Mathrubhumi
chavara matrimony

ഗോധ്ര കേസ്: 11 പ്രതികള്‍ക്ക് വധശിക്ഷ

Posted on: 01 Mar 2011


അഹമ്മദാബാദ്: അമ്പത്തിയൊന്‍പത് പേരുടെ മരണത്തിനു കാരണമായ ഗോധ്ര ട്രെയിന്‍ തീവെപ്പു കേസിലെ പ്രതികളായ പതിനൊന്ന് പേര്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. പ്രത്യേക കോടതി ജഡ്ജി പി.ആര്‍ . പട്ടേല്‍ ഇരുപത് പ്രതികളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ബിലാല്‍ ഇസ്മയില്‍ അബ്ദുള്‍ മജീദ് സുജേല എന്ന ബിലാല്‍ ഹാജി, അബ്ദുള്‍ റസാക്ക് മുഹമ്മദ് കുര്‍കര്‍, രംജാനി ബിന്‍യാമിന്‍ ബെഹ്‌റ, ഹസ്സന്‍ അഹമ്മദ് ചര്‍ഖ എന്ന ലാലു, ജാബിര്‍ ബിന്‍യാമിന്‍ ബെഹ്‌റ, മെഹ്ബൂബ് ഖാലിദ് ഛന്ദ, സലീം എന്ന സല്‍മാന്‍ യൂസഫ് സത്താര്‍ സര്‍ദ, സിറാജ് മുഹമ്മദ് അബ്ദുള്‍ മേധ എന്ന ബാല, ഇര്‍ഫന്‍ മുഹമ്മദ് ഹനിഫാബ്ദുള്‍ ഗനി പടല്യ, ഇര്‍ഫന്‍ അബ്ദുള്‍ മജിദ് ഗഞ്ചി കലന്ദര്‍ എന്ന ഇര്‍ഫന്‍ ബൊപ്പൊ, മെബ്ബൂബ് അഹമ്മദ് യൂസഫ് ഹസ്സന്‍ എന്ന ലതികൊ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഫിബ്രവരി 22ന് കേസിലെ പ്രതികളായ 31 പേരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കുറ്റകരമായ ഗൂഢാലോചന, കൊലപാതകം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ ശിക്ഷ വിധിച്ചത്.

ഗുജറാത്തിലെ ഗോധ്രയില്‍ 2002 ഫിബ്രവരി 27നാണ് കേസിന് ആസ്​പദമായ സംഭവം നടന്നത്. സബര്‍മതി എക്‌സ്​പ്രസിന്റെ എസ്. 6 കോച്ചിനു നേരെ നടന്ന ആക്രമണത്തില്‍ അയോധ്യയില്‍ നിന്ന മടങ്ങുകയായിരുന്ന കര്‍സേവകര്‍ അടക്കമുള്ള 59 പേരാണ് മരിച്ചത്. പിന്നീട് 1200ലെറെ പേര്‍ക്ക് ജീവന്‍ നഷ്ടമായ ഗുജറാത്ത് കലാപം കത്തിപ്പടരുന്നതിന് കാരണമായത് ഈ സംഭവമാണ്.

2009 ജൂണില്‍ സബര്‍മതി ജയിലിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ കേസിലെ വാദം പൂര്‍ത്തിയായി. കേസില്‍ വിധി പറയുന്നത് സ്‌റ്റേ ചെയ്ത സുപ്രീംകോടതി 2010 ഒക്ടോബര്‍ 26ന് ഇത് നീക്കി.

ആദ്യം 134 പേരെ പ്രതി ചേര്‍ത്തതായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 14 പേരെ വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ വിചാരണയ്ക്കിടെ വിട്ടയച്ചു. അഞ്ചുപേര്‍ വിചാരണക്കാലത്തു മരിച്ചു. 16 പേര്‍ ഒളിവിലാണ്. അഞ്ചു കുട്ടികളെ ജുവനൈല്‍ കോടതിയില്‍ വിചാരണ ചെയ്യുന്നു. ബാക്കി 94 പ്രതികളെയാണ് പ്രത്യേക കോടതിയില്‍ വിചാരണ ചെയ്തത്. ഇതില്‍ 80 പേര്‍ ഇപ്പോള്‍ ജയിലിലുണ്ട്; 14 പേര്‍ ജാമ്യത്തിലാണ്. ഇതില്‍ തന്നെ മുഖ്യപ്രതി മൗലവി ഉമര്‍ജിയും ഗോധ്ര നഗരസഭാധ്യക്ഷനായിരുന്ന മുഹമ്മദ് അബ്ദുള്‍ റഹീം കലോട്ടയും ഉള്‍പ്പടെയുള്ള 63 പേരെ പ്രത്യേക കോടതി വെറുതെവിടുകയായിരുന്നു.



Pathravarthakal
News in this Section

 

 

 

Kerala Matrimonial Inner Page