ആര്‍എസ്എസ് വാദം കള്ളം: വാരിക ഔദ്യോഗികം

ന്യൂഡല്‍ഹി > പാഞ്ചജന്യയും ഓര്‍ഗനൈസറും തങ്ങളുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളല്ലെന്ന ആര്‍എസ്എസ് വാദം പൊളിയുന്നു. രണ്ട് വാരികകളും പൂര്‍ണമായും ആര്‍എസ്എസിനാല്‍ നിയന്ത്രിക്കുന്നതാണ്. മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയി ആയിരുന്നു പാഞ്ചജന്യയുടെ ആദ്യ എഡിറ്റര്‍. നിലവില്‍ പാഞ്ചജന്യ വാരിക നിയന്ത്രിക്കുന്ന ഡയറക്ടര്‍ബോര്‍ഡിലെ എല്ലാ അംഗങ്ങളും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. പശുമാംസം കഴിക്കുന്നവരെ കൊല്ലണമെന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന് പാഞ്ചജന്യ ലേഖനത്തില്‍ അവകാശപ്പെട്ടിരുന്നു. ഇത് വിവാദമായതോടെ പശുമാംസം കഴിക്കുന്നവരെ കൊലപ്പെടുത്തണമെന്നത് സംഘപരിവാര്‍ നിലപാടല്ലെന്നും പാഞ്ചജന്യ ഔദ്യോഗിക പ്രസിദ്ധീകരണമല്ലെന്നും ആര്‍എസ്എസ് പ്രഖ്യാപിച്ചു. എന്നാല്‍, പാഞ്ചജന്യയുടെയും ഓര്‍ഗനൈസറിന്റെയും ചരിത്രം പരിശോധിച്ചാല്‍ രണ്ട് വാരികകളും ആര്‍എസ്എസ് പ്രസിദ്ധീകരണമാണെന്ന് വ്യക്തം.

സ്വന്തം പ്രസിദ്ധീകരണമെന്ന തീരുമാനത്തില്‍ ആര്‍എസ്എസ് എത്തുന്നത് 1947ലാണ്. 1947 ആഗസ്ത് 15ന് ലഖ്നൗ കേന്ദ്രീകരിച്ച് രാഷ്ട്രധര്‍മ പ്രകാശന്‍ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണശാലയ്ക്ക് ആര്‍എസ്എസ് തുടക്കമിട്ടു. രാഷ്ട്രധര്‍മയെന്ന മാസികയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. 1948 ജനുവരിമുതല്‍ ഹിന്ദി വാരികയായ പാഞ്ചജന്യ പ്രസിദ്ധീകരിച്ചുതുടങ്ങി. വാജ്പേയി സ്ഥാപക എഡിറ്ററായി. ഇംഗ്ലീഷില്‍ ഓര്‍ഗനൈസറും ആര്‍എസ്എസ് പ്രസിദ്ധീകരിച്ചുതുടങ്ങി. ജലന്ധറില്‍നിന്ന് ആകാശവാണി, വാരാണസിയില്‍നിന്ന് ചേതന തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ആര്‍എസ്എസിന്റേതായി ഈ കാലയളവില്‍ പുറത്തുവന്നെങ്കിലും പാഞ്ചജന്യയും ഓര്‍ഗനൈസറും തന്നെയാണ് പ്രധാന പ്രസിദ്ധീകരണങ്ങളായി തുടര്‍ന്നത്.

1977 മുതല്‍ ഡല്‍ഹിയില്‍നിന്നാണ് പാഞ്ചജന്യയും ഓര്‍ഗനൈസറും പ്രസിദ്ധീകരിക്കുന്നത്. അടുത്ത കാലംവരെ ആര്‍എസ്എസിന്റെ ഝണ്ഡേവാലയിലുള്ള കാര്യാലയത്തിലാണ് പാഞ്ചജന്യയുടെ ഓഫീസും പ്രവര്‍ത്തിച്ചത്. ഭാരത്പ്രകാശന്‍ ഡല്‍ഹി ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിലവില്‍ പാഞ്ചജന്യയും ഓര്‍ഗനൈസറും പ്രസിദ്ധീകരിക്കുന്നത്. 1977ലാണ് രാഷ്ട്രധര്‍മ പ്രകാശന്‍ എന്ന പ്രസിദ്ധീകരണശാല ഭാരത് പ്രകാശനായി രൂപാന്തരപ്പെടുന്നത്. ആര്‍എസ്എസിന്റെ ഉത്തരേന്ത്യന്‍ ക്ഷേത്ര പ്രചാരക് പ്രേംകുമാറിനാണ് നിലവില്‍ ഭാരത് പ്രകാശന്റെ ചുമതല. ഡയറക്ടറായ അലോക് കുമാര്‍ ഡല്‍ഹി പ്രാന്തം സഹ സംഘചാലകാണ്. മറ്റൊരു ഡയറക്ടര്‍ വിജയ്കുമാറാകട്ടെ വടക്കന്‍ മേഖലയുടെ സഹക്ഷേത്ര കാര്യവാഹകാണ്.

വികാസ് മഹാജന്‍ എന്ന ഡയറക്ടര്‍ ആര്‍എസ്എസിന്റെ അഭിഭാഷക സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷത്തിന്റെ പ്രവര്‍ത്തകനാണ്. ഇന്ത്യാ ടുഡെ മുന്‍ എഡിറ്ററായ ജഗദീഷ് ഉപാസനെയും ആര്‍എസ്എസുകാരനാണ്.ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ നന്ദകിഷോര്‍ ഗാര്‍ഗും ഡയറക്ടര്‍മാരിലൊരാള്‍. വാരികയുടെ എഡിറ്റര്‍മാരെയും മറ്റ് സ്റ്റാഫിനെയുമെല്ലാം നിയമിക്കുന്നത് ആര്‍എസ്എസുകാര്‍മാത്രമടങ്ങുന്ന ഡയറക്ടര്‍ബോര്‍ഡാണ്. നിലവില്‍ ഓര്‍ഗനൈസറിന്റെ എഡിറ്ററായ പ്രഫുല്ല കേത്കറും പാഞ്ചജന്യയുടെ എഡിറ്ററായ ഹിതേഷ് ശങ്കറും ആര്‍എസ്എസ് സ്വയം സേവകരാണ്.