Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂതപ്പുഴയിലേക്ക് മടങ്ങിയെത്തിയ നീർനായ്ക്കൾ

by സ്വന്തം ലേഖകൻ
otter-2

രണ്ടു ദശാബ്ദങ്ങൾക്കു ശേഷം നീർനായ്ക്കൾ (otter) തൂതപ്പുഴയില്‍ മടങ്ങിയെത്തി. ഹരിത പദ്ധതികൾക്കും വന-വന്യജീവി സംരക്ഷണത്തിനും പേരുകേട്ട കേരളത്തിലെ ഈ നദിയിൽ അനിയന്ത്രിതമായി തള്ളിയ മാലിന്യവും കാടൻ മൽസ്യബന്ധന രീതികളും മൂലമാണു നീർനായ്ക്കൾ അപ്രത്യക്ഷമായത്. തൂത ഗ്രാമവാസികളുടെ കഠിന പ്രയത്‌നത്തിനൊടുവിൽ പുഴ മാലിന്യമുക്തമായി പുനർജനിച്ചതോടു കൂടിയാണ് നീർനായ്ക്കളും തിരിച്ചെത്തിയത്.

പത്തു പതിനഞ്ചു വർഷങ്ങൾക്കു മുൻപ് തൂതപ്പുഴയില്‍ നീരാടുന്ന നീർനായ്ക്കൾ ഒരു നിത്യക്കാഴ്ചയായിരുന്നുവെന്ന് ഗ്രാമവാസികൾ ഓർക്കുന്നു. ഈ പുഴയുടെ തീരത്തെ ആവാസവ്യവസ്ഥയിൽ പ്രധാനികളായിരുന്ന നീർനായ്ക്കളുടെ മടങ്ങിവരവ് പ്രകൃതിസ്നേഹികളെ തികച്ചും ആവേശത്തിലാക്കുന്നു. പഴയ ആവാസവ്യവസ്ഥയിലേക്കു പുഴ മടങ്ങിയെത്തുന്നതിന്റെ തെളിവായും പ്രകൃതിസ്നേഹികൾ ഇതിനെ കാണുന്നു. നീർനായ്ക്കള്‍ക്ക് ഭക്ഷണമായി ധാരാളം മീനുകളും ഇണചേരാനും താമസിക്കാനും ഉതകുന്ന കാലാവസ്ഥയുമാണ് ഇപ്പോൾ ഇവിടെയുള്ളതെന്നാണു വിദഗ്ധരു‌ടെ നിരീക്ഷണം.

നീർനായ്ക്കളുടെ സാന്നിധ്യം ജലത്തിന്റെ ഗുണമേന്മ വർധിച്ചതായി സൂചിപ്പിക്കുന്നുവെന്ന് വന്യജീവി ഗവേഷകരും അഭിപ്രായപ്പെടുന്നു. മൽസ്യസമ്പത്തു വർധിച്ചതിന്റെ തെളിവായും ഇതിനെ കണക്കാക്കാം. മനുഷ്യവാസമുള്ള പ്രദേശങ്ങളെ വെറുക്കുന്ന നീർനായ്ക്കൾ ഇണചേരുന്നതും വാസസ്ഥലം ഒരുക്കുന്നതും ആറ്റുതീരങ്ങളിലാണ്. ഇങ്ങനെ ആറ്റുതീരങ്ങളിൽ നിന്നും തൂത ഗ്രാമനിവാസികൾ പിന്‍മാറിയതിന്റെ ഫലമായാണിവ ദശാബ്ദങ്ങൾക്കു ശേഷം തിരിച്ചെത്തിയതെന്നാണു കണക്കുകൂട്ടൽ.

ഇപ്പോൾ തൂതപ്പുഴയുടെ തീരത്ത് മാലിന്യം നിക്ഷേപിക്കാതിരിക്കാൻ നാട്ടുകാർ ഏറെ ശ്രദ്ധ ചെലുത്തുന്നു. വാഹനങ്ങൾ നദിയിലിറക്കി കഴുകുന്നതിലും നാട്ടുകാരുടെ നിയന്ത്രണമുണ്ട്. ഏതാനും വര്‍ഷങ്ങൾക്കു മുൻപ് ബസ്‌യാത്രികർ പുഴയുടെ തീരമെത്തുമ്പോൾ മൂക്കുപൊത്തേണ്ട അവസ്ഥയുണ്ടായിരുന്നുവെങ്കിലിന്നത് അപ്പാടെ മാറിയിരിക്കുന്നു.

otter

തൂതപ്പുഴ സംരക്ഷണ സമിതിയുടെ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് പുഴയെ ഈ അവസ്ഥയിെലത്തിച്ചത്. സമീപവാസികളായ യുവാക്കളെയും സ്കൂൾ വിദ്യാർഥികളെയും സംഘടിപ്പിച്ച് സമിതി പുഴ അടുത്തകാലത്തു വൃത്തിയാക്കിയിരുന്നു. നദിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും തോട്ട (ഗ്രനേഡ്) പോലുള്ളവ ഉപയോഗിച്ചു നദിയിൽ മീൻ പിടിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും കുട്ടികൾക്കിടയിൽ സമിതി ബോധവത്കരണം നടത്താറുണ്ട്. കൂടുതൽ നീർനായ്ക്കള്‍ക്കു വാസയോഗ്യമാകാൻ തൂതപ്പുഴയെ സജ്ജമാക്കാനൊരുങ്ങുകയാണ് ഗ്രാമവാസികൾ.

Your Rating: