എം.പി.ഗംഗാധരന്‍ അന്തരിച്ചു

Posted on: 01 Nov 2011



തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.പി.ഗംഗാധരന്‍ (77) അന്തരിച്ചു. കെ.കരുണാകരന്‍മന്ത്രിസഭയില്‍ ജലവിഭവമന്ത്രിയും ആറുതവണ എം.എല്‍.എയുമായിരുന്ന ഗംഗാധരന്‍, കഴിഞ്ഞ ശനിയാഴ്ച മുതല്‍ കരള്‍, ഉദര സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45-ന് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ശവസംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.

മികച്ച സംഘാടകനും ഭരണത്തലവനുമായി അറിയപ്പെട്ടിരുന്ന ഗംഗാധരന്‍ എല്ലാക്കാലത്തും വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന നേതാവായിരുന്നു. മലപ്പുറം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി. അംഗം, എ.ഐ.സി.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം 1970-ല്‍ നിലമ്പൂര്‍ ഉപതിരഞ്ഞടുപ്പില്‍ ജയിച്ചു. അതേവര്‍ഷം പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും നിലമ്പൂരില്‍ നിന്നുതന്നെ ജയിച്ചു. 1977-ല്‍ പൊന്നാനിയേയും 80-ല്‍ പട്ടാമ്പിയേയും 82-ല്‍ വീണ്ടും പൊന്നാനിയേയും പ്രതിനിധാനം ചെയ്തു. കെ.കരുണാകരന്റെ വലംകൈയായി അറിയപ്പെട്ടിരുന്ന ഗംഗാധരന്‍ 82-ല്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയായി. എന്നാല്‍ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിനെത്തുടര്‍ന്ന് 86-ല്‍ രാജിവെച്ചു. 2001-ല്‍ വീണ്ടും പൊന്നാനിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചേരിതിരിവുകളെത്തുടര്‍ന്ന് എം.എല്‍.എ സ്ഥാനം രാജിവെയ്ക്കുകയും കെ.കരുണാകരനൊപ്പം ഇന്ദിരാ കോണ്‍ഗ്രസിന്റെ അമരത്തെത്തുകയും ചെയ്തു. തുടര്‍ന്ന് കുറച്ചുകാലം എന്‍.സി.പിയിലും പ്രവര്‍ത്തിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി ടിക്കറ്റില്‍ തിരുവനന്തപുരത്ത് മത്സരിച്ചിരുന്നു.

കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഗംഗാധരന്‍ കഴിഞ്ഞ കുറേ കാലമായി പി.ടി.പി നഗറിലെ ഷെല്‍ട്ടര്‍ എന്ന വീട്ടിലായിരുന്നു താമസം. ഭാര്യ എം.കെ.ശാന്തകുമാരി. മക്കള്‍ : ദിനേശ് ഗംഗാധരന്‍ (എസ്.ആര്‍.കെ.ഗ്രൂപ്പ്, കൊച്ചി), ബിന്ദു, രമേശ് കുമാര്‍ (ദുബായ്). മരുമക്കള്‍: മല്ലിക, വിനോദ് (വിനോദ് കാഷ്യൂസ്, കൊല്ലം), അഞ്ജു. എം.പി.ഗംഗാധരന്റെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് നാലിന് കെ.പി.സി.സി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും. പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.




Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/