കൃഷ്ണും രാധയും: അരാജകത്വം സൃഷ്ടിക്കുന്ന അര്‍മാദം

 

22 Oct 2011

 


സിനിമാ ചരിത്രത്തിലെ സംഭവമാവുകയാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. കേരളത്തില്‍ മൂന്നു തിയറ്ററുകളില്‍ മാത്രം വെള്ളിയാഴ്ച റിലീസ് ചെയ്ത കൃഷ്ണനും രാധയും മലയാളികളുടെ പരമ്പരാഗതമായ കാഴ്ചാ, പ്രേക്ഷകസങ്കല്‍പ്പങ്ങളെ തകിടം മറിക്കുന്നു. എറണാകുളത്തെ കാനൂസിലും തൃശൂരിലെ ബിന്ദുവിലും ചെറുപ്പക്കാര്‍ അരാജകത്വത്തോളമെത്തുന്ന അര്‍മാദം നടത്തുകയാണ്.
സിനിമയിലെ ഗാനങ്ങള്‍ക്ക് യു ട്യൂബിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും കമന്റായി കിട്ടിയ തെറിവിളികളുടെ ലൈവായ പെര്‍ഫോര്‍മന്‍സാണ് തിയറ്ററുകളില്‍ നടക്കുന്നത്. മിഥ്യാഭിമാനങ്ങളോ ഐ.ടിബിടി. ആകുലതകളോ മറന്ന് ഏലിയന്‍ സ്റ്റാറിന്റെ രക്തത്തിനായി പച്ചത്തെറിയുടെ അലര്‍ച്ചാപ്രവാഹം.

കൊടുങ്ങല്ലൂര്‍ ഭരണിയുടെ നല്ല നാളുകളില്‍ പോലും കേള്‍ക്കാന്‍ പറ്റിയിട്ടില്ലാത്ത, പറയുന്നവരെപ്പോലും ലജ്ജിപ്പിക്കുന്ന ലൈംഗികസങ്കല്‍പ്പങ്ങളാണ് പുറത്തുവരുന്നത്. അരിസ്‌റ്റോട്ടിലിന്റെ കഥാര്‍സിസ് തിയറിയുടെ സാധൂകരണമാണോ ഈ തിയറ്ററുകളില്‍ നടക്കുന്നതെന്നു സംശയിക്കണം.

പഴയകാലത്ത് തലയില്‍ മുണ്ടിട്ടു കള്ളുഷാപ്പില്‍ കയറുന്ന മാന്യന്മാരെപ്പോലെ, ഇന്നത്തെ യുവത ടീ ഷര്‍ട്ട് വലിച്ചുയര്‍ത്തി മുഖം മറച്ചാണ് തിയറ്ററിലേക്കു കയറുന്നതും ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നതും. പക്ഷേ, മാറ്റിനി കണ്ടിറങ്ങിയ ചെറുപ്പക്കാര്‍ മുദ്രാവാക്യ വിളികളുമായി സന്തോഷ് പണ്ഡിറ്റിന് അഭിവാദ്യമര്‍പ്പിച്ച് നീങ്ങിയപ്പോള്‍ മുഖങ്ങളെല്ലാം വെളിച്ചത്തായി. എം.ജി. റോഡില്‍ പത്തു മിനിറ്റോളം നീണ്ട ഗതാഗത തടസം. സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്ററിനു നേരെ വെള്ളക്കുപ്പികള്‍ പറക്കുന്നു. കാതടപ്പിക്കുന്ന മുദ്രാവാക്യവിളി. തെറി താരതമ്യേന കുറവ്.

തിയറ്ററിനകത്ത് സ്ഥിതി വളരെ വ്യത്യസ്തം. ഡര്‍ട്ടി പിക്ചറിന്റെ പ്രകേപനപരമായ ട്രെയിലര്‍ കണ്ടിട്ടും യുവാക്കള്‍ക്ക് ഒരു കൂസലുമില്ല. അവര്‍ നിശബ്ദം. പക്ഷേ, കൃഷ്ണനും രാധയും ടൈറ്റില്‍ സ്‌ക്രീനില്‍ തെളിഞ്ഞതോടെ കഥ മാറി. പിന്നെ രണ്ടര മണിക്കൂര്‍ നീണ്ട തെറിവിളിയുടെ പകല്‍പ്പൂരം.

സന്തോഷ് പണ്ഡിറ്റിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനോടെ അര്‍മാദത്തിന്റെ ഉച്ചസ്ഥായി. സിനിമയിലെ ആദ്യഗാനമായ രാത്രി ശുഭരാത്രി സ്‌ക്രീനില്‍ തെളിഞ്ഞതോടെ കാണികളുടെ പിടിവിട്ടു. പിന്നെ കൂട്ടനൃത്തമായി. ഷര്‍ട്ടൂരിയെറിഞ്ഞും പരമാവധി അശഌലച്ചുവടുകള്‍വെച്ചും അവര്‍ ആഘോഷിക്കുകയാണ്. സ്‌ക്രീനിനു മുന്നില്‍ ആഭാസനൃത്തവുമായി ആര്‍ത്തലയ്ക്കുന്ന മലയാളിയുവത.

ഡയലോഗുകളിലെല്ലാം പുട്ടിനു പീര പോലെ, അമ്പതു വര്‍ഷം മുമ്പുള്ള സെന്‍സിബിലിറ്റിയോടെ തത്വജ്ഞാനം വിളമ്പുന്നതൊന്നും ഈ ആര്‍ത്തലപ്പിനു മുന്നില്‍ കേള്‍ക്കാനേ ആവില്ല. ഒരു സാമ്പിള്‍. നായകന്‍ വ്യത്യസ്ത മതക്കാരിയായ നായികയെ വിവാഹം ചെയ്ത് ഒരുമിച്ചു താമസം തുടങ്ങുമ്പോള്‍ മൂന്നു കാര്യങ്ങള്‍ ഉപദേശിക്കുകയാണ്. ഒന്ന് മതവിശ്വാസം പാടില്ല. രണ്ടും മൂന്നും ഉപദേശങ്ങള്‍ കേള്‍ക്കാനാവില്ല. തെറിയുടെ കടലാണ് അലയടിക്കുന്നത്. കേള്‍ക്കാനായത് കാണികളുടെ കോറസ്. അടിയില്‍ *** പാടില്ല.
 1 2 NEXT