Sub Menu contents

ഗദ്ദര്‍ വിപ്ലവത്തിന്റെ നൂറ്റാണ്ട്

Posted on the May 5th, 2013 under Features

ചരിത്രത്തിലെ ചില പരാജയങ്ങള്‍ വിജയങ്ങളെക്കാള്‍ മഹത്തരമാണ്. ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിപ്പിക്കാന്‍ ഗദ്ദര്‍ വിപ്ലവകാരികള്‍ നടത്തിയ ശ്രമങ്ങള്‍ക്കും അവയ്‌ക്കേറ്റ പരാജയങ്ങള്‍ക്കും മഹത്വം ഏറെയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യയാമാണ് 1913 – 1915 കാലത്തെ ഗദ്ദര്‍വിപ്ലവം. പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ അവസാനിപ്പിക്കാന്‍ ഗദ്ദര്‍ എന്ന സംഘടന നടത്തിയ ശ്രമങ്ങളെയാണ് ഗദ്ദര്‍വിപ്ലവം എന്ന പേരില്‍ വിവക്ഷിക്കപ്പെടുന്നത.് വടക്കെ അമേരിക്കയിലെ ദേശസ്‌നേഹികളായ (പ്രവാസി) ഇന്ത്യക്കാര്‍ രൂപം നല്‍കിയ ഗദ്ദര്‍ പോരാട്ടത്തിന് 2013-ല്‍ നൂറ് വര്‍ഷം തികയുന്നു.
ഗദ്ദര്‍ എന്ന പഞ്ചാബി/ഉറുദു വാക്കിന്റെ അര്‍ത്ഥം കലാപം/ലഹള എന്നൊക്കെയാണ്. 1913-ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ചാണ് ഗദ്ദര്‍ പാര്‍ട്ടി സ്ഥാപിക്കപ്പെട്ടത്. ഗദ്ദര്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖര്‍ ലാലഹര്‍ ദയാലും സോഹന്‍സിംഗ് ബക്കാനുമായിരുന്നു. ഒപ്പം ഭായ് പരമാനന്ദും ഹര്‍നംസിംഗും. അമേരിക്കയില്‍ ജന്മം കൊണ്ട ഈ പാര്‍ട്ടിക്ക് മെക്‌സിക്കോ, ജപ്പാന്‍, ചൈന, ഫിലിപ്പിന്‍സ്, മലയ, സിംഗപ്പൂര്‍, തായ്‌ലാന്റ്, ഇന്‍ഡോ-ചൈന, പൂര്‍വ്വ ആഫ്രിക്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ സജീവ അംഗങ്ങളുണ്ടായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലുണ്ടായ സാമ്പത്തിക തകര്‍ച്ച 19-ാം നൂറ്റാണ്ടിന്റെ അവസാന കാലത്തും 20-ാം നൂറ്റാണ്ടിന്റെ ആദ്യവും ഇവിടുത്തുകാരുടെ മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന് കാരണമായി. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പഞ്ചാബില്‍ നിന്നും, പ്രത്യേകിച്ച് ജലന്തര്‍, ഹോസിയാര്‍പ്പൂര്‍ ജില്ലകളില്‍ നിന്നും അമേരിക്കയുടെ പടിഞ്ഞാറേ തീരത്തേക്കും കാനഡയിലേക്കും വ്യപകമായ കുടിയേറ്റമുണ്ടായി. കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും കര്‍ഷകരും മുന്‍ സൈനീകരുമായിരുന്നു. ജന്മനാട്ടിലെ ബ്രിട്ടീഷ് ഭരണത്തില്‍ അസ്വസ്ഥരായിരുന്ന പ്രവാസി ഇന്ത്യക്കാര്‍ കാനഡയിലെയും അമേരിക്കയിലെയും വംശീയ അധിക്ഷേപത്തിന് വിധേയരായി. അമേരിക്കയിലെ “ഏലിയന്റ് ലേന്‍ഡ് ലോ’ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവിടെ ഭൂമി സ്വന്തമാക്കുവാനുള്ള  അവകാശത്തെ ഇല്ലാതാക്കി. ബ്രിട്ടീഷ് ഭരണത്തോടുള്ള അസംതൃപ്തിയും വിദേശമണ്ണിലെ വംശീയ അപമാനവും ദേശസ്‌നേഹികളായ പ്രവാസി ഇന്ത്യക്കാരെ അസ്വസ്ഥരാക്കി. ഈ അസംതൃപ്തിയും അപമാനവും അസ്വസ്ഥതയുമായിരുന്നു ഗദ്ദര്‍പാര്‍ട്ടി (ആദ്യകാലങ്ങളില്‍ ഫെസഫിക് കോസ്റ്റ് ഹിന്ദുസ്ഥാന്‍ അസോസിയേഷന്‍) രൂപം കൊള്ളാനുള്ള പ്രധാന കാരണം. വടക്കേ ഇന്ത്യയിലെ പ്രവാസി ഇന്ത്യക്കാരുടെ വിപ്ലവവീര്യത്തിന് ഊര്‍ജ്ജം നല്‍കിയ സംഭവം ഭഗവന്‍സിംഗ് എന്ന സിക്ക് പുരോഹിതന്റെ സന്ദര്‍ശനമായിരുന്നു. കാനഡയിലെ വാന്‍കൂവറില്‍ എത്തിയ ഭഗവന്‍ സിംഗ് അക്രമത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ ഇല്ലായ്മ ചെയ്യാന്‍ പ്രവാസി ഇന്ത്യക്കാരെ ആഹ്വാനം ചെയ്തു.
ഗദ്ദര്‍പാര്‍ട്ടിയുടെ അംഗങ്ങളായി സിക്കുകാരോടും മുന്‍ പട്ടാളക്കാരോടുമൊപ്പം വിദ്യസമ്പന്നരായ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും സാന്നിദ്ധ്യം അതിനെ ശ്രദ്ധേയമാക്കി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം സംഘടിപ്പിക്കുക, ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന്  മോചിപ്പിക്കുക എന്നിവയായിരുന്നു ഗദ്ദര്‍പാര്‍ട്ടിയുടെ മുഖ്യലക്ഷ്യങ്ങള്‍. ഗദ്ദര്‍പാര്‍ട്ടി സ്വന്ത ആശയപ്രചരണങ്ങള്‍ക്കായി “ഹിന്ദുസ്ഥാന്‍ ഗദ്ദര്‍’ എന്ന പത്രവും ആരംഭിച്ചു. പ്രവാസി ഇന്ത്യക്കാരുടെ രാഷ്ട്രീയ പത്രപ്രവര്‍ത്തനത്തിന് ഉത്തമ  മാതൃകയയായിരുന്നു ഈ പത്രം. ഗദ്ദര്‍ ഹിന്ദുസ്ഥാന്‍ ഉര്‍ദ്ദുപതിപ്പ് 1-1-1913 നും ഗുരുമുഖി എന്ന പേരില്‍ പഞ്ചാബി പതിപ്പ് 9-12-1913 നും പുറത്തിറക്കി. ഗദ്ദര്‍-ബ്രിട്ടീഷ് രാജ്യത്തിന്റെ ശത്രു എന്നതായിരുന്നു ഈ പത്രത്തിന്റെ തലവാചകം. ഇന്ത്യയിലെ വിപ്ലവ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ധീരപടയാളികളെ ആവശ്യമുണ്ട് എന്ന ആശയത്തിന് പത്രം പ്രചാരണം നല്‍കി. ഗദ്ദര്‍ ഹിന്ദുസ്ഥാന്‍ എന്ന പത്രം സമകാലിക ഇന്ത്യയിലെ എല്ലാ പ്രധാന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു.  ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ കെടുതികള്‍, ക്ഷാമം, ഇന്ത്യക്കാരന്റെ കുറഞ്ഞ പ്രതിശീര്‍ഷവരുമാനം, ഇന്ത്യന്‍ വ്യവസായങ്ങളുടെ തകര്‍ച്ച തുടങ്ങിയവയെക്കുറിച്ചെല്ലാം ഗദ്ദര്‍ ഹിന്ദുസ്ഥാന്‍ വിശദമായ ലേഖനങ്ങള്‍ നല്‍കി. കൂടാതെ ബാല ഗംഗാധരതിലക്, അരബിന്ദോ, വി.ഡി സവര്‍ക്കര്‍, ശ്യാംജി കൃഷ്ണവര്‍മ്മ, അജിത് സിംഗ് എന്നിവരെയും വിപ്ലവപ്രസ്ഥാനങ്ങളായിരുന്ന അനുശീലന്‍ സമിതി, യൂഗാന്തര്‍ഗ്രൂപ്പ് എന്നിവരുടെ പ്രവര്‍ത്തനങ്ങളെയും ഗദ്ദര്‍ ഹിന്ദുസ്ഥാന്‍ പ്രകീര്‍ത്തിച്ചു.
എല്ലാ അര്‍ത്ഥത്തിലും ഗദ്ദര്‍പാര്‍ട്ടി ഇന്ത്യയുടെ മതനിരപേക്ഷതയുടെയും സാംസ്കാരിക വൈവിദ്ധ്യത്തിന്റെയും പ്രതീകമായിരുന്നു. ഗദ്ദര്‍ ഹിന്ദുസ്ഥാന്‍ പത്രത്തിന്റെ പ്രധാന ആകര്‍ഷണം കവിതകളായിരുന്നു. ഗദ്ദര്‍ വിപ്ലവകാരികളുടെ മതനിരപേക്ഷ കാഴ്ചപ്പാട് അവയില്‍ വ്യക്തമായി പ്രതിഫലിച്ചിരുന്നു. ഗദ്ദര്‍ ഹിന്ദുസ്ഥാനിലെ ഒരു കവിതയില്‍ ഇപ്രകാരം കാണുന്നു.
ഹിന്ദുക്കളേ, സിക്കുകാരേ, പത്താന്മാരേ, മുസ്ലീങ്ങളേ
സൈന്യത്തിലെ പടയാളികളെ ശ്രദ്ധിക്കൂ.
നമ്മുടെ രാജ്യം ബ്രിട്ടീഷുകാര്‍ കൊള്ള ചെയ്യുകയാണ്.
നമ്മള്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യേണ്ടതുണ്ട്.
നമുക്ക് പണ്ഡിതന്മാരെയും ഖാസിമാരെയും ആവശ്യമില്ല.
നാം നമ്മുടെ കപ്പല്‍ തകര്‍ക്കാന്‍ അനുവദിച്ചു കൂടാ
ആരാധനയുടെ സമയം കഴിഞ്ഞിരിക്കുന്നു.
ആയുധം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
1914-ല്‍ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച സന്ദര്‍ഭത്തില്‍ പ്രവാസികളായ വിപ്ലവകാരികളുടെ പിന്തുണയോടെ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ജനകീയവിപ്ലവം സംഘടിപ്പിക്കാന്‍ ഗദ്ദര്‍ പാര്‍ട്ടി തീരുമാനിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം നടത്താന്‍ ധീരദേശാഭിമാനികളായ പ്രവാസി ഇന്ത്യക്കാര്‍ തയ്യാറായി. ഇതിനായി അവര്‍ ആയുധങ്ങള്‍ ശേഖരിച്ചു. അവരുടെ യാത്രാ ചിലവിലേക്കും ആയുധങ്ങള്‍ക്കുമായി ലക്ഷക്കണക്കിന് ഡോളര്‍ ശേഖരിക്കപ്പെട്ടു. പല പ്രവാസി ഇന്ത്യക്കാരും തങ്ങളുടെ ഭൂമിയടക്കമുള്ള ആയുഷ്ക്കാല സമ്പാദ്യങ്ങള്‍ ഗദ്ദര്‍വിപ്ലവകാരികള്‍ക്ക് നല്‍കി. മാതൃരാജ്യത്തിന്റെ മോചനം മാത്രമായിരുന്നു അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന വിപ്ലവകാരികളുടെ ലക്ഷ്യം. ഇന്ത്യയില്‍ 1915 ഫെബ്രുവരി 21 ന് പഞ്ചാബില്‍ കലാപം ആരംഭിക്കുവാന്‍ പാര്‍ട്ടി തീരുമാനിച്ചു.
പഞ്ചാബിലെത്തിച്ചേര്‍ന്ന ഗദ്ദര്‍ വിപ്ലവകാരികള്‍ക്ക് ജനങ്ങളുടെ ഭാഗത്തു നിന്നും  അനുകൂല പ്രതികരണം ലഭിച്ചില്ല. പഞ്ചാബിലെ പട്ടാള യൂണിറ്റുകളെ കലാപത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെങ്കിലും അതു വിജയിച്ചില്ല ഗദ്ദര്‍ പ്രവര്‍ത്തകരായ സച്ചീന്ദ്ര സന്ന്യാല്‍, വിഷ്ണു സിംഗ് പിഗഌഎന്നിവരിലൂടെ അവര്‍ ഗദ്ദര്‍ വിപ്ലവത്തിന് ഒരു നേതാവിനെ കണ്ടെത്തി. അത് റാഷ്് ബിഹാറി ബോസ് ആയിരുന്നു.
എന്നാല്‍ കലാപശ്രമങ്ങളെക്കുറിച്ച് ബ്രിട്ടീഷ് ഭരണകൂടത്തിന് അറിവ് ലഭിക്കുകയും അവര്‍ കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പഞ്ചാബിലെ ഗദ്ദര്‍പാര്‍ട്ടിയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും വിപ്ലവത്തെ തടയുകയും ചെയ്തു. അറസ്റ്റിന് ശേഷം വിപ്ലവകാരികളെ പ്രഹസനമായ വിചാരണക്ക് വിധേയമാക്കി. 42 പേര്‍ക്ക് വധശിക്ഷ ലഭിച്ചു. 114 പേരെ ജീവപര്യന്തം ശിക്ഷ വിധിച്ച് നാടുകടത്തി. 93 പേര്‍ക്ക് ഭീകരമായ തടവുശിക്ഷ നല്‍കപ്പെട്ടു. ഗദ്ദര്‍ പ്രസ്ഥാനത്തിലെ പല നേതാക്കന്മാരും ജയില്‍ മോചിതരായതിനുശേഷം പഞ്ചാബിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കീര്‍ത്തി പ്രസ്ഥാനങ്ങളുടെയും രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
അങ്ങനെ കലാപത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കാനുള്ള കലാപകാരികളുടെ ശ്രമം പരാജയപ്പെട്ടു. ലാലാ ഹര്‍ദയാല്‍, സോഹന്‍സിംഗ്, ഭക്‌നാ കര്‍ത്താ സിംഗ് സാരാബാ, റഹ്മാന്‍ അലിഷാ, ബാബു ഗുരുമുഖ് സിംഗ്, മൊഹമ്മൂദ് ബര്‍ക്കത്തുള്ള ദയാ പരമാനന്ദ്, വിഷ്ണു സിംഗ് പിംഗഌ ഹര്‍നംസിംഗ്, രഘുബാര്‍ദയാല്‍ ഗുപ്ത. സച്ചീന്ദ്രനാഥ് സന്ന്യാല്‍ എന്നിവരായിരുന്നു ഗദ്ദര്‍ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കള്‍. 19-ാം വയസില്‍ ലാഹോര്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ട വിപ്ലവകാരിയാണ് കര്‍ത്താര്‍ സിംഗ്. അദ്ദേഹത്തെ മഹാനായ ഭഗത്സിംഗ് തന്റെ ഗുരുവെന്നും സുഹൃത്തെന്നും  സഹോദരനെന്നുമാണ് വിശേഷിപ്പിച്ചത്.
ഗദ്ദര്‍ വിപ്ലവകാരികളുടെ മതനിരപേക്ഷമായ നിലപാടുകളുടെയും കൊളോണിയല്‍ വിരുദ്ധപോരാട്ടങ്ങളുടെയും അര്‍ത്ഥപൂര്‍ണ്ണമായ സ്മരണയാണ് സ്വതന്ത്ര്യ ഇന്ത്യയുടെ വര്‍ത്തമാന സാഹചര്യം ആവശ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ ഗദ്ദര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഏറെയാണ്.

Comments are closed.