C-N-Chandran
Comments Off 62

പോരാട്ടങ്ങളുടെയും അതിജീവിക്കലിന്റെയും മഹത്തായ 75 വർഷങ്ങൾ

ലേഖനങ്ങൾ

സി എൻ ചന്ദ്രൻ

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കേരളഘടകം രൂപീകരിച്ചതിന്റെ 75-ാ‍ം വാർഷികം 2014 ഡിസംബർ മുതൽ ഒരു വർഷക്കാലം ആഘോഷിക്കാൻ പാർട്ടി സംസ്ഥാന കൗൺസിൽ തീരുമാനിച്ചിരിക്കുകയാണ്‌. ഡിസംബർ 31 ന്‌ പിണറായിയിൽ ചേരുന്ന സമ്മേളനത്തിൽ വച്ച്‌ ആഘോഷപരിപാടികൾക്ക്‌ ഔപചാരിക തുടക്കം കുറിക്കും. പാർട്ടി ജനറൽ സെക്രട്ടറി സ. സുധാകർ റെഡ്ഡിയാണ്‌ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുന്നത്‌. പാർട്ടി സംസ്ഥാന സെക്രട്ടറി സ. പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ്‌ അംഗങ്ങളായ സഖാക്കൾ കെ ഇ ഇസ്മായിൽ, കാനം രാജേന്ദ്രൻ തുടങ്ങിയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്‌. വ്യത്യസ്തങ്ങളായ നിരവധി പരിപാടികൾ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കാനാണ്‌ പാർട്ടി ലക്ഷ്യമിടുന്നത്‌. 2015 ഡിസംബറിൽ പുന്നപ്ര-വയലാറിൽ ആഘോഷപരിപാടികൾ സമാപിക്കും.
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ രൂപീകരണ സമ്മേളനത്തിന്റെ 75-ാ‍ം വാർഷികം കേവലമായ ഒരാഘോഷ പരിപാടി മാത്രമായിരിക്കില്ല. കേരളത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഓരോർമ്മപ്പെടുത്തൽ കൂടിയായി അത്‌ മാറും.
ഐക്യകേരളത്തിന്റെ പിറവിയുടേയും, മനുഷ്യന്‌ മനുഷ്യനായി ജീവിച്ച്‌ മരിക്കുന്നതിനായി നടന്ന മഹത്തായ പോരാട്ടങ്ങളുടേയും, നവോത്ഥാന പ്രക്ഷോഭങ്ങളുടേയും, കേരളത്തിന്റെ വളർച്ചയുടേയും പുരോഗതിയുടേയും എല്ലാം ചരിത്രം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ചരിത്രവുമായി കെട്ടുപിണഞ്ഞ്‌ കിടക്കുന്നതാണ്‌. അതുകൊണ്ടുതന്നെ ആധുനിക കേരളത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഓർമ പുതുക്കൽ കൂടിയായി പാർട്ടി രൂപീകരണത്തിന്റെ 75-ാ‍ം വാർഷികം മാറുമെന്നുറപ്പാണ്‌.
1939 ഡിസംബർ മാസത്തിന്റെ അവസാനം കണ്ണൂർ ജില്ലയിലെ പിണറായി ഗ്രാമത്തിലെ പാറപ്പുറത്ത്‌ ഒത്തുചേർന്ന കമ്മ്യൂണിസ്റ്റ്‌ പോരാളികളാണ്‌ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി രൂപീകരണത്തിന്‌ നേതൃത്വം നൽകിയത്‌.
കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ജീവിതത്തിലെ സംഭവബഹുലമായ ഒരദ്ധ്യായമാണത്‌. സമാനതകളില്ലാത്ത ഒരു ഒത്തുചേരലായി പാറപ്പുറം സമ്മേളനത്തെ വിശേഷിപ്പിക്കാം.
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ രൂപീകരണം അത്ഭുതകരമായ ഒരു സംഭവം എന്ന നിലയിലാണ്‌ പാറപ്പുറം സമ്മേളനത്തിന്‌ നേതൃത്വം നൽകിയ സ. എൻ ഇ ബാലറാം രേഖപ്പെടുത്തിയിട്ടുള്ളത്‌. കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി എന്ന പാർട്ടി ഒന്നാകെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയായി മാറുന്ന അനുഭവത്തെക്കുറിച്ചാണ്‌ സ. ബാലറാം വിശദീകരിക്കുന്നത്‌. കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി യഥാർഥത്തിൽ പിണറായി സമ്മേളനത്തിന്‌ മുൻപു തന്നെ ചർച്ചകളിലൂടെ രാഷ്ട്രീയമായും പ്രായോഗികമായും അത്തരമൊരു മാറ്റത്തിനു തയ്യാറെടുത്തിരുന്നു എന്നതാണ്‌ യാഥാർഥ്യം.
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കേരളഘടകം രൂപീകരണത്തിലേക്ക്‌ നയിച്ച ഘടകങ്ങളിൽ ഏറ്റവും പ്രധാനമായത്‌ രണ്ടാം ലോകമഹായുദ്ധവും അതിനോട്‌ കോൺഗ്രസും സോഷ്യലിസ്റ്റ്‌ പാർട്ടിയും സ്വീകരിച്ച നിലപാടുകളുമായിരുന്നു. യുദ്ധത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കാനോ അത്‌ ജനമധ്യത്തിൽ പ്രചരിപ്പിക്കുന്നതിനോ ഈ പാർട്ടികൾ തയ്യാറായിരുന്നില്ല. സാമ്രാജ്യത്വ യുദ്ധം എന്ന നിലയിൽ അതിനെ അതിജീവിക്കാൻ കോൺഗ്രസിനായില്ല. യുദ്ധത്തെ എതിർക്കുന്നു എന്ന്‌ നടിക്കുകയും സന്ധിക്കുള്ള മാർഗം ആരായുകയുമാണ്‌ കോൺഗ്രസ്‌ നേതൃത്വം സ്വീകരിച്ച നിലപാട്‌. ഈ പശ്ചാത്തലത്തിലാണ്‌ കേരളത്തിലെ സോഷ്യലിസ്റ്റ്‌ പാർട്ടി പ്രവർത്തകർ സ്വാതന്ത്ര്യ സമ്പാദനത്തിന്‌ പുതിയ കർമ്മപദ്ധതി ആവിഷ്ക്കരിക്കണമെന്ന്‌ അഭിപ്രായപ്പെട്ടത്‌. ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്‌ പിണറായി സമ്മേളനം ചേരുന്നത്‌.
സഖാക്കൾ പി കൃഷ്ണപിള്ള, കെ ദാമോദരൻ, ഇ എം എസ്‌ നമ്പൂതിരിപ്പാട്‌, എൻ ഇ ബാലറാം, പി നാരായണൻ നായർ, കെ കെ വാര്യർ, എ കെ ഗോപാലൻ, സുബ്രഹ്മണ്യശർമ്മ, ഇ പി ഗോപാലൻ, പി എസ്‌ നമ്പൂതിരി, സി എച്ച്‌ കണാരൻ, കെ എ കേരളീയൻ, ടി എസ്‌ തിരുമുമ്പ്‌, കെ പി ഗോപാലൻ, വി വി കുഞ്ഞമ്പു, ചന്ദ്രോത്ത്‌ കുഞ്ഞിരാമൻ നായർ, എം കെ കേളു, സുബ്രഹ്മണ്യ ഷേണായി, വില്ല്യംസ്നെലക്സ്‌, എ വി കുഞ്ഞമ്പു, കെ കുഞ്ഞിരാമൻ, പി എം കൃഷ്ണമേനോൻ, കെ കൃഷ്ണൻ നായർ, കെ എൻ ചാത്തുക്കുട്ടി, മഞ്ജുനാഥ റാവു, കോങ്ങശേരി കൃഷ്ണൻ തുടങ്ങിയ നേതാക്കൾ പിണറായി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു എന്നാണ്‌ സഖാവ്‌ ബാലറാം രേഖപ്പെടുത്തിയിരിക്കുന്നത്‌. കെ പി ഗോപാലൻ അധ്യക്ഷത വഹിച്ചു. അതീവ രഹസ്യമായാണ്‌ പാറപ്പുറം സമ്മേളനം സംഘടിപ്പിച്ചത്‌. സമ്മേളനത്തിന്റെ ചുക്കാൻ പിടിച്ചത്‌ പാറപ്പുറം കർഷക സംഘമാണ്‌. വടവതി അപ്പുക്കുട്ടി എന്ന കർഷകകാരണവൻ സമ്മേളനത്തിന്‌ മേൽനോട്ടം വഹിച്ച പ്രമുഖനാണെന്ന്‌ സ. എൻ ഇ ബാലറാം രേഖപ്പെടുത്തിയിട്ടുണ്ട്‌. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ ഒരു സംഭവമായിരുന്നു പാറപ്പുറം സമ്മേളനം. മാർക്ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രത്തെ ആധാരമാക്കി പ്രവർത്തിക്കുന്ന വ്യത്യസ്തമായ ഒരു പാർട്ടി കേരളത്തിൽ പ്രവർത്തനമാരംഭിച്ചു എന്നത്‌ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ രംഗത്തുണ്ടാക്കിയ ചലനങ്ങൾ ചെറുതല്ല. കേരള സോഷ്യലിസ്റ്റ്‌ പാർട്ടി 1939 ഡിസംബറിൽ പാറപ്പുറം സമ്മേളനത്തോടെയാണ്‌ പൂർണമായും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയായി മാറിയത്‌ എങ്കിലും അതിനും വളരെ മുമ്പു തന്നെ അതിന്റെ പ്രവർത്തകരിൽ ബഹുഭൂരിപക്ഷവും കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകരായി മനസുകൊണ്ടു മാറിയിരുന്നു. നാടിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ രൂപപ്പെട്ടിരുന്ന വിവിധ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള നിരവധി പ്രക്ഷോഭങ്ങൾ 1930 കളുടെ ആദ്യം മുതൽ മലബാറിലും തിരുവിതാംകൂറിലും നടന്നിരുന്നു. അധ്യാപകരുടേയും, വിദ്യാർഥികളുടേയും, കൃഷിക്കാരുടേയും സംഘങ്ങൾ രൂപീകരിക്കുകയും അവരുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങൾ ഇക്കാലയളവിൽ നടക്കുകയും ചെയ്തു. ജന്മിത്വ ഭീകരതയ്ക്കും ചൂഷണത്തിനുമെതിരായ കർഷകപ്രക്ഷോഭം ഇക്കാലയളവിൽ നടന്നു. പതിനായിരക്കണക്കിന്‌ കർഷകർ ഈ പ്രക്ഷോഭങ്ങളിൽ അണിനിരന്നിരുന്നു. ഉത്തരകേരളത്തിലും കൊച്ചിയിലും തിരുവിതാംകൂറിന്റെ ചിലഭാഗങ്ങളിലും കർഷകപ്രക്ഷോഭം വളർന്നുവന്നു. തൊഴിലാളി പ്രക്ഷോഭം കേരളത്തിലാകെയും വിദ്യാർഥി-യുവജന പ്രസ്ഥാനം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിലും ഇക്കാലയളവിൽ ശക്തിപ്പെട്ടു. ഉത്തരമലബാറിൽ അരങ്ങേറിയ കർഷക സമരങ്ങളും തിരുവിതാംകൂറിൽ ഉത്തരവാദഭരണ സമരത്തിന്റെ ഭാഗമായി നടന്ന വമ്പിച്ച പൊതുപണിമുടക്കവും അടക്കം നിരവധി പ്രക്ഷോഭങ്ങൾ ഇക്കാലത്ത്‌ നടന്നു. ജന്മിത്വത്തിന്റെയും ഭരണകൂടത്തിന്റെയും കൊടിയ വേട്ടയാടലുകളും അടിച്ചമർത്തലുകളും അതിജീവിച്ചാണ്‌ ഈ പ്രക്ഷോഭങ്ങൾ വളർന്നത്‌. അയിത്തോച്ചാടന പോരാട്ടങ്ങളും ഈ കാലഘട്ടത്തിലാണ്‌ വളർന്നു വന്നത്‌. കമ്മ്യൂണിസ്റ്റ്‌ പാർട്ടി രൂപീകരണത്തിന്‌ കേരളത്തിൽ കളമൊരുക്കിയത്‌ ഈ പ്രക്ഷോഭങ്ങൾ സൃഷ്ടിച്ച സാമൂഹിക അന്തരീക്ഷമാണ്‌. പിണറായി സമ്മേളനത്തിൻശേഷമുള്ള കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സഞ്ചാരവഴികൾ അത്ര സുഖകരം ആയിരുന്നില്ല. 1940 ജനുവരിയിൽ തന്നെ സഖാവ്‌ പി കൃഷ്ണപിള്ളയ്ക്ക്‌ ഒളിവിൽ പോകേണ്ടി വന്നു. 1940 ൽ തന്നെ യുദ്ധത്തിനും യുദ്ധം സൃഷ്ടിച്ച കെടുതികൾക്കുമെതിരായ ബഹുജന പ്രക്ഷോഭം കമ്മ്യൂണിസ്റ്റു പാർട്ടി വളർത്തിക്കൊണ്ടു വന്നു. നിരവധി പ്രക്ഷോഭ സമരങ്ങൾ ഇക്കാലയളവിൽ നടന്നു. പാർട്ടി നേതാക്കളും പ്രവർത്തകരുമടക്കം നിരവധി പേർ അറസ്റ്റു ചെയ്യപ്പെട്ടു. ഭരണകൂടം പാർട്ടിയെ നശിപ്പിക്കാനുള്ള മർദ്ദന നടപടികളും ഇതോടൊപ്പം അഴിച്ചുവിട്ടു. 1940 സെപ്തംബർ 15 ന്‌ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ അണിചേർന്ന സഖാക്കൾ അബുവും ചാത്തുക്കുട്ടിയും തലശ്ശേരി കടപ്പുറത്ത്‌ രക്തസാക്ഷികളായി. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ അക്ഷരാർത്ഥത്തിൽ ചുവപ്പിച്ച എണ്ണമറ്റ പോരാട്ടങ്ങളാണ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതൃത്വത്തിൽ പിന്നീട്‌ നടന്നത്‌. മനുഷ്യന്‌ മനുഷ്യനായി ജീവിക്കാൻ വേണ്ടി നടന്ന മാസ്മരികങ്ങളായ ആ പോരാട്ടങ്ങൾ ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടവയാണ്‌.
(തുടരും)

Related Articles


Search

Back to Top