പ്രകൃതവും പ്രകൃതിയും | Madhyamam Weekly
Weekly


പ്രകൃതവും പ്രകൃതിയും

പുനര്‍വായ...ന ഡോ. അംബികാസുതന്‍ മാങ്ങാട്

‘‘ജീവിതത്തെപ്പോലെ പരിണാമഗുപ്തിയോടുകൂടിയ ഒരു നോവലില്ല.’’ ഈ വാക്യം എസ്.കെ. പൊറ്റെക്കാട്ടിന്‍െറ ‘പുള്ളിമാന്‍’ എന്ന പ്രശസ്ത കഥയിലുള്ളതാണ്. പ്രസ്തുത കഥയെ ന്യായീകരിക്കുന്ന ഒരു വാക്യമാണിത്. ഒരുപക്ഷേ, പൊറ്റെക്കാട്ടിന്‍െറ മുഴുവന്‍ കഥകള്‍ക്കുള്ള ന്യായീകരണമായും ഈ വാക്യത്തെ സ്വീകരിക്കാം.
‘പുള്ളിമാനി’ലെ കഥാനായിക പാര്‍വതി പച്ചയില്‍ വെളുത്ത പുള്ളികളുള്ള സാരി ധരിച്ച് കാട്ടിനകത്തുള്ള തടാകക്കരയില്‍ പ്രകൃതിസൗന്ദര്യം ആസ്വദിച്ച് അനക്കമറ്റ് നില്‍ക്കുമ്പോള്‍ അപരിചിതനായ, നായാടിയായ ദേവയ്യന്‍ എന്ന യുവാവ് പുള്ളിമാനെന്നു കരുതി അവളെ വെടിവെക്കുന്നു. വിരല്‍ത്തുമ്പിലാണ് വെടികൊണ്ടത്. ദേവയ്യന്‍ ഓടിവന്ന് പ്രഥമശുശ്രൂഷ ചെയ്യുന്നു. അയാളുടെ തൂവാലകൊണ്ട് വിരല്‍ പൊതിഞ്ഞുകെട്ടി. പാര്‍വതിയെ പരിചയപ്പെട്ടശേഷം നിലത്തുവീണുകിടന്ന അവളുടെ നോട്ട്പുസ്തകം, ‘‘വായിച്ചിട്ട് തരാം’’ എന്നുപറഞ്ഞ്കൊണ്ടുപോയി. വിസ്മയകരമായ ആ അനുഭവങ്ങള്‍ക്കുശേഷം നിലത്തു വീണ് തളംകെട്ടിയ തന്‍െറ ചോര കാണുമ്പോള്‍ പാര്‍വതി വിചാരിക്കുന്ന വാക്യമാണിത്.
ദേവയ്യന്‍െറ വെടി പാര്‍വതിയുടെ വിരലറ്റത്തുമാത്രം കൊള്ളിച്ച് വലിയ പരിക്കുകളൊന്നുമില്ലാതെ കഥാകൃത്ത് അവളെ കഥയിലേക്ക് കൊണ്ടുവരുന്നു. ഈ അദ്ഭുതത്തെ ന്യായീകരിക്കാന്‍ മാത്രമല്ല, വരാനിരിക്കുന്ന അതുപോലുള്ളതും അതിനെക്കാളും അവിശ്വസനീയവുമായ സംഭവപരമ്പരകള്‍ക്കുള്ള ന്യായീകരണംകൂടിയാണ് പ്രസ്തുത വാക്യം.
ജീവിതം യഥാര്‍ഥമാണ്, വിശ്വസനീയമാണ്, സ്വാഭാവികമാണ് എന്നും നോവല്‍ അയഥാര്‍ഥവും അവിശ്വസനീയവും അസ്വാഭാവികവും ആണ് എന്നും ഉള്ള ഒരു പൊതുബോധത്തെ അപനിര്‍മിക്കുകയാണ് പൊറ്റെക്കാട്ട് ഈ വാക്യത്തിലൂടെ. കെട്ടിച്ചമയ്ക്കുന്ന കഥയെക്കാളും വിചിത്രവും വിസ്മയകരവുമാണ് ജീവിതം എന്ന് കഥാകൃത്ത് പറയുന്നു. കഥയെ വിശ്വസനീയമാക്കി അവതരിപ്പിക്കാനുള്ള കഥാകൃത്തിന്‍െറ ആഖ്യാനമിടുക്കിന്‍െറ ഭാഗമാണിത്. കഥയില്‍ മറ്റൊരിടത്ത്, പാര്‍വതിയുടെ കൈപിടിച്ച് തന്‍െറ പ്രണയം അറിയിക്കുന്ന സന്ദര്‍ഭത്തില്‍ ‘‘ഒരു കവിയെപ്പോലെ എന്‍െറ അന്തര്‍ഗതങ്ങളെ വര്‍ണിച്ചുപാടുവാനോ വളച്ചുകെട്ടിപ്പറയാനോ എനിക്ക് വശമില്ല -ഞാന്‍ നിന്നെ ഗാഢമായി സ്നേഹിക്കുന്നു’’ എന്ന് ദേവയ്യന്‍ പറയുന്നു. വര്‍ണിച്ചുപാടിയും വളച്ചുകെട്ടിപ്പറഞ്ഞും കഥാകൃത്ത് കഥ അവതരിപ്പിക്കുമ്പോള്‍ താന്‍ അങ്ങനെ ചെയ്യുന്നില്ല, തന്‍െറ നായകന്‍ അങ്ങനെ ചെയ്യുന്നില്ല എന്നു പറയുന്നത് കഥയെ കൂടുതല്‍ വിശ്വസനീയവും ഹൃദയസ്പര്‍ശിയുമാക്കാന്‍വേണ്ടിയാണ്. ഫിക്ഷനല്ല, യഥാര്‍ഥ ജീവതമാണ് താന്‍ പറയുന്നത് എന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമംകൂടിയാണ്.
കാല്‍പനികകാന്തിയില്‍ കടഞ്ഞെടുത്ത മനോഹരമായ കഥാശില്‍പമാണ്  ‘പുള്ളിമാന്‍’. യഥാര്‍ഥ ജീവിതവുമായി അതിന് വലിയ ബന്ധമൊന്നുമില്ല. ഒടുവില്‍, കുഞ്ഞികൃഷ്ണമേനോന്‍ ഉള്‍പ്പെടുന്ന ഒന്നാംതലമുറയുടെ   കഥാനിര്‍മിതിയുടെ സവിശേഷതകള്‍ പില്‍ക്കാലത്ത് ഏറിയകൂറും നാം കണ്ടത് പൊറ്റെക്കാട്ടിന്‍െറ കഥകളിലാണ്. തകഴിത്തലമുറയുടെ കഥകള്‍ക്കുള്ള പൊതുവായ സാമൂഹിക വിമര്‍ശബോധവും സാമൂഹിക പരിഷ്കരണയജ്ഞവും പൊറ്റെക്കാട്ടിന്‍െറ കഥകളുടെ രീതിയല്ല. വര്‍ണശബളവും ഉദ്വേഗഭരിതവുമായ കഥാതന്തുക്കളെ അന്യൂനമായ കലാശില്‍പങ്ങളാക്കി അവതരിപ്പിക്കാനാണ് പൊതുവെ അദ്ദേഹം ശ്രമിച്ചത്. രൂപത്തിലും ഭാവത്തിലും കാല്‍പനികതയുടെ സങ്കല്‍പകാന്തികള്‍കൊണ്ട് ചേതോഹരമായ അനുഭവങ്ങളായിത്തീര്‍ന്നു അദ്ദേഹത്തിന്‍െറ കഥകളോരോന്നും. ഒന്നാം തലമുറയിലെ കഥാകൃത്തുക്കള്‍ പരിണാമഗുപ്തി എന്ന ഘടകത്തെ വിശേഷാല്‍ പരിഗണിച്ചിരുന്നു. തകഴിത്തലമുറയിലെ മറ്റാരെക്കാളും പൊറ്റെക്കാട്ടാണ് കഥകളില്‍ വിസ്മയജനകമായ പരിണാമഗുപ്തികള്‍ ആഖ്യാനിച്ച് വായനക്കാരെ അമ്പരപ്പിച്ചത്.  ‘‘ജീവിതത്തെപ്പോലെ പരിണാമഗുപ്തിയോട് കൂടിയ നോവലില്ല’’ എന്ന വാക്യത്തില്‍ പരിണാമഗുപ്തിയോട് തനിക്കുള്ള താല്‍പര്യവും കഥയില്‍ അത്  അത്യന്താപേക്ഷിതമാണ് എന്ന കഥാ സങ്കല്‍പവും പൊറ്റെക്കാട്ട് വ്യക്തമാക്കുന്നുണ്ട്.
വൈലോപ്പിള്ളി പാടിയതുപോലെ ‘‘ജീവിതക്കടലേ കവിതയ്ക്ക് മഷിപ്പാത്രം’’ എന്നവിധം യഥാര്‍ഥ ജീവിതമാണ് താന്‍ ആവിഷ്കരിക്കുന്നത് എന്നു പറയുമ്പോഴും ‘‘മലരൊളി തിരളും മധുചന്ദ്രികയില്‍ മഴവില്‍ക്കൊടിയുടെ മുനമുക്കി’’ ചങ്ങമ്പുഴമട്ടില്‍ സങ്കല്‍പകാന്തികളുടെ വിദ്യുന്മേഖലകള്‍ പുല്‍കാനാണ് പൊറ്റെക്കാട്ട് ഉദ്യമിച്ചത്. രസകരമായ ഒരു വസ്തുത, ചങ്ങമ്പുഴയുടെയും പൊറ്റെക്കാട്ടിന്‍െറയും        രചനകളുടെ ശീര്‍ഷകങ്ങള്‍ ഇടകലര്‍ത്തി നിരത്തിയാല്‍ ഒരു സാധാരണ വായനക്കാരന് അവയില്‍നിന്നും  ഇരുപേരെയും വേര്‍തിരിക്കുക അസാധ്യമായിരിക്കും.
കഥയുടെ പ്രമേയത്തിലും ആ ഖ്യാനത്തിലുമുള്ള ഈ കാല്‍പനികകാന്തിയാണ് തകഴിത്തലമുറയിലെ ഏറ്റവും പ്രിയങ്കരനായ കഥാകാരനായി, ഏറ്റവും ജനകീയനായി പൊറ്റെക്കാട്ടിനെ മാറ്റിയത്. മറ്റൊരു കഥാകാരനെയും അന്ന് വായനക്കാര്‍ ഇത്രയധികം കാത്തിരുന്നിട്ടുണ്ടാവില്ല. ‘പുള്ളിമാനി’ല്‍ അസ്വാഭാവിക രംഗങ്ങള്‍ പലതുണ്ടെങ്കിലും പൊറ്റെക്കാട്ടിന്‍െറ ആഖ്യാനചാതുരിയുടെ മാസ്മരികതയില്‍ പെടുന്ന വായനക്കാരന്‍ കഥാന്ത്യംവരെ ഒഴുകിഒഴുകി നീങ്ങിപ്പോകുന്നു. കാട്ടില്‍നിന്നും പനിനീര്‍പ്പൂവ് പറിച്ചെടുക്കാന്‍ ശ്രമിക്കുന്നതും വിരല്‍ത്തുമ്പിന് വെടിയേല്‍ക്കുന്നതും സീതമ്മയെ സ്വതന്ത്രയാക്കാന്‍ അച്ഛനെ മരണത്തിന് വിട്ടുകൊടുക്കുന്നതും ഉറങ്ങിക്കിടക്കുന്ന സീതമ്മയെ കൊല്ലാന്‍ പാര്‍വതി സമീപിക്കുമ്പോള്‍ ജനലിന് പുറത്തുനിന്ന് ദേവയ്യന്‍ അവളുടെ കൈ പിടിക്കുന്നതും ജനല്‍ അപ്പാടെ നീക്കി അയാള്‍ അകത്തുവരുന്നതും  ഒടുവില്‍ പുള്ളിമാനെന്നു കരുതി അവളെ വെടിവെച്ചുകൊല്ലുന്നതുമെല്ലാം ഏറെ അസ്വാഭാവികമായ സന്ദര്‍ഭങ്ങളാണ്. പക്ഷേ, വായനക്കാരനെ അലോസരപ്പെടുത്താത്തവിധം തികച്ചും സ്വാഭാവികമെന്ന് തോന്നിപ്പിക്കാന്‍ കഥാകൃത്തിന് വൈദഗ്ധ്യമുണ്ട്.
ജീവിതംപോലെ കഥയിലെ പ്രകൃതിയും കെട്ടുകഥയാണ്. കുടക് എന്ന ദേശത്തിന്‍െറ മനോഹരമായ പശ്ചാത്തലത്തിലാണ് ‘പുള്ളിമാന്‍’ അരങ്ങേറുന്നത്. പക്ഷേ, യഥാര്‍ഥ കുടക് എന്ന് പറഞ്ഞ് പൊറ്റെക്കാട്ട് വിവരിക്കുന്നത് തന്‍െറ ഭാവനയില്‍ പുനര്‍നിര്‍മിക്കപ്പെടുന്ന കുടകാണ്. യഥാര്‍ഥ കുടകിനെക്കാളും വശ്യഭംഗി കഥയിലെ കുടകിനാണ് എന്നകാര്യത്തില്‍  സംശയമില്ല. സൂക്ഷ്മനോട്ടക്കാരനായ ഒരു സഞ്ചാരി പൊറ്റെക്കാട്ടിന്‍െറ കഥകളിലെല്ലാം തെളിഞ്ഞും മറഞ്ഞും നില്‍പുണ്ട്. പ്രകൃതിയും കഥാപാത്രങ്ങളുടെ പ്രകൃതവും ഇത്രത്തോളം വൈവിധ്യത്തോടും വൈചിത്ര്യത്തോടും  ആവിഷ്കരിക്കാന്‍ പൊറ്റെക്കാട്ടിന് സാധിച്ചതിന്‍െറ രഹസ്യം അതാണ്. ഒമ്പത് ഭാഗങ്ങളുള്ള കഥയുടെ ആദ്യഭാഗം മുഴുവന്‍ കുടകിന്‍െറ വര്‍ണനയാണ്. തുടക്കം ഇങ്ങനെ ‘‘കുടക്! കോടകൊണ്ട് മൂടിക്കിടക്കുന്ന വൃക്ഷനിബിഡങ്ങളായ കൊടിയ കാടുകള്‍; ഒന്നിനോടൊന്നു തൊട്ടുകിടക്കുന്ന കുന്നിന്‍നിരകള്‍! കുത്തനെയുള്ള കരിമ്പാറക്കെട്ടുകള്‍! നോക്കത്തൊത്ത പിളര്‍പ്പുകള്‍, പാതാളത്തിലേക്ക് പാളിനോക്കുന്ന ‘കൊല്ലി’കള്‍. യുഗാന്തരങ്ങളായി വെളിച്ചത്തിന് തപംചെയ്തുകൊണ്ടിരിക്കുന്ന താഴ്വാരങ്ങള്‍, സരസ്സുകള്‍. ഗോത്രസിരകളില്‍ ഒരു തരിപ്പുകയറ്റുന്ന ഏകാന്തതയുടെ നിരന്തരമായ ചൂളംവിളി. ഒരു പുതുവിധവയെപ്പോലെ എങ്ങോട്ടെന്നില്ലാതെ വിരണ്ടുപായുന്ന കാട്ടാറുകള്‍. മുരളുന്ന നിര്‍ഝരങ്ങള്‍. കുറച്ചുകൂടി കീഴോട്ടിറങ്ങുക; വിശാലങ്ങളായ കുരുമുളക് തോട്ടങ്ങള്‍, കാപ്പിത്തോട്ടങ്ങള്‍, നാരങ്ങത്തോപ്പുകള്‍, പിന്നീട്, അവിടവിടെയുള്ള സമതലങ്ങളിലേക്ക് പ്രവേശിക്കുക - പച്ചപിടിച്ച നെല്‍വയലുകള്‍; പുല്ലുമേഞ്ഞ മനകള്‍, മലദേവന്‍െറ അമ്പലങ്ങള്‍, ഊടുപാതകള്‍, രൂക്ഷ സ്വഭാവരായ പുരുഷന്മാര്‍, വനദേവതമാരെപോലുള്ള വനിതകള്‍ - അതെ ദക്ഷിണേന്ത്യയിലെ സാക്ഷാല്‍ യക്ഷിസാമ്രാജ്യമാണ് കുടക്. മൈസൂരിന്‍െറയും മലബാറിന്‍െറയും കര്‍ണാടകത്തിന്‍െറയും ഇടയില്‍ കുടുങ്ങിക്കിടക്കുന്ന ആ കൊച്ചു നാട്.’’
സഞ്ചാരസാഹിത്യത്തില്‍നിന്നു ള്ള ഒരു ഭാഗമാണെന്നേ തോന്നൂ. കുടകിന്‍െറ വര്‍ണനകള്‍ കഥയില്‍ ഉടനീളമുണ്ട്. തുടര്‍ന്ന് അവതരിപ്പിക്കുന്ന കഥാനായികയുടെ പ്രകൃതവും പ്രകൃതിയും പാരസ്പര്യമുള്ളതാണ്. കുഞ്ഞിരാമന്‍നായരെപോലെ ഒരു നിത്യസഞ്ചാരി ആയതുകൊണ്ടാണ് പ്രകൃതിയെ ഇത്ര സൂക്ഷ്മമായി നിരീക്ഷിക്കാനും രേഖപ്പെടുത്താനും സാധിച്ചത്.
‘‘കേരളത്തിലെ പച്ചകിളുത്ത പാടങ്ങളും അമ്പലക്കുളങ്ങളും ആല്‍ത്തറകളും പുല്ലുമേഞ്ഞ പുരയിടങ്ങളും  പടിപ്പുരകളും ചാണം മെഴുകിയ മുറ്റങ്ങളും വയ്ക്കോല്‍ മൂടകളും... കാവണ്ടച്ചുമട്ടുകാരും തൊപ്പിക്കുട ചൂടിയ കൃഷീവലന്മാരും അര്‍ധനഗ്നകളായ ഗ്രാമീണ കന്യകളും...പൈക്കൂട്ടം മേയുന്ന കുന്നിന്‍പുറങ്ങളും അരിപ്പൂച്ചെടിപ്പൊന്തകള്‍ അതിര്‍ത്തികാക്കുന്ന ഒറ്റയടിപ്പാതകളും ചിറകടിച്ചു പറക്കുന്ന കാടപ്പക്ഷികളും ഓടിയൊളിക്കുന്ന കുളക്കോഴികളും വര്‍ഷാരംഭത്തെ വാഴ്ത്തുന്ന പോക്കാച്ചിത്തവളകളും...’’ ഈ ഉദ്ധരണി ഒറ്റനോട്ടത്തില്‍ പി. കുഞ്ഞിരാമന്‍ നായരെ കുറിച്ചുള്ളതാണോ എന്നു തോന്നാം. എന്നാല്‍, പൊറ്റെക്കാട്ടിന്‍െറ തിരഞ്ഞെടുത്ത കഥകള്‍ക്ക് എം.ആര്‍.സി എഴുതിയ അവതാരികയില്‍നിന്നുള്ള ഒരു ഭാഗമാണിത്.
‘പുള്ളിമാനി’ന്‍െറ ആരംഭത്തിലുള്ള പ്രകൃതിവര്‍ണനയുടെ തുടക്കത്തില്‍ ‘‘പുതുവിധവയെപോലെ എങ്ങോട്ടെന്നില്ലാതെ വിരണ്ടുപായുന്ന കാട്ടാറുകള്‍’’എന്ന വാക്യമുണ്ട്. ഇതില്‍ താന്‍ അവതരിപ്പിക്കാന്‍ പോകുന്ന കഥാനായികയുടെ വൈധവ്യവും മാനസികാവസ്ഥയും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ‘‘വിജനസ്ഥലത്ത് ഈ സ്വര്‍ഗീയചിത്രം രചിച്ചുവെച്ചതിന്‍െറ രഹസ്യമെന്ത്? ഉദ്ദേശ്യമെന്ത്?  വല്ലവരും ഇവിടെ വരുന്നുണ്ടെങ്കില്‍ അവര്‍ ഹിംസോദ്യുക്തരത്രെ’’ എന്ന വാക്യത്തില്‍ കഥാനായകന്‍െറ വരവും കഥാന്ത്യത്തിലുള്ള കൊലപാതകവുംവരെ സൂചിതമായിരിക്കുന്നു. ഇങ്ങനെ പൊറ്റെക്കാട്ടിന്‍െറ കഥയില്‍ കേവല വര്‍ണനയായി തുടങ്ങുന്ന പ്രകൃതി സൂക്ഷ്മതലങ്ങളിലേക്ക് കടന്ന് കഥയുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന സൂചനകളാവുകയും മനുഷ്യപ്രകൃതം ചിത്രീകരിക്കാനുള്ള വഴിയായി തീരുകയും ചെയ്യുന്നുണ്ട്.
പുള്ളിമാനായിട്ടാണ് കഥയില്‍ പാര്‍വതി ചിത്രീകരിക്കപ്പെടുന്നത്. കാമുകനായ ദേവയ്യന്‍ അവളെ വിളിക്കുന്നതും ‘‘പുള്ളിമാനേ’’ എന്നാണ്. പ്രകൃതിപോലെ മനുഷ്യപ്രകൃതിയും ഉടനുടന്‍ മാറുന്നതാണെന്ന് കഥ വ്യക്തമാക്കുന്നു. ‘മനുഷ്യനും പ്രകൃതിയും’ എന്ന പൊറ്റെക്കാട്ടിന്‍െറ കഥയില്‍ ഈ മാറ്റം കൃത്യമായി വരച്ചുവെച്ചിട്ടുണ്ട്. പുള്ളിമാനായ കഥാനായിക ഒരു സന്ദര്‍ഭത്തില്‍ വിഷംചീറ്റുന്ന സര്‍പ്പമായി മാറുന്നുണ്ട്. ദേവയ്യന്‍ സീതമ്മയിലേക്ക് പ്രണയം മാറ്റിയപ്പോള്‍, പാര്‍വതിയുടെ ആശകള്‍ നഷ്ടമായപ്പോള്‍ അവള്‍ ചിറക് കരിഞ്ഞ നിശാശലഭങ്ങളാണ് എന്ന് വര്‍ണിക്കുന്നു. മറ്റൊരിടത്ത് അവള്‍ ‘വെടികൊണ്ട പക്ഷിയെപോലെ’ പിടയുന്നു.
പ്രകൃതിയും സ്ത്രീയും ഇങ്ങനെ അഭേദ സങ്കല്‍പമായി കഥയില്‍ പാരസ്പര്യം നേടുന്നു. കഥാനായകനാവട്ടെ മൃഗങ്ങളെയും സ്ത്രീകളെയും വേട്ടയാടുന്ന ആണധികാരത്തിന്‍െറ, പ്രകൃതിവിരുദ്ധതയുടെ പ്രതിനിധിയാണെന്നു പറയാം. ‘‘പ്രേമത്തെ നായാടുന്ന സമര്‍ഥനായ ഒരു ശിക്കാരിയായിരുന്നു ദേവയ്യന്‍. തന്‍െറ ഇരയുടെ മര്‍മംനോക്കി ശരമയക്കാന്‍ അവനു ശരിക്കറിയാം’’ എന്ന് കഥാകൃത്തുതന്നെ പറയുന്നുണ്ട്. സരസ്വതിയമ്മയും ലളിതാംബികയും ബഷീറും എഴുതുന്ന കാലമാണത്. എന്നാല്‍, ഒരു സ്ത്രീപക്ഷമോ കുഞ്ഞിരാമന്‍ നായരും ബഷീറും അവതരിപ്പിച്ച പരിസ്ഥിതിപക്ഷമോ പൊറ്റെക്കാട്ടിന്‍െറ രീതിയല്ല. ആപാദചൂഡം മനോഹരമായ ഒരു കഥ നിര്‍മിച്ചു നല്‍കി മാറിനില്‍ക്കുകയാണ് പൊറ്റെക്കാട്ട്. അത് വിനോദത്തിനുള്ള ഒന്നാണ്, ലോകത്തെ കഥകളെക്കൊണ്ട് മാറ്റിയെടുക്കാം എന്ന വിവക്ഷ പൊറ്റെക്കാട്ടിന്‍െറ കഥകളിലില്ല. താന്‍ ഇരയാക്കപ്പെട്ടവളാണ് എന്ന് ബോധ്യംവന്നിട്ടും കാമുകന്‍െറ വെടിയേല്‍ക്കാന്‍ തയാറായിനില്‍ക്കുമ്പോള്‍ അവള്‍ ചുംബിക്കാന്‍ കാമുകന്‍െറ ഫോട്ടോയാണ് കരുതുന്നത്. ‘‘പ്രാണേശ്വരാ’’ എന്ന് തുടരുന്ന കുറ്റപ്പെടുത്തലോ വിചാരണയോ ഒന്നുമില്ലാത്ത, സ്വയം കുറ്റപ്പെടുത്തുന്ന ഒരു കത്തും കാമുകനായി സൂക്ഷിക്കുന്നുണ്ട്. ചോദ്യംചെയ്യാതെ ആണധികാരത്തിന് കീഴടങ്ങുകയാണ് അവള്‍.
കഥയെഴുത്തില്‍ പൊറ്റെക്കാട്ട് സ്വന്തമായ ഒരു വഴി നിര്‍മിച്ച, മറ്റാരുടെ വഴിക്കും പോകാന്‍ കൂട്ടാക്കാത്ത പ്രതിഭാസമായിരുന്നു. ഒരു കഥ ചേതോഹരമായി പറഞ്ഞ് ഫലിപ്പിക്കുന്നതു കാണാന്‍ പൊറ്റെക്കാട്ടിന്‍െറ കഥകളിലേക്ക് എത്തിയാല്‍ മതി. അതുകൊണ്ടാണ് ജന്മശതാബ്ദി വര്‍ഷത്തിലും പൊറ്റെക്കാട്ട് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്.


കവര്‍സ്റ്റോറി

മുന്‍ ലക്കങ്ങള്‍