എത്സമ്മയില്‍നിന്ന് അഞ്ജലി മേനോനിലേക്ക്‌

posted on:

18 Nov 2010


മലയാളസിനിമയുടെ നായിക നിരയില്‍ വിരിഞ്ഞ പുതിയ നക്ഷത്രം ആന്‍ അഗസ്റ്റിന്‍. ഹൈറേഞ്ചിലെ മഞ്ഞുവീഴുന്ന പ്രഭാതത്തില്‍ കണ്ണടച്ച് സൈക്കിള്‍ ചവിട്ടിയെത്തിയ എത്സമ്മ കീഴടക്കിയത് മലയാളിയുടെ മനസ്സ്. എത്സമ്മ എന്ന ഏക കഥാപാത്രത്തിലൂടെത്തന്നെ ആന്‍ പ്രേക്ഷക മനസ്സില്‍ തന്റേടിയായി.

സിനിമയെ കണ്ടും അറിഞ്ഞുംതന്നെയാണ് നടന്‍ അഗസ്റ്റിന്റെ മകള്‍ വളര്‍ന്നത്. എങ്കിലും ലാല്‍ജോസിന്റെ 'എത്സമ്മ എന്ന ആണ്‍കുട്ടി'യിലെ മുഖ്യ വേഷത്തിലെത്തിയത് തികച്ചും അപ്രതീക്ഷിതമായി. രേവതിയുടെയും ശോഭനയുടെയും അഭിനയത്തെ ഏറെ ഇഷ്ടപ്പെടുന്ന ആന്‍ സ്വപ്നത്തില്‍പ്പോലും പുതിയ നിയോഗത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അഭിനയത്തില്‍ മാത്രമല്ല ഒരു കലാപ്രവര്‍ത്തനത്തിലും ബന്ധമില്ലാതിരുന്നിട്ടും ആന്‍ എത്സമ്മയായി. എത്സമ്മയെയും സിനിമയെയും പ്രേക്ഷകര്‍ മനസ്സുതുറന്ന് സ്വീകരിച്ചതോടെ ആന്‍ എന്ന സാധാരണ പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ നിറം മാറുകയായിരുന്നു.

നായികാപദവിയിലെത്തിയതിന്റെ അമ്പരപ്പുമാറുന്നതിനുമുന്‍പേ ആനിനെ തേടി വേഷങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. സൈക്കോളജിയില്‍ ബിരുദധാരിയായ ആന്‍ ഉപരിപഠനത്തിന് തയ്യാറാകുമ്പോഴാണ് രഞ്ജിത്ത് ശങ്കര്‍ 'പാസഞ്ചറി'നുശേഷം ഒരുക്കുന്ന 'അര്‍ജുനന്‍ സാക്ഷി'യിലെ നിയികാവേഷം എത്തുന്നത്. കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ ആന്‍ 'മാതൃഭൂമി' ഏജന്റും ലേഖികയുമായാണ് 'എത്സമ്മ എന്ന ആണ്‍കുട്ടി' യില്‍ എത്തിയത്. 'അര്‍ജുനന്‍ സാക്ഷി' യിലും 'മാതൃഭൂമി'യില്‍ പത്രപ്രവര്‍ത്തകയായ അഞ്ജലി മേനോനായാണ് വേഷമിടുന്നത് എന്ന അപൂര്‍വതയുമുണ്ട്. ആലപ്പുഴ മാതൃഭൂമി ഓഫീസില്‍ 'അര്‍ജുനന്‍ സാക്ഷി'യുടെ ഷൂട്ടിങ്ങിനായി എത്തിയ ആന്‍ 'മാതൃഭൂമി'യുമായി സംസാരിക്കുന്നു:

രണ്ടാമത്തെ ചിത്രത്തിലും പത്രപ്രവര്‍ത്തകയുടെ വേഷത്തില്‍ത്തന്നെയാണല്ലോ?

അത് തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ്. രാവിലെ പത്രവിതരണത്തിനു നടക്കുന്ന എത്സമ്മയായാണ് ഞാന്‍ അഭിനയിച്ചു തുടങ്ങിയത്. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പോരടിക്കുന്ന എത്സമ്മയെപ്പോലെതന്നെ തന്റേടിയും നന്മയ്ക്കുവേണ്ടി ദാഹിക്കുന്നവളുമാണ് അഞ്ജലി മേനോനും. പത്രപ്രവര്‍ത്തക എന്നത് യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും രണ്ടു കഥാപാത്രങ്ങളും തമ്മില്‍ ബന്ധമില്ല. എത്സമ്മയും അഞ്ജലി മേനോനും തമ്മിലുള്ള അകലം ഏറെയാണ്.

പത്രപ്രവര്‍ത്തനത്തില്‍ താല്പര്യമുണ്ടോ?

അപ്രതീക്ഷിതമായി അഭിനയരംഗത്തെത്തിയതാണ് ഞാന്‍. സൈക്കോളജിയില്‍ ബിരുദം നേടിയശേഷം പത്രപ്രവര്‍ത്തനം അറിയാന്‍ കുറച്ചുകാലം 'ഇന്ത്യാവിഷനി'ല്‍ പ്രവര്‍ത്തിച്ചിരുന്നു. സമൂഹത്തിന്റെയും നാടിന്റെയും നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരെ ബഹുമാനമാണ്. അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. മാതൃഭൂമിയോട് ബന്ധപ്പെട്ടാണ് കഥാപാത്രങ്ങള്‍ എന്നതിലും സന്തോഷമുണ്ട്.

എത്സമ്മ എന്ന കഥാപാത്രത്തിലേക്ക് എത്തുന്നത്?

തികച്ചും അപ്രതീക്ഷിതമായാണ് ഞാന്‍ 'എത്സമ്മ എന്ന ആണ്‍കുട്ടി'യില്‍ അഭിനയിക്കുന്നത്. അച്ഛന്‍ അഭിനയരംഗത്ത് സക്രിയമായതിനാല്‍ മാത്രമല്ല. നല്ല സിനിമകള്‍ എല്ലാം കണ്ടിരുന്നുവെങ്കിലും അഭിനയിക്കുമെന്ന് സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിച്ചിരുന്നില്ല. കുടുംബ സുഹൃത്തായ ലാല്‍ജോസ് അങ്കിള്‍ അപ്രതീക്ഷിതമായാണ് എന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്.

എത്സമ്മയില്‍നിന്ന് അഞ്ജലി മേനോനിലേക്കെത്തുമ്പോള്‍ എന്തുതോന്നുന്നു?
'എത്സമ്മ എന്ന ആണ്‍കുട്ടി'യുടെ ഷൂട്ടിങ് എന്റെ സ്‌കൂളായിരുന്നു. ലാല്‍ജോസായിരുന്നു ഗുരുനാഥന്‍. അഭിനയത്തിന്റെ ബാലപാഠങ്ങള്‍ മുതല്‍ ആ സ്‌കൂളില്‍നിന്നു പഠിച്ചു. ഏറെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും സഹിച്ചാണ് അഭിനയിച്ചത്. ആ സ്‌കൂളില്‍ പഠിച്ച പാഠങ്ങള്‍ മനസ്സില്‍ നിറയുന്നതുകൊണ്ടാകാം പുതിയ സെറ്റില്‍ അത്ര ബുദ്ധിമുട്ട് തോന്നിയില്ല.

പുതിയ സെറ്റിലെ വിശേഷങ്ങള്‍ എന്തൊക്കെ?

'എത്സമ്മ എന്ന ആണ്‍കുട്ടി'യുടെ സെറ്റില്‍ നിന്നു കിട്ടുന്ന അത്ര പിന്തുണതന്നെയാണ് ഇവിടെയും കിട്ടിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ആശ്വാസം പകരുന്നത് ആദ്യ സെറ്റിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ഭൂരിപക്ഷംപേരും പുതിയ സെറ്റിലും ഉണ്ട്. എല്ലാവരെയും അറിയുമെന്നതിനാല്‍ അഭിനയം കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. ഏറെ ശ്രദ്ധേയമായ കഥയും കഥാപാത്രങ്ങളുമാണെന്നത് പ്രതീക്ഷ നല്കുന്നു. യുവ സംവിധായകരില്‍ ഏറെ വ്യത്യസ്തനായ രഞ്ജിത്ശങ്കര്‍ സെറ്റില്‍ ഏറെ പ്രോത്സാഹനം നല്കുന്നുണ്ട്. ഒട്ടേറെ പുതുമകളോടെയാണ് അദ്ദേഹം സിനിമ ഒരുക്കുന്നത്.

സാധാരണ പെണ്‍കുട്ടിയില്‍നിന്ന് നായികാ പദവിയിലേക്കുയര്‍ന്നപ്പോള്‍ ജീവിതത്തില്‍വന്ന മാറ്റങ്ങള്‍?

ഞാന്‍ ഇന്നും പഴയ ആന്‍ തന്നെയാണ്.
 1 2 NEXT