വരിക ശലഭമേ... | Madhyamam Weekly


വരിക ശലഭമേ...

അനു അഞ്ജുരാജ്

ചില പാട്ടുകള്‍ ഒരു കാലത്തിന്‍െറകൂടി തിരിച്ചെടുക്കലാണ്. ആ പാട്ടുകള്‍ പിറവികൊള്ളുന്ന കാലത്ത് നാമായിരുന്ന ഇടങ്ങളുടെ സ്മൃതി...അല്ളെങ്കില്‍, ആ പാട്ടുകള്‍ നമ്മുടെ ഇടങ്ങളില്‍ വന്നു കയറുന്നതിന്‍െറ സ്മൃതി. പ്രിയപ്പെട്ട സുഹൃത്തിന്‍െറ വരവ് ഓര്‍ക്കുന്നതുപോലെയാണ് ആ പാട്ടുകളെപ്പറ്റി നാം ഓര്‍ക്കുന്നത്. പിന്നീട്, ആ പാട്ട് കേള്‍ക്കുമ്പോള്‍, അതിനെപ്പറ്റി പറയുമ്പോള്‍  അക്കാലവുംകൂടി ഓടിയെത്തും. അത് കാമ്പസ്കാലംകൂടിയാകുമ്പോള്‍  ഒരിക്കലും മരിക്കാത്ത ഊര്‍ജത്തിന്‍െറ മധുരസ്മൃതികളൂറും. ജീവിതത്തോട് എക്കാലവും  ചേര്‍ന്നുനിന്നുമാത്രം ആസ്വാദനത്തിലേക്കിറങ്ങിവരുന്ന ഒരു പാട്ട് ഇവിടെ ചേര്‍ത്തുവെക്കുന്നു.
‘പുനരധിവാസ’ത്തില്‍ ഗിരീഷ് പുത്തഞ്ചേരി എഴുതി ലൂയിസ് ബാങ്ക്സ് ഈണമിട്ട ‘‘കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍...’’ എന്ന പാട്ട്, കനകമുന്തിരികള്‍ മണികള്‍ കോര്‍ത്ത ഒരു കാലത്തിന്‍െറകൂടി ഓര്‍മയാണ് . ഒരുപക്ഷേ, ഒരാള്‍ക്കുമാത്രമാകില്ല ഈ ഓര്‍മ. ജീവിതത്തിന്‍െറ തിരക്കില്‍പ്പെട്ട് എപ്പോഴെങ്കിലും വിളിക്കുകയോ വിളിക്കാതിരിക്കുകയോ ചെയ്യുന്ന ഒരുപാടുപേരുടെ ഓര്‍മ ഈ പാട്ടില്‍ കോര്‍ത്തുകിടക്കുന്നുണ്ടാകാം. എം.ജി കാമ്പസിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ പഠനകാലം. ‘പുനരധിവാസം’ ലെറ്റേഴ്സിലെ അധ്യാപകന്‍ പി. ബാലചന്ദ്രന്‍െറ തിരക്കഥയില്‍ പിറന്ന സിനിമകൂടിയായിരുന്നു. പാട്ടിന്‍െറ മാന്ത്രികതയോടൊപ്പം ഞങ്ങള്‍ ഞങ്ങളുടെ ബാലേട്ടന്‍െറ സിനിമയിലെ പാട്ടായികൂടി അതിനെ കണ്ടിരുന്നു. ആ പാട്ടില്‍ ഒറ്റയുണ്ടായിരുന്നു, കൂട്ടും. ശബ്ദത്തെക്കാള്‍ അതിന്‍െറ നിശ്ശബ്ദതയെ പ്രണയിച്ചവര്‍ ലെറ്റേഴ്സിന്‍െറ അത്തിമരച്ചുവട്ടില്‍  ഒറ്റക്കിരുന്ന് ‘‘ഒരു കുരുന്നു കുനു ചിറകുമായി വരിക ശലഭമേ’’ എന്ന് മനസ്സു തുറന്നു. ആ പാട്ടിന്‍െറ സൗഹൃദത്തില്‍ കോര്‍ത്തുവെക്കപ്പെട്ടവര്‍ പെരുമഴയത്തും കെട്ടിപ്പിടിച്ചുനിന്ന്
‘‘വേനല്‍ പൊള്ളും നെറുകില്‍
മെല്ളെ നീ തൊട്ടു’’
എന്ന് സ്നേഹാര്‍ദ്രരായി. നാല്‍പാത്തിമലയിലെ പനഞ്ചുവട്ടില്‍, റോയിയുടെ ചായക്കടക്കുമുന്നിലെ ചാരുബെഞ്ചില്‍, കുന്നിന്‍ ചരിവില്‍,ഹോസ്റ്റലിലേക്കുള്ള ഇടവഴികളില്‍ അങ്ങനെ കാമ്പസ് മനസ്സുകോര്‍ത്ത ഇടങ്ങളിലെല്ലാം കനകമുന്തിരികള്‍ ഉതിര്‍ന്നുവീണു. സമരപ്പന്തലില്‍പോലും ഈ പാട്ട് പാടിയിരുന്നു, മറ്റു കവിതകള്‍ക്കൊപ്പം, പാട്ടുകള്‍ക്കൊപ്പം...ഓരോ സ്ഥലത്ത് പാടുമ്പോഴും പാട്ടുകേള്‍ക്കുമ്പോഴും ഓരോ കാലം അനുഭവിച്ചിരുന്നു. കൂട്ടുകൂടലിന്‍െറ, പ്രണയത്തിന്‍െറ, പ്രണയനഷ്ടങ്ങളുടെ, വിടവാങ്ങലിന്‍െറ കാലങ്ങള്‍.
ലെറ്റേഴ്സിലെ വ്യാഴവട്ടക്കാലത്തിലും കനകമുന്തിരിയുടെ പാട്ടോര്‍മയുണ്ട്. എല്ലാ വ്യാഴാഴ്ചയും ലെറ്റേഴ്സിലെ നടുത്തളത്തില്‍ അധ്യാപകരും കുട്ടികളും വട്ടംകൂടും. വര്‍ത്തമാനം പറയും.  ഈ കൂട്ടായ്മയില്‍ സാഹിത്യവും രാഷ്ട്രീയവും ലോകവും ഞങ്ങളുടെ സംഭാഷണങ്ങളെ കടന്നുപോയിട്ടുണ്ട്. വിനയചന്ദ്രന്‍മാഷ്, ഹാരിസ് മാഷ്, ഉമര്‍ മാഷ്, ബാലേട്ടന്‍, ലൈജു, സോജന്‍, കൃഷ്ണന്‍, കുട്ടന്‍, സന്തോഷ്, നിത, ജസീല. ഓര്‍മകളുടെ തുമ്പത്ത് ആ പാട്ടുമുണ്ട്. കനകമുന്തിരികള്‍ മണികള്‍കോര്‍ത്ത ആ കാലത്തില്‍നിന്ന് ഞങ്ങള്‍ പടിയിറങ്ങി. പക്ഷേ, ആ കാലം അവശേഷിപ്പിച്ച അടയാളങ്ങള്‍  തീവ്രമാണ്. എപ്പോഴെങ്കിലും കനകമുന്തിരികള്‍
പാടിക്കേള്‍ക്കുമ്പോള്‍  ആ കാലങ്ങളെക്കുറിച്ച്, അതില്‍ ഉള്‍പ്പെട്ട പ്രിയപ്പെട്ട ചങ്ങാതിമാരെക്കുറിച്ച് ഓര്‍ത്തുപോകും. രാത്രി വൈകിയും ചിലപ്പോള്‍ കനകമുന്തിരികള്‍ പാടിക്കേള്‍ക്കാന്‍ പ്രിയപ്പെട്ട സുഹൃത്തിനെ വിളിച്ചുപോകും. ആ കാലം അതേ തീവ്രതയില്‍ അനുഭവിച്ചതിനാല്‍ ഫോണിന്‍െറ അങ്ങേത്തലക്കല്‍ സങ്കോചങ്ങളുണ്ടാകില്ല. ഒരു മഴത്തുള്ളി താഴെ വീഴുന്ന നിശ്ശബ്ദതയിലാണ്
‘‘എന്തേ ഇന്നെന്‍
കവിളില്‍ മെല്ളെ നീ തൊട്ടു’’   എന്നു
പാടിയവസാനിക്കുക. പിന്നെ പാട്ട്
ഒരു കാലമായി മാറുന്നു. ജീവിതത്തി
ലെ ഏറ്റവും മനോഹരമായ കാലം.
l


പാട്ടോര്‍മ്മ

മുന്‍ ലക്കങ്ങള്‍