Social Development

പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും

സാമൂഹ്യമുന്നേറ്റം

പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും

ദരിദ്രകുടുംബങ്ങളുടെ സംഘടനാ സംവിധാനം :

ദാരിദ്ര്യ ലഘൂകരണത്തിന് ദരിദ്ര കുടുംബങ്ങളെ സംഘടിപ്പിച്ചുകൊണ്ട് 2895951 കുടംബങ്ങള്‍ അംഗങ്ങളായ 146114 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും ഇവയെ ഏകോപിപ്പിച്ചുകൊണ്ട് 132031 ഏരിയാ ഡവലപ്മെന്റ് സൊസൈറ്റികളും 991 കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റികളും ഉള്‍പ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം ഗ്രാമപ്രദേശങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ, പട്ടികവര്‍ഗ്ഗമേഖലയില്‍ 32640 ഗോത്ര വര്‍ഗ്ഗകുടുംബങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് 2030 അയല്‍ക്കൂട്ടങ്ങളും രൂപീകരിക്കുകയുണ്ടായി. നഗര പ്രദേശങ്ങളില്‍ 292207 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന 10687 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും ഇവയെ ഏകോപിപ്പിച്ചുകൊണ്ട് 894 ഏരിയാ ഡവലപ്മെന്റ് സൊസൈറ്റികളിലും 59 കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാനത്ത് കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ ആകെ 3220798 കുടുംബങ്ങള്‍ അംഗങ്ങളായ 158831 അയല്‍ക്കൂട്ടങ്ങളും, ഇവയെ ഏകോപിപ്പിക്കുന്ന 14095 എ.ഡി.എസ്സുകളും, 1050 സി.ഡി.എസ്സുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അയല്‍ക്കൂട്ടാംഗങ്ങളില്‍നിന്നും 549.53 കോടി രൂപ നിക്ഷേപമായി സമാഹരിക്കുന്നതിനും അതില്‍ നിന്നും 1230.26 കോടി രൂപ അംഗങ്ങള്‍ക്ക് വായ്പയായി ലഭ്യമാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

ലിങ്കേജ് ബാങ്കിംഗ്:

ലഘുസമ്പാദ്യത്തെ മൂലധന നിക്ഷേപമാക്കി മാറ്റിക്കൊണ്ട് അയല്‍ക്കൂട്ടങ്ങളെ ലഘുസംരംഭങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിന് പ്രേരിപ്പിക്കത്തക്കവിധത്തില്‍ ബാങ്ക് ലിങ്കേജ് പ്രോഗ്രാമിലൂടെ 276.13 കോടി രൂപ 63598 അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കി.

മൈക്രോ സംരംഭങ്ങള്‍:

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കുടുംബതലത്തില്‍ അധിക വരുമാനം സൃഷ്ടിക്കുന്നതിലേക്കായി അയല്‍ക്കൂട്ടങ്ങളുടെ നിക്ഷേപം മാത്രം മൂലധനമാക്കി 1,00,000 ത്തില്‍ അധികം ചെറു സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. അതിനുപുറമേ 15312 വ്യക്തിഗത സംരംഭങ്ങളും, 1 മുതല്‍ 2 ലക്ഷം വരെ രൂപ നിക്ഷേപമുള്ള 10 സ്ത്രീകള്‍ ചേര്‍ന്നു നടത്തുന്ന 1345 ഗ്രൂപ്പ് സംരംഭങ്ങള്‍ നഗരപ്രദേശങ്ങളിലും, 20017 ഗ്രൂപ്പ് സംരംഭങ്ങളും, 14,662 വ്യക്തിഗത സംരംഭങ്ങളും ഗ്രാമ പ്രദേശങ്ങളില്‍ ആരംഭിക്കുന്നതിന് സാധിച്ചിട്ടുണ്ട്.

ലീസ് ലാന്റ് ഫാമിംഗ് :

കാര്‍ഷിക മേഖലയില്‍, അയല്‍ക്കൂട്ടങ്ങള്‍ സംഘടിതമായി തരിശ് ഇട്ടിരിക്കുന്ന പാടശേഖരങ്ങളും കൃഷി ഭൂമികളും ഉടമസ്ഥര്‍ക്ക് വാടക നല്കി ഏറ്റെടുത്ത് കൃഷി ഇറക്കുന്ന പ്രവര്‍ത്തനം വര്‍ദ്ധിച്ചുവരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി 866 ഗ്രാമ പഞ്ചായത്തുകളില്‍ 32711 അയല്‍ക്കൂട്ടങ്ങളിലെ 319914 കുടുംബങ്ങള്‍ 2112.33 ഹെക്ടര്‍ സ്ഥലത്ത് ഇത്തരത്തില്‍ കൃഷിചെയ്യുകയുണ്ടായി. ആശ്രയ-അഗതി കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി ദരിദ്രരില്‍ ദരിദ്രരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ആശ്രയ പദ്ധതിയില്‍ ആദ്യഘട്ടമായി 2002-03 സാമ്പത്തിക വര്‍ഷം 101 പഞ്ചായത്തുകളും, 2003-04-ല്‍ 78 ഗ്രാമപഞ്ചായത്തുകളും, 2004-05-ല്‍ 185 ഗ്രാമപഞ്ചായത്തുകളും, 4 നഗരസഭകളും, 2005-06-ല്‍ 21 ഗ്രാമപഞ്ചായത്തുകളും 2 നഗരസഭകളും ഉള്‍പ്പെടെ 391 തദ്ദേശ സ്ഥാപനങ്ങള്‍ ഈ പദ്ധതി നടപ്പിലാക്കിവരുന്നു. 30941 കുടുംബങ്ങളുടെ പുനരധിവാസത്തിനായി 159.47 കോടി രൂപ മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്ന പ്രോജക്ടുകളാണ് പഞ്ചായത്തുകള്‍ തയ്യാറാക്കിയിട്ടുള്ളത്. 2005-06 സാമ്പത്തിക വര്‍ഷം 300 ഗ്രാമപഞ്ചായത്തുകളില്‍ കൂടി ആശ്രയ പദ്ധതി വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. അഗതി കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ ക്രോഡീകരിച്ചുകൊണ്ട് അതിജീവനആവശ്യങ്ങള്‍, അടിസ്ഥാനസൌകര്യആവശ്യങ്ങള്‍, വികസനആവശ്യങ്ങള്‍, മാനസികആവശ്യങ്ങള്‍ എന്നിങ്ങനെ തരം തിരിക്കാന്‍ കഴിയും. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ‘പരിചരണ സേവനങ്ങളുടെ പാക്കേജ്’ നടപ്പാക്കി വരുന്നു.

ഫ്രണ്ട്സ്:

ആര്‍.ടി.ഒ, റവന്യു, സിവില്‍ സപ്ലൈസ്, കെ.എസ്.ഇ.ബി., വാട്ടര്‍ അതോറിറ്റി, കേരള സര്‍വകലാശാല, നഗരസഭ, ബി.എസ്.എന്‍ ‍.എല്‍ എന്നിവയുമായിബന്ധപ്പെട്ട് ഒരു പൌരന്‍ ഒടുക്കേണ്ട എല്ലാവിധ പണവും ഫ്രണ്ട്സില്‍ സ്വീകരിക്കും. പാളയത്ത് സാഫല്യം ഷോപ്പിംഗ് കോംപ്ളക്സില്‍ സ്ഥിതിചെയ്യുന്ന ഫ്രണ്ട്സ് രാവിലെ ഒന്‍പതു മുതല്‍ രാത്രി ഏഴുവരെ പ്രവര്‍ത്തിക്കും. ഞായറാഴ്ചയും പ്രവര്‍ത്തിക്കും. മറ്റെല്ലാ പൊതു അവധി ദിവസങ്ങള്‍ ഫ്രണ്ട്സിനും അവധിയായിരിക്കും.

കുടുംബശ്രീ

സമൂഹ പങ്കാളിത്തത്തോടെയുള്ള ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടി എന്ന നൂതനാശയത്തിന്റെ പ്രയോഗവല്ക്കരണമാണ് കുടുംബശ്രീ. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളതും ക്ളേശ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നതുമായ കുടുംബങ്ങളിലെ സ്ത്രീകളുടെ സംഘടിതവും വ്യവസ്ഥാപിതവുമായ കൂട്ടായ്മയിലൂടെ ദാരിദ്ര്യത്തിന്റെ എല്ലാ പ്രകടിത രൂപങ്ങളെയും നേരിടാന്‍ ശ്രമിക്കുന്നതാണ് ഈ പദ്ധതി. തിരുവനന്തപുരം നഗരസഭയിലും ഈ പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998 ല്‍ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച   നൂതന സംവിധാനമാണ് കുടുംബശ്രീ - സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ . ഒരു കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവും ആകുകയും, സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനം നിലവില്‍ വരുകയും ചെയ്തു. ഇന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 36 ലക്ഷം കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്. 15 മുതല്‍ 40 വരെ കുടുംബങ്ങളില്‍ നിന്നും ഓരോ വനിത ഉള്‍പ്പെടുന്ന 182969 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും ഇവയെ ഏകോപിപ്പിച്ചുകൊണ്ട് 16922 ഏരിയാ ഡവലപ്മെന്റ് സൊസൈറ്റികളും 1058 കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികളും ഉള്‍പ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട്. അതിനു പുറമേ മിഷന് ലഭ്യമായ പ്ളാന്‍ ഫണ്ട് ഉപയോഗിച്ച് സൂക്ഷ്മ സംരംഭങ്ങള്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ഗ്രൂപ്പ് സംരംഭങ്ങളും, വ്യക്തിഗത സംരംഭങ്ങളും ആരംഭിച്ചു. ഈ സംരംഭങ്ങളില്‍ വിവര സാങ്കേതിക മേഖല, ഹോട്ടലുകള്‍, കുട, നോട്ട് ബുക്ക്, സ്കൂള്‍ ബാഗ്, സോപ്പ് എന്നിവയുടെ നിര്‍മ്മാണം, ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം, പാല്‍ ഉല്പന്നങ്ങള്‍, കേരശ്രീ ബ്രാന്റ്, വെളിച്ചെണ്ണ, ഡയറക്ട് മാര്‍ക്കറ്റിംഗ്, ആടുവളര്‍ത്തല്‍ (ബ്രീഡര്‍ നഴ്സറി), അഗ്രിക്കള്‍ച്ചര്‍ നഴ്സറി, മൂന്നു വയസ്സിനു താഴെ പ്രായമുളള കുട്ടികള്‍ക്ക് നല്‍കാവുന്ന അധിക പോഷകാഹാരം - അമൃതം ഫുഡ്സപ്ളിമെന്റ് തുടങ്ങിയവ എടുത്തുപറയാവുന്ന ചില ഉദാഹരണങ്ങളാണ്. സംസ്ഥാനത്ത് 6 മാസം മുതല്‍ മൂന്നുവയസ്സുവരെ പ്രായമുളള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിനുവേണ്ടി അധിക പോഷകാഹരം നല്‍കുന്ന പരിപാടി സാമൂഹ്യക്ഷേമ വകുപ്പ് നടപ്പാക്കുന്നുണ്ട്. ഈ പരിപാടിയുടെ ഭാഗമായി അംഗന്‍വാടി മുഖേന അധിക പോഷകഹാരം ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് അമൃതം ഫുഡ്സപ്ളിമെന്റ് എന്ന പേരില്‍ അഞ്ച് സംരംഭകര്‍ അടങ്ങുന്ന 560 ഗ്രൂപ്പുകള്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ആട്,മുയല്‍,കാട (ജി.ആര്‍.ക്യൂ) വളര്‍ത്തല്‍ സംരംഭം

മൃഗസംരക്ഷണ മേഖലയില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക് ലാഭകരമായി ഏറ്റെടുത്ത് നടത്താന്‍ കഴിയുന്ന സംയോജിത സംരംഭമായി ആട്, മുയല്‍, കാട വളര്‍ത്തല്‍ പ്രോത്സാഹിപ്പിച്ചുവരുന്നു. സംരംഭകര്‍ക്ക് മൃഗസംരക്ഷണ മേഖലയിലെ വിദഗ്ദ്ധന്മാരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പരിശീലനം നല്‍കിവരുന്നു.

 

വിവര സാങ്കേതികവിദ്യ മേഖല- വിവര സാങ്കേതികവിദ്യ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറുകളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്റ് കണക്കിലെടുത്ത് ഈ മേഖലയിലും കുടുംബശ്രീ സംരംഭകരെ പ്രചോദിപ്പിക്കുകയും സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കത്തക്ക വിധത്തില്‍ 7 കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതു കൂടാതെ കുടുംബശ്രീ ഇതിനകം 98 ഡി റ്റി പി സെന്ററുകള്‍ സംസ്ഥാന വ്യാപകമായി രൂപികരിച്ചിട്ടുണ്ട്. ഇതിലൂടെ അഭ്യസ്തവിദ്യരായ യുവതികള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്.

 

പുനരധിവാസ പദ്ധതി- ദരിദ്രരില്‍ ദരിദ്രരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് ആശ്രയ. ഈ പദ്ധതിപ്രകാരം സംസ്ഥാനത്ത് 49,080 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

 

മൈക്രോഹൌസിംഗ് - ഭവനശ്രീ  സംസ്ഥാനത്തെ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും ഭവന രഹിതരായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണത്തിന് വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് മൈക്രോ ഹൌസിംങ്. 30000/- രൂപ മുതല്‍ 50000/- രൂപ വരെ 7.25% പലിശ നിരക്കില്‍ 120 പ്രതിമാസ തവണകളായി തിരിച്ചടയ്ക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഈ പദ്ധതി സംസ്ഥാന തല ബാങ്കേഴ്സ് സമിതി അംഗീകരിക്കുകയും ബാങ്കുകളോട് പദ്ധതി നടപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഭവനശ്രീ വായ്പയ്ക്കായി 49874 പേര്‍ ഇതിനകം മുന്നേട്ടു വന്നിട്ടുണ്ട്.

 

ബാലസഭ അടുത്ത തലമുറയിലേക്ക് ദാരിദ്ര്യത്തിന്റെ വ്യാപനം തടയുന്നതിന് കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും ഊന്നല്‍ നല്‍കികൊണ്ട് ബാലസഭകള്‍ രൂപീകരിച്ചുവരുന്നു. വിദ്യാഭ്യാസത്തിനും വിനോദത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്ന ബാലസഭകളിലൂടെ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിടുന്നു. സംസ്ഥാനത്ത് ഇതിനകം 441846 കുട്ടികള്‍ അംഗങ്ങളായ 24645 ബാലസഭകള്‍ രൂപീകരിച്ചിട്ടുണ്ട്. മധ്യവേനല്‍ അവധി ക്ളാസ്സുകള്‍ - 8, 9,10 ക്ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ശാസ്ത്രം, ഗണിതം, ഇംഗ്ളീഷ് എന്നീ വിഷയങ്ങളില്‍ കൂടുതല്‍ അറിവ് നേടുന്നതിനും, പരീക്ഷകള്‍ അനായാസേന വിജയിക്കുന്നതിനും സഹായിക്കുന്ന രീതിയില്‍ നഗരസഭകള്‍ കേന്ദ്രീകരിച്ച് മധ്യവേനല്‍ അവധി ക്ളാസ്സുകള്‍ സംഘടിപ്പിച്ചു വരുന്നു.

 

സ്പെഷ്യല്‍ സ്കൂള്‍- ശാരീരിക - ബൌദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ ശാസ്ത്രീയമായി പുനരധിവസിപ്പിക്കാന്‍ ആരംഭിച്ച പ്രത്യേക സ്കൂളാണ് ‘ബഡ്സ്’. സംസ്ഥാനത്ത് ഇന്ന് 10 ബഡ്സ് സ്കൂളുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

 

സാന്ത്വനം- ആരോഗ്യരംഗത്തെ കുടുംബശ്രീയുടെ ഭാവനാപൂര്‍ണ്ണമായ പദ്ധതിയാണ് സാന്ത്വനം. മാറിവരുന്ന ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്നരോഗങ്ങളായ രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവ സ്വന്തം വീടുകളില്‍ സമയാസമയം പരിശോധിക്കുന്നതിനുളള സാഹചര്യം സൃഷ്ടിക്കുകയാണ് ‘സാന്ത്വനം’ എന്ന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.

 

ഉല്പാദന വിപണന ശൃംഖല- കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളില്‍ നിന്നും ബൃഹദ് പദ്ധതികളിലേയ്ക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ‘സമഗ്ര’ ആവിഷ്കരിച്ചിരിക്കുന്നത്. നിലവിലുളള സംരംഭങ്ങള്‍ കൂടുതല്‍ വരുമാനദായകമാക്കി തീര്‍ക്കുന്നതിനും, കൂടുതല്‍ തൊഴിലും വരുമാനവും പ്രദാനം ചെയ്യുന്നതിനും ‘സമഗ്ര’ പ്രയോജനപ്പെടുന്നു. പ്രാദേശിക ഉല്പാദന വിപണന ശൃംഖല സൃഷ്ടിക്കുകയെന്നതാണ് ‘സമഗ്ര’ യുടെ ലക്ഷ്യം.

 

പ്രാദേശിക സാമ്പത്തിക വികസനം- 2006 ഒക്ടോബറില്‍ കേരളത്തിലെ വിവിധ സൂക്ഷ്മ സംരംഭങ്ങളെക്കുറിച്ച് കുടുംബശ്രീ നടത്തിയ പഠനത്തിന്റെയും വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തില്‍ സംരംഭങ്ങളുടെ വികസനത്തിന് ത്രിതല പഞ്ചായത്തുകളുടെ പിന്തുണ ഉറപ്പാക്കുന്നതിനുവേണ്ടി പ്രാദേശിക സാമ്പത്തിക വികസനം എന്ന ആശയം മുന്‍നിര്‍ത്തി സംസ്ഥാനാടിസ്ഥാനത്തില്‍ പരിശീലനം നടത്തി. വിവിധ തലത്തിലുളള ജനപ്രതിനിധികളെയും സി.ഡി.എസ് പ്രതിനിധികളെയും ജീവനക്കാരെയും പരിശീലിപ്പിച്ചു. സംസ്ഥാനാടിസ്ഥാനത്തില്‍ 2725 പേര്‍ പരിശീലനം നേടി. ബ്ളോക്ക് അടിസ്ഥാനത്തില്‍ 129 പരിശീലന കേന്ദ്രങ്ങളിലായി 13,512 പ്രവര്‍ത്തകരെ പരിശീലിപ്പിച്ചു.

 

ഫിനിഷിംഗ് സ്കൂള്‍- അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടുന്നതിന് സഹായിക്കുന്ന വിധത്തില്‍ അവരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്ന പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനായി കേന്ദ്രഗവണ്‍മെന്റ് (ഗ്രാമവികസന മന്ത്രാലയം) പ്രത്യേക എസ്.ജി.എസ്.വൈ പദ്ധതിക്ക് അനുമതി നല്‍കി. 2.50 കോടി രൂപ മതിപ്പു ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി സംസ്ഥാനത്തെ 10 ജില്ലകളില്‍ രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്.

ക്ലീന്‍ കേരള മിഷന്‍

മാലിന്യങ്ങള്‍ നഗരങ്ങളിലെ വീടുകളില്‍ നിന്നും ശേഖരിച്ച് ഡംപിങ് യാഡുകളിലെത്തിക്കുന്നതും കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് തൊഴിലവസരം നല്കുന്നതുമായ ഒരു പദ്ധതിയാണിത്. 15 സ്ത്രീകളടങ്ങുന്ന ഓരോ ഡി.ഡബ്ല്യു.സി.യു.എ ഗ്രൂപ്പിലും 3 ടിപ്പര്‍ ആട്ടോകള്‍ ഉണ്ടാകും. 5 പേരടങ്ങുന്ന 3 സബ് ഗ്രൂപ്പുകളാണ് വീടുകളില്‍ നിന്നും പ്രതിമാസം 30 രൂപ നിരക്കില്‍ ദിവസേന മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ടിപ്പര്‍ ഓട്ടോകള്‍ക്ക് ബാങ്ക് വായ്പ ലഭിക്കുന്നതാണ്. ഫീസായിട്ട് ലഭിക്കുന്ന സംഖ്യ വായ്പാ തിരിച്ചടവിനും ഇവരുടെ ചെലവിനുമായിട്ടാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള 5 മാലിന്യനിര്‍മ്മാര്‍ജ്ജന യൂണിറ്റുകള്‍ തിരുവനന്തപുരം നഗരസഭയില്‍ ആരംഭിക്കുകയുണ്ടായി. പരിസ്ഥിതി മലിനീകരണമില്ലാത്ത, പൊതുശുചിത്വമുളള മാലിന്യരഹിതമായ ഒരു സുന്ദര കേരള സൃഷ്ടിയാണ് മിഷന്റെ ഉദ്ദേശ്യലക്ഷ്യം. ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങളുടെ എണ്‍പത് ശതമാനമെങ്കിലും പുനരുപയോഗത്തിനും പുന:ചംക്രമണത്തിനും വിധേയമാക്കി ഉത്പന്നമാക്കുന്ന സ്ഥിതിയുണ്ടാക്കുക, പൊതുവില്‍ മാലിന്യങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതിനുള്ള മനോഭാവം വളര്‍ത്തുക തുടങ്ങിയവയും മിഷന്റെ ലക്ഷ്യമാണ്. ഇതിനുവേണ്ടി മാലിന്യപരിപാലനത്തിന് പ്രാദേശിക ഭരണസ്ഥാപനങ്ങളെ ശാസ്ത്രീയവും സാങ്കേതികവുമായി സഹായിക്കുക, നാടിന് അനുയോജ്യമായ മാലിന്യ സംസ്ക്കരണ സാങ്കേതികവിദ്യ പ്രചരിപ്പിക്കുക, വിവിധ മാലിന്യ പരിപാലന പരിപാടികള്‍ ഏകോപിപ്പിക്കുക, മാലിന്യ പരിപാലന സംരംഭങ്ങളില്‍ ഏര്‍പ്പെടുന്ന സമൂഹത്തേയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുക, കേരളത്തെ മാലിന്യരഹിതസംസ്ഥാനമാക്കി മാറ്റുന്നതിന് യത്നിക്കുക, മാലിന്യ പരിപാലനത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക, പ്രാദേശിക പരിസ്ഥിതിപോഷണം സാധ്യമാക്കുക തുടങ്ങിയ നടപടികളാണ് ക്ലീന്‍ കേരള മിഷന്‍ സ്വീകരിച്ചിരിക്കുന്നത്. ക്ലീന്‍ കേരള മിഷന്‍ 2004 ജനുവരിയില്‍ രൂപീകരിച്ചു. മിഷന്റെ പ്രവര്‍ത്തന മേല്‍നോട്ടത്തിനായി  മുഖ്യമന്ത്രി അദ്ധ്യക്ഷനായും, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഉപാദ്ധ്യക്ഷനായും ഒരു 11 അംഗ മന്ത്രിസഭാ ഉപസമിതിയും, സംസ്ഥാന ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായും തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി കണ്‍വീനറായും ഒരു 14 അംഗ സെക്രട്ടറിതല ഉന്നതാധികാര സമിതിയും, ക്ലീന്‍ കേരള മിഷന്‍ ഡയറക്ടര്‍ കണ്‍വീനറായി ഒരു 8 അംഗ കര്‍മ്മ സമിതിയും പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയാണ് ഇപ്പോള്‍ ക്ലീന്‍ കേരളാ മിഷന്റെ ചീഫ്. ക്ലീന്‍ കേരള മിഷന്റെ ഓഫീസ് തിരുവനന്തപുരത്ത് വഴുതയ്ക്കാടുള്ള സ്റ്റേറ്റ് മുനിസിപ്പല്‍ ഹൌസില്‍ പ്രവര്‍ത്തിക്കുന്നു.

വിലാസം:- ക്ലീന്‍ കേരളാ മിഷന്‍‍ , എല്‍ എം എസ് ജംഗ്ഷന്‍ , തിരുവനന്തപുരം ഫോണ്‍:-04713295350.

ഫാക്സ്:-0471-2325730

മാലിന്യ മുക്ത കേരളം

2006 ഒക്ടോബര്‍ 2 മുതല്‍ സംസ്ഥാനത്തെ മാലിന്യവിമുക്തമാക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യമുക്ത കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പ്രത്യേക കര്‍മ്മസമിതികള്‍ രൂപീകരിച്ച് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. മാലിന്യമുക്ത കേരളം പരിപാടിയുടെ രണ്ടാംഘട്ടം എന്ന നിലയ്ക്ക് മാലിന്യമുക്ത കേരളം പരിപാടിയുടെ കര്‍മ്മരേഖ രാഷ്ട്രപതി ശ്രീമതി. പ്രതിഭാ പാട്ടീല്‍, കേരളപ്പിറവി ദിനമായ 2007 നവംബര്‍ 1 ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. 11-ാം പഞ്ചവത്സര പദ്ധതിയുടെ അവസാനത്തോടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. ആരോഗ്യകേരളം, മാലിന്യമുക്ത കേരളം പദ്ധതികള്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് തദ്ദേശസ്ഥാപനതലത്തില്‍ ഏകോപിപ്പിച്ചു വരുകയാണ്. മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായ, പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പൂര്‍ണ്ണമായും നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നു. പ്ലാസ്റ്റിക്കിന് ബദലായി തുണി, പേപ്പര്‍ ബാഗുകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുജനങ്ങള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം ഈ പരിപാടിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ്.       

തെങ്ങുകയറ്റ പരിശീലനം

ഗ്രാമീണ യുവാക്കള്‍ക്ക് തെങ്ങുകയറ്റ പരിശീലനത്തിലൂടെ പുതിയ തൊഴില്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദരിദ്ര കുടുംബങ്ങളിലെ യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനും തെങ്ങ് കര്‍ഷകരെ സഹായിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു തൊഴില്‍ സംരംഭമാണിത്. ഏകദേശം 40 അടി ഉയരം വരുന്ന തെങ്ങ് 2-3 മിനിട്ടുകൊണ്ട് കയറുന്നതിന് സഹായിക്കുന്ന ഉപകരണം ഉപയോഗിച്ച് തെങ്ങുകയറ്റം അനായാസേന കഴിയുമെന്നതിനാല്‍ ഈ ഉപകരണം ഉപയോഗിച്ച് പ്രതിദിനം കുറഞ്ഞത് 100 തെങ്ങുകള്‍ കയറാന്‍ കഴിയും. കൊച്ചിയിലും, തൃശൂരിലും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ട്രെയിനിംഗ് സെന്ററിലും പരിശീലനം നല്‍കി വരുന്നു. ഇതിനകം അനവധി പേര്‍ക്ക് പരിശീലനം നല്കിയിട്ടുണ്ട്. പരിശീലനത്തിനുശേഷം അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന തെങ്ങു കയറ്റ യന്ത്രം ഇവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിവരുന്നു.

സാമൂഹ്യമുന്നേറ്റം

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

ദുര്‍ബല വിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും, കഷ്ടതകളും നിര്‍മ്മാജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നഗരസഭാവികസന രേഖ 1997-1998 ല്‍ തയ്യാറാക്കുകയുണ്ടായി. തുടര്‍ന്നു ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനും  ഒട്ടേറെപദ്ധതികള്‍ നഗരസഭ നടപ്പാക്കുകയുണ്ടായി. ദാരിദ്ര്യത്തിന്റെ ക്ളേശഘടകങ്ങളായ ഭൂമി ഇല്ലായ്മ, പാര്‍പ്പിടമില്ലായ്മ, പാര്‍പ്പിടശോച്യാവസ്ഥ, കുടിവെള്ളമില്ലായ്മ, വൈദ്യുതി ലഭ്യമല്ലാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ കഴിയുന്നത്ര ലഘൂകരിക്കുന്നതിനുള്ള പദ്ധതികളായിരുന്നു ആസൂത്രണം ചെയ്തത്. സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനുളള സ്ത്രീശാക്തീകരണ പദ്ധതികള്‍ക്കും, മൈക്രോ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള സഹായങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ചേരിപ്രദേശങ്ങളിലെ  അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും എണ്ണമറ്റ പദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കി. ജനകീയാസൂത്രണ പ്രസ്ഥാനം വഴി 1998-1999 ല്‍ ഒമ്പതാം പഞ്ചവത്സര പദ്ധതി രൂപീകരണ സമയത്ത് തിരുവനന്തപുരം നഗരസഭയില്‍ 25000 - ത്തോളം  കുടുംബങ്ങളിലായി   125000 പേര്‍ ദാരിദ്യ്രരേഖയക്ക് താഴെയുളളവരായി കണ്ടെത്തിയിരുന്നു. ഇവരില്‍ കുടുതല്‍ പേരും നഗരത്തിലെ 53 ചേരിപ്രദേശങ്ങളിലും 12 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലുമായി തിങ്ങിപ്പാര്‍ക്കുന്നവരും ബാക്കിയുളളവര്‍ നഗരജനസംഖ്യയില്‍ ലയിച്ചു വസിക്കുന്നവരുമായിരുന്നു. ഇവരില്‍ നല്ലൊരു വിഭാഗം സി.ഡി.എസ് - ന്റെ കിഴീല്‍ അയല്‍ക്കൂട്ടങ്ങളായി സംഘടിപ്പിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും എല്ലാ ബി.പി.എല്‍ കുടുംബങ്ങളെയും ഉള്‍ക്കൊളളാന്‍ ഈ സംഘടനാ സംവിധാനവും  അപര്യാപ്തമായിരുന്നു. നഗരത്തിലെ വിവിധ വാര്‍ഡുകളില്‍ ഒരു വര്‍ഷം നാലുതവണ വാര്‍ഡുസഭകളും, വാര്‍ഡു കമ്മിറ്റികളും ചേര്‍ന്നു വികസന പദ്ധതികള്‍ക്ക് രൂപം നല്‍കി. നഗര സഭാതലത്തില്‍ ആസൂത്രണ നിര്‍വ്വഹണ മോണിറ്ററിംഗ് സമിതികളുണ്ടായി. വാര്‍ഡുതലത്തില്‍  ഉപസമിതികളും നിര്‍വ്വഹണ ഗുണഭോക്തൃസമിതികളുമുണ്ടായി. മഹിളാനിധികളും അയല്‍ക്കുട്ടങ്ങളും കുടുംബശ്രീ പരിപാടികളും നിലവില്‍വന്നു. പ്രാദേശിക വികസനത്തിന്റെ ആസൂത്രണനിര്‍വ്വഹണ പ്രക്രിയയില്‍ വമ്പിച്ച ജനപങ്കാളിത്തം ഉറപ്പാക്കി. 9- ാം പദ്ധതിയില്‍ രൂപം കൊണ്ട ജനകീയാസൂത്രണ പരിപാടി 10- ാം പദ്ധതിയില്‍ ഭേദഗതികളോടെ കേരള വികസന പദ്ധതി എന്ന പേരില്‍ നിലവില്‍ വന്നു.

വനിതാ - ശിശുക്ഷേമം

തിരുവനന്തപുരം നഗരത്തില്‍ വനിതകളുടെ സാക്ഷരത 85.2% ആണ്.  പ്രീഡിഗ്രി വിദ്യാര്‍ത്ഥികളില്‍ 54%, ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ 60%, ബിരുദാനന്തരബിരുദ പഠനത്തിന് 64% പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്.  വനിതാ വിദ്യാഭ്യാസത്തിന് അനുകൂലമായ ഒട്ടേറെ സ്ഥാപനങ്ങള്‍ നഗരത്തിലുണ്ട്.   തിരുവനന്തപുരം നഗര

കേരള  സംസ്ഥാന ശിശുക്ഷേമസമിധി

 

ത്തിലെ ജനസംഖ്യ 2001 സെന്‍സസ് പ്രകാരം 744983 ആണ്.  ആകെ തൊഴിലെടുക്കുന്നവര്‍ 2.48 ലക്ഷവും ഇതില്‍ പുരുഷന്‍മാര്‍ 1.88 ലക്ഷവും സ്ത്രീകള്‍ 0.6 ലക്ഷവുമാണ്.  തൊഴിലെടുക്കാത്ത സ്ത്രീകളുടെ എണ്ണം 3.18 ലക്ഷവുമാണ്.  (ഭാഗിക തൊഴിലുകള്‍ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല). വര്‍ഷത്തില്‍ പകുതി ദിവസമെങ്കിലും തൊഴിലെടുക്കുന്നവരെയാണ് മുഖ്യതൊഴിലെടുക്കുന്നവരായി കണക്കാക്കുന്നത്.  വര്‍ഷത്തില്‍ പകുതി ദിവസം പോലും തൊഴില്‍ ലഭിക്കാത്തവരാണ് ഭാഗികമായി തൊഴിലെടുക്കുന്നവര്‍. പ്രതിമാസ ശമ്പളം ലഭിക്കുന്ന ജോലി എടുക്കുന്നവരില്‍ ഒരു ചെറിയ ശതമാനം മാത്രമേ സ്ത്രീകള്‍ വരുന്നുളളൂ.  കൂലിപ്പണിക്കാരില്‍പ്പോലും ഭൂരിപക്ഷം സ്ത്രീകളില്ല.  എന്നാല്‍ സ്വന്തം ഉപയോഗത്തിനുള്ള കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നവരില്‍ 50% സ്ത്രീകളാണ്.  വീട്ടാവശ്യത്തിനുള്ള കോഴി വളര്‍ത്തല്‍, പശു വളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയില്‍ ഏര്‍പ്പെടുന്നവരില്‍ 80% സ്ത്രീകളാണ്.  ശുദ്ധ വീട്ടുപണികളായ പാചകം, അലക്ക്, വീട് ശുചീകരണം എന്നിവയും വിറകുശേഖരണം, അടുക്കളത്തോട്ടം, കാര്‍ഷികോല്‍പ്പന്ന സംസ്ക്കരണം തുടങ്ങിയ ഒട്ടേറെപ്പണികളും ചെയ്യുന്നവരില്‍ 96% സ്ത്രീകളാണ്.  തിരുവനന്തപുരം നഗരസഭയുടെ അധീനതയില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച സ്ഥാപനമാണ് വനിതാ തൊഴില്‍ പരിശീലനകേന്ദ്രം, കണ്ണമ്മൂല., . പ്രസ്തുത സെന്ററില്‍ വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വേണ്ടിയുളള തയ്യല്‍, എംബ്രോയിഡറി, സ്ക്രീന്‍ പ്രിന്റിംഗ്, കരകൌശലം എന്നീ പരിശീലന പരിപാടികള്‍ നടത്തി വരുന്നു. പാല്‍കുളങ്ങര, പെരുന്താന്നി, കളിപ്പാന്‍കുളം, ചാക്ക, പേട്ട, വലിയതുറ, ശംഖുംമുഖം, ആറ്റുകാല്‍, വെട്ടുകാട്, അമ്പലത്തറ, പൂന്തുറ, തൃക്കണ്ണാപുരം, കാഞ്ഞിരംപാറ, വട്ടിയൂര്‍ക്കാവ്, കരമന, സെക്രട്ടറിയേറ്റ്, കമലേശ്വരം, കണ്ണമ്മൂല, ബാര്‍ട്ടണ്‍ ഹില്‍, ബീമാപളളി എന്നിവിടങ്ങളിലാണ് നഗരസഭയുടെ മാതൃ-ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സാണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥ.

കേരളാ സ്റേറ്റ് ജവഹര്‍ ബാലഭവന്‍

ഭാരത സര്‍ക്കാരിന്റെ നാഷണല്‍ ബാലഭവനുമായി അഫിലിയേറ്റ് ചെയ്തിട്ടുളള ഒരു കേരള സര്‍ക്കാര്‍ സംരഭമാണ് തിരുവനന്തപുരത്ത് കനകക്കുന്നില്‍ സ്ഥിതി ചെയ്യുന്ന കേരള സ്റേറ്റ് ജവഹര്‍ജവഹര്‍  ബാലഭവന്‍

 

ബാലഭവന്‍. ഇവിടെസര്‍ഗ്ഗകലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനു മുന്‍തൂക്കം നല്‍കിക്കൊണ്ടും സി.ബി.എസ്.ഇ. പാഠ്യപദ്ധതി ഉള്‍ക്കൊളളിച്ചുകൊണ്ടുമുളള എല്‍.കെ.ജി, യു.കെ.ജി. ഇംഗ്ളീഷ്/മലയാളം മീഡിയം നഴ്സറി  ക്ളാസ്സുകള്‍ സംഘടിപ്പിക്കുന്നു. രണ്ടു വയസ്സുളള കുഞ്ഞുങ്ങള്‍ക്ക് ഡേ-കെയര്‍ സെന്ററിലും, മൂന്നു വയസ്സുളള കുഞ്ഞുങ്ങള്‍ക്ക് എല്‍.കെ.ജി. ക്ളാസ്സിലും നാലു വയസ്സുളള കുഞ്ഞുങ്ങള്‍ക്ക് യു.കെ.ജി.യിലും പ്രവേശനം നല്‍കുന്നു. രണ്ടാം ശനിയാഴ്ചകളും പൊതു അവധി ദിവസങ്ങളും ഒഴികെയുളള എല്ലാ ദിവസങ്ങളിലും രാവിലെ 8.30 മുതല്‍ വൈകുന്നരം 5.30 വരെയും, വൈകുന്നരങ്ങളില്‍ മാത്രമായും കുഞ്ഞുങ്ങളെ സംരക്ഷിക്കാനും കളിപ്പിക്കാനും പ്രത്യേക “ആയാ സര്‍വ്വീസ്” നടത്തുന്നു. സി.ബി.എസ്.ഇ. സ്കൂളുകളില്‍ ഒന്നാം സ്റാന്‍ഡേര്‍ഡ് പ്രവേശനം ലക്ഷ്യമാക്കിയുളള പാഠ്യപദ്ധതിയാണ് നിലവിലുളളത്. കുഞ്ഞുങ്ങളിലെ സര്‍ഗ്ഗ-കലാവാസനകള്‍ കണ്ടെത്താനും അവയെ പരിപോഷിപ്പിക്കാനും, ഉതകുന്ന തരത്തില്‍ നൃത്തം, സംഗീതം, ചിത്രരചന, പെയിന്റിംഗ്, കളിമണ്‍ ശില്പനിര്‍മ്മാണം തുടങ്ങിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആയാസരഹിതവും ഉല്ലാസകരവുമായ പഠനക്രമം, കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായ പരിചരണം, ഓരോ കുഞ്ഞിനും പ്രത്യേക ശ്രദ്ധ എന്നിവയാണ് ബാലഭവന്റെ പ്രവര്‍ത്തന ലക്ഷ്യം.

കുട്ടികള്‍ക്കായുള്ള അനാഥ മന്ദിരങ്ങള്‍

ശ്രീചിത്രാഹോം

ശ്രീചിത്രാഹോം-വഞ്ചിപുവര്‍ ഫണ്ട്:

1934 ല്‍ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവാണ് ശ്രീചിത്രാഹോം സ്ഥാപിച്ചത്. ചിത്രാഹോമും പുവര്‍ ഫണ്ടും സര്‍ക്കാരിന്റെയും ഉദാരമതികളുടേയും സഹായ സഹകരണങ്ങള്‍ കൊണ്ടാണ് പ്രവര്‍ത്തിച്ചു പോരുന്നത്.്. ശ്രീചിത്രാഹോമില്‍ അന്തേവാസികളായ കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതോടൊപ്പം വിവിധ തരം തൊഴില്‍ പരിശീലനങ്ങളിലും ഏര്പ്പെടുന്നു.. അവയില്‍ നിന്നും ലഭിക്കുന്ന പരിമിതമായ വരുമാനം അന്തേവാസികള്‍ അവരവരുടെ പേരില്‍ നിക്ഷേപിക്കുന്നു.  

 അമ്മത്തൊട്ടില്‍

അമ്മത്തൊട്ടില്‍

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴില്‍ 2002 നവംബര്‍ 14 ന് തുടക്കം കുറിച്ച ‘അമ്മത്തൊട്ടില്‍’ തൈയ്ക്കാടാണ് സ്ഥിതി ചെയ്യുന്നത്. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ സംരക്ഷിച്ച് വളര്‍ത്തുന്ന സംവിധാനമാണ് അമ്മത്തൊട്ടില്‍്. ദത്തെടുക്കാന്‍ താല്പര്യമുളള ദമ്പതികള്‍ക്ക് ഇവിടെ രജിസ്റര്‍ ചെയ്യുന്നതിലൂടെ കുട്ടികളെ ദത്തു നല്‍കുന്നു. രജിസ്റര്‍ ചെയ്യുന്നതിലെ മുന്‍ഗണനാക്രമം അനുസരിച്ചാണ് ദത്തു നല്‍കുന്നത്. . കൌണ്‍സിലിന്റെ സ്വന്തം ഫണ്ടും ശിശുഗൃഹ ഫണ്ടും മുഖേനയാണ് അമ്മത്തൊട്ടില്‍ നടത്തിക്കൊണ്ടുപോകുന്നത്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ :   2324932, 2324939

സാമൂഹ്യ സുരക്ഷിതത്വം

ദുര്‍ബല വിഭാഗക്കാര്‍, വികലാംഗര്‍, വനിതകള്‍, ശിശുക്കള്‍ എന്നീ പ്രത്യേക വിഭാഗങ്ങളുടെ ക്ഷേമവും, ദുര്‍ഗുണപരിഹാരം, സാമൂഹിക സുരക്ഷിതത്വം തുടങ്ങിയവയുമാണ് സാമൂഹ്യ ക്ഷേമത്തിലൂടെ ലക്ഷ്യമിടുന്ന പ്രധാന ധര്‍മ്മങ്ങള്‍.  ശിശുക്കള്‍ക്കായുള്ള സമഗ്രവികസന പദ്ധതി ചാക്ക, പനവിള, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലുള്ള പ്രസക്ത കേന്ദ്രങ്ങളിലൂടെ പ്രാവര്‍ത്തികമാക്കിവരുന്നു.  കൂടാതെ തിരുവനന്തപുരം താലൂക്ക് പ്രദേശത്താകെ തന്നയും പ്രത്യേക പോഷകപരിപാടി നടപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ 80% ത്തിലധികം ജനങ്ങള്‍ ജലവിതരണ സൌകര്യം അനുഭവിക്കുന്നവരാണ്.  നഗരത്തിനുള്ളില്‍ പര്യാപ്തമായ രീതിയില്‍ ജലവിതരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.  അഭയ,മിത്രനികേതന്‍ തുടങ്ങി സന്നദ്ധ സംഘടനകള്‍ സാമൂഹ്യ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചു വരുന്നു.  9-ാം പഞ്ചവത്സര പദ്ധതിയില്‍ വനിതാക്ഷേമം, മത്സ്യത്തൊഴിലാളി ക്ഷേമം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു.  സാമൂഹ്യക്ഷേമ വകുപ്പ് നേരിട്ടു നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പുഷ്ടിപ്പെടുത്തുകയും നഗരത്തിലെ സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഈ സ്ഥാപനങ്ങളുടെ സേവനം ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് സമൂഹത്തിലെ അശരണരും, അനാഥരും, ആലംബഹീനരുമായ 13 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ അബലാ മന്ദിരം.  25 പേര്‍ക്ക് പ്രവേശനമുണ്ട്.  എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുന്നു.  അബലാമന്ദിരം, റെസ്ക്യൂ ഹോം, എന്നിവിടങ്ങളില്‍ നിന്നും വിടുതല്‍ ചെയ്തു വരുന്നവരുടെ സംരക്ഷണത്തിനും, പുനരധിവാസത്തിനുമായി ആഫ്റ്റര്‍ കെയര്‍ ഹോസ്റല്‍, മുടവന്‍മുഗള്‍ പ്രവര്‍ത്തിക്കുന്നു.  50 പേര്‍ക്ക് താമസ സൌകര്യമുണ്ട്. എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുന്നു.  16 വയസ്സിന് മുകളിലുള്ള വികലാംഗരും അനാഥരുമായ വനിതകളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമാക്കി സ്ത്രീകള്‍ക്കായുള്ള വികംലാംഗ സദനം, പനവിള, പ്രവര്‍ത്തിക്കുന്നു.  ഇവിടെ 25 പേര്‍ക്ക് താമസ സൌകര്യമുണ്ട്. മാനസികമായി വികാസം പ്രാപിക്കാത്ത കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും ക്ഷേമവും ഉദ്ദേശിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനം നഗരാതിര്‍ത്തിക്ക് സമീപം പാങ്ങപ്പാറയിലാണ് സ്ഥിതി ചെയ്യുന്നത്. 50 കുട്ടികള്‍ക്ക് പ്രവേശനമുണ്ട്.  ദുര്‍ബ്ബല വിഭാഗത്തില്‍പ്പെട്ട അനാഥരും അവശരും അംഗ വൈകല്യമുള്ളവരും ജയില്‍ മോചിതരുമായ 21 വയസ്സു കഴിഞ്ഞ അനാഥര്‍ക്കും കെയര്‍ ഹോം, ചാക്ക സംരക്ഷണം നല്‍കുന്നു.  55 വയസ്സ് തികഞ്ഞ വികലാംഗരായ സ്ത്രീ പുരുഷന്‍മാര്‍ക്കും പ്രവേശനമുണ്ട്.  മുഴവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുന്നു.ആശാഭവനം ചിത്തരോഗ വിമുക്തരായ, സംരക്ഷിക്കാനാളില്ലാത്ത 55 വയസ്സ് കഴിഞ്ഞ സ്ത്രീകളെയും 65 വയസ്സ് കഴിഞ്ഞ പുരുഷന്‍മാരെയും പ്രവേശിപ്പിക്കുന്നു. തിരുവനന്തപുരം നഗരസഭയുടേയും സത്യസായി ഓര്‍ഫണേജ് ട്രസ്റിന്റേയും സംയുക്ത സംരഭമാണ് ‘സാക്ഷാല്‍ക്കാരം’ എന്ന യാചക പുനരധിവാസ കേന്ദ്രം. നഗരത്തിലെ ഭിക്ഷാടനം നിര്‍മ്മാര്‍ജ്ജനം ചെയ്യുക, ഭിക്ഷാടകരെ പുനരധിവസിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2006 ജൂണ്‍ മാസം 15-ാം തീയതിയാണ് ഈ പദ്ധതി നിലവില്‍ വന്നത്. 23 പുരുഷന്‍മാരും 17 സ്ത്രീകളും ഉള്‍പ്പെടെ 40 അന്തേവാസികളാണ് ഇപ്പോള്‍ ഇവിടെയുളളത്.

സംരക്ഷണ മന്ദിരങ്ങള്‍

യാചക പുനരധിവാസ കേന്ദ്രം

യാചക പുനരധിവാസ കേന്ദ്രം

 

തിരുവനന്തപുരം നഗരസഭയുടേയും സത്യസായി ഓര്‍ഫനേജ് ട്രസ്റിന്റേയും സംയുക്ത സംരഭമാണ് ‘സാക്ഷാല്‍ക്കാരം’ എന്ന യാചക പുനരധിവാസ കേന്ദ്രം. നഗരത്തിലെ ഭിക്ഷാടനം നിര്‍മ്മാര്‍ജ്ജനം ചെയ്യുക, ഭിക്ഷാടകരെ പുനരധിവസിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2006 ജൂണ്‍ മാസം 15-ാം തീയതിയാണ് ഈ പദ്ധതി നിലവില്‍ വന്നത്. 23 പുരുഷന്‍മാരും 17 സ്ത്രീകളും ഉള്‍പ്പെടെ 40 അന്തേവാസികളാണ് ഇപ്പോള്‍ ഇവിടെയുളളത്.

 

കെയറിംഗ് ഇന്ത്യ-പകല്‍വീട്

കെയറിംഗ്  ഇന്ത്യ-പകല്‍വീട്

അരക്ഷിതത്വവും ഏകാന്തതയുമാണ് വാര്‍ദ്ധക്യത്തിന്റെ കൂട്ടുകാര്‍. വീട്ടിലെ വൃദ്ധ മാതാപിതാക്കളെ ശ്രദ്ധിക്കാന്‍ കഴിയാതെ പോയപ്പോള്‍ ‘ഉയര്‍ന്നു വന്ന സങ്കല്പമാണ് -പകല്‍വീട്’ ‘വൃദ്ധസദനമെന്ന ആശയമല്ല പകല്‍വീടിനുളളത്. വൃദ്ധസദനത്തില്‍ രാവും പകലും പ്രായമായവരെ വിട്ടുപോവുകയാണ് ബന്ധുക്കള്‍ ചെയ്യുന്നത്. എന്നാല്‍ ‘പകല്‍വീട്’ സ്വന്തം വാഹനത്തില്‍ പോയി അംഗങ്ങളെ അവരുടെ വീടുകളില്‍ നിന്ന് കൊണ്ടു വരുന്നു. വൈകുന്നരം ഉദ്യോഗത്തിന് പോയിരിക്കുന്ന മക്കളും മറ്റും തിരിച്ചു വരുമ്പോള്‍ ആ സന്തോഷാന്തരീക്ഷത്തിലേക്ക് അവരെ മടക്കികൊണ്ടുവരികയും ചെയ്യുന്നു.പകലിന്റെ വിരസത ഒഴിവാക്കുക, മെച്ചപ്പെട്ട ശ്രദ്ധ ലഭിക്കുക എന്നിവയാണ് പകല്‍വീട്ടിലൂടെ ലഭിക്കുന്നത്.മെഡിക്കല്‍ കോളേജിനടുത്തുളള പോങ്ങുംമൂട്ടില്‍ ഉളളൂര്‍ പഞ്ചായത്ത് ഓഫീസിനടുത്താണ് വൃദ്ധജനങ്ങള്‍ക്കായുളള പകല്‍വീട് സ്ഥിതി ചെയ്യുന്നത്.

പിന്നാക്ക വിഭാഗ ക്ഷേമവും വികസനവും

കേരളത്തിലെ 67 പട്ടികവിഭാഗങ്ങളില്‍ പുലയര്‍, കാണിക്കാര്‍, തണ്ടാര്‍, മണ്ണാന്‍ (വണ്ണാന്‍), സാംബവന്‍, കുറവന്‍, പറയന്‍ എന്നീ സമുദായങ്ങള്‍ നഗരാതിര്‍ത്തിക്കുള്ളില്‍ അധിവസിക്കുന്നു. ഇവരില്‍ പുലയസമുദായംഗങ്ങളാണ് എണ്ണത്തില്‍ അധികം. ജന്മിമാരുടെയും സമൂഹത്തിലെ ഉന്നതജാതിക്കാരുടെയും പാടങ്ങളിലും പറമ്പിലും മറ്റും രാപകല്‍ ഇവര്‍ പണിയെടുത്തിരുന്നു. കൂലിയായി ആദ്യകാലങ്ങളില്‍ വിശപ്പടക്കാനുള്ള കഞ്ഞി മാത്രമായിരുന്നു ലഭിച്ചിരുന്നത്.പില്‍ക്കാലത്ത് കൂലിയായി പുരുഷന്മാര്‍ക്ക് ഇടങ്ങഴി നെല്ലും (4 നാഴി) സ്ത്രീകള്‍ക്ക് 3 നാഴി നെല്ലും നല്‍കിയിരുന്നു. എന്നാല്‍ ചക്രം (നാണയം) നിലവില്‍ വന്നതോടെ പുരുഷന്മാര്‍ക്ക് ദിവസേന 2 ചക്രവും സ്ത്രീകള്‍ക്ക് 1 ചക്രവും നല്‍കിയിരുന്നു. അതിനുശേഷം പുരുഷന്മാര്‍ക്ക് 3 ചക്രവും സ്ത്രീകള്‍ക്ക് 2 ചക്രവുമായി മാറ്റി. മേല്‍പറഞ്ഞ സാമുദായിക വ്യവസ്ഥ നിലനില്‍ക്കേ ദളിത വിഭാഗത്തില്‍ ഉയര്‍ന്നുവന്ന സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു അയ്യന്‍കാളി. അദ്ദേഹം നെയ്യാറ്റിന്‍കര താലൂക്കിലെ കോട്ടുകാല്‍ വില്ലേജില്‍പ്പെട്ട വെങ്ങാനൂരില്‍ 1863 ല്‍ ആഗസ്റ് 28-ാം തീയതി ജനിച്ചു. ദളിതര്‍ക്ക് സഞ്ചാരസ്വാതന്ത്യ്രം നേടിക്കൊടുക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമലക്ഷ്യം. ഇതിനുവേണ്ടി ദളിതരെ സംഘടിപ്പിച്ച് തങ്ങള്‍ വെട്ടിത്തെളിച്ച പാതയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്യ്രം തങ്ങള്‍ക്കുണ്ട് എന്ന് ദളിതരെ അദ്ദേഹം ബോധ്യപ്പെടുത്തി തുടര്‍ന്നുണ്ടായ സമരങ്ങളുടെയും, ചെറുത്തു നില്‍പ്പിന്റേയും ഫലമായി 1900 ല്‍ കോടതി വിധിമൂലം ദളിതര്‍ക്ക് സഞ്ചാരസ്വാതന്ത്യ്രം നേടിക്കൊടുത്തൂ. 1903 ല്‍ മഹത്തായ വില്ലുവണ്ടി സമരം നയിക്കുകയും 1904 ല്‍ വെങ്ങാനൂരില്‍ മനുസ്മൃതിയുടെ ഹീനനിയമത്തെ ലംഘിച്ചുകൊണ്ട് ദളിതസമൂഹത്തിന് കുടിപള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു. 1905 ല്‍ സാധുജന പരിപാലന സംഘം രൂപീകരിച്ചു. ജോലിസ്ഥിരത, ന്യായമായ വേതനം, തൊഴിലില്‍ സമയക്ളിപ്തത എന്നിവ ലക്ഷ്യമാക്കി 1907 ല്‍ അദ്ദേഹം കര്‍ഷക സംഘം രൂപീകരിച്ചു. 1907 ല്‍ ദളിത സമൂഹത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനത്തിനുവേണ്ടി നയിച്ച സമരം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു പുലയക്കുട്ടിയെ ഊരൂട്ടമ്പലം സര്‍ക്കാര്‍ സ്ക്കൂളില്‍ പഠന പ്രവേശനത്തിനായി കൊണ്ടു പോകുകയും, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ടായിരുന്നിട്ടും ജന്മികള്‍ സംഘടിതമായി എതിര്‍ക്കുകയും ചെയ്തു. ചെറുത്തു നിന്ന പുലയരെ കൂട്ടത്തോടെ ജന്മികള്‍ ആക്രമിച്ചു. ജന്മിമാരുടെ താല്പര്യത്തിനുവേണ്ടി അവര്‍ അഴിച്ചുവിട്ട ലഹള പിന്‍കാലത്തെ പുലയലഹള എന്ന പേരില്‍ അറിയപ്പെടുന്നു. ദളിതവിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ കല്ലുമാല ധരിച്ചിരിക്കണം എന്ന മേലാളന്മാരുടെ വിധിക്കെതിരെ 1915 ല്‍ അദ്ദേഹം കല്ലുമാല ബഹിഷ്കരണ സമരം വിജയകരമായി സംഘടിപ്പിച്ചു. 1912 മുതല്‍ തുടര്‍ച്ചയായി 28 വര്‍ഷം അദ്ദേഹം ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്നു.

 

സ്വാതന്ത്യ്രസമരം ശക്തിപ്പെട്ടു വന്നപ്പോള്‍ സവര്‍ണ്ണരുടെ എതിര്‍പ്പുകളും ശക്തമായി. 1912 ലെ നെടുമങ്ങാടു ലഹളയില്‍ തുടങ്ങി ബാലരാമപുരം, കാവാലം, വെങ്ങാനൂര്‍, കണിയാപുരം, കഴക്കൂട്ടം, ചെന്നിത്തല എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന ലഹളകളും പ്രസിദ്ധമാണ്. മദ്യപിച്ച് മദോന്മത്തരായ സവര്‍ണ്ണര്‍ പട്ടികജാതിക്കാരെ ആക്രമിച്ചതിനെതിരെ നടന്ന പുല്ലാട്ട് ലഹള, അധ:കൃതരെ സംഘടിപ്പിച്ച് ദളിത വിഭാഗത്തിന്റെ ഉന്നമനത്തിനായി അയ്യങ്കാളിയുടെ കൂടെ പ്രവര്‍ത്തിച്ച ഗോപാലദാസ് എന്ന സവര്‍ണ്ണജാതിക്കാരനെ വധിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചു നടത്തിയ പെരിനാട് ലഹള എന്നിവയും സമരപരമ്പരകളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. തിരുവിതാംകൂര്‍ മഹാരാജാവിനെ ദര്‍ശിക്കാനായി അയ്യങ്കാളി പുത്തരിക്കണ്ടം മൈതാനിയില്‍ എത്തുകയും, മഹാരാജാവിനെ ദര്‍ശിക്കുകയും ചെയ്തതറിഞ്ഞ സവര്‍ണ്ണര്‍ മണക്കാട്ടുവെച്ച് അദ്ദേഹത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയുമുണ്ടായി. ഇതിനെതിരെ നടന്ന പ്രക്ഷോഭമാണ് മണക്കാട്ടു ലഹള.ഉള്ളൂര്‍ മേഖലയിലെ ആക്കൂളം കായലിനോടു ചേര്‍ന്നുള്ള കഴുകുംമൂട് എന്ന പ്രദേശം ആദ്യകാലങ്ങളില്‍ രാജാക്കന്മാര്‍ അവര്‍ണ്ണരെ കഴുമരത്തിലേറ്റുന്ന സ്ഥലമായി അറിയപ്പെട്ടിരുന്നു.മഹാത്മാഗാന്ധിയുടെ താല്‍പര്യപ്രകാരം സാമൂഹിക പരിഷ്കര്‍ത്താക്കളായ അയ്യങ്കാളി, നാരായണ ഗുരു എന്നിവരുടെ പ്രവര്‍ത്തനഫലമായി 1936 നവംബര്‍ 12-ാം തീയതി നടന്ന ക്ഷേത്രപ്രവേശന വിളംബരത്തോടുകൂടി അവര്‍ണ്ണര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം സാധ്യമായി.