Mathrubhumi

ലോക്കപ്പ് മര്‍ദ്ദനം: ടോമിന്‍ തച്ചങ്കരിയെ വെറുതെവിട്ടു

Posted on: 17 Dec 2011




ആലപ്പുഴ: ഐ.ജി ടോമിന്‍ ജെ. തച്ചങ്കരി ഒന്നാം പ്രതിയായ ലോക്കപ്പ് മര്‍ദ്ദനക്കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസ് പിന്‍വലിക്കുന്നതായി വാദി പ്രകാശന്‍ കോടതിയെ അറിയിച്ചിരുന്നു. അന്ന് സി.ഐ മാരായിരുന്ന ഷെയ്ക് അന്‍വര്‍, പീറ്റര്‍ ബാബു എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. പോലീസ് കോണ്‍സ്റ്റബിള്‍മാരായിരുന്ന ഹരിദാസ്, കേശവന്‍കുട്ടി, ജാഫര്‍, പൂക്കോയ, അബൂബക്കര്‍ എന്നിവരാണ് നാലു മുതല്‍ എട്ടുവരെ പ്രതികള്‍.

പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതിനാലാണ് കേസില്‍നിന്ന് പിന്മാറുന്നതെന്ന് കോടതിയ്ക്ക് പുറത്ത് വാദി പ്രകാശന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മാനസികമായും സാമ്പത്തികമായും തകര്‍ന്നു. മകളുടെ വിവാഹംപോലും മുടങ്ങുന്ന അവസ്ഥയുണ്ടായെന്ന് പ്രകാശന്‍ കൂട്ടിച്ചേര്‍ത്തു. പ്രകാശനെ മുന്നില്‍നിര്‍ത്തി ചിലര്‍ തന്നെ വേട്ടയാടുകയായിരുന്നുവെന്ന് തച്ചങ്കരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

1991 ലാണ് കേസിന് ആസ്പദമായ സംഭവം. പുന്നപ്ര പുത്തന്‍വളപ്പില്‍ രാജേന്ദ്രപ്രസാദിന്റെ ഭാര്യ സുജ (19) ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ടാണ് കേസിന്റെ തുടക്കം. അയല്‍വാസിയായ പ്രകാശനും മറ്റുള്ളവരും ചേര്‍ന്നാണ് തൂങ്ങിമരിച്ച സുജയെ ആസ്പത്രിയിലെത്തിച്ചത്. പുന്നപ്ര പോലീസ് സ്‌റ്റേഷനില്‍ മൊഴി നല്‍കിയതും പ്രകാശനായിരുന്നു. പ്രകാശനെ പ്രതിയാക്കി അന്ന് എഎസ്പി ആയിരുന്ന ടോമിന്‍ ജെ തച്ചങ്കരി കേസെടുക്കുകയും ഇയാളെ ഏഴുദിവസം കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ചു കുറ്റം സമ്മതിപ്പിച്ച് 57 ദിവസം ജയിലില്‍ അടക്കുകയും ചെയ്തു എന്നായിരുന്നു കേസ്. പിന്നീട് ക്രൈംബ്രാഞ്ച് പ്രകാശന്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിരുന്നു.

നഷ്ടപരിഹാരം ആവശ്യപ്പെട്ടും പോലീസ് മര്‍ദ്ദനം ആരോപിച്ചുമാണ് പ്രകാശന്‍ കോടതിയെ സമീപിച്ചത്. തച്ചങ്കരിക്കെതിരെയുള്ള കേസില്‍ അഞ്ചു വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. മര്‍ദ്ദനം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, ബലപ്രയോഗം, ഭീഷണിപ്പെടുത്തി കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിക്കല്‍, ഗൂഢാലോചന എന്നിവയടക്കം ക്രമിനില്‍ വകുപ്പ് 325, 343, 357, 330, 109, 120 എന്നിവയാണ് ചുമത്തിയിരുന്നത്.

Pathravarthakal

News in this Section

 

mbi matrimonial