ബ്രജേഷ് മിശ്ര അന്തരിച്ചു

Published on  29 Sep 2012
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ദേശരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്ര (84) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യആസ്പത്രിയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് സുപ്രധാന നയതീരുമാനങ്ങളെ സ്വാധീനിച്ച അധികാരകേന്ദ്രമായിരുന്നു മിശ്ര. അക്കാലത്ത് ഒരേ സമയം ദേശരക്ഷാ ഉപദേഷ്ടാവ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ പദവികള്‍ അദ്ദേഹം വഹിച്ചു. വിദേശകാര്യമുള്‍പ്പെടെ ഒട്ടുമിക്ക മേഖലകളിലും വാജ്‌പേയി സര്‍ക്കാറിന്റെ പ്രധാന വക്താവായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷം പത്മശ്രീ ബഹുമതി ലഭിച്ചു. നയതന്ത്രജ്ഞനായ മിശ്ര ദീര്‍ഘകാലം ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. വിരമിച്ചശേഷം 1991-ലാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിപദവി ഏറ്റെടുക്കുന്നതിനായി 1998 മാര്‍ച്ചില്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. 1998 നവംബര്‍മുതല്‍ 2004 മെയ് വരെ ദേശരക്ഷാ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു.
കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദ്വാരകാപ്രസാദ് മിശ്രയുടെ മകനാണ്.

Latest news