പിടക്കോഴി കൂവരുത് !

Published on  09 Feb 2013

എം.എന്‍ കാരശ്ശേരി

അനിസ്‌ലാമികം എന്ന് ആണുങ്ങളോട് പറയാത്തവര്‍ പെണ്ണുങ്ങളോട് പറയും -പെണ്ണ് അടങ്ങിയൊതുങ്ങി വീട്ടിലിരുന്നാല്‍ മതി; ഒച്ച പുറത്ത് കേട്ടുപോകരുത്




വനിതകള്‍ക്കുനേരേ ഇന്ത്യയില്‍ നാനാവിധമായ അക്രമങ്ങള്‍ നടന്നുവരുന്നതിനിടയില്‍ ഇതാ, വടക്കുനിന്ന് അവര്‍ പാട്ടുപാടിക്കൂടാ എന്ന് ഇസ്‌ലാംമതത്തിന്റെ പേരില്‍ വിലക്ക് പുറപ്പെട്ടിരിക്കുന്നു! 'അനിസ്‌ലാമികം' എന്ന് ആണുങ്ങളോട് പറയാത്തവര്‍ പെണ്ണുങ്ങളോട് പറയും-പെണ്ണ് അടങ്ങിയൊതുങ്ങി വീട്ടിലിരുന്നാല്‍ മതി; ഒച്ച പുറത്ത് കേട്ടുപോകരുത്.

പൗരോഹിത്യത്തിന്റെ ഉത്പന്നമായ മതമൗലികവാദം പൊതുവേ എല്ലാ കലകള്‍ക്കും എതിരാണ്. അതിന് കലകളില്‍ ഉള്ളടങ്ങിക്കിടക്കുന്ന സ്വാതന്ത്ര്യദാഹം പൊറുപ്പിക്കാനാവില്ല. അവയില്‍ പുലര്‍ന്നുപോരുന്ന പാരമ്പര്യനിഷേധം അനുവദിക്കാനാവില്ല. അവയില്‍നിന്ന് പുറപ്പെട്ടുവരുന്ന ആനന്ദം അംഗീകരിക്കാനാവില്ല. രാജാവിന്റെയും പുരോഹിതന്റെയും പുരുഷന്റെയും എന്നുവേണ്ട, ആരുടെയും അധികാരത്തെ വെല്ലുവിളിക്കുന്ന ഏതോ ഒരംശം ഓരോ കലയിലും കുടിപാര്‍ക്കുന്നുണ്ട്.

ശ്രീനഗറില്‍നിന്നുള്ള വാര്‍ത്ത ഇതാണ്:

മുസ്‌ലിം പെണ്‍കുട്ടികള്‍മാത്രമുള്ള കശ്മീരിലെ കൊച്ചുഗായകസംഘത്തിലെ അംഗങ്ങള്‍ ഗാനാലാപനം ഉപേക്ഷിച്ചിരിക്കുന്നു. ആണുങ്ങള്‍മാത്രം ഉണ്ടായിരുന്ന രംഗത്തേക്ക് പെണ്‍കുട്ടികള്‍ കടന്നുവന്നതിനെതിരെ ഇന്റര്‍നെറ്റില്‍ ഭീഷണികള്‍ ഉണ്ടായിരുന്നത്രെ; യാഥാസ്ഥിതികവിഭാഗങ്ങള്‍ അവരെ ആക്ഷേപിച്ചതായും പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മതപണ്ഡിതന്‍ ബഷീറുദ്ദീന്‍ അഹമ്മദ് 'പാട്ടുപാടുന്നത് അനിസ്‌ലാമികമാണ്' എന്ന് വിധി (ഫത്‌വ) പുറപ്പെടുവിച്ചത്.

അതോടെ രംഗത്തുനിന്ന് പിന്‍വാങ്ങിയ പാട്ടുകാരി നോമാ നസീര്‍, വാദ്യക്കാരി ഫറാഹ് ദീബ, ഗിറ്റാറുകാരി അനീകാ ഖാലിദ് എന്നീ മൂന്നുപേരും പത്താംതരം വിദ്യാര്‍ഥിനികളാണ്. കഴിഞ്ഞകൊല്ലം ഡിസംബറില്‍ രൂപംകൊണ്ട അവരുടെ സംഘം ('പ്രഗാഷ്'-വെളിച്ചം) പലമത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്. ഭാഗ്യവശാല്‍, കശ്മീരിലെ അനേകം ആളുകള്‍ മതവിധിക്കെതിരെ രംഗത്തുവന്നിരിക്കുന്നു. സംസ്ഥാന മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലതന്നെയും അക്കൂട്ടത്തിലുണ്ട്.

ആരെതിര്‍ത്താലും മുസ്‌ലിങ്ങള്‍ക്ക് സംഗീതത്തെ എതിര്‍ക്കാന്‍ പറ്റില്ല. ആ മതപാരമ്പര്യത്തിന്റെ ആവിഷ്‌കാരങ്ങളില്‍ പലതിലും-പ്രാര്‍ഥനയ്ക്ക് നേരമായെന്ന് അറിയിക്കുന്ന ബാങ്കുവിളിയില്‍പ്പോലും-താളവും ഈണവുമുണ്ട്. ഖുര്‍ആന്‍ (വായിക്കപ്പെടുന്നത് എന്നര്‍ഥം) താളബദ്ധവും പ്രാസനിഷ്ഠവുമായ ഗദ്യത്തിലാണ്. 'ഖുര്‍ആന്‍ ഓതുക' എന്നാണ് പറയാറ്; വായിക്കുക എന്നല്ല-ഈണത്തിലുള്ള പാരായണംതന്നെ. അതിന്റെ ചിട്ടകള്‍ പഠിക്കുന്നതും പാലിക്കുന്നതും ഭക്തിയുടെ രൂപങ്ങളിലൊന്നാണ്. ആ ഗ്രന്ഥം മുഴുവന്‍ കാണാതെ പഠിച്ച്, സൂക്തങ്ങള്‍ രാഗത്തില്‍ ആലപിക്കുന്ന സമ്പ്രദായമുണ്ട്. ഈ വൈദഗ്ധ്യം നേടിയ ആളെ 'ഹാഫിസ്' (മനപ്പാഠമാക്കിയവന്‍) എന്ന് വിളിക്കുന്നു. ഖുര്‍ആന്റെ ഭാഷയുടെ ഒരു വിശേഷം അതിന്റെ സംഗീതസ്പര്‍ശമാകുന്നു.

നാസ്തികതയുടെ വക്കോളമെത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍, ഇറാനിലെ ടെഹ്‌റാനിലെ റേഡിയോയില്‍നിന്ന് യാദൃച്ഛികമായി കേള്‍ക്കാനിടയായ സംഗീതസാന്ദ്രമായ ഖുര്‍ആന്‍ പാരായണം നല്‍കിയ അനുഭൂതിവിശേഷം തന്നെ ആസ്തികതയില്‍ ഉറപ്പിച്ചുനിര്‍ത്തി എന്ന് നമ്മുടെ അക്കിത്തം ഒരിക്കല്‍ അനുസ്മരിക്കുകയുണ്ടായി.

പെണ്‍കുട്ടികളുടെ ഗാനാലാപനത്തിന് മുഹമ്മദ് നബിയില്‍നിന്ന് കിട്ടിയ പരിഗണന അടയാളപ്പെടുത്തുന്ന ഒരു ചരിത്രമുഹൂര്‍ത്തം ഇതാ:

ജന്മനാടായ മക്കയിലെ ജീവിതം അസഹനീയമായിത്തീര്‍ന്ന സന്ദര്‍ഭത്തില്‍ പലായനം (ഹിജ്‌റ: 622) ചെയ്ത് മദീനയിലെത്തിച്ചേര്‍ന്ന നബിയെ ദേശവാസികളായ പെണ്‍കിടാങ്ങള്‍ മുഴങ്ങുന്ന തുകല്‍വാദ്യങ്ങള്‍ മുട്ടിയും മനോഹരമായ സ്വാഗതഗീതികള്‍ ആലപിച്ചും സ്വീകരിച്ചാനയിച്ചു. 'ഇതാ, ഞങ്ങള്‍ക്കുമേല്‍ പൂര്‍ണചന്ദ്രന്‍ വന്നുദിച്ചിരിക്കുന്നു' (അശ്‌റക്കല്‍ ബദറൂ അലെയ്‌നാ) എന്നാണവര്‍ മധുരമായി പാടിത്തുടങ്ങിയത്. നബി അതില്‍ ആനന്ദിച്ചും അവരെ അനുമോദിച്ചും പെരുമാറി. ആ വരവേല്പിനെ അനുസ്മരിച്ചും ബാലികമാരുടെ അന്നത്തെ ഈണത്തെ അനുകരിച്ചും ഇന്നും കേരളമടക്കമുള്ള എത്രയോ ദേശങ്ങളില്‍ പ്രവാചകന്റെ പിറന്നാളിന് സ്വാഗതമോതിക്കൊണ്ട് അദ്ദേഹത്തിന്റെ ജന്മമാസത്തില്‍ (റബീഉല്‍ അവ്വല്‍) ഭക്തന്മാര്‍ നബികീര്‍ത്തനങ്ങള്‍ പാടിപ്പോരുന്നുണ്ട്. കേരളത്തിലെന്നപോലെ, മറ്റുചില ദേശങ്ങളിലും മുസ്‌ലിങ്ങള്‍ കൊണ്ടുനടക്കുന്ന 'മൗലൂദ്' (തിരുപ്പിറവിയുമായി ബന്ധപ്പെട്ടത്) എന്നുപേരായ അനുഷ്ഠാനകല ഉണ്ടായിവന്നതുതന്നെ പെണ്‍കിടാങ്ങളുടെ മേല്‍പ്പറഞ്ഞ ഗാനോപചാരത്തില്‍നിന്നാണ്.

രൂപലാവണ്യംകൊണ്ട് മനുഷ്യചരിത്രത്തില്‍ ഇടംനേടിയ അപൂര്‍വം വനിതകളില്‍ ഒരാളായ സുകൈന (മരണം -735) സംഗീതത്തിന് നല്‍കിയ അവിശ്വസനീയമായ പ്രോത്സാഹനത്തിന്റെ പേരില്‍ക്കൂടി കൊണ്ടാടപ്പെടുന്നു. ഈ അതിസുന്ദരി ആരാണെന്നോ? ഇമാം ഹുസൈന്റെ പുത്രിയാണ്. അതായത് പ്രവാചകപുത്രി ഫാത്തിമാബീവിയുടെ മകന്റെ മകള്‍!

മുസ്‌ലിം സമൂഹത്തിന്റെ ചരിത്രത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ വെളിപ്പെടുന്ന സംഗീതവിരോധം രാജാക്കന്മാരും പുരോഹിതന്മാരും തമ്മിലുള്ള അവിശുദ്ധബന്ധത്തില്‍ പിറന്ന സന്തതിയാണ്-ആനന്ദം, ആവിഷ്‌കാരം, സ്വാതന്ത്ര്യം മുതലായവ അടിച്ചമര്‍ത്തിയിട്ട് ആ രണ്ടുകൂട്ടര്‍ക്കും ആവശ്യമുണ്ടല്ലോ.

മുഗള്‍ചക്രവര്‍ത്തി ഔറംഗസേബിന്റെ സംഗീതവിരോധം ചരിത്രപ്രസിദ്ധമാണ്. അതിനെപ്പറ്റി ഒരു കഥയുണ്ട്:

വെള്ളിയാഴ്ച മധ്യാഹ്നപ്രാര്‍ഥനയ്ക്ക് പോകുമ്പോള്‍ പള്ളിക്കുസമീപം ചെറിയൊരു ആള്‍ക്കൂട്ടംകണ്ട് ചക്രവര്‍ത്തി ചോദിച്ചു:
''എന്താണവിടെ ആള് കൂടിയിരിക്കുന്നത്?''
കുറച്ച് അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് പറഞ്ഞു:
''ബാദ്ഷാ, അവര്‍ അങ്ങയുടെ ഭരണത്തില്‍ മരിച്ചുപോയ സംഗീതത്തെ ഖബറടക്കുകയാണ്.''
ഔറംഗസേബ് ചിരിച്ചു:
''വളരെനന്നായി. അതിനെ 24 അടി ആഴത്തില്‍ ഖബറടക്കാന്‍ നാം കല്പിച്ചതായി പറയൂ.''

മതമൗലികവാദത്തിന്റെ-അതിന്റെ സൃഷ്ടിയായ മതരാഷ്ട്രവാദത്തിന്റെയും-പ്രമേയം സത്യത്തില്‍ മതമല്ല, രാഷ്ട്രീയമാണ്; ഭക്തിയല്ല, അധികാരമാണ്. കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും അധികാരം നേടാനുള്ള പുരോഹിതന്റെ കുടിലമായ നീക്കമാണത്. അതിന് മതത്തിന്റെ പേരില്‍ത്തന്നെ മതവിരുദ്ധമായി മുന്നേറാന്‍ സാധിക്കും.

വേദഗ്രന്ഥമായ ഖുര്‍ആന്‍, പ്രവാചകവചനമായ ഹദീസ് എന്നിവയ്ക്ക് നേര്‍വിപരീതമായി അഫ്ഗാനിസ്താനില്‍ സ്ത്രീക്ക് വിദ്യയും തൊഴിലും സാമൂഹികജീവിതവും 'ഹറാം' (നിഷിദ്ധം) ആണെന്ന വിധി നടപ്പാക്കിയപ്പോള്‍ താലിബാന്‍ മേല്‍പ്പറഞ്ഞത് തെളിയിക്കുകയുണ്ടായി.

നമ്മുടെ നാട്ടിലെ അടുത്തകാലത്തെ ഉദാഹരണം നോക്കൂ: പാശ്ചാത്യമായ ആധുനികതയുടെ വേദികളായ നഗരങ്ങളിലാണ് സ്ത്രീപീഡനം. ഭാരതീയഗ്രാമങ്ങളില്‍ അങ്ങനെയൊന്നില്ല എന്ന് സാക്ഷ്യം പറയുന്ന ഹിന്ദുരാഷ്ട്രവാദി, താന്‍ ഏത് ഇതിഹാസത്തെപ്പിടിച്ചാണോ ആണയിടാറ്, ആ കാവ്യത്തിലെ പ്രതിനായകന്‍ ആയിരത്താണ്ടുകള്‍ക്കുമുമ്പ്, ഗ്രാമങ്ങള്‍ക്കും പിറകിലുള്ള കാട്ടില്‍വെച്ചാണ് സംന്യാസരൂപംപൂണ്ടുവന്ന് സീതയെ കട്ടുകൊണ്ടുപോയത് എന്ന കാര്യം മറന്നുകളയുന്നു. പെണ്‍കൊതിയനായ രാക്ഷസരാജാവ് വനഭൂമിയില്‍വെച്ച് നേരത്തേ നടത്തിയ സീതാഹരണത്തേക്കാള്‍ കടുപ്പത്തിന്റെ കാര്യത്തില്‍ ഒട്ടും കുറഞ്ഞതല്ല, ഭര്‍ത്താവായ രഘുകുലരാജാവ് നഗരമധ്യത്തില്‍വെച്ച് പില്‍ക്കാലത്ത് നടത്തിയ സീതാപരിത്യാഗം എന്ന് കാണിക്കാനാണ് വല്മീകി മഹര്‍ഷി കാവ്യം രചിച്ചതെന്ന് ആരോര്‍ക്കുന്നു! സ്ത്രീയോടുകാണിച്ച അനീതിയുടെ പേരില്‍ അവതാരപുരുഷനെ വിചാരണചെയ്യാനാണ് രാമായണം പിറന്നതെന്ന് ആരോര്‍ക്കുന്നു!

മുഖംമൂടുന്ന പര്‍ദയുടെ രൂപാന്തരംതന്നെയാണ് ഇപ്പോഴത്തെ ഗാനാലാപന നിഷേധം-പിടക്കോഴി കൂവരുതെന്ന്; സ്ത്രീത്വത്തെ അദൃശ്യതയിലും നിശ്ശബ്ദതയിലും കുഴിച്ചുമൂടണമെന്ന്. ഓര്‍ത്തിരിക്കുക, ഏതുവിഭാഗത്തിലും മതമൗലികവാദത്തിന്റെ പ്രധാനപ്പെട്ട ഇര സ്വന്തം സമുദായത്തിലെ സ്ത്രീയാണ്.
 



Other News in this section
കൊച്ചി ബിനാലെയുടെ സാമ്പത്തികം

കൊച്ചിയിപ്പോള്‍ പഴയ കൊച്ചിയല്ല... ബിനാലെ കൊച്ചിയുടെ ലഹരിയായിമാറിക്കഴിഞ്ഞു ബിനാലെയുടെ മുഖ്യവേദിയായ ആസ്പിന്‍വാള്‍ സമുച്ചയത്തില്‍വെച്ചാണ് പ്രഭാകരനെയും കബിതയെയും കണ്ടത്. സഞ്ചിതൂക്കി ഏതോ പുറപ്പാടിനൊരുങ്ങിയതുപോലെ നില്‍ക്കുകയായിരുന്നു അവര്‍. പ്രഭാകരന്റെ ചിത്രങ്ങള്‍ ഒരു പ്രദര്‍ശനഹാള്‍ നിറയെയുണ്ട്. എല്ലാം കേരളീയദൃശ്യങ്ങള്‍. പ്രഭാകരന്റെ ചിത്രങ്ങള്‍കൊണ്ടുമാത്രം തന്റെ ..

Latest news