TOP STORIES TODAY
  Dec 03, 2013
ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകളുടെ പുതിയ താവളം കണ്ടെത്തി
ചന്ദ്രപുര്‍ (മഹാരാഷ്ട്ര): വംശനാശത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന പക്ഷിയായ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡിന്റെ പുതിയ രണ്ട് വാസസ്ഥലങ്ങള്‍ മഹാരാഷ്ട്രയില്‍ കണ്ടെത്തി.

ചന്ദ്രപുര്‍ ജില്ലയിലെ വറോറ-ഭദ്രാവതി താലൂക്കുകളിലാണ് പുതിയ താവളം ശ്രദ്ധയില്‍പ്പെട്ടത്. ഈ പക്ഷിയുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുകയാണ് വനം വകുപ്പ് അധികൃതര്‍.

പറവകളില്‍ ഏറ്റവും ഭാരംകൂടിയ ഇനങ്ങളിലൊന്നാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ്. നില്‍ക്കുമ്പോള്‍ ഒരു മീറ്ററെങ്കിലും ഉയരമുള്ള ഇവയ്ക്ക് 15 കിലോയോളം തൂക്കംവരും.

ഇന്ത്യയിലെയും പാകിസ്താനിലെയും പുല്‍മേടുകളില്‍ ധാരാളമായി കണ്ടുവന്നിരുന്ന ഇവ ഇന്ന് വംശമറ്റുപോകുന്ന നിലയിലാണ്. പരിസ്ഥിതിസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്രസംഘടനയായ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 145 ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകളേ ശേഷിക്കുന്നുള്ളൂ. ഇവയില്‍ 45 എണ്ണം മഹാരാഷ്ട്രയിലാണ്. സോളാപുര്‍ ജില്ലയിലെ നാനാജിലും നേരത്തേ ഇവയെ കണ്ടെത്തിയിരുന്നു.

ചന്ദ്രപുര്‍ ജില്ലയിലെ പുതിയ താവളത്തില്‍ 11 പക്ഷികളെങ്കിലും ഉണ്ടാകുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.ഡി. ചൗധരി പറഞ്ഞു. ഇത് വനമേഖലയല്ലാത്തതിനാല്‍ വനംവകുപ്പിന് സംരക്ഷണമേറ്റെടുക്കുക സാധ്യമല്ല.

ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ ഇവയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുള്ള ശ്രമം നടന്നുവരികയാണ്. സപ്തംബര്‍മുതല്‍ നവംബര്‍വരെയുള്ള മാസങ്ങളാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകളുടെ പ്രജനനകാലം. ആ സമയത്താണ് അവ വറോറ-ഭദ്രാവതി പോലുള്ളിടങ്ങളിലെത്തുന്നത്. പിന്നീട് എവിടേക്കുപോകുന്നുവെന്നത് അജ്ഞാതമാണ്. അതിനാല്‍ ഇവയുടെ നീക്കം നിരീക്ഷിക്കുന്നത് സംരക്ഷണത്തിന് ആവശ്യമാണെന്ന് ചൗധരി പറഞ്ഞു.
Other News in this section
കല്യാണക്കാര്‍ കാളവണ്ടിയില്‍ ; വണ്ടിക്കാരന്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: കല്യാണക്കാര്‍ കാളവണ്ടിയില്‍ കയറിയപ്പോള്‍ തലവേദനയായത് പോലീസിന്. എന്നാല്‍പ്പിന്നെ, കാണിച്ചുതരാമെന്നായി പോലീസ്. കാളവണ്ടി പിടിച്ച് പോലീസ് സ്റ്റേഷനില്‍ കൊണ്ടിട്ടു. ഇതോടെ തലവേദന കല്യാണക്കാര്‍ക്കായി. അതിനിടെ കാളവണ്ടി ഓടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് തെരുവത്തെ സിറാജുദ്ദീനെ(28)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. റോഡില്‍ ഗതാഗതക്കുരുക്ക് ..

Latest news