നാടന്‍പാട്ടുകളും അനുഭവ കവിതകളും

Posted on: 24 Feb 2013


ലക്ഷ്മി രാജീവ്‌





നാടന്‍ പാട്ടുകളുടെ ശേഖരമാണ് കിളിമാനൂര്‍ ചന്ദ്രന്‍ സമാഹരിച്ച 'തിരഞ്ഞെടുത്ത നാടന്‍പാട്ടുകള്‍' എന്ന പുസ്തകം. നാടോടിപാരമ്പര്യം നിറയുന്ന ഒരു ചരിത്രമാണ് കേരളത്തിനുള്ളത്. ദേവീദേവന്മാരുടെയും പുണ്യപുരുഷന്മാരുടെയും കഥകള്‍ ഈ പാട്ടിലൂടെ നമുക്ക് ലഭിക്കുന്നു. അതിലെല്ലാം കേരളത്തിന്റെ ചരിത്രമുണ്ട്. സംസ്‌കാരമുണ്ട്. താളവും അലങ്കാരവും ഈ പാട്ടുകളെ മനോഹരമാക്കുന്നു. നമ്മുടെ ജീവിതത്തിന്റെ പോയകാലചിത്രങ്ങള്‍ ഈ കവിത വരച്ചുകാണിക്കുന്നു. നാടോടി സംസ്‌കാരത്തിന്റെ വേരുകള്‍ തേടിയുള്ള യാത്രയാണ് ഈ ഗ്രന്ഥമെന്ന് പറയാം. കേരളത്തിന്റെ തെക്കുമുതല്‍ വടക്കുവരെയുള്ള നാടന്‍പാട്ടുകള്‍ വളരെ ചിട്ടയോടെ സമാഹരിക്കാന്‍ കിളിമാനൂര്‍ ചന്ദ്രന് സാധിച്ചിരിക്കുന്നു. അദ്ദേഹം ഇതിനുവേണ്ടി വളരെയേറെ പരിശ്രമിച്ചിട്ടുണ്ടെന്ന് ഇതിലെ പാട്ടുകള്‍ വ്യക്തമാക്കുന്നു. പണിയെടുത്ത് ജീവിച്ചവരുടെ പാട്ടും കവിതയും നാടോടിക്കവിതകളിലെ ജീവിതത്തെ ധന്യമാക്കുന്നു. ഇതില്‍ പണിയുടെ താളമുണ്ട്. പട്ടിണികിടന്ന് ജീവിച്ച പാവപ്പെട്ടവരുടെ കവിതകളാണ് നാടന്‍പാട്ടുകളില്‍ കൂടുതലും.
ആദിവാസികളുടെ ഭാഷ ഏതാണ്. അവരുടെ ഭാഷയ്ക്ക് എന്തുപദവിയാണ് നാം കൊടുക്കുക? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന ഗ്രന്ഥമാണ് കിളിമാനൂര്‍ ചന്ദ്രന്റേത്. നമ്മുടെ ഭൂതകാലത്തിന്റെ ഓര്‍മകളും പാരമ്പര്യവും എന്തെന്ന് പുതിയ തലമുറയെ ബോധവത്കരിക്കാനുള്ള വളരെ സ്തുത്യര്‍ഹമായ ശ്രമമാണ് കിളിമാനൂര്‍ ചന്ദ്രന്‍ നിര്‍വഹിച്ചിരിക്കുന്നത്.

***

ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളെ വളച്ചുകെട്ടില്ലാതെ വരച്ചുവെക്കുന്ന കവിതകളാണ് ശൈലന്റെ 'ദേജാവൂ' എന്ന കവിതാസമാഹാരം. ജന്മസിദ്ധമായ ഭാവന മാത്രമല്ല കാവ്യരചനയ്ക്ക് അനുഭവങ്ങളും മുതല്‍ക്കൂട്ടാണെന്നു പ്രഖ്യാപിക്കുന്ന കവിതകളാണിതില്‍. ജീവിതത്തിലെ അനുഭവങ്ങള്‍ക്കുനേരെ പിടിച്ച കണ്ണാടിയാണ് ദേജാവൂ. സൗന്ദര്യത്തിനും അനുഭൂതികള്‍ക്കുമല്ല ജീവിതാനുഭവങ്ങളുടെ പാരുഷ്യത്തിനാണ് ശൈലന്‍ പ്രാധാന്യം നല്‍കുന്നത്. യാന്ത്രികജീവിതത്തില്‍ നഷ്ടമാവുന്ന മൂല്യങ്ങളെ ഓര്‍മപ്പെടുത്തുന്ന കവിതകളാണിവ. പ്രണയത്തിന്റെ ഭാവനാസ്​പര്‍ശം ഇല്ലാതെ ഒരു ഒളിഞ്ഞുനോട്ടക്കാരനിലൂടെയും കവിത പിറക്കാമെന്ന് സാക്ഷ്യപ്പെടുത്തുന്ന ഇതിലെ കവിതകള്‍ വായനക്കാര്‍ക്ക് പുതിയൊരനുഭവമായിരിക്കും. കുറഞ്ഞ വാക്കുകളുപയോഗിച്ചുകൊണ്ട് കൂടുതല്‍ അര്‍ഥങ്ങളെ സന്നിവേശിപ്പിക്കുന്നു ഈ ഗ്രന്ഥം.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam




  »>   News in this Section

 


http://whos.amung.us/stats/readers/ufx72qy9661j/