MATHRUBHUMI RSS
Loading...

ബ്ലാക്ക്മാനും ഗര്‍ഭധാരണവും
കെ.എ.ബീന

തിരുവനന്തപുരത്തെ സ്‌കൂള്‍ കുട്ടികള്‍ കുറച്ച് നാളുകളിലായി ഭീതിയിലാണ്, ഉണ്ണാനും ഉറങ്ങാനും ഒക്കെ പേടി. സംസാരം ഒരേ വിഷയം:

''ബ്ലാക്ക് മാന്‍''

അമ്മമാര്‍ ഏറ്റുപിടിച്ച് ഭയക്കുന്നു, അച്ഛന്മാര്‍ ഉള്‍ഭയത്തോടെ ആയുധങ്ങളുമായി ചാടിപ്പുറപ്പെടുന്നു ബ്ലാക്ക് മാനെ പിടിക്കാന്‍. നാട്ടുധീരന്മാര്‍ക്കും മറ്റൊരു പണിയില്ലിപ്പോള്‍. ആവേശപൂര്‍വ്വം തച്ചോളി ഒതേനന്മാരായി രാപകല്‍ തിരക്കിലാണ്. ബ്ലാക്ക് മാനെ പിടിച്ചു കെട്ടാതെ ഉണ്ണില്ല, ഉറങ്ങില്ല, കട്ടായം.

പാവം പോലീസ് നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്നു. ഫോണ്‍കോളുകളുടെ പ്രവാഹമാണ്. കറുത്ത വസ്ത്രം ധരിച്ച്, തലയില്‍ കറുത്ത തുണിയുമിട്ട് നടക്കുന്ന ബ്ലാക്ക് മാന്‍ തന്നെ മുഖ്യവിഷയം.

നാട്ടിന്‍ പുറങ്ങളിലായിരുന്നു ആദ്യം ബ്ലാക്ക് മാന്റെ വിഹാരം. ഇപ്പോഴിതാ നഗരത്തിലേക്കും. എന്തൊക്കെയാണ് കഥകള്‍:

ഓരോ പ്രദേശത്തെയും സ്‌കൂളുകളിലാണ് 'ബ്ലാക്ക് മാന്‍' ആദ്യമെത്താറ്. സൂപ്പര്‍ മാന്‍, ബാറ്റ്മാന്‍, സ്‌പൈഡര്‍ മാന്‍ അങ്ങനെ ഒരുപാട് ''മാന്‍'' മാരുടെ കൂടെ വളര്‍ന്ന തലമുറയില്‍ ''ബ്ലാക്ക് മാന്‍'' ഒരു വികാരമായി പെട്ടെന്ന് പടര്‍ന്നു കയറുന്നു. പുസ്തകം വായിച്ചും സിനിമകളില്‍ കണ്ടും അറിഞ്ഞ ''മാന്‍'' മാരുടെ സ്വഭാവസവിശേഷതകളൊക്കെ 'ബ്ലാക്ക് മാന്' നല്‍കി ഓരോ കുട്ടിയും 'ബ്രാം സ്റ്റോക്കര്‍' മാരാവുന്നു; പുതിയ ഡ്രാക്കുള ചരിതങ്ങള്‍ പുറത്തിറങ്ങുന്നു.

കാലില്‍ സ്പ്രിംഗു കെട്ടി, കയ്യില്‍ നഖങ്ങള്‍ വളര്‍ത്തി, മുഖമാകെ കറുത്ത്, ഞൊടിയിടയില്‍ പ്രത്യക്ഷനും, അപ്രത്യക്ഷനുമാവുന്ന 'ബ്ലാക്ക് മാന്‍' സ്‌കൂള്‍ കുട്ടികളിലൂടെ വീടുകളിലെത്തുന്നു. അവിടെ അയാള്‍ക്ക് പിടിപ്പതു പണിയാണ് - കതകുകളില്‍ മുട്ടി ശല്യപ്പെടുത്തുക, കോളിംഗ് ബെല്‍ അടിക്കുക, പൈപ്പിലെ വെള്ളം തുറന്നു വിടുക തുടങ്ങി.

ഒരിടത്ത് ബ്ലാക്ക് മാന്‍ ഒരു സ്ത്രീയുടെ ചെവി കടിച്ചു പറിച്ചാണ് കമ്മല്‍ എടുത്തു കൊണ്ടു പോയത്. മറ്റൊരിടത്ത് തലമുടി മുറിച്ചു, മുഖം മാന്തിക്കീറി ഓടി മറയാനാണ് മറ്റൊരിടത്ത് ബ്ലാക്ക് മാന് താല്‍പ്പര്യം. വീടിന് കല്ലെറിയാനും മടിയില്ല. പട്ടിയെ രണ്ടായി കീറിയിടുക, അടുക്കള ജോലി ചെയ്തു കൊണ്ടിരിക്കുന്ന സ്ത്രീകളുടെ ദേഹത്ത് സിറിഞ്ച് കുത്തിയിട്ട് ഓടി മറയുക (എയ്ഡ്‌സ് പരത്താന്‍) എന്തെല്ലാമെന്തെല്ലാം വിക്രിയകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പോലീസിന്റെ കാര്യം മഹാനഷ്ടം. നാടുനീളേ രാപകല്‍, അരിച്ചുപെറുക്കിയിട്ടും 'ബ്ലാക്ക് മാന്‍' എന്നൊരു പ്രതിഭാസത്തെ കണ്ടമുട്ടാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞില്ല. പൈപ്പ് തുറന്നു വിട്ടുവെന്ന് കേട്ട് ഓടിച്ചെന്നപ്പോള്‍ മോട്ടോര്‍ ഓഫാക്കാതെ വെള്ളം ഓവര്‍ ഫ്ലോ ചെയ്യുന്നതാണ് പോലീസ് കണ്ടത്. ബ്ലാക്ക് മാന്‍ ബ്ലൈഡ് കൊണ്ട് മാന്തിപ്പൊളിച്ചുവെന്നത് അന്വേഷിച്ചപ്പോള്‍ മദ്യപിച്ച് ലക്കുകെട്ട രണ്ട് പേര്‍ അന്യോന്യം ആക്രമിച്ചതിന്റെ പാടുകളായിരുന്നു. ബ്ലാക്ക് മാന്‍ ടോര്‍ച്ചടിച്ച് പേടിപ്പിച്ച കഥയുടെ യാഥാര്‍ത്ഥ്യം തൊട്ടടുത്ത് വീട്ടില്‍ പണിക്ക് വേണ്ടി ഉപയോഗിച്ച വെളിച്ചമായിരുന്നുവെന്നും, കല്ലെറിഞ്ഞ് പേടിപ്പിച്ചത് ഉണങ്ങിയ തേങ്ങാ വീണതാണെന്നും പറഞ്ഞ് പോലീസിന് മടുത്തു.

ഒടുവില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ തന്നെ പത്രങ്ങളിലൂടെ പ്രസ്താവന നടത്തേണ്ടി വന്നു:

''ഇത് വെറുമൊരു സങ്കല്‍പ്പസൃഷ്ടിയാണ്. കള്ള പ്രചാരണം കേട്ട് ഭയപ്പെടേണ്ട കാര്യമേയില്ല.''

എത്ര കുട്ടികളെയാണ് ഈ പ്രചാരണം മാനസിക രോഗചികിത്സകരുടെ അടുത്ത് എത്തിച്ചത് എന്നതിന് കണക്കില്ല. മാനസികാരോഗ്യം കുറവുള്ള ഒട്ടേറെ സ്ത്രീകള്‍ ഉറക്കം നഷ്ടപ്പെട്ട് വിഭ്രാന്തിയില്‍പ്പെട്ട് പോയിരിക്കുന്നു. ഉള്‍ഭീതിയില്‍ ''ബ്ലാക്ക് മാന്‍ പ്രതിഭാസത്തിന് പിന്നാലെ ഓടുന്ന പുരുഷന്മാര്‍, പോലീസ്! ഫേസ്ബുക്കിലും മറ്റും കഥകള്‍ പോസ്റ്റ് ചെയ്ത് ധീരരാവാന്‍ ശ്രമിക്കുന്നവരും ഏറെ.
എത്ര വേഗമാണ് ഒരു കിംവദന്തി ഒരു സമൂഹത്തിന്റെ മാനസികാരോഗ്യത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്നത്!

രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ 'ഡല്‍ഹി 6' എന്ന സിനിമയാണ് ഓര്‍മ്മ വരുന്നത്. അഭിഷേക് ബച്ചന്‍ നായകനും സോനം കപൂര്‍ നായികയുമായ സിനിമയില്‍ 'കാലാബന്തര്‍' എന്ന കുരങ്ങനാണ് 'ഡല്‍ഹി 6' എന്ന തെരുവിനെ ഭയത്തിലാഴ്ത്തുന്നത്. ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഒരു കറുത്ത മനുഷ്യനുണ്ട് എന്നതാണ് സിനിമ വ്യക്തമാക്കാന്‍ ശ്രമിച്ചത്.

നമ്മുടെ ബ്ലാക്ക് മാന് പിന്നിലെ കഥയെന്തെന്ന് വരുംകാലം തെളിയിക്കട്ടെ.

പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ കേട്ട് ഭയന്നൊരു കഥയുണ്ട്:

''പാലം കെട്ടുമ്പോള്‍ ഉറപ്പു വരുത്താന്‍ കുട്ടികളെ ജീവനോടെ ഇടുന്നതിന് പിള്ളേര് പിടുത്തക്കാര്‍ ഇറങ്ങിയിരിക്കുന്നു!!''

അന്ന് എത്ര മാത്രം പേടിച്ചു എന്ന് ഇന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.

ഇത്തരം കഥകള്‍ പ്രചരിക്കുന്നത് കാറ്റിനെക്കാള്‍ വേഗത്തിലാണ് എന്തു കഥയുമാകാമത്.

ഈയിടെ പ്രസിദ്ധീകരണങ്ങളിലും, സോഷ്യല്‍ മീഡിയയിലും, ഇന്റര്‍നെറ്റിലും കൂടി മാത്രമല്ല കെ.എസ്.ചിത്രയുടെ ഗര്‍ഭധാരണ കഥ പ്രചരിച്ചത്. ഫോണിലൂടെ, സംഭാഷണങ്ങളിലൂടെ പലതരം കഥകള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ കേട്ടു.
ഇ-മെയില്‍ സന്ദേശങ്ങള്‍ പറന്നു:

''പ്രാര്‍ത്ഥിക്കുക, കെ.എസ്. ചിത്രയ്ക്ക് വേണ്ടി'' എന്ന തലക്കെട്ടില്‍ എനിക്കും കിട്ടി ഒരുപാട് ഇ-മെയിലുകള്‍.

''കെ.എസ്. ചിത്ര ഗര്‍ഭിണിയാണ്, 2 കുഞ്ഞുങ്ങളാണ്. ഈ പ്രായത്തില്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന ചിത്രയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.'' - സഹപാഠിയും സുഹൃത്തുമായ ചിത്രയ്ക്ക് നല്ലതു വരുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ, ഇതൊരു കള്ളക്കഥയാണെന്ന് അറിയാമായിരുന്നതിനാല്‍ വല്ലാത്ത സങ്കടം തോന്നി. ചിത്രയോടുള്ള സ്‌നേഹവും, ചിത്രക്ക് നന്മ വരാനുള്ള മോഹവും മനസ്സിലാവും.

പക്ഷെ, വാസ്തവമല്ലാത്ത ഇത്തരമൊരു കഥ മകളുടെ മരണത്തില്‍ നൊമ്പരപ്പെട്ടിരിക്കുന്ന ചിത്രയെ എങ്ങനെ ബാധിക്കും എന്ന് കഥ പ്രചരിപ്പിച്ചവര്‍ ആരും ഓര്‍ത്തില്ല. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിനൊക്കെ അപ്പുറത്ത് ക്രൂരമായൊരു തമാശ പോലെ ''ഗര്‍ഭ വാര്‍ത്ത'' സൃഷ്ടിച്ച് പരത്തിയത് ആരായിരുന്നു എന്ന് കണ്ടെത്തുവാന്‍ ആര്‍ക്ക് കഴിയും. കച്ചവട ലാഭത്തിന് വേണ്ടി കൂത്താട്ടുകുളത്തെ ഏതോ ഡോക്ടര്‍ പടച്ചുവിട്ട കഥയാണെന്നാണ് ഒടുവില്‍ അറിഞ്ഞത്.

ആദ്യത്തെ എഡിഷന്‍ കഥയ്ക്ക് കേട്ടവര്‍ കേട്ടവര്‍ പുതിയ ഭാഷ്യങ്ങള്‍ നല്‍കി കൊഴുപ്പിച്ചു.

''ഐ.വി.എഫ് വഴി ഗര്‍ഭധാരണം നടത്തിയതിനാല്‍ നാല് കുഞ്ഞുങ്ങളാണ് ഗര്‍ഭത്തിലുള്ളത്.''

''ചിത്രയ്ക്ക് ഇത്രയും പ്രായമായതിനാല്‍ ഗര്‍ഭധാരണം അപകടമാണ്. അതുകൊണ്ട് ''വാടക ഗര്‍ഭിണി''യെ വച്ചിരിക്കുകയാണ്.''

ഒടുവില്‍ ചിത്രക്ക് ചാനലുകള്‍ക്ക് അഭിമുഖം കൊടുക്കേണ്ടി വന്നിരിക്കുന്നു, ഇതൊരു കള്ളവാര്‍ത്തയാണെന്ന് ഫേസ്ബുക്കില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ സ്റ്റാറ്റസ് മെസേജിടേണ്ടി വന്നിരിക്കുന്നു. എന്തൊരു നിര്‍ഭാഗ്യാവസ്ഥ.

ഗര്‍ഭം, കുഞ്ഞ് പ്രസവം - എത്ര മഹത്തായ കാര്യങ്ങള്‍. അതൊക്കെ കള്ളക്കഥകളാക്കി പ്രചരിപ്പിക്കുന്നതോ നമ്മുടെ പാവം ചിത്രയെക്കുറിച്ച്. പ്രതിഭാസാന്നിദ്ധ്യം കൊണ്ടുമാത്രമല്ല സ്വഭാവനൈര്‍മ്മല്യം കൊണ്ടും സവിശേഷത തെളിയിച്ച ചിത്രയെപ്പോലും കുപ്രചരണങ്ങളില്‍ കുടുക്കാന്‍ മടിയില്ലാത്തവരായി നമ്മള്‍ മാറിയെന്നോര്‍ക്കുമ്പോള്‍!

വാര്‍ത്താവിനിമയ ഉപാധികളുടെ വിസ്‌ഫോടനം നടക്കുന്ന ഒരു കാലത്ത് ജാഗ്രത പുലര്‍ത്താതിരുന്നാല്‍ കഥകളും കുപ്രചരണങ്ങളും വഴി എന്തെല്ലാം അപകടങ്ങള്‍ സൃഷ്ടിക്കപ്പെടാമെന്നത് ഈയിടെ അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമുണ്ടായ അക്രമപ്രവര്‍ത്തനങ്ങളിലൂടെ നാം അറിഞ്ഞു കഴിഞ്ഞു. ഇനിയെന്തൊക്കെയാണ് വരികയെന്നത് കാത്തിരുന്ന് കാണാനേ പറ്റൂ.

ഓരോ കിംവദന്തികഥയുടെയും പിന്നില്‍ ആരാണ് എന്ന് കണ്ടെത്തുന്നത് അത്ര എളുപ്പമല്ല. സ്വന്തം ലക്ഷ്യങ്ങള്‍ നേടാന്‍ സമൂഹത്തെ മൊത്തം കബളിപ്പിക്കുന്നതിന് ചിലര്‍ക്ക് കഴിയുന്നു എന്നതാണ് സത്യം. അത്തരം സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ, അവര്‍ പുറത്തുവിടുന്ന കഥകള്‍ മുള്ളുതൊടാതെ വിഴുങ്ങാനും, പ്രചരിപ്പിക്കാനും തയ്യാറാകുന്നു എന്നതാണ് സമൂഹം എന്ന നിലയില്‍ നമ്മള്‍ ചെയ്യുന്ന തെറ്റ്.

സാങ്കേതികതയുടെ വികാസം, മാനവികതയുടെ സങ്കോചത്തിന് വഴി തെളിക്കുന്നുവോ എന്ന് സംശയം തോന്നിപ്പോകുന്നത് ഒന്നോ രണ്ടോ വട്ടമല്ല. സഹജീവികളുടെ മാനസികവ്യാപാരങ്ങള്‍ ചൂഷണം ചെയ്ത്ത നേടുന്നതിലൂടെ കൈവരുന്ന ആനന്ദം - ആര്‍ക്കൊക്കെയോ അത്തരം ആനന്ദങ്ങള്‍ തൃപ്തിയേകുന്നുവെന്നാണ് ഓരോ കള്ളക്കഥയും കുപ്രചരണങ്ങളും വെളിവാക്കുന്നത്!!!

binakanair@gmail.com