ആമുഖം

തൃശ്ശൂര്‍ജില്ലയിലെ കൊടുങ്ങല്ലൂര്‍താലൂക്കില്‍ മതിലകം ബ്ളോക്കിലാണ് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ശ്രീനാരായണപുരം വില്ലേജിന്റെ പരിധിയില്‍ വരുന്ന ഈ ഗ്രാമപഞ്ചായത്തിന് 19.26 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്.  പഞ്ചായത്തിന്റെ അതിരുകള്‍ പടിഞ്ഞാറുഭാഗത്ത് അറബിക്കടലും, കിഴക്കുഭാഗത്ത് കനോലികനാലും, വടക്കുഭാഗത്ത് മതിലകം പഞ്ചായത്തും, തെക്കുഭാഗത്ത് കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയുമാണ്. ഉദ്ദേശം 700-800 കൊല്ലം പഴക്കമുള്ള ശ്രീകൃഷ്ണക്ഷേത്രത്തിന്റെ പേരില്‍ നിന്നുമാണ് ശ്രീനാരായണപുരം എന്ന സ്ഥലനാമം ഉണ്ടായത്. കൊടുങ്ങല്ലൂര്‍ മുതല്‍ മതിലകം വരെ വ്യാപിച്ചുകിടന്നിരുന്നു പഴയ വഞ്ചീനഗരത്തിന്റെ ഭാഗമായിരുന്നു ശ്രീനാരായണപുരം പഞ്ചായത്ത് ഉള്‍പ്പെടുന്ന ഭൂപ്രദേശം. ചേരരാജാക്കന്മാര്‍ക്കും കൊടങ്ങല്ലൂര്‍ രാജവംശ ഭരണത്തിനുമൊക്കെ ശേഷം, ഏ.ഡി പതിന്നാലാം നൂറ്റാണ്ടില്‍ ശ്രീനാരായണപുരം, കൊച്ചി രാജ്യത്തിന്റെ കീഴില്‍ വന്നു. കൊച്ചിരാജ്യത്തെ സാമൂതിരിയും, സാമൂതിരിയെ ടിപ്പുവും, ടിപ്പുവിനെ ബ്രിട്ടനും കീഴടക്കി. അങ്ങനെ ശ്രീനാരായണപുരം ഉള്‍പ്പെട്ട ഭൂപ്രദേശം മദിരാശി ഗവണ്‍മെന്റിന്റെ കീഴില്‍ വന്നു. 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപവത്ക്കരിക്കുന്നതുവരെ, ശ്രീനാരായണപുരം പഞ്ചായത്ത് മലബാറിന്റെ തെക്കേ അറ്റമായി കരുതിപ്പോന്നിരുന്നു. അമ്പതുകളുടെ മധ്യത്തിലായിട്ടാണ് ഇന്നത്തെ ശ്രീനാരായണപുരം പഞ്ചായത്തിന്റെ മൂലരൂപമായ പടിഞ്ഞാറെ വെമ്പല്ലൂര്‍ പഞ്ചായത്ത് നിലവില്‍ വന്നത്. 1963 ഡിസംബറിലാണ്  ജനകീയ ഭരണസമിതി നിലവില്‍ വരുന്നത്. കേരളത്തിലെ തീരപ്രദേശഭൂവിഭാഗത്തിലാണ് ശ്രീനാരായണപുരം സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് കടല്‍ പിന്‍വാങ്ങി ഉണ്ടായതാവാം. ഭൂമിയ്ക്കടിയില്‍ ഇപ്പോഴും കടല്‍ച്ചെളിയും സമുദ്രജീവികളുടെ അസ്ഥികളും കാണപ്പെടുന്നുണ്ട്.