Mathrubhumi Logo
state film award 2011 head

ഇത് വൈകിയെത്തിയ വസന്തം -നിലമ്പൂര്‍ ആയിഷ

Posted on: 20 Jul 2012


നിലമ്പൂര്‍: നാല് പതിറ്റാണ്ടിലേറെ നാടക - സിനിമാരംഗത്ത് ശക്തമായ സാന്നിധ്യമായിരുന്ന തനിക്ക് സംസ്ഥാന അവാര്‍ഡ് വൈകിവന്ന വസന്തമെന്ന് നിലമ്പൂര്‍ ആയിഷ. ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. ഇപ്പോള്‍ അവാര്‍ഡ് ലഭിച്ചതില്‍ വളരെ വളരെ സന്തോഷമെന്നും ആയിഷ 'മാതൃഭൂമി'യോട് പറഞ്ഞു. ചലച്ചിത്രവിഭാഗത്തില്‍ നിലമ്പൂര്‍ ആയിഷയ്ക്ക് കിട്ടുന്ന ആദ്യ സംസ്ഥാന അവാര്‍ഡാണിത്. കോഴിക്കോട് സ്വദേശിയും വ്യവസായിയുമായ സിദ്ദിഖ് കഥയും സംഭാഷണവുമെഴുതി സംവിധാനംചെയ്ത ഊമക്കുയില്‍ പാടുമ്പോള്‍ എന്ന സിനിമയിലെ വല്യുമ്മ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതിനാണ് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം നിലമ്പൂര്‍ ആയിഷയ്ക്ക് ലഭിച്ചത്.

കുട്ടികളുടെ ചിത്രമാണ് ഊമക്കുയില്‍ പാടുമ്പോള്‍. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് മാളവികാനായര്‍ക്കാണ്.

നിലമ്പൂര്‍ യുവജന കലാസമിതി 1952-ല്‍ അവതരിപ്പിച്ച ഇ.കെ. അയമുവിന്റെ ജ് നല്ല മനുസനാകാന്‍ നോക്ക് എന്ന നാടകത്തിലൂടെയാണ് 15-ാം വയസ്സില്‍ നിലമ്പൂര്‍ ആയിഷ അഭിനയരംഗത്ത് വരുന്നത്. സമൂഹത്തിന്റെയും സമുദായത്തിന്റെയും എതിര്‍പ്പ് അവഗണിച്ച് കലാരംഗത്ത് ഉറച്ചുനിന്ന ആയിഷ പിന്നീട് നൂറിലേറെ നാടകങ്ങളുമായി 12,000ലേറെ വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കും സമഗ്രസംഭാവനയ്ക്കുമുള്ള അവാര്‍ഡ് ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ഇത് ഭൂമിയാണ്, ഉള്ളത്പറഞ്ഞാല്‍, കരിങ്കുരങ്ങ്, ഈ ദുനിയാവില്‍ ഞാനൊറ്റയ്ക്കാണ് തുടങ്ങിയ നാടകങ്ങള്‍ പ്രസിദ്ധമാണ്. കണ്ടംവെച്ച കോട്ട്, കുട്ടിക്കുപ്പായം, സുബൈദ, കാത്തിരുന്ന നിക്കാഹ് തുടങ്ങിയ സിനിമകള്‍ ആദ്യകാലത്തഭിനയിച്ചവയാണ്. പാലേരി മാണിക്യത്തിലും അഭിനയിച്ചിട്ടുണ്ട്.

ഊമക്കുയില്‍ പാടുമ്പോള്‍ എന്ന സിനിമയ്ക്കുശേഷം കുട്ടികള്‍ക്കുള്ള നാലുചിത്രങ്ങളില്‍ക്കൂടി ആയിഷ അഭിനയിച്ചിട്ടുണ്ട്. ഇനിയും നാടകങ്ങളിലും സിനിമകളിലും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അഭിനയിക്കുമെന്ന് ആയിഷ പറഞ്ഞു. ഒരു മനോരോഗിയുടെ കഥാപാത്രമായും ഒരു ക്രിസ്ത്യന്‍ കഥാപാത്രമായും അഭിനയിക്കാനുള്ള ആഗ്രഹവും ഈ കലാകാരി പങ്കുവെച്ചു.





Ivan Megharoopan song

rathinirvedam song