home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

ഉത്തമപുരുഷന്‍ കഥപറയുമ്പോള്‍
 
   
  തീവണ്ടിമുറി, കഥ
ഞരങ്ങിത്തുടങ്ങുമ്പോള്‍
ഞങ്ങള്‍ മൂന്നുപേര്‍ മാത്രം.
രോഗിയാണൊരാള്‍, കൂടെ
ഭാര്യയു,ണ്ടെതിര്‍സീറ്റില്‍
സുമുഖന്‍ യുവാവൊരാള്‍.

പതിവുകഥ,യെന്നാല്‍
പറച്ചില്‍ മുടക്കുവാന്‍
ഞാനിതിലാരാണെന്നൊ-
രാഖ്യാനപ്രതിസന്ധി.
(ഉത്തമപുരുഷനാ-
രെന്നതേ ചോദ്യം, പക്ഷേ
ഉത്തരം 'ഞാനി'ല്‍ത്തന്നെ
തുടങ്ങിയൊടുങ്ങുന്നു.)

ഭര്‍ത്താവിനുറങ്ങണം.
ഉറങ്ങിപ്പോയാല്‍ പിന്നെ
ഭാര്യയും യുവാവുമായ്‌
കണ്‍തുറന്നിരുന്നയാള്‍.
ഞാനയാള്‍ - അല്ലെങ്കില്‍ പി-
ന്നെങ്ങനെയബലന്റെ
ഗൂഢശങ്കകള്‍ മറ-
ച്ചവളെപ്പുകഴ്ത്തുന്നു?

സുമുഖന്‍ തരംനോക്കി-
യവളെ കടാക്ഷിച്ചു
രോഗിയ്ക്കു കുടിനീരു-
മപ്പവും കൊടുത്തവന്‍.
ഞാനവന്‍ - അല്ലെങ്കില്‍ പി-
ന്നെങ്ങനെ ചിലന്തിപോല്‍
മോഹങ്ങളിഴചേര്‍ത്ത
കെണിവച്ചൊളിയ്ക്കുന്നു?

ഗുളിക കഴിച്ചിട്ടു
കണ്ണടച്ചോളൂ. താനേ-
യുറക്കം വരും, ലൈറ്റു
കെടുത്താം', പറയുമ്പോള്‍
'വേണ്ട വേണ്ടെ'ന്നു തടു-
ത്തെഴുന്നേറ്റിരിക്കുന്ന
രോഗിയെ മാറില്‍ച്ചേര്‍ത്തു
കണ്ണുകള്‍ തുടച്ചവള്‍.
ഞാനവള്‍ - അല്ലെങ്കില്‍ പി-
ന്നെങ്ങനെയതൃപ്തമാം
മുള്ളുകളുള്ളില്‍ ഞെരി-
ച്ചാര്‍ദ്രമായ്‌ ചിരിക്കുന്നു?

മുറുകും പ്രതിസന്ധി
മുറിച്ചുകടക്കണം.
തുടങ്ങിപ്പോയാല്‍ പിന്നെ
പറഞ്ഞുതുലയ്ക്കണം.
മൂവരും മറയ്ക്കുമ്പോള്‍
മുഴുവന്‍ പറയുവാന്‍
കഥയില്‍ക്കുരുങ്ങാത്ത
നാലാമനാകുന്നൂ ഞാന്‍.

അടുത്ത സേ്റ്റഷന്‍ വന്നാല്‍
വണ്ടിയില്‍ക്കേറാം, കുറ-
ച്ചകലത്തിരുന്നിട്ടു
പറയാം പരിണാമം.
 

കൂടുതല്‍ കവിതകള്‍
ചിന്നം
ബാര്‍ബി
ഉത്തമപുരുഷന്‍ കഥപറയുമ്പോള്‍
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ