English| മലയാളം

ആമുഖം

1990-ല്‍ ഈ പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ടു. മുന്‍ പഞ്ചായത്ത് ഭരണസമിതിയെ ഉപദേശക സമിതിയായി തുടരാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 01/04/1990 മുതല്‍ ഭരണം സ്പെഷ്യല്‍ ഓഫീസറുടെ കീഴിലായി. കളമശ്ശേരി നഗരസഭ ആയതിനെ തുടര്‍ന്ന് 1995 സെപ്തംബര്‍ 23 ന് നടന്ന തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി നിലവില്‍ വന്നു. നഗരസഭയുടെ പ്രഥമ ചെയര്‍മാനായി ടി.എസ് അബൂബക്കര്‍ അധികാരമേറ്റു. നിരവധി വ്യവസായങ്ങള്‍ ഒത്തു ചേര്‍ന്ന ഒരു നഗരമാണ് കളമശ്ശേരി. ദേശീയപാത 47-ലൂടെ ആലുവായ്ക്കും എറണാകുളത്തിനുമിടക്കാണ് കളമശ്ശേരി സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാന വ്യവസായ സ്ഥാപനങ്ങള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ നിരവധി ഓഫീസ് സമുച്ചയങ്ങള്‍ കൊണ്ട്   തിരക്കേറിയ ഒരു നഗരമായി കളമശ്ശേരി മാറി. കണയന്നൂര്‍ താലൂക്കില്‍ തൃക്കാക്കര വടക്ക്, വാഴക്കാല (ഭാഗികം), കാക്കനാട് (ഭാഗികം) എന്നീ  വില്ലേജുകളില്‍ ഉള്‍പ്പെടുന്ന നഗരസഭയുടെ അതിരുകള്‍ വടക്ക് ചൂര്‍ണ്ണിക്കര പഞ്ചായത്ത്, ഏലൂര്‍ നഗരസഭ, തെക്ക് കൊച്ചി നഗരസഭ, തൃക്കാക്കര നഗരസഭ, കിഴക്ക് എടത്തല പഞ്ചായത്ത്, തൃക്കാക്കര നഗരസഭ, പടിഞ്ഞാറ് ഏലൂര്‍ നഗരസഭ, കൊച്ചി നഗരസഭ എന്നിവയാണ്. നഗരത്തിന്റെ മുക്കാല്‍ ഭാഗവും ഉയര്‍ന്ന കുന്നുകളും അതിന്റെ ചെരിവുകളും ശേഷിച്ച ഭാഗം സമതലവുമാണ്. ഭൂപ്രകൃതി അനുസരിച്ച് നഗരസഭയെ സമതലം, ചെറിയ ചെരിവ്, കുന്നിന്‍ മണ്ട, ചെറിയകുന്ന്, താഴ്വര എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ചെങ്കല്ല്, കളിമണ്ണ്, ചെമ്മണ്ണ്, വെട്ടുകല്ല്, മണല്‍ എന്നീ ഇനങ്ങളിലുള്ള മണ്ണാണ് സാധാരണയായി ഇവിടെ കണ്ടുവരുന്നത്. പുരാതനകാലം മുതലേ എല്ലാ മതങ്ങളുടേയും ആരാധനാലയങ്ങള്‍ ഇവിടെ നിലനിന്നിരുന്നു. മുസ്ലീം മതവിശ്വാസികള്‍ ആരാധന നടത്തിയിരുന്ന പള്ളികളില്‍ പ്രധാനപ്പെട്ടവ പാലയ്ക്കാ മുകള്‍ ജുമാ മസ്ജിദ്, പട്ടേക്കുന്നം ജുമാ മസ്ജിദ്, ഞാലയം ജുമാ മസ്ജിദ് എന്നിവയാണ്. ഹൈന്ദവ ആരാധനാലയങ്ങളില്‍ പ്രമുഖ സ്ഥാനം തൃക്കാക്കര ക്ഷേത്രത്തിനാണ്. എന്നാല്‍ കൂനംതൈ സുബ്രഹ്മണ്യ ക്ഷേത്രം, ചുള്ളിക്കാവ് ഭഗവതി ക്ഷേത്രം, കുണ്ടാട്കാവ് ഭഗവതി ക്ഷേത്രം എന്നിവയ്ക്ക് ഒട്ടും പ്രാധാന്യം കുറച്ചുകാണാന്‍ കഴിയില്ല. ക്രിസ്തീയരുടെ ആരാധനയ്ക്കായി ഒട്ടേറെ പള്ളികളും, കപ്പേളകളും ഈ നഗരസഭാ മേഖലയിലുണ്ട്. ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നവ പത്താം പീയൂസ് പള്ളി, സെന്റ് ജോസഫ് പള്ളി, ഹോളി ഏഞ്ചല്‍സ് എന്നിവയാണ്.

 

പൊതുവിവരങ്ങള്‍

 

ജില്ല                                 : എറണാകുളം 
വിസ്തീര്‍ണ്ണം                      : 27 ച.കി.മി
കോഡ്                              : M070100
വാര്‍ഡുകളുടെ എണ്ണം           : 42  
ജനസംഖ്യ                           : 63176
പുരുഷന്മാര്‍‍                      : 31953
സ്ത്രീകള്‍‍                           : 31223
ജനസാന്ദ്രത                          : 2013
സ്ത്രീ : പുരുഷ അനുപാതം    : 956
മൊത്തം സാക്ഷരത                : 91.12
സാക്ഷരത (പുരുഷന്മാര്‍ )     : 94.75
സാക്ഷരത (സ്ത്രീകള്‍ )          : 87.34
Source : Census data 2001