NagaraPazhama

മുറജപം കാണാന്‍ വേഷം മാറി വന്ന രാജകീയ അതിഥി

Posted on: 16 Nov 2011


ഒരുകാലത്ത് മുറജപവും ലക്ഷദീപവും തിരുവിതാംകൂറിന്റെ ഔദ്യോഗിക ചടങ്ങായിരുന്നു. രാജഭരണകാലത്ത് മുഴുവന്‍ ഈ ചടങ്ങുകള്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറെടുപ്പുകള്‍ ആരംഭിക്കുമായിരുന്നു. ഇന്ത്യ ഒട്ടാകെയുള്ള ആളുകളെ ആകര്‍ഷിച്ചിരുന്ന മുറജപത്തിന് ലക്ഷക്കണക്കിന് തുകയാണ് ഖജനാവില്‍ നിന്നും ചെലവഴിച്ചിരുന്നത്. ഇത് സംബന്ധിച്ച് പലപ്പോഴും ബ്രിട്ടീഷ് സര്‍ക്കാരും തിരുവിതാംകൂര്‍ സര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ കപ്പക്കുടിശ്ശിക കൊടുക്കാനുള്ളപ്പോള്‍ ഇത്ര വലിയ തുക ആചാരങ്ങള്‍ക്കായി ചെലവാക്കാന്‍ പാടില്ലെന്നായിരുന്നു ഇംഗ്ലീഷ് സര്‍ക്കാരിന്റെ അഭിപ്രായം. എന്നാല്‍ മുറജപത്തിന് കുറവ് വരുത്താന്‍ രാജാക്കന്മാര്‍ തയ്യാറായില്ല. റസിഡന്റ് കല്ലന്റെ കാലത്തും സ്വാതിതിരുനാളുമായി ഉണ്ടായ കലഹത്തിനൊരു കാരണവും മുറജപത്തിന്റെ തുകയായിരുന്നു. താന്‍, ശ്രീപദ്മനാഭന്റെ അല്ല ബ്രിട്ടീഷുകാരന്റെ ദാസനാണെന്നു ദേഷ്യത്തോടെ പറയാന്‍ സ്വാതിതിരുനാളിനെ പ്രേരിപ്പിച്ചതും ഇതാണ്. ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാരുടെ ഇടപെടല്‍ കാരണം ഒരിക്കല്‍ സ്ഥാനത്യാഗത്തിനുപോലും സ്വാതിതിരുനാള്‍ തയ്യാറായി എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ പറയുന്നത്. റസിഡന്റ് കേണല്‍ കല്ലനും ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാരും കൊട്ടാര കാര്യങ്ങളില്‍ ഇടപെടുന്നതിനെതിരായി മദ്രാസ് ഗവര്‍ണര്‍ ട്വീഡിലിന് സ്വാതി പരാതി അയച്ച രേഖ ഉണ്ട്.

ആറ്-ആറ് വര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള അന്‍പത്തിയാറു ദിവസം നീണ്ടുനില്‍ക്കുന്ന മുറജപം അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടപ്പിലാക്കിയത്. ആറാറ് മാസത്തിലൊരിക്കല്‍ ഇതിന് മുന്നോടിയായി ക്ഷേത്രത്തില്‍ ഭദ്രദീപം കത്തിക്കും. പന്ത്രണ്ട് ഭദ്രദീപങ്ങള്‍ ആകുമ്പോഴാണ് മുറജപം. മുറജപത്തിന്റെ അവസാനമായ അന്‍പത്തി ആറാം ദിവസമാണ് ലക്ഷദീപം. മുറജപത്തിന് മുറയ്ക്കുള്ള ജപം എന്ന അര്‍ഥമുള്ള വേദങ്ങള്‍, വിഷ്ണുസഹസ്രനാമം എന്നിവയാണ് മുറയ്ക്ക് ജപിക്കുന്നത്. ഏഴ് ദിവസമാണ് ഒരു മുറ. അങ്ങനെ എട്ട്മുറ ഉണ്ട്. നമ്പൂതിരിമാര്‍ വേദജപവും മന്ത്രജപവും നാലമ്പലത്തില്‍ രാവിലെയും സഹസ്രനാമജപം ശീവേലിപുരയില്‍ ഉച്ചയ്ക്കും ജലജപം പദ്മതീര്‍ത്ഥത്തില്‍ മുട്ടോളം വെള്ളത്തില്‍ നിന്നുകൊണ്ട് വൈകീട്ടും നടത്തുകയായിരുന്നു പതിവ്. ഇതിനുവേണ്ടി ക്ഷണിക്കുന്ന വൈദികര്‍ക്കും വൈദിക പ്രമാണിമാര്‍ക്കും രാജോചിതമായിട്ടാണ് സ്വീകരണം ഒരുക്കിയിരുന്നത്. വിഭവസമൃദ്ധമായ സദ്യ, സമ്മാനങ്ങള്‍ എന്നിവ നല്‍കിയാണ് അവരെ തിരിച്ചയച്ചിരുന്നത്. ഒന്നാമത്തെ മുറജപവും ലക്ഷദീപവും രണ്ട് പ്രാവശ്യമായിട്ടാണ് നടന്നതെന്ന് പറയുന്നു. മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്ത് അവസാനം നടന്ന മുറജപം കൊല്ലവര്‍ഷം 931-ല്‍ ആയിരുന്നു. 912-ല്‍ നടന്നുവെന്ന് കരുതുന്ന മുറജപത്തിലെ ക്രമീകരണങ്ങള്‍ക്ക് മാത്രം 8701 പണവും വൈദികരെ ഊട്ടുന്നതിനായി 4558 പണവും ചെലവായതായി കണക്കാക്കുന്നു. എന്നാല്‍ മറ്റ് ചെലവുകളും സംഭാവനകളും വേറെയാണ്. ട്രാവന്‍കൂര്‍ മാനുവല്‍ എഴുതിയ വി. നാഗമയ്യയുടെ അഭിപ്രായത്തില്‍ മുറജപത്തിന് സര്‍ക്കാരിന് രണ്ട് ലക്ഷം ചെലവ് വന്നിട്ടുണ്ട്. മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ശേഷം ശ്രീചിത്തിര തിരുനാള്‍ വരെയുള്ള മഹാരാജാക്കന്മാര്‍ ആര്‍ഭാടത്തോടെയാണ് മുറജപം നടത്തിയത്. വമ്പിച്ച ചെലവുള്ളതാണെങ്കിലും തിരുവനന്തപുരത്തിന്റെ ആധുനികതയിലേക്കുള്ള പ്രയാണത്തില്‍ മുറജപം പരോക്ഷമായി കാര്യമായ പങ്ക് വഹിച്ചുവെന്ന കാര്യത്തില്‍ സംശയം ഇല്ല.

മുറജപത്തിനുള്ള ഏര്‍പ്പാടുകളുടെ ഭാഗമായിട്ടാണ് അനന്തപുരിയില്‍ പല പരിഷ്‌കാരങ്ങളും കടന്നുവന്നത്. മുറജപത്തിന് വടക്കുനിന്നും സാധനങ്ങള്‍ കൊണ്ടുവരാനാണ് റാണി പാര്‍വ്വതീഭായിയുടെ കാലത്ത് 'പാര്‍വ്വതി പുത്തനാര്‍' വെട്ടിയത്. അത് അവസാനം ടി. എസ്. കനാല്‍ (തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ കനാല്‍) ആയി മാറി. തീവണ്ടിപ്പാത നീട്ടിയത് മുറജപത്തോടനുബന്ധിച്ചാണ്. അനന്തപുരിയില്‍ ഇംഗ്ലീഷ് ആസ്പത്രികള്‍ കൂടുതല്‍ ആരംഭിച്ചതും മുറജപത്തിന് എത്തുന്നവര്‍ക്ക് ചികിത്സയ്ക്കുവേണ്ടിയായിരുന്നു. മുറജപകാലത്ത് അനന്തപുരിയിലെത്തുന്നവര്‍ക്ക് ആവശ്യമായ ശുദ്ധജലം നല്‍കാന്‍ വേണ്ടിയാണ് അത്തരം ഒരു പദ്ധതിയെപ്പറ്റി ആലോചന തുടങ്ങിയത്. ഇങ്ങനെ പലതും ഉണ്ട്.

മുറജപകാലത്തെപ്പറ്റി രസകരമായ കഥകള്‍ ധാരാളമുണ്ട്. ഇതില്‍ ഒന്ന് ധര്‍മ്മരാജാവി (കാര്‍ത്തിക തിരുനാള്‍) ന്റെ കാലത്തേതാണ്. മുറജപം കാണാന്‍ കൊച്ചിയിലെ രാജാവ് ശക്തന്‍തമ്പുരാന്‍ വേഷംമാറി അനന്തപുരിയിലെത്തി. വേഷം മാറി സഞ്ചരിക്കാന്‍ പ്രത്യേക വൈദഗ്ദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ശക്തന്‍ തമ്പുരാന്‍ ബ്രാഹ്മണരോടൊത്ത് ഭക്ഷണംകഴിഞ്ഞ ശേഷം പദ്മതീര്‍ത്ഥക്കരയില്‍ കൈകഴുകാന്‍ എത്തി. എന്നാല്‍ കരിവേലപ്പുര (മേത്തമണി ഇരിക്കുന്ന ഭാഗം) കൊട്ടാരത്തിലിരുന്ന ധര്‍മ്മരാജാവിന് സംശയമായി. ഉടന്‍ തന്നെ ആളെ അയച്ച് കൊട്ടാരത്തില്‍ വരാന്‍ ആവശ്യപ്പെട്ടു. ശക്തന്‍തമ്പുരാന്‍ ബ്രാഹ്മണ വേഷത്തില്‍ തന്നെ, ധര്‍മ്മരാജാവിന്റെ മുമ്പിലെത്തി. ആദ്യം അഭിനയിച്ചുനോക്കിയെങ്കിലും ധര്‍മ്മരാജാവ് വിട്ടില്ല. എന്തിനാണ് ഇത്തരത്തിലൊരു വേഷംകെട്ടിയതെന്ന് തന്റെ സുഹൃത്തുകൂടിയായ ശക്തന്‍തമ്പുരാനോട് കാര്‍ത്തിക തിരുനാള്‍ ചോദിച്ചു. ആരും അറിയാതെ നടന്നാലേ എല്ലം കാണാനും ആസ്വദിക്കാനും പറ്റുകയുള്ളൂവെന്നായിരുന്നു ശക്തന്‍തമ്പുരാന്റെ മറുപടി. ഏതാനും ദിവസം രാജകീയ അതിഥിയായി ശക്തന്‍തമ്പുരാന്‍ അനന്തപുരിയില്‍ താമസിച്ചു. അതിനുശേഷം രാജകീയ ഉപചാരങ്ങളോടെയാണ് ശക്തന്‍ തമ്പുരാനെ, ധര്‍മ്മരാജാവ് യാത്രയാക്കിയത്. ഈ സംഭവത്തിന് ചരിത്രത്തിന്റെ പിന്‍തുണയില്ലെന്നത് മറ്റൊരു കാര്യം.