ജലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വെള്ളം (വിവക്ഷകൾ) എന്ന താൾ കാണുക. വെള്ളം (വിവക്ഷകൾ)
ജലം മൂന്ന് അവസ്ഥകളിൽ: ദ്രാവകം, ഖരം (ഹിമം), അന്തരീക്ഷത്തിലെ (കാണാൻ കഴിയാത്ത) നീരാവി. നീരാവി ഘനീഭവിച്ച ജലകണികകളുടെ കൂട്ടമാണ്‌ മേഘങ്ങൾ.
ജലത്തുള്ളി

അറിയപ്പെടുന്ന രൂപത്തിലുള്ള ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ പദാർത്ഥമാണ് ജലം അഥവാ വെള്ളം. രാസപരമായി ഓക്സിജൻ, ഹൈഡ്രജൻ എന്നീ ആറ്റങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നവയാണ് ജലത്തിലെ തന്മാത്രകൾ. സാധാരണഗതിയിൽ ജലം എന്നതുകൊണ്ട് ഈ പദാർത്ഥത്തിന്റെ ദ്രാവകാവസ്ഥയിലുള്ളതിനെ സൂചിപ്പിക്കുവാനാണ്‌ ഉപയോഗിക്കുന്നതെങ്കിലും, ഖരാവസ്ഥയിൽ ഹിമമായും വാതാകവസ്ഥയിൽ നീരാവിയായും ജലം കാണപ്പെടുന്നു. കിണറുകൾ, പുഴകൾ, തടാകങ്ങൾ, സമുദ്രങ്ങൾ, ഇവയിൽ നിന്നും മഴ മുഖേനേയും ജലം ലഭ്യമാകുന്നു. ജലം നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിയാൽ നിറമില്ലാത്ത പദാർത്ഥവുമാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ ജലം അത്യാവശ്യമാണ്. ശുദ്ധരൂപത്തിൽ രുചിയോ മണമോ ഇല്ലാത്ത ദ്രാവകമാണ് ജലം.

ഭൂമിയിൽ വിവിധരൂപത്തിൽ ലഭ്യമായ ജലത്തിന്റെ ആകെ അളവ് 140 കോടി ഘനകിലോമീറ്റർ ആണെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (UN Environment Program) കണക്കാക്കിയിട്ടുണ്ട്. ഭൂതലത്തിന്റെ 71% ഭാഗം ജലത്താൽ ആവൃതമാണ്.ലോകത്തിലെ മൊത്തം വെളളത്തിൽ 97 ശതമാനവും സമുദ്രങ്ങളിലാണുള്ളത്.ഇതിന് ഉപ്പുരസമാണുള്ളത്. ശേഷിക്കുന്ന മൂന്നുശതമാനം മാത്രമാണ് ശുദ്ധജലം.ഇതിന്റെ മുക്കാൽ പങ്കും മഞ്ഞുമലകളിലും(iceberg) ഹിമാനികളിലും(glacier) ആണ് ഉള്ളത്. ഭൂമിയിലെ ജലത്തിന്റെ ഭൂരിഭാഗവും സമുദ്രങ്ങളിലും വലിയ ജലാശയങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്. ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. മനുഷ്യശരീരത്തിന്റെ 95% ജലമാണ്‌. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുന്നു.

സംസ്കൃത പദമായ जल -ൽ നിന്നാണ്‌ മലയാളത്തിലെ ജലം രൂപം കൊണ്ടത്. മലയാളത്തിൽ വെള്ളമെന്നും ഹിന്ദിയിൽ ജൽ എന്ന് പറയുന്നു.

ഉള്ളടക്കം

ഭൂമിയിലെ ജലത്തിന്റെ വിതരണം[തിരുത്തുക]

ഭൂമിയിലെ സ്രോതസ്സുകളിൽ വിവിധ അവസ്ഥകളിൽ സ്ഥിതി ചെയ്യുന്ന ജലത്തിന്റെ വിതരണം താഴെപ്പറയുന്നു.

സ്ഥിതി അളവ് (%) കുറിപ്പുകൾ
ഭൂഗർഭജലം 1.6
അന്തരീക്ഷത്തിലെ നീരാവിയും മേഘങ്ങളും വർഷപാതവും 0.001 വായുവിൽ തങ്ങിനിൽക്കുന്ന സൂക്ഷ്മ ജലകണങ്ങളുടെയും ഹിമകണങ്ങളുടേയും കൂട്ടമാണ് മേഘങ്ങൾ
ധ്രുവപ്രദേശങ്ങളിലും മറ്റിടങ്ങളിലുമായുള്ള ഹിമാനികളും ഹിമാപാളികളും 2.4
സമുദ്രങ്ങൾ 97
നദികൾ, തടാകങ്ങൾ 0.6

ഭൂമിക്കു പുറമേ വ്യാഴത്തിന്റെ ഉപഗ്രഹമായ യുറോപ്പ, ശനിയുടെ ഉപഗ്രഹമായ എൻസിലാഡസ് എന്നിവിടങ്ങളിലും ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ചരിത്രപ്രാധാന്യം[തിരുത്തുക]

ജനവാസമുള്ള എന്നും സമ്പന്നമായ എന്നും അർത്ഥമുള്ള അബാദ് എന്ന പേർഷ്യൻ വാക്കും, വളർച്ച പ്രാപിക്കുന്ന എന്നർത്ഥമുള്ള അബാദി എന്ന പേർഷ്യൻ വാക്കും ജലം എന്നർത്ഥമുള്ള അബ് എന്ന വാക്കിൽ നിന്നും ഉടലെടുത്തതാണ്‌ ജലം[1].

രാസഘടന[തിരുത്തുക]

ജലതന്മാത്ര ഹൈഡ്രജന്റേയും ഓക്സിജന്റേയും ആറ്റങ്ങൾ അടങ്ങിയ ഒരു സംയുക്തമാണ്. ഓരോ തന്മാത്രയിലും ഹൈഡ്രജന്റെ 2 ആറ്റങ്ങളും ഓക്സിജന്റെ ഒരു ആറ്റവും അടങ്ങിയിരിക്കുന്നു. ജലത്തിന്റെ രാസവാക്യം H2O.
മൂന്ന് അവസ്ഥകളിലും പ്രകൃതിയിൽ കാണപ്പെടുന്ന ഒരേ ഒരു വസ്തു ജലമാണ്. വസ്തുക്കളെ ലയിപ്പിക്കാനുള്ള ഇതിന്റെ കഴിവിനെ കണക്കാക്കി ജലത്തെ സാർവത്രിക ലായകം(universal solvent) എന്നും വിളിക്കുന്നു. ജലത്തിന്റെ വലിയൊരു പ്രത്യേകതയാണ് പ്രതലബലം.

പ്രത്യേകതകൾ[തിരുത്തുക]

രാസഗുണങ്ങൾ[തിരുത്തുക]

1781-ൽ പ്രീസ്റ്റ്‌ലീ ആണ് കൃത്രിമമായി ജലം ഉത്പാദിപ്പിച്ചത്. ഖരാവസ്ഥയിലെ കുറഞ്ഞ സാന്ദ്രത, ഉയർന്ന ദ്രവണാങ്കം, തിളനില, ലായകത്വം തുടങ്ങിയവ ജലത്തിന്റെ സവിശേഷഗുണങ്ങളാണ്. ജലത്തിന്റെ തന്മാത്രാഘടനയിലുള്ള പ്രത്യേകത നിമിത്തം ഉണ്ടാകുന്ന ഹൈഡ്രജൻ ബന്ധനം ഉണ്ടാകുന്നു.ഓരോ ജലതന്മാത്രയ്ക്കും ഇത്തരത്തിലുള്ള നാല് ബന്ധനങ്ങൾ സാദ്ധ്യമാണ്. ആയതിനാൽ തന്മാത്രാശൃംഖലകൾ രൂപം കൊള്ളുന്നു.ജലം അന്തരീക്ഷോഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്നതിനുള്ള കാരണം ഇതാണ്. ജലത്തിലുള്ള കൂടിയ തോതിലെ ഹൈഡ്രജൻ ബന്ധനങ്ങളാണ് ഉയർന്ന തിളനിലയ്ക്കും ദ്രവണാങ്കത്തിനും കാരണമാകുന്നത്. ഹൈഡ്രജൻ ബന്ധനങ്ങൾ തന്മാത്രകളെ പരസ്പരം ബന്ധിപ്പിച്ചുനിൽക്കുന്നു. അധിക ഊഷ്മാവിലേ ഈ ബന്ധനങ്ങൾ ഭേദിക്കാൻ സാദ്ധ്യമാകൂ. ഇത് ഉയർന്ന തിളനിലയ്ക്ക് കാരണമാകുന്നു. ജലത്തിന്റെ തിളനില 100 ഡിഗ്രി സെഷ്യസ് ആണ്. ഹൈഡ്രജൻ ബന്ധനം വഴി ജലതന്മാത്രകൾക്ക് ധ്രുവീകരണമുള്ള തന്മാത്രകളുമായി പ്രതിപ്രവർത്തിച്ച് അവയെ ലയിപ്പിക്കാൻ സാധിക്കുന്നു.

ശുദ്ധജലത്തിന് അമ്ല സ്വഭാവമോ ക്ഷാര സ്വഭാവമോ ഇല്ല. ഇത് ഒരു നിർവീര്യലായകമായി പ്രവർത്തിക്കുന്നു. pH-മൂല്യം ജലത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് നിർവ്വചിച്ചിരിക്കുന്നത്.

ഭൗതികഗുണങ്ങൾ[തിരുത്തുക]

ഹൈഡ്രജൻ ആറ്റങ്ങൾ ഒരു ഓക്സിജൻ ആറ്റവുമായി ഇലക്ട്രോണുകൾ പങ്കിട്ടാണ് ഒരു ജലതന്മാത്ര രൂപം കൊള്ളുന്നത്. ഹൈഡ്രജൻ ആറ്റങ്ങൾ ഓക്സിജൻ ആറ്റങ്ങളുമായി 105 ഡിഗ്രി കോണിലായിരിക്കും സ്ഥിതിചെയ്യുന്നത്. ധ്രുവിത സ്വഭാവം ഉള്ളതിനാൽ ജലതന്മാത്രകൾ എപ്പോഴും അണിചേർ‌ന്നുനിൽക്കാൻ ശ്രമിക്കുന്നു. താപനില പൂജ്യം ഡിഗ്രി സെൽഷ്യസോ അതിൽ താഴേയോ ആവുമ്പോൾ തന്മാത്രകളുടെ ഗതികോർജ്ജം കുറവായിരിക്കും. ഈ അവസ്ഥയിൽ ചൂടാക്കുമ്പോൾ ഗതികോർജ്ജം കൂടുകയും തത്‌ഫലമായി തന്മാത്രകൾ സ്വതന്ത്രമായി ചലിക്കുന്നു. ഈ പ്രതിഭാസമാണ് ദ്രവീകരണം. താപനില 4ഡിഗ്രി സെൽഷ്യസിൽ അധികമായാലോ കുറഞ്ഞാലോ ജലസാന്ദ്രത കുറയുകയും വ്യാപ്തം കൂടുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ് ജലത്തിന്റെ അസാധാരണ വികാസം(Anomalous expansion of water) എന്നറിയപ്പെടുന്നത്.

നിറം[തിരുത്തുക]

ഇരുമ്പിന്റെ സംയുക്തങ്ങൾ ജലത്തിനുണ്ടാക്കുന്ന നിറമാറ്റം
അമേരിക്കയിലെ ഹവാസു വെള്ളച്ചാട്ടം
ചുണ്ണാമ്പുകല്ലിന്റെ സാന്നിധ്യം മൂലമുള്ള വെള്ളത്തിന്റെ നിറമാറ്റം ശ്രദ്ധിക്കുക

പ്രത്യേകിച്ച് നിറമില്ലാത്തതും സുതാര്യമായതുമായ വസ്തുവാണ്‌ ശുദ്ധജലം. എങ്കിലും അതിൽ ലയിച്ചിരിക്കുന്ന ലവണത്തിന്റെ നിറം ജലത്തിനു ലഭിക്കും. ജലം ഇൻഫ്രാറെഡ് കിരണങ്ങളെ പൂർണമായി ആഗിരണം ചെയ്യുന്നു. വിദ്യുത്കാന്തിക രാജിയിൽ ഇൻഫ്രാറെഡ് കിരണങ്ങൾക്ക് തൊട്ടടുത്തുള്ള വർണ്ണമായ ചുവപ്പിനേയും ചെറിയ അളവിൽ ജലം ആഗിരണം ചെയ്യുന്നു. ഇക്കാരണത്താലാണ് കൂടിയ അളവിലുള്ള ജലം നീല നിറത്തിൽ കാണപ്പെടുന്നത് (ഉദാ: സമുദ്രജലം). ജലത്തിൽ അടങ്ങിയിരിക്കുന്ന മറ്റു ഘടകങ്ങൾ മൂലം അതിന്റെ നിറത്തിൽ മാറ്റം സംഭവിക്കുന്നു. ചുണ്ണാമ്പുകല്ലിന്റെ സാന്നിധ്യം ജലത്തിന് പച്ച കലർന്ന നീല (turquoise) നിറം നൽകുന്നു. ഇരുമ്പിന്റെ സംയുക്തങ്ങളുടെ സാന്നിധ്യം വെള്ളത്തിന് ചുവപ്പു കലർന്ന തവിട്ടു നിറവും, ചെമ്പിന്റെ സംയുക്തങ്ങൾ കടും നീല നിറവും, കടൽജീവികളായ ആൽഗകളുടെ സാന്നിധ്യം ജലത്തിന് പച്ച നിറവും നൽകുന്നു.

രൂപം[തിരുത്തുക]

ജലത്തിന്‌ പ്രത്യേകിച്ച് ഒരു രൂപവും ഇല്ല,അത് ഏത് പാത്രത്തിൽ ആണോ ഇരിക്കുന്നത് അതിന്റെ രൂപം സ്വീകരിക്കുന്നു.ഇതിന്‌ കാരണം ജലത്തിന്റെ പ്രതലബലമാണ്. ജലത്തിന്‌ സഞ്ചരിക്കുവാൻ അകം പൊള്ളയായ ഒരു മാധ്യമം(കുഴൽ) ആവശ്യമാണു്.

വിവിധതരം ജലം[തിരുത്തുക]

ശുദ്ധജലം[തിരുത്തുക]

ലവണാംശം കലരാത്ത ജലമാണ് ശുദ്ധജലം. നദികൾ, കുളങ്ങൾ, കിണറുകൾ തുടങ്ങിയവ ആണ് ശുദ്ധജലസ്രോതസ്സുകൾ. ലോകത്തിലെ ശുദ്ധജലത്തിന്റെ 71 ശതമാനത്തോളം കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഗാർഹികാവശ്യങ്ങൾക്ക് 10 ശതമാനത്തോളമേ ഉപയോഗിക്കുന്നുള്ളൂ. ശുദ്ധജലത്തിന്റെ 45 ശതമാനത്തോളം അമേരിക്കൻ ഭൂഖണ്ഡത്തിലാണ്. ഭാരതത്തിൽ ശുദ്ധജലത്തിന്റെ 4 ശതമാനമാണുള്ളത്. കാർഷികപ്രവർത്തനങ്ങൾക്കായി ഇവിടെ 71 ശതമാനത്തോളം ജലം ഉപയോഗിച്ചുവരുന്നു. ജലത്തിന്റെ വിശിഷ്ട താപധാരിത (Specific heat capacity) 4200J/Kg^0 C ആണ്.

സമുദ്രജലം[തിരുത്തുക]

സമുദ്രജലം വെള്ളത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള വ്യത്യസ്ത ലവണങ്ങളുടെ ഒരു ലായനിയാണ്. കറിയുപ്പ് അഥവാ സോഡിയം ക്ലോറൈഡ് ആണ് ഈ ലവണങ്ങളിൽ പ്രധാനം.ഭൂമിയുടെ ഉപരിതലത്തിന്റെ 70ശതമാനത്തോളം സമുദ്രജലമാണ്.ഇതിൽ 96.5ശതമാനം ജലവും 2.5ശതമാനം ലവണവും അടങ്ങിയിരിക്കുന്നു.

കഠിനജലം[തിരുത്തുക]

കഠിനജലത്തിൽ കാൽസ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും ലവണങ്ങൾ അടങ്ങിയിരിക്കുന്നു.സാധാരണ ഗതിയിൽ ദൈനംദിന ആവശ്യങ്ങൾക്കോ വ്യാവസായികാവശ്യങ്ങൾക്കോ ഇത് ഉപയോഗപ്രദമല്ല.കഠിനജലത്തിൽ സോപ്പുപത രൂപപ്പെടുന്നില്ല.തിളപ്പിക്കുമ്പോൾ ഇതിന്റെ കാഠിന്യം കുറയുന്നു.

ഘനജലം[തിരുത്തുക]

ഘനഹൈഡ്രജൻ അടങ്ങിയിരിക്കുന്ന ജലം. ഘന ജലത്തിന്റെ തന്മാത്രകളിൽ സാധാരണ ഹൈഡ്രജനു പകരം ഘന ഹൈഡ്രജൻ അഥവാ ഹൈഡ്രജന്റെ ഐസോട്ടോപ്പായ ഡ്യുട്ടീരിയം ആണ് അടങ്ങിയിരിക്കുന്നത്. ഡ്യുട്ടീരിയത്തിന്റെ ആറ്റോമികഭാരം സാധാരണ ഹൈഡ്രജന്റേതിനെ അപേക്ഷിച്ച് കൂടുതലാണ്. സാധാരണ ജലത്തിലും ഘനജലത്തിന്റെ തന്മാത്രകൾ നേരിയ അളവിൽ കാണപ്പെടുന്നുണ്ട്. ചില ന്യൂക്ലിയർ റിയാക്റ്ററുകളിൽ മോഡറേറ്റർ ആയി ഘനജലമാണ് ഉപയോഗിക്കുന്നത്.

മൃദുജലം[തിരുത്തുക]

കഠിനജലത്തിന് കാരണമായ ലവണങ്ങളിൽ നിന്ന് മുക്തമായ ജലമാണ് മൃദുജലം.മൃദുജലം സർവ്വസാധാരണയായി ഉപയോഗിച്ചുവരുന്നു.

ധാതുജലം[തിരുത്തുക]

ധാതുക്കൾ കലർന്ന ജലമാണിത്.കാത്സ്യം കാർബണേറ്റ്,മഗ്നീഷ്യം സൾഫേറ്റ്,സോഡിയം സൾഫേറ്റ് എന്നിവയും കാർബൺ ഡൈ ഓക്സൈഡ്,ഹൈഡ്രജൻ സൾഫൈഡ് എന്നീ വാതകങ്ങളും ജലത്തിൽ കാണാം.

ജലത്തിന്റെ അവസ്ഥകൾ[തിരുത്തുക]

ഖരം, ദ്രാവകം, വാതകം എന്നിവയാണ്‌ ജലത്തിന്റെ മൂന്ന് അവസ്ഥകൾ. താപനില അനുസരിച്ച് ജലത്തിന്റെ രൂപത്തിൽ മാറ്റം വരുന്ന ഖരാവസ്ഥയെ മഞ്ഞ് (Ice) എന്നും വാതകാവസ്ഥയെ നീരാവി എന്നും പറയുന്നു.

മഞ്ഞ്[തിരുത്തുക]

മൈക്രോസ്കോപ്പിലൂടെ കാണുന്ന മഞ്ഞ്

ജലത്തിന്റെ ഖരരൂപമാണ്‌ മഞ്ഞ്. ശുദ്ധജലം 0° സെ. (-32° ഫാ.) താപനിലയിൽ മഞ്ഞുകട്ടയായി മാറുന്നു. വെള്ളത്തിൽ ഉപ്പു പോലെയുള്ള സംയുക്തങ്ങൾ ചേർക്കുന്നതു വഴി ഖരാങ്കം (ആംഗലേയം: freezing point) താഴ്ത്തുവാൻ സാധിക്കും. ജലം മഞ്ഞുകട്ടയായി രൂപാന്തരം പ്രാപിക്കുമ്പോൾ അതിന്റെ സാന്ദ്രത കുറയുകയും വ്യാപ്തം വർദ്ധിക്കുകയും ചെയ്യുന്നു. സാന്ദ്രത കുറവായതിനാലാണ് മഞ്ഞുകട്ട വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്. ഒമ്പത് തരത്തിലുള്ള ക്രിസ്റ്റൽ ഘടനകൾ ഐസിനുണ്ടാവാറുണ്ട്.

നീരാവി[തിരുത്തുക]

ജലം ചൂടാകുമ്പോൾ അതിലുള്ള തന്മാത്രകൾക്ക് ഹൈഡ്രജൻബോണ്ട് തകർക്കാനുള്ള ഊർജ്ജം കിട്ടുകയും അവ വാതകാവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു. നീരാവിക്ക് ജലത്തിനേക്കാൾ ചൂട് കൂടുതലായിരിക്കും‌. നീരാവി ഖനീഭവിച്ചാണ്‌ മഴ ഉണ്ടാകുന്നത്. ഹരിതഗൃഹപ്രഭാവത്തിൽ നീരാവിക്കും നല്ലൊരു പങ്ക് ഉണ്ട്. മഴ പെയ്യാൻ കാരണം നീരാവി തണുത്ത് മേഘം രൂപപ്പെടുന്നതാണ്‌.

അന്തരീക്ഷത്തിൽ നീരാവിയുണ്ട്. ഇതിനെ ആർദ്രത (humidity) എന്നു പറയും. ആർദ്രത അളക്കാനുള്ള ഉപകരണമാണ് ഹൈഗ്രോമീറ്റർ. ജലത്തിന്റെ ബാഷ്പീകരണ ലീന താപം 2.26X10^6J/Kg ആണ്.

നൂറു ഡിഗ്രി സെന്റിഗ്രേഡിലുള്ള ഒരു കിലോ ഗ്രാം ജലത്തിലുള്ളതിനേക്കാൾ 2.26X10^6J/Kg താപം അതേ തൂക്കത്തിലും ഊഷ്മാവിലും ഉള്ള നീരാവിയിലുണ്ടാവും. അതുകൊണ്ടാണ് നീരാവികൊണ്ടുള്ള പൊള്ളൽ തിളച്ച വെള്ളംകൊണ്ടുള്ള പൊള്ളലിനേക്കാൾ അപകടകരമാവുന്നത്.

ജലമലിനീകരണം[തിരുത്തുക]

വ്യവസായ സ്ഥാപനത്തിൽനിന്നും മാലിന്യം പുറത്തേക്ക് ഒഴുക്കുന്നു

കാരണങ്ങൾ[തിരുത്തുക]

ജലമലിനീകരണത്തിന് കാർബണികമോ അകാർബണികമോ ആയ പദാർത്ഥങ്ങൾ കാരണമാകുന്നു. ജലം മികച്ച ഒരു ലായകമായതിനാൽ ചെറിയ അളവിലും പദാർത്ഥങ്ങളെ ലയിപ്പിക്കുന്നു. ഇത് ജലമലിനീകരണസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ജൈവവിഘടനത്തിന് വിധേയമാകുന്ന കാർബണികവസ്തുക്കൾ ശുദ്ധീകരണപ്രക്രിയയിൽ സങ്കീർണ്ണങ്ങളായ കാർബണികതന്മാത്രകളെ സൂക്ഷ്മാണുക്കൾ വിഘടിച്ച് ഹാനികരമല്ലാത്ത പദാർത്ഥങ്ങളാക്കി മാറ്റുന്നു. ജലത്തിലെ ഓക്സിജനെ ഉപയോഗിക്കുന്നതിനാൽ ലയിച്ചുചേർന്ന പദാർത്ഥങ്ങളുടെ അളവ് കൂടുന്നതിനനുസരിച്ച് ഓക്സിജന്റെ അളവ് ഗണ്യമായി കുറയുന്നു.

ഭക്ഷ്യവസ്തുക്കൾ, തുകൽ എന്നിവ സംസ്കരിക്കുന്ന ഫാക്റ്ററികൾ, ചായം, തുണിത്തരങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്ന ഫാക്റ്ററികൾ ഇവയെല്ലാം കാർബണികമാലിന്യങ്ങൾ ഉണ്ടാക്കുന്നവയാണ്. പാറകളിൽ അടങ്ങിയിരിക്കുന്ന കാരീയ ലവണങ്ങൾ പ്രകൃതിദത്തമായ ജലമലിനീകരണത്തിന് കാരണമാകുന്നു. കീടനാശിനികളും രാസവളങ്ങളും ജലസ്രോതസ്സുകളെ മലിനമാക്കുന്നു. ആധുനികകൃഷിരീതിയിൽ ശാസ്ത്രീയത അവലംബിക്കാത്തതിനാൽ യൂട്രോഫിക്കേഷൻ എന്ന പ്രതിഭാസവും ഉണ്ടാകുന്നു.

ജലമാലിന്യത്തിന്റെ അളവ്[തിരുത്തുക]

ജലത്തിൽ അടങ്ങിയ മാലിന്യത്തിന്റെ തോത് അളക്കാൻ ജലത്തിന്റെ ലായകസ്വഭാവം ആണ് ഉപയോഗപ്പെടുത്തുന്നത്. നിശ്ചിത അളവ് ജലം ശേഖരിച്ച് 20ഡിഗ്രി സെൽഷ്യസ്സിൽ കുറഞ്ഞത് 5 ദിവസം സൂക്ഷിക്കുന്നു. ആരംഭത്തിലും അവസാനത്തിലും ഓക്സിജന്റെ അളവ് അളക്കുന്നു. ഓക്സിജന്റെ അളവ് ഇപ്രകാരം കണ്ടെത്താം. ഇതിനെ BOD (Biological Oxygen Demand) എന്ന് പറയുന്നു. ppm(Per part per million) യൂണിറ്റിലാണ് ഇത് സൂചിപ്പിക്കുന്നത്. കുടിക്കാനുള്ള ജലത്തിന്റെ BOD, 0.75-1.5ppm ആയിരിക്കുന്നതാണ് ഉത്തമം. ജലത്തില് ധാരാളം ലവണങ്ങളും മറ്റ് രാസവസ്തുക്കളും ലയിച്ചു ചേരുന്നു. ജലമാലിന്യങ്ങളെ രാസമാലിന്യങ്ങള് എന്നും ജൈവമാലിന്യങ്ങള് എന്നും രണ്ടായി തരംതിരിക്കാം. ഇതിനു പുറമേ ജലത്തിന്റെ ഭൌതികഗുണനിലവാരവും പ്രധാനമാണ്. ജലത്തിന്റെ പി.എച്ച് മൂല്യം, അതില് അലിഞ്ഞു ചേര്ന്നിട്ടുള്ള ലവണങ്ങളുടെയും രാസപദാര്ത്ഥങ്ങളുടെയും അളവ് എന്നിവയാണ് രാസഗുണനിലവാരം നിര്ണ്ണയിക്കുന്നതിനുള്ള മാനകങ്ങള്. ജലത്തിന്റെ പി.എച്ച് 6.5നും 8.2നും ഇടയിലായിരിക്കണം. ക്ലോറൈഡ്, ഇരുമ്പ്, മഗ്നീഷ്യം, ഫ്ലൂറൈഡ്, സള്ഫേറ്റ്, നൈട്രേറ്റ് തുടങ്ങിയ ലവണങ്ങള് ജലത്തില് പൊതുവേ കാണപ്പെടുന്നു.

ഉപയോഗങ്ങൾ[തിരുത്തുക]

കൃഷി[തിരുത്തുക]

മാനവരാശി ആദ്യം മുതലേ ജലം ഉപയോഗിച്ച് കൃഷി ചെയ്യാൻ പഠിച്ചിരുന്നു.കൃഷിയിടം നനയ്ക്കാനായി ജലം ചെറിയ തോടുകളിലൂടെയും ചാലുകളിലൂടെയും ഒഴുക്കികൊണ്ടുപോയിരുന്നു.നദികളിലെ വെള്ളപ്പൊക്കം മൂലം എക്കൽ വന്നടിയുന്നത് മനുഷ്യനെ നദീതീരങ്ങളിൽ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചു.ഇക്കാരണത്താൽ മനുഷ്യൻ കൂട്ടത്തോടെ നദീതീരത്തായിരുന്നു താമസിച്ചിരുന്നത്.ഒരു രാജ്യത്തിന്റെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ നദികളുടെ പങ്ക് പറയേണ്ടതില്ല.‌.സിന്ധൂനദീതട സംസ്കാരം തന്നെ ഇതിന്‌ ഉദാഹരണമാണ്‌.

കുടിവെള്ളം[തിരുത്തുക]

ഒരു മനുഷ്യന്റെ ശരീരത്തിൽ 55% മുതൽ78%വരെ ജലമാണ്‌ ഉള്ളത് ഇക്കാരണത്താൽ തന്നെ മനുഷ്യശരീരത്തിന്റെ നല്ലരീതിയിലുള്ള പ്രവർത്തനത്തിന്‌ അത്യാവശ്യം വേണ്ടുന്ന ഒന്നാണ്‌ ജലം.നാം കഴിക്കുന്ന ഭക്ഷണത്തിത്തിലൂടെയോ കുടിക്കുന്ന പാനീയങ്ങളിലൂടെയോ ജലം നമ്മുടെ ശരീരത്തിൽ എത്തുന്നു.ഒരുദിവസം 7മുതൽ 12 ഗ്ലാസ് വരെ വെള്ളം ഒരു മനുഷ്യന്‌ ആവശ്യമാണ്‌.

വൃത്തിയാക്കുവാൻ[തിരുത്തുക]

കുളിക്കുവാനും പാത്രങ്ങൾ കഴുകുവാനും നാം നിത്യവും ഉപയോഗിക്കുന്നത് ജലമാണ്‌. ജലം നല്ലൊരു ലായകമായതിനാലാണ്‌,ജലത്തിൽ ഒട്ടുമിക്ക അഴുക്കും നല്ലതുപോലെ അലിഞ്ഞുചേരുന്നത്.ഈ ലായകസ്വഭാവത്താലാണ്‌ ജലം മലിനമാകുന്നതിനും കാരണം.

പാചകം[തിരുത്തുക]

പാചകത്തിന്‌ ജലം അത്യാവശ്യമാണ്‌.പച്ചക്കറികളിലെയും മറ്റുള്ളതിലെയും മണ്ണും ചെളിയും നീക്കം ചെയ്യാൻ ജലം തന്നെ നല്ലത്.

വൈദ്യുതി നിർമാണം[തിരുത്തുക]

ഇന്ന് നമുക്കാവശ്യമായ വൈദ്യുതിയുടെ മുഖ്യപങ്കും നിർമ്മിക്കുന്നത് ജല-വൈദ്യുത പദ്ധതികൾ നിർമ്മിച്ച അണക്കെട്ടുകളിൽനിന്നുമാണ്‌.

മനുഷ്യശരീരത്തിൽ[തിരുത്തുക]

മനുഷ്യശരീരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്.നവജാതശിശുവിൽ 77ശതമാനത്തോളവും പ്രായപൂർത്തിയായ ഒരാളിൽ65ശതമാനത്തോളവും പ്രായം ചെന്നവരിൽ 50ശതമാനത്തോളവും ജലം ഉണ്ട്.ശരീരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് ഓക്സിജനും പോഷകഘടകങ്ങളും എത്തിക്കുക എന്നതാണ് പ്രധാനധർമ്മം.അതോടൊപ്പം ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു.ഇപ്രകാരം ശരീരോഷ്മാവ് നിയന്ത്രിക്കുക,ഉപാപചയപ്രവർത്തനങ്ങളെ നിയന്ത്രിക്കുക എന്നിവയും ജലത്തിന്റെ ധർമ്മങ്ങളാണ്.പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ 35ലിറ്ററോളം ജലം ആവശ്യമാണ്.

അന്താരാഷ്ട്ര ജലസംഘടനകൾ[തിരുത്തുക]

ജലത്തിന്റെ സംരക്ഷണത്തിനായി പല സംഘടനകൾ രൂപപ്പെട്ടു.

ഇന്റർനാഷണൽ വാട്ടർ ഹിസ്റ്ററി അസ്സോസിയേഷൻ[തിരുത്തുക]

1999ൽ ഇംഗ്ലണ്ടിൽ നടന്ന 'ജലം ചരിത്രത്തിൽ ആഗോള കാഴ്ചപ്പാടുകൾ' എന്ന സമ്മേളനത്തിലാണ് ഇത്തരമൊരു സംഘടനയെപ്പറ്റിയുള്ള ആശയം ഉടലെടുത്തത്.മനുഷ്യനും ജലവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് ഗവേഷണവും ചരിത്രാവബോധവും പ്രോത്സാഹിപ്പിയ്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. 'ചെരിച്ചുള്ള എഴുത്ത്'=== വേൾഡ് വാട്ടർ കൗൺസിൽ ഉപഭോഗം എന്നിവയെ പ്രോത്സാ അവബോധം സൃഷ്ടിക്കുന്നതിനും ആണ് ഇത് രൂപപ്പെടുത്തിയത്.

ഗ്ലോബൽ വാട്ടർ പാർട്ണർഷിപ്[തിരുത്തുക]

1996ൽ ആണിതിന് രൂപ നൽകിയത്.ജലസ്രോതസ്സുകൾ കൈകാര്യം ചെയ്യുന്ന സംഘടനകൾക്ക് ഒത്തുചേരാനുള്ള ഒരു അന്താരാഷ്ട്രശൃംഖലയാണിത്.

വേൾഡ് വാട്ടർ ഫോറം[തിരുത്തുക]

ലോകജലസമിതി മൊറോക്കോ സർക്കാർ,യു,എൻ സംഘടനകൾ ഇവയെ സംഘടിപ്പിച്ചുകൊണ്ട് 1997ൽ ആദ്യത്തെ ഫോറം മരക്കേഷ് നഗരത്തിൽ സംഘടിപ്പിച്ചു."ജലം-ലോകത്തിന്റെ പൊതുപൈതൃകം"എന്നതായിരുന്നു ഇതിന്റെ വിഷയം.

ഇന്റർനാഷണൽ കമ്മീഷൻ ഓൺ ഇറിഗേഷൻ ആന്റ് ഡ്രയ്‌നേജ്[തിരുത്തുക]

ന്യൂഡൽഹി ആസ്ഥാനമായി 1950ൽ നിലവിൽ വന്ന സംഘടനയാണിത്. 11 രാജ്യങ്ങളുമായാണ് ഈ പദ്ധതി തുടക്കം കുറിച്ചത്. 110 രാജ്യങ്ങളാണ് ഇപ്പോൾ ഇതിൽ അംഗങ്ങൾ. ജലസേചനം, ജലനിർഗ്ഗമനം എന്നീ മേഖലകളിൽ ഗവേഷണവും ശാസ്ത്ര സാങ്കേതികവിദ്യയുടെ ഉപയോഗവും വർദ്ധിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

അന്താരാഷ്ട്രശുദ്ധജലവർഷം[തിരുത്തുക]

ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ 2003നെ അന്താരാഷ്ട്രശുദ്ധജലവർഷമായി ആചരിച്ചു.രൂക്ഷമായ ജലപ്രശ്നങ്ങളെ സംബന്ധിച്ച പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.

ഹൈഡ്രോളജി[തിരുത്തുക]

ജലത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ഹൈഡ്രോളജി.ജലത്തിന്റെ ഉപാഗമം,വിതരണം,ചംക്രമണം,ജലത്തിന്റെ രാസ-ഭൗതിക ഗുണങ്ങൾ എന്നിവിടെ പഠനവിഷയം ആണ്.

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
  1. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 65, ISBN 81 7450 724
"https://ml.wikipedia.org/w/index.php?title=ജലം&oldid=2214719" എന്ന താളിൽനിന്നു ശേഖരിച്ചത്