TOP STORIES TODAY
  Dec 12, 2013
രണ്ട് സെന്‍റിലെ കൃഷിവിപ്ലവം; 'അക്വാപോണിക്‌സ് ഫാം' കേരളത്തിലും
പാലക്കാട്: ഒരു സെന്‍റിലൊരുക്കിയ കൃത്രിമക്കുളത്തില്‍ ഒരേക്കര്‍ കുളത്തിലെ മത്സ്യസമ്പത്ത്. കരിങ്കല്‍ക്കഷ്ണങ്ങള്‍ മാത്രമുള്ള തടത്തില്‍ വളരുന്ന പച്ചക്കറിത്തോട്ടത്തില്‍ നൂറുമേനി വിളവ്.

മത്സ്യവിസര്‍ജ്യംമാത്രമാണ് മണ്ണില്ലാകൃഷിയുടെ ശക്തി. വണ്ടിത്താവളത്തിനടുത്ത് നന്ദിയോടിലാണ് ഒരുസെന്‍റ് മത്സ്യക്കുളവും ഒരുസെന്‍റില്‍ ജൈവകൃഷിയും സമ്മേളിക്കുന്ന 'അക്വാപോണിക്‌സ് ഫാം'. വിദേശരാജ്യങ്ങളില്‍ പ്രചാരംനേടിവരുന്ന അക്വാപോണിക്‌സ് ഫാം ഇന്ത്യയിലിതാദ്യമാണെന്ന് ഫാം വികസിപ്പിച്ച് വിജയംകൊയ്യുന്ന വിജയകുമാര്‍ നാരായണന്‍ പറയുന്നു.

ആര്‍മി എജ്യുക്കേഷന്‍ കോറില്‍ അധ്യാപകനായിരുന്നു വിജയകുമാര്‍. ആറുവര്‍ഷം വിദേശത്തുമായിരുന്നു. നാട്ടില്‍ മടങ്ങിയെത്തിയതോടെയാണ് കൃഷിക്കമ്പം കൂടിയത്. രണ്ടേക്കറില്‍ നെല്‍ക്കൃഷിയുണ്ട്. ചെലവുകുറഞ്ഞതും വ്യത്യസ്തവും പെട്ടെന്ന് ലാഭം കിട്ടുന്നതുമായ കൃഷിയെപ്പറ്റി ഇന്‍റര്‍നെറ്റില്‍ തിരയുന്നതിനിടെയാണ് അക്വാപോണിക്‌സ് കൃഷിവിദ്യയെപ്പറ്റി അറിഞ്ഞത്.

വീടിനുപിന്നിലെ മൂന്ന് സെന്‍റില്‍ പദ്ധതി യാഥാര്‍ഥ്യമാക്കി. ഒരുസെന്‍റ് ഭൂമിയില്‍ ആറടി ആഴത്തില്‍ ദീര്‍ഘചതുരാകൃതിയില്‍ കുഴിയെടുത്തു. തമിഴ്‌നാട്ടില്‍നിന്ന് തയ്യാറാക്കിവാങ്ങിയ 'പോണ്ട്‌ലൈനര്‍' ഇട്ട് വെള്ളംനിറച്ചപ്പോള്‍ കൃത്രിമക്കുളം റെഡി. വിവിധയിനത്തില്‍പ്പെട്ട 4,000 മീനുകളെയുമിട്ടു.

കുളത്തിനുചുറ്റും താര്‍പ്പായവിരിച്ച് എട്ടിഞ്ച് കനത്തില്‍ അര ഇഞ്ചിന്റെ കരിങ്കല്‍ക്കഷ്ണങ്ങള്‍ (ജെല്ലി) ഇട്ട് അതിലാണ് പച്ചക്കറിക്കൃഷി. ഒരുതരി മണ്ണുപോലുമില്ലെങ്കിലും കരിങ്കല്ലിലെ കൃഷിക്ക് വന്‍ വിളവ്. മീന്‍കുളത്തിലെ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങളാണ് തോട്ടങ്ങളുടെ വളര്‍ച്ചയ്ക്കും കായ്കള്‍ക്കും പിന്നില്‍.

ഒന്നര കുതിരശേഷിയുള്ള മോട്ടോര്‍ ഉപയോഗിച്ച് മീന്‍കുളത്തിലെ വെള്ളം കരിങ്കല്‍ത്തടത്തിലൂടെ ഒഴുക്കുന്നു. വളക്കൂറുള്ള മത്സ്യവിസര്‍ജ്യം കരിങ്കല്‍തടത്തില്‍ അവശേഷിച്ച് ശുദ്ധീകരിക്കപ്പെട്ട വെള്ളം വീണ്ടും കുളത്തിലേക്ക് എത്തുന്നതാണ് അക്വാപോണിക്‌സ് വിദ്യയുടെ രീതി.

മണ്ണില്ലാത്തയിടങ്ങളില്‍ വളരുന്ന ആഫ്രിക്കന്‍ മണ്ണിരയെ കരിങ്കല്‍ക്കൃഷിത്തടങ്ങളില്‍ ഇട്ടിട്ടുണ്ട്. വെള്ളത്തിന്റെ ഒഴുക്കും ചെടികളുടെ വേരിന്റെ വളര്‍ച്ചയും സുഗമമാക്കാനാണിത്.

ജെല്ലിനിറച്ച കൃഷിത്തടത്തില്‍ ഒരേ പരിധിയില്‍ എപ്പോഴും വെള്ളമൊഴുകുന്ന (കോണ്‍സ്റ്റന്‍റ് ഫേ്‌ളാ) രീതിയും വെള്ളം നിറഞ്ഞശേഷം പൂര്‍ണമായും ഒഴുകിപ്പോയി വീണ്ടും നിറയുന്ന (ഫേ്‌ളാ ആന്‍ഡ് ഡ്രെയിന്‍) രീതിയുമാണ് അവലംബിച്ചിരിക്കുന്നത്. മണിക്കൂറില്‍ ഈ രീതിയില്‍ 18,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കും. കുളത്തില്‍ ഓക്‌സിജന്‍കിട്ടാന്‍ മിനിട്ടില്‍ 140 ലിറ്റര്‍ വീതം വെള്ളം തള്ളുന്ന മോട്ടോറും വെച്ചിട്ടുണ്ട്.

കുളത്തിലെ വെള്ളം ശുദ്ധീകരിക്കുന്ന പൈപ്പ് നീളംകൂട്ടി കുളത്തിനുചുറ്റുംവെച്ച് അതില്‍ ഓട്ടയിട്ട് പ്ലാസ്റ്റിക്ഗ്ലാസ് ഇറക്കി അതിനുള്ളിലും കൃഷി നടത്തുന്നുണ്ട്. ന്യൂട്രിയന്‍റ് ഫിലിം ടെക്‌നോളജി പ്രകാരമുള്ള ഈ കൃഷിക്കും മണ്ണില്ല. സ്‌പോഞ്ചില്‍ തിരുകിയ ചെടികളുടെ വേര് പ്ലാസ്റ്റിക്ഗ്ലാസില്‍ തുളയിട്ട് അതിലൂടെ ഇറക്കി പൈപ്പിലൂടെ ഒഴുകുന്ന വെള്ളത്തിലെത്തിക്കുന്നതാണ് കൃഷിരീതി. പ്ലാസ്റ്റിക് ഗ്ലാസില്‍ വളരുന്ന കുഞ്ഞന്‍ചെടികളില്‍ നിറയെ കായ്കള്‍.

ഒരേക്കറിലെ കുളത്തില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 4,000 കിലോഗ്രാം മീനാണ് സാധാരണ ലഭിക്കുക. എന്നാല്‍, ഒരു സെന്‍റിലെ കുളത്തില്‍നിന്ന് 5,000 കിലോഗ്രാം ലഭിക്കുമെന്ന് വിജയകുമാര്‍ പറയുന്നു. ഒരു സെന്‍റിലെ കൃഷിയില്‍നിന്ന് 3,000 കിലോഗ്രാം പച്ചക്കറിയും ലഭിക്കും.

84 ദിവസമായി കൃഷിയിറക്കിയിട്ട്. ഇതിനകം 100 കിലോഗ്രാം ലഭിച്ചു. മീന്‍വിസര്‍ജ്യത്തിലെ അമോണിയ ഉള്‍പ്പെടെയുള്ളവ മൂന്നാംമാസംമുതലാണ് ചെടികള്‍ക്ക് അത്യുത്പാദനശേഷി നല്‍കുക. മൂന്നാംമാസംമുതല്‍ പതിന്മടങ്ങ് വിളവ് ലഭിക്കുമെന്ന് വിജയകുമാര്‍ അവകാശപ്പെടുന്നു. മീന്‍വിളവെടുപ്പ് ഫിബ്രവരിയിലാണ്.

രണ്ട് സെന്‍റിലെ മത്സ്യം, പച്ചക്കറിക്കൃഷിക്ക് ഒന്നരലക്ഷമാണ് ചെലവ്. ഒരുവര്‍ഷത്തിനുള്ളില്‍ 52 ശതമാനം ലാഭം ലഭിക്കുമെന്ന് വിജയകുമാര്‍ പറയുന്നു. കൃഷിക്കായി ദിവസം ഒരുമണിക്കൂര്‍ ചെലവിട്ടാല്‍ മതി. അസോളയും പിണ്ണാക്കുമാണ് മീനിന്റെ ഭക്ഷണം.

കുളത്തിന്റെ ഭാഗമായി ആഫ്രിക്കന്‍ മണ്ണിരയെ വളര്‍ത്തുന്നുണ്ട്. വീട്ടിലെ അവശിഷ്ടങ്ങളിട്ടാണ് വളര്‍ത്തല്‍. മണ്ണിരയ്ക്ക് കിലോഗ്രാമിന് 1,000 രൂപ കിട്ടും. കംപോസ്റ്റിന് വേറെയും.

അക്വാപോണിക്‌സ് കൃഷിരീതി പഠിപ്പിച്ചുകൊടുക്കുന്നുമുണ്ട് വിജയകുമാര്‍. മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യില്‍ നടത്തിയ ക്ലാസില്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നുമുള്ള 20 പേര്‍ പങ്കെടുത്തു.

Other News in this section
കിം കി ഡുക് നഗരം കാണാനിറങ്ങി; ആരാധകരെ കണ്ട് ഞെട്ടി
തിരുവനന്തപുരം: വിശ്രുത സംവിധായകന്‍ കി കിം ഡുക് ആരുമറിയാതെ നഗരം കാണാനിറങ്ങി. മന്ത്രിയുടെ വാഹനം കണ്ടപ്പോള്‍ ഒഴിഞ്ഞുമാറിയും മതിലുകളിലുള്ള എണ്ണമറ്റ പോസ്റ്ററുകള്‍ കണ്ടും കിം നടന്നു. ഒടുവില്‍ എല്ലാവരുമറിഞ്ഞപ്പോള്‍ ഇത് വലിയ സംഭവമാണല്ലോ എന്ന ഭാവം. കിമ്മിനെ കാണാന്‍ പാലക്കാട്ടുനിന്നുവരെ ആരാധകര്‍ എത്തിയിരുന്നു. കേരളത്തില്‍ തനിക്ക് ഇത്രയും ആരാധകരുണ്ടെന്ന കാര്യമറിഞ്ഞ് ..

Latest news