്റെടുത്തുകഴിഞ്ഞു. അതാണ് അദാനി.
മുന്ദ്രയുടെ മുദ്രകള്‍

ഇന്ത്യയില്‍ ഏറ്റവും കയറ്റിറക്ക് നടക്കുന്ന തുറമുഖം1110 ലക്ഷം ടണ്‍. പോര്‍ട്ടും സെസും 6473 ഹെക്ടര്‍. ഒരേസമയം 24 കപ്പലുകള്‍ക്ക് ചരക്കിറക്കാം. ലോകത്ത് ഏറ്റവുമധികം കല്‍ക്കരി ഇറക്കുന്ന ടെര്‍മിനല്‍. 168 ഹെക്ടറില്‍ രാജ്യത്തെ വലിയ ഫ്രീ ട്രേഡ് ആന്‍ഡ് വെയര്‍ഹൗസിങ് സോണ്‍. 21 ക്‌ളോസ്ഡ് വെയര്‍ഹൗസുകളുടെ ശേഷി 2,25,000 ചതുരശ്രമീറ്റര്‍. തുറന്ന സംഭരണകേന്ദ്രങ്ങള്‍ 8,80,000 ചതുരശ്രമീറ്ററില്‍. 4,25,000 കിലോലിറ്റര്‍ ശേഷിയുള്ള ലിക്വിഡ് ടാങ്കുകള്‍. 50 കിലോയുടെ 660 വളം ചാക്കുകള്‍ ഒരുമിനുട്ടില്‍ നിറയ്ക്കാം. സെസില്‍ 25 യൂണിറ്റുകള്‍. 1726കോടിയുടെ നിക്ഷേപം. ഉള്ളില്‍ 130 കിലോമീറ്റര്‍ റോഡ്, 40 കിലോമീറ്റര്‍ വെള്ളക്കുഴല്‍, റെയില്‍പ്പാളം, വിമാനത്താവളം. 4620 മെഗാവാട്ടിന്റെ താപവൈദ്യുതനിലയം. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യനിലയം. 4620 മെഗാവാട്ട് ശേഷി. 1000 കിലോമീറ്റര്‍ ലൈന്‍. തൊട്ടടുത്ത് ടാറ്റയ്ക്കും താപവൈദ്യുതനിലയം. ഫോര്‍ച്യൂണ്‍ എന്നപേരില്‍ ഭക്ഷ്യ എണ്ണ നിര്‍മിക്കുന്നു. വിപണിയുടെ 20% പിടിച്ചു. സമീപഗ്രാമങ്ങളില്‍ സൗജന്യമായി വിദ്യാഭ്യാസം, ചികിത്സ, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നു. ഇതൊക്കെ ഉണ്ടാക്കിയത് 14 വര്‍ഷംകൊണ്ട്.


ഉദാരീകരണം സൃഷ്ടിച്ച കോടിപതി


ഉദാരീകരണം തുടങ്ങിയശേഷം ഇന്ത്യയില്‍ ഏറ്റവും വലിയ വ്യവസായസാമ്രാജ്യം പടുത്തുയര്‍ത്തിയ സംരംഭകനാണ് അദാനി. ഐ.ടി. മേഖലക്കാരെ മാറ്റിനിര്‍ത്തിയാല്‍ നിര്‍മാണരംഗത്ത് ശ്രദ്ധയൂന്നിയവരില്‍ ഒന്നാംതലമുറക്കാരനും ഇദ്ദേഹമാണ്. റിലയന്‍സായാലും ടാറ്റയായാലും രണ്ടാംതലമുറയാണ് ഇപ്പോഴുള്ളത്. വളര്‍ച്ചയുടെ വേഗംകൊണ്ട് ഇദ്ദേഹം ധീരുഭായ് അംബാനിയെ അനുസ്മരിപ്പിക്കുന്നു.
ഗൗതം അദാനി 53 വയസ്സ്, അഹമ്മദാബാദില്‍ ജനനം, ജൈനവിശ്വാസി, അഹമ്മദാബാദ് ആസ്ഥാനമായ അദാനിഗ്രൂപ്പിന്റെ ചെയര്‍മാന്‍, ആസ്തി 60,000കോടി രൂപ ബി.കോം പഠനം പൂര്‍ത്തിയാക്കാതെ അച്ഛന്റെ ടെക്‌സ്െറ്റെല്‍ യൂണിറ്റില്‍ ചേര്‍ന്ന കോളേജ് ഡ്രോപ്പ് ഔട്ട് മുംബയില്‍ കുറച്ചുകാലം ഡയമണ്ട് സോര്‍ട്ടറായി ജോലി വീണ്ടും അഹമ്മദാബാദിലെത്തി മൂത്ത സഹോദരനൊപ്പം പ്‌ളാസ്റ്റിക് ഫാക്ടറി നടത്തിപ്പ് പി.വി.സി. ഇറക്കുമതിചെയ്ത് റിലയന്‍സിനെക്കാളും വിലകുറച്ചുവിറ്റ് കമ്മോഡിറ്റി മാര്‍ക്കറ്റിങ്ങില്‍ രംഗപ്രവേശം ചിമന്‍ഭായ് പട്ടേല്‍ സര്‍ക്കാര്‍ മുന്ദ്ര പോര്‍ട്ട് സ്വകാര്യവത്കരിച്ചപ്പോള്‍ വാങ്ങാനായത് കുതിപ്പിനു തുടക്കമിട്ടു ഇപ്പോള്‍ അദാനി എന്റര്‍െ്രെപസിസിനു കീഴില്‍ അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണും അദാനി പവറും പ്രത്യേക കമ്പനികള്‍ മുന്ദ്രയ്ക്കു പുറമെ ഇന്ത്യയില്‍ ഏഴു തുറമുഖങ്ങള്‍ സ്വന്തം. വിഴിഞ്ഞം ഒമ്പതാമത്തേത്. തുറമുഖരംഗത്ത് രാജ്യത്ത് സ്വകാര്യമേഖലയില്‍ ഒന്നാമത്. മൊത്തം കയറ്റിറക്ക് 1440ലക്ഷം ടണ്‍ താപോര്‍ജ ഉത്പാദനരംഗത്തും സ്വകാര്യമേഖലയില്‍ ഒന്നാമത്. 10,480 മെഗാവാട്ട് ഉത്പാദനം. 2020ല്‍ 20,000 മെഗാവാട്ട് ലക്ഷ്യം. 5000കിലോമീറ്റര്‍ വൈദ്യുതി ലൈന്‍ സ്വന്തം. മുന്ദ്രയടക്കം ഏഴു പ്‌ളാന്റുകള്‍. പാചകവാതകക്കുഴലുകളുടെ ശൃംഖലയുമുണ്ട് അദാനി ഗ്രൂപ്പിനു വിദേശത്ത് കല്‍ക്കരിഖനികളുണ്ട്. രാജ്യത്ത് ഏറ്റവുമധികം കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതും ഈ ഗ്രൂപ്പാണ്. ഓസ്‌ട്രേലിയയിലെ ഗലീലി ബേസിനും അബ്ബോട്ട് പോയിന്റ് പോര്‍ട്ടും ഏറ്റെടുത്തു. ഇന്‍ഡൊനീഷ്യയിലെ ബുന്യവിലും ഒരു ഖനി വാങ്ങി. ഇപ്പോള്‍ 580ലക്ഷം ടണ്‍ ഖനനം. 20 കോടി ടണ്‍ ഖനനം നടത്തി 2020ല്‍ ലോകത്ത് ഒന്നാമതെത്തുക ലക്ഷ്യം. ഇതിനായി ആറു ബില്യണ്‍ ഡോളര്‍ ചെലവാക്കും ഇന്ത്യയില്‍ ഏറ്റവും വിറ്റഴിയുന്ന ഭക്ഷ്യ എണ്ണയായ ഫോര്‍ച്യൂണ്‍ ഉത്പാദിപ്പിക്കുന്നത് അദാനി ഗ്രൂപ്പാണ് ഖനികള്‍തുറമുഖങ്ങള്‍ഊര്‍ജോത്പാദനംവിതരണം എന്നിവയുടെ വികസനത്തിലൂടെ സമഗ്രമായ വ്യവസായപദ്ധതി ലക്ഷ്യം. ഇതിനായി 2020നുള്ളില്‍ ഒമ്പതുലക്ഷം കോടിയുടെ നിക്ഷേപപദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത് മുന്ദ്രയിലെ കണ്ടല്‍ക്കാട് നശീകരണത്തിനെതിരായ പരിസ്ഥിതിസമിതി റിപ്പോര്‍ട്ടും ഓസ്‌ട്രേലിയയില്‍ പരിസ്ഥിതിപ്രശ്‌നത്തെത്തുടര്‍ന്നുള്ള കോടതിവിധിയും കമ്പനിക്കു തിരിച്ചടി അദാനിയുടെ ഭാര്യ പ്രീതി അദാനിയാണ് സാമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫൗണ്ടേഷനെ നയിക്കുന്നത്. സഹോദരങ്ങളില്‍ രാജേഷ് അദാനി ഗ്രൂപ്പിന്റെ എം.ഡി.യും പ്രണവ് അദാനി അഗ്രോഓയില്‍ഗ്യാസ് എം.ഡി.യുമാണ്. മൂത്ത മകന്‍ കരണ്‍ പോര്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. ഇളയ മകന്‍ ജീത് വിദ്യാര്‍ഥി നരേന്ദ്ര മോദിയുമായുള്ള അടുപ്പം ചര്‍ച്ചാവിഷയം. എന്നാല്‍, യു.പി.എ.യുടെ കാലത്തും തനിക്ക് ഏറെ സഹായങ്ങള്‍ കിട്ടിയെന്ന് അദാനി പറയുന്നു
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/