MATHRUBHUMI RSS
Loading...
ചിലങ്ക കെട്ടിയ ഓര്‍മകളുമായി മൃണാളിനി

കൂത്താട്ടുകുളം: ''അന്നെനിക്ക് പ്രായം 18, ശാന്തിനികേതനിലെത്തുമ്പോള്‍ ടാഗോറിനെ ആദ്യമേ കണ്ടു. എന്നെ അറിയുന്ന പരിചയക്കാരന്റേതുപോലെ ആദ്യത്തെ വാക്ക്, നൃത്തം ചെയ്യൂ... പാട്ടും മേളവുമില്ലാതെ ഞാന്‍ നൃത്തം ചെയ്തു. ശാന്തിനികേതനില്‍ ഒരുവര്‍ഷക്കാലം കഴിഞ്ഞു. അനുഭവങ്ങള്‍ ഏറെ വലുതാക്കി...''വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മദിന ആഘോഷങ്ങള്‍ ലോകമെമ്പാടും നടക്കുമ്പോള്‍ ശാസ്ത്രീയനൃത്തലോകത്തെ പ്രതിഭ മൃണാളിനി സാരാഭായ് തന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നു.

കൂത്താട്ടുകുളത്ത് നേത്ര ചികിത്സയില്‍ കഴിയുകയാണ് അവര്‍. 1942-ല്‍ കണ്ണിനുണ്ടായ പരിക്കിന്റെ തുടര്‍ചികിത്സകള്‍ക്കു വേണ്ടിയാണ് മൃണാളിനി സാരാഭായ് കൂത്താട്ടുകുളത്ത് ശ്രീധരീയം ആയുര്‍വേദ നേത്രചികിത്സാ കേന്ദ്രത്തിലെത്തിയത്.

കേരളത്തിലെത്തിയിട്ട് മൂന്നാഴ്ച പിന്നിട്ടു. 93-ാം പിറന്നാള്‍ ആഘോഷം പാലക്കാട് ആനക്കരയിലുള്ള വടക്കത്ത് തറവാട്ട് വീട്ടില്‍ ബുധനാഴ്ച നടക്കും. അതിനുശേഷം അഹമ്മദാബാദിലേക്ക് മടങ്ങും. ഡോ. സ്വാമിനാഥന്റേയും അമ്മു സ്വാമിനാഥന്റേയും മകളാണ് മൃണാളിനി. കേരളത്തിലെത്തിയപ്പോള്‍ രൂപം കൊണ്ട പദ്ധതിയാണ് 'കേരള ഫെസ്റ്റിവല്‍' എന്ന് മൃണാളിനി സാരാഭായ് പറഞ്ഞു. സൂര്യ കൃഷ്ണമൂര്‍ത്തിയുമായി ഇത്‌സംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. നൃത്തവും പ്രകാശവും സമന്വയിക്കുന്ന ആഘോഷങ്ങള്‍ക്ക് അടുത്തവര്‍ഷം തുടക്കം കുറിക്കുമെന്നും 'ദര്‍പ്പണ' കലാകേന്ദ്രത്തിന്റെ മുഖ്യ സംഘാടക കൂടിയായ മൃണാളിനി കൂട്ടിച്ചേര്‍ത്തു.

1942-ല്‍ ക്വിറ്റ് ഇന്ത്യ സമരകാലത്ത് സമരസേനാനികള്‍ ജാഥയായി കടന്നുപോകുമ്പോള്‍ ഭര്‍ത്താവ് വിക്രം സാരാഭായിയോടൊപ്പം വഴിയരികില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. കുടുംബാംഗങ്ങളുള്‍പ്പെടെ നിരവധി ബന്ധുക്കള്‍ ഗാന്ധിജി നയിക്കുന്ന സമരജാഥയില്‍ അണിചേര്‍ന്നിരുന്നു. വിക്രം സാരാഭായ് ജാഥയുടെ ചിത്രങ്ങള്‍ എടുക്കുന്നതിനിടയില്‍ ഭടന്മാരുടെ ആക്രമണമുണ്ടായി. എന്റെ ഇടതുകണ്ണില്‍ എന്തോ തറച്ചതുപോലെ തോന്നി. ഉടനെ ആസ്പത്രിയിലാക്കി. നര്‍ത്തകിയായതിനാല്‍ കണ്ണിന്റെ ആകൃതിക്ക് ഒരു കുഴപ്പവും വരുത്താത്ത വിധത്തില്‍ ചികിത്സ നടത്തണമെന്ന് ഡോക്ടറോട് ഭര്‍ത്താവ് നിര്‍ദേശിച്ചിരുന്നു. അന്ന് മുതല്‍ കണ്ണിന് ചികിത്സ തുടരുകയാണ്-മൃണാളിനി പറയുന്നു. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവായാണ് വിക്രം സാരാഭായി അറിയപ്പെടുന്നത്.

അഞ്ച് വയസ്സുള്ളപ്പോള്‍ തന്നെ താന്‍ നര്‍ത്തകിയായിത്തീരുമെന്ന് അമ്മയോട്പറഞ്ഞ കാര്യം മൃണാളിനി ഓര്‍ക്കുന്നു. പാരമ്പര്യമായി നൃത്തത്തോട് ആഭിമുഖ്യമുള്ള തറവാടുകളായിരുന്നു അച്ഛന്റേയും അമ്മയുടേതും. എന്നാല്‍ തന്റെ ഗുരുക്കന്മാരെ താന്‍ തന്നെ കണ്ടെത്തി. കഥകളിയില്‍ കുഞ്ചുക്കുറുപ്പും ഭരതനാട്യത്തില്‍ മീനാക്ഷി സുന്ദരവും. അവരെ ഗുരുക്കന്മാരായി കിട്ടിയത് ഭാഗ്യമാണെന്ന് മൃണാളിനി സാരാഭായ് കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലത്തുതന്നെ സ്വാതന്ത്ര്യസമര സേനാനികളുമായി പരിചയപ്പെടാനും ഭാഗ്യമുണ്ടായി. സരോജിനി നായിഡു അമ്മയെക്കാണാന്‍ വീട്ടിലെത്തുമായിരുന്നു. സരോജിനി നായിഡുവിന്റെ അനിയത്തിയുടെ പേരാണ് തനിക്ക് അമ്മയിട്ടത്-മൃണാളിനി.

സരോജിനി നായിഡുവിന്റെയും ഗാന്ധിജിയുടെയും കത്തുകള്‍ കണ്ടെത്തി പഠനം നടത്തിയതില്‍ നിന്നും പുതിയ ഒരു സാംസ്‌കാരിക പരിപാടിക്കും രൂപം കൊടുത്തുവെന്ന് മൃണാളിനി പറഞ്ഞു. കത്തുകള്‍ സംഭാഷണ രൂപത്തില്‍ വേദികളിലവതരിപ്പിക്കുന്നു. ഗാന്ധിജിയുടെ ശബ്ദം ടോം ആള്‍ട്ടറും സരോജിനി നായിഡുവിന്റെ ശബ്ദം മൃണാളിനിയുമാണ് നല്‍കുന്നത്. ദില്ലിയുള്‍പ്പെടെ നിരവധി വേദികളില്‍ പരിപാടി അവതരിപ്പിച്ചുകഴിഞ്ഞു. ഇതിന്റെ മലയാള പരിഭാഷയും ലക്ഷ്യമിടുന്നുണ്ട്.

93ന്റെ നിറവിലും ഭാവി പദ്ധതികളുടെ ചിട്ടപ്പെടുത്തലിലാണ് ഈ മുത്തശ്ശി.