ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പെരുമ്പാവൂരില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രസാമൂഹികനീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ടാണ് പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

കേസ് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും കേരള പോലീസിനും ഗുരുതര വീഴ്ച സംഭവിച്ചെന്നും, നിലവിലെ അന്വേഷണം തുമ്പില്ലാതെ നീളുകയാണെന്നും കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട്, ജിഷവധം തെളിയിക്കാന്‍ സിബിഐ അന്വേഷണം വേണമെന്നും ശുപാര്‍ശ ചെയ്യുന്നു. 

തങ്ങള്‍ക്ക് നേരെ ഭീഷണിയുണ്ടെന്ന ജിഷയുടെ അമ്മയുടെ പരാതിയില്‍ കേസെടുക്കാഞ്ഞ പോലീസ്, ജിഷയുടെ കൊലപാതക വിവരം പുറത്തു വന്നപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

കൊലപാതകം നടന്ന് എത്രയും പെട്ടെന്ന് തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് സാധിച്ചില്ല, പട്ടികജാതി-പട്ടികവര്‍ഗ്ഗ സംരക്ഷണ നിയമ പ്രകാരം ഇത്തരം കേസുകളില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ വേണം കേസ് അന്വേഷിക്കാന്‍. എന്നാല്‍ കൊലപാതകം വിവാദമായ ശേഷം മാത്രമാണ് ഉന്നതതല ഇടപെടലുണ്ടായതും പ്രത്യേക അന്വേഷണസംഘം രൂപികരിച്ചതും.

ദുരൂഹമായ പലതും പെരുമ്പാവൂര്‍ കേസിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട നിലയില്‍ ജിഷയെ ആദ്യം കണ്ടത് അമ്മയാണ്. പിന്നീട് സ്ഥലത്തെത്തിയ പോലീസ് ഉടനെ അവരെ ആസ്പത്രിയിലേക്ക് മാറ്റി . മകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും അമ്മയ്ക്ക് പിന്നീട് സാധിച്ചില്ല. 

സംഭവത്തില്‍ കൊലപാതകക്കേസ് മാത്രമാണ് പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്തത് പീഡനം നടന്നിരുന്നുവെന്ന് വ്യക്തമായിട്ടും പിന്നെയും ദിവസങ്ങള്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഇതുകൂടാതെ ജിഷയുടെ അമ്മയുടെ പരാതി എഴുതിവാങ്ങാതെ പഞ്ചായത്ത് മെമ്പറുടെ പരാതിയാണ് പോലീസ് സ്വീകരിച്ചതെന്നും, ദളിത് യുവതി ക്രൂരമായി കൊല ചെയ്യപ്പെട്ടിടും ജില്ല കളക്ടറേയോ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയോ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.