ഭക്ഷ്യസുരക്ഷയ്ക്ക് കുടുംബകൃഷി

Posted on: 01 Jan 2014

സുരേഷ് മുതുകുളം



പുതിയ ജീവിതസാഹചര്യങ്ങളുടെ കടന്നുകയറ്റത്തിനിടയില്‍പ്പെട്ട് നമുക്ക് കൈമോശം വന്ന വീട്ടുകൃഷി അഥവാ കുടുംബകൃഷി പുനരുജ്ജീവിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭക്ഷ്യസുരക്ഷ എന്ന ആശയസാക്ഷാത്കാരത്തിനുവേണ്ടി നാം മുറവിളികൂട്ടുകയാണ്. എന്നാല്‍, സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തെ സ്വാശ്രയത്വത്തിലേക്ക് നയിക്കാതെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവില്ല എന്ന ബോധ്യമാണ് പുതുവര്‍ഷത്തില്‍ പ്രഖ്യാപിതമായിരിക്കുന്ന 'അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷാചരണം'




ഇന്ത്യന്‍ കാര്‍ഷികമേഖല എക്കാലവും ചെറുകിട, നാമമാത്ര കര്‍ഷകരുടെ താവളമാണ്. ഏതാണ്ട് 80 ശതമാനം പേരും ഈ വിഭാഗത്തില്‍പ്പെടുന്നു. അതുകൊണ്ടുതന്നെ സുസ്ഥിര കാര്‍ഷിക പുരോഗതിയുടെ ഭാവിയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും ഈ കര്‍ഷകരുടെ കൃടിയിടത്തിലെ വിജയത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.

കാര്‍ഷികോത്പാദന വര്‍ധനയുടെ കാര്യത്തിലായാലും ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തിലായാലും ചെറുകിട കൃഷിയിടങ്ങളുടെ പങ്ക് വളരെ നിര്‍ണായകമാണ്. കേരളത്തിലും ഇതുതന്നെയാണ് അവസ്ഥ. കേരളത്തിലെ ശരാശരി കൃഷിയിട വിസ്തൃതി 0.24 ഹെക്ടര്‍ മാത്രമാണ്. മാത്രമല്ല, 50 ശതമാനത്തോളം കര്‍ഷകരും ഒരു ഹെക്ടറിന് താഴെ മാത്രം കൈവശഭൂമിയുള്ള നാമമാത്ര കര്‍ഷകരാണുതാനും. ഇതില്‍ത്തന്നെ നല്ലൊരു ശതമാനംപേരും 10-20 സെന്റ് സ്ഥലം മാത്രമുള്ളവരുമാണ്. ഒരര്‍ഥത്തില്‍ ഇതുതന്നെയാണ് കേരളത്തിലെ കാര്‍ഷികമേഖലയെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നതും. ആകെയുള്ള ചെറുകിട കൃഷിയിടങ്ങളുടെ 90.4 ശതമാനവും ഇത്തരത്തില്‍പ്പെട്ടതാണ്. ശരാശരി വിസ്തൃതി കുറഞ്ഞ ഈ സൂക്ഷ്മകൃഷിയിടങ്ങളില്‍ (ങഹരി് ്യാ്‌റീ) നിന്ന് കാര്‍ഷികവൃത്തി മാത്രം ചെയ്ത് ഉപജീവനം നടത്താനാവില്ല എന്ന തിരിച്ചറിവാണ് നാമമാത്ര കര്‍ഷകരെ കാലിവളര്‍ത്തല്‍ പോലുള്ള ഉപതൊഴിലുകള്‍ ചെയ്ത് മുന്നേറാന്‍ പ്രേരിപ്പിക്കുന്നത്. ചുരുക്കത്തില്‍ ലഭ്യമായ സ്ഥലത്ത് കൃഷിയും മൃഗപരിപാലനവും സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനശൈലിയാണ് ഇതിന്റെ കാതല്‍.

പുതിയ ജീവിതസാഹചര്യങ്ങളുടെ കടന്നുകയറ്റത്തിനിടയില്‍പ്പെട്ട് നമുക്ക് കൈമോശം വന്ന വീട്ടുകൃഷി അഥവാ കുടുംബകൃഷി പുനരുജ്ജീവിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭക്ഷ്യസുരക്ഷ എന്ന ആശയസാക്ഷാത്കാരത്തിനുവേണ്ടി നാം മുറവിളികൂട്ടുകയാണ്. എന്നാല്‍, സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തെ സ്വാശ്രയത്വത്തിലേക്ക് നയിക്കാതെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവില്ല എന്ന ബോധ്യമാണ് പുതുവര്‍ഷത്തില്‍ പ്രഖ്യാപിതമായിരിക്കുന്ന 'അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷാചരണം' (കൃറവിൃമറ ഹ്ൃമാ ഥവമി ്ശ /മൗഹാള്‍ /മിൗഹൃഷ). യു.എന്‍. ജനറല്‍ അസംബ്ലിയാണ് 2014 കുടുംബകൃഷി വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യധാരയില്‍നിന്ന് സ്ഥാനഭ്രംശം സംഭവിച്ചുപോയ വീട്ടുകൃഷി അഥവാ കുടുംബകൃഷിയെ കാര്‍ഷിക, പാരിസ്ഥിതിക, സാമൂഹിക പരിപാടികളുടെ കേന്ദ്രബിന്ദുവായി പുനഃപ്രതിഷ്ഠിക്കുക എന്നതാണ് വര്‍ഷാചരണത്തിന്റെ പ്രധാന ലക്ഷ്യം.

ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നീ രാജ്യങ്ങളിലെ കുടുംബകര്‍ഷകസംഘടനകളുടെ പ്രധാന പ്രാദേശിക ശൃംഖലകളുമായി സഹകരിച്ചാണ് 'അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷം' എന്ന ആശയം പ്രോത്സാഹിപ്പിക്കാന്‍ യു.എന്‍. തയ്യാറെടുക്കുന്നത്.

യു.എന്നിന്റെ ലോക ഭക്ഷ്യകാര്‍ഷിക സംഘടന ആണ് വിവിധ സര്‍ക്കാറുകളുടെയും അന്തര്‍ദേശീയ വികസന ഏജന്‍സികളുമായും ആഗോള, പ്രാദേശിക, ദേശീയ, കര്‍ഷകസംഘടനകളുമായും ഇതിന്റെ നടത്തിപ്പിനുവേണ്ട ആശയവിനിമയം നടത്തുന്നത്.

സമൂഹത്തില്‍നിന്ന് വിശപ്പും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യുന്നതില്‍ കുടുംബകൃഷിയുടെയും ചെറുകിട കൃഷിയിടങ്ങളുടെയും മഹത്തായ പങ്ക് ആഗോളതലത്തില്‍ ശ്രദ്ധാകേന്ദ്രമാക്കാനും ഇതുവഴി സാധിക്കും. പ്രകൃതിവിഭവങ്ങളുടെ പരിപാലനം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിരവികസനം എന്നീ ഉപഘടകങ്ങളും വര്‍ഷാചരണത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍പ്പെടുന്നു.

ഐ.ടി., വ്യാവസായിക, ശാസ്ത്രമേഖലകളില്‍ കുതിച്ചുചാട്ടം നടത്താനൊരുങ്ങിനില്‍ക്കുന്ന വര്‍ത്തമാനകാല സമൂഹം എന്തിന് കുടുംബകൃഷിയുടെ വേരുകളും മഹത്വവും തേടി ഒരു മടക്കയാത്രയ്‌ക്കൊരുങ്ങുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. കുടുംബകൃഷിയുടെ പ്രാധാന്യം എന്ത് എന്ന വിശകലനത്തിനും ഇവിടെ പ്രസക്തിയുണ്ട്.

കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് കൃഷിപ്പണികള്‍ നടത്തുന്ന ഏതാണ്ട് 500 ദശലക്ഷത്തിലധികം കുടുംബകൃഷിയിടങ്ങള്‍ (/മൗഹാള്‍ ശമിൗീ) ആഗോളതലത്തില്‍ നിലവിലുണ്ട് എന്നാണ് ഐക്യരാഷ്ട്രസംഘടന കണക്കാക്കിയിരിക്കുന്നത്. ഇതില്‍ ചെറുകിട കര്‍ഷകര്‍ മുതല്‍ ഇടത്തരം കര്‍ഷകര്‍ വരെ പങ്കാളികളാണ്. കര്‍ഷകര്‍, പ്രാദേശിക ജനവിഭാഗങ്ങള്‍, പരമ്പരാഗത സമൂഹങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, കാലിവളര്‍ത്തുന്നവര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഇതില്‍പ്പെടുന്നു.

ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ വികസ്വരരാജ്യങ്ങളില്‍ കൃഷിസ്ഥലത്തിന്റെ 80 ശതമാനവും ഇത്തരം കുടുംബകൃഷിയിടങ്ങളാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. ദശലക്ഷക്കണക്കിനാളുകളെ ഊട്ടാനുള്ള ആഹാരം ഉത്പാദിപ്പിച്ചുവരുന്നത് ഈ കുടുംബകൃഷിയിടങ്ങളില്‍നിന്നാണ്.

ഭക്ഷ്യകാര്‍ഷിക സംഘടന കുടുംബകൃഷിയുടെ പ്രോത്സാഹനാര്‍ഥം വര്‍ഷാചരണംതന്നെ നടത്തുന്ന ഈ സന്ദര്‍ഭത്തില്‍ ഒരുപക്ഷേ, ഇതിന്റെ മുന്നോടി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരുപിടി പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം കേരളത്തില്‍ തുടക്കമായിക്കഴിഞ്ഞു എന്നു പറയാം. ഇതില്‍ ഏറ്റവും പ്രധാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഇദംപ്രഥമമായി കൃഷിവകുപ്പ് മുഖേന നടപ്പാക്കിയ 'സമഗ്ര പച്ചക്കറികൃഷി വികസന പദ്ധതി'. ആദ്യമായി സംസ്ഥാനത്തെ 60 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് അഞ്ചിനം പച്ചക്കറിവിത്തുകള്‍ സൗജന്യമായി നല്‍കി എല്ലാ വിദ്യാലയങ്ങളിലും വീട്ടുമുറ്റങ്ങളിലും പച്ചക്കറിത്തോട്ടങ്ങള്‍ യാഥാര്‍ഥ്യമാക്കിയ ബൃഹദ് പദ്ധതിയാണിത്.

ഓരോ പാക്കറ്റ് വിത്തും വീട്ടിലെത്തിയപ്പോള്‍ അത് നിസ്സാരവത്കരിക്കാതെ തങ്ങളുടെ കുട്ടികളെപ്പോലെത്തന്നെ സശ്രദ്ധം പരിചരിച്ചുവളര്‍ത്തി വീട്ടുമുറ്റം പച്ചക്കറിക്കലവറകളാക്കിമാറ്റിയ കുടുംബങ്ങളുടെ വിജയകഥകള്‍ എത്രവേണമെങ്കിലും എടുത്തുപറയാനുണ്ട്.

വിദ്യാലയകൃഷി പ്രോത്സാഹിപ്പിച്ചതുവഴി കുട്ടികളെ വീട്ടുകൃഷി എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിച്ചു. വിദ്യാലയങ്ങളിലെ പച്ചക്കറി വിളവെടുപ്പ് പലപ്പോഴും കലാമത്സരങ്ങള്‍ പോലെയോ കായികമേളകള്‍ പോലെയോ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ഒത്തുചേര്‍ന്ന് കൃഷിയുടെ യുവജനോത്സവങ്ങളായി മാറി എന്നതും യാഥാര്‍ഥ്യം.

നഗരഹൃദയങ്ങളില്‍ സ്ഥലപരിമിതിമൂലം പൊറുതിമുട്ടുന്ന നഗരവാസികള്‍ക്കും കുടുംബകൃഷിയില്‍ പങ്കാളികളാകാം എന്നതിനും കേരളം അനുകരണീയമായ മാതൃക എഴുതിച്ചേര്‍ത്തു. കേരളത്തില്‍ ഏകദേശം 60 ലക്ഷം വീടുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ആറ് ലക്ഷം വീടുകള്‍ക്കും മട്ടുപ്പാവുണ്ട്. ഓരോ മട്ടുപ്പാവിനും 500 ചതുരശ്ര അടി വീതം വിസ്തൃതിയുണ്ട് എന്നും കണക്കാക്കിയാല്‍ ആകെ ലഭ്യമാകുന്ന സ്ഥലം എത്രയാണെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ? 6000 ഏക്കര്‍. ഇതാണ് മട്ടുപ്പാവുകള്‍ നമ്മുടെ മുന്നില്‍ തുറന്നിടുന്ന അനന്തസാധ്യതകളുടെ പ്രവര്‍ത്തനമേഖല.

വൃഥാ ഒഴിച്ചിടുന്ന ഇത്തരം മട്ടുപ്പാവുകളില്‍ വിവിധ വിളകള്‍ വളര്‍ത്തിയും കുടുംബകൃഷി എന്ന ആശയത്തോട് നമുക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാം. ഇതിനൊരു ചെറിയ ദൃഷ്ടാന്തം മാത്രം ഇവിടെ സൂചിപ്പിക്കാം. വിഷമയമായ പച്ചക്കറികള്‍ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടിവരുന്നതില്‍ ആശങ്കാഭരിതരായ തിരുവനന്തപുരം ജില്ലയിലെ 35,000 കുടുംബങ്ങളാണ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ നടപ്പാക്കിയ മട്ടുപ്പാവുകൃഷിയിലേക്ക് സ്വമനസ്സാലെത്തിയത്. തങ്ങളുടെ ടെറസുകളില്‍ ഒഴിച്ചിട്ടിരുന്ന സ്ഥലത്ത് ഗ്രോബാഗുകളില്‍ വിവിധ പച്ചക്കറികള്‍ വളര്‍ത്തിക്കൊണ്ടായിരുന്നു ഇവര്‍ കുടുംബകൃഷിയില്‍ പങ്കാളികളായത്. 'നഗരക്കൂട്ടായ്മകളില്‍ പച്ചക്കറി സമാരംഭം' എന്ന ആര്‍.കെ.വി.വൈ. പദ്ധതിയില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത് റെസിഡന്റ്‌സ് അസോസിയേഷനുകള്‍ വഴിയായിരുന്നു. ഓരോ വീട്ടുകാര്‍ക്കും 25 ഗ്രോബാഗുകള്‍, പോട്ടിങ് മിശ്രിതം എന്നിവയ്ക്കുപുറമേ തക്കാളി, മുളക്, ചീര, അമരപ്പയര്‍, വഴുതന, കാബേജ്, കോളിഫ്ലവര്‍ തുടങ്ങി വിവധ പച്ചക്കറികളുടെ 15 ലക്ഷത്തിലധികം തൈകളും ലഭ്യമാക്കി. പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തിയ മിഷന്‍, ഇതില്‍ പങ്കാളികളായ ഓരോ കുടുംബവും ഈരണ്ടു ദിവസം കൂടുമ്പോള്‍ 500 ഗ്രാം മുതല്‍ ഒരു കിലോ വരെ പച്ചക്കറികള്‍ വിളവെടുത്തു എന്ന് കണ്ടെത്തി.

ചുരുക്കത്തില്‍ മാനവരാശിക്ക് പുതിയ പ്രതീക്ഷകളുടെയും പ്രത്യാശകളുടെയും നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ ഏറ്റവും സുന്ദരവും ലളിതവുമായ ഉപാധി എന്ന് കുടുംബകൃഷിയെ വിശേഷിപ്പിക്കാം.

(തിരുവനന്തപുരം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് ലേഖകന്‍)


വീടും കൃഷിയും അകന്നു


നായാടിയായി അലഞ്ഞുനടന്നിരുന്ന പുരാതനമനുഷ്യനെ ഒരിടത്തുതന്നെ താമസിക്കാനും കൂട്ടംചേരാനും അതിജീവനത്തിന്റെ സങ്കേതങ്ങള്‍ കണ്ടെത്താനും പ്രേരിപ്പിച്ച മഹത്തായ സംരംഭമായിരുന്നു കൃഷി.

ഒരു കുടുംബത്തിന് നിത്യവൃത്തി കഴിക്കാനുള്ള ഭക്ഷ്യപദാര്‍ഥങ്ങള്‍ വാസസ്ഥലത്തിനടുത്ത കൃഷിയിടത്തില്‍ ഉത്പാദിപ്പിക്കുകയും അധികമുള്ള ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയും ചെയ്തിരുന്ന ക്രയവിക്രയ സമ്പ്രദായം പഴയകാല സമൂഹത്തില്‍ സജീവമായിരുന്നു.

വാസസ്ഥലവും കൃഷിയിടവും വേറിട്ട രണ്ട് ഏകകങ്ങളല്ല എന്നും ഒന്ന് മറ്റൊന്നിന്റെ നിലനില്പിനും അതിജീവനത്തിനും അവശ്യം വേണ്ടുന്നതാണെന്നുമുള്ള കാഴ്ചപ്പാടായിരുന്നു ഇതിനുപിന്നില്‍. അതുകൊണ്ടുതന്നെ പുരാതന കൃഷിസമ്പ്രദായത്തില്‍ വീടും കൃഷിയിടവും ഒന്നിക്കുന്ന ഈ സവിശേഷ സംവിധാനം ഉത്പാദകനും ഉപഭോക്താവിനും ഒരുപോലെ ഗുണപ്രദവും ആശ്വാസകരവുമായിരുന്നു. വളരെ സക്രിയമായ രണ്ട് ഘടകങ്ങള്‍ എന്നനിലയില്‍ ഇവ പരസ്പരം സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പുതിയ പാഠങ്ങള്‍ രചിച്ചു. എന്നാല്‍, സമൂഹത്തില്‍ പില്‍ക്കാലത്ത് അരങ്ങേറിയ വ്യതിയാനങ്ങള്‍ വീടും കൃഷിയിടവും തമ്മിലുള്ള ദൃഢതരമായ ബന്ധത്തില്‍ അയവുവരുത്തുകയും വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്തു.

വ്യവസായവത്കരണത്തിന്റെയും മറ്റും ഫലമായി ആളുകള്‍ മറ്റ് തൊഴിലുകള്‍ തേടി നാടും വീടും വിട്ട് നഗരങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ അവര്‍ അവിടെ ഉപേക്ഷിച്ചുപോയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദത്തിന്റെ അമൂല്യമുഹൂര്‍ത്തങ്ങളായിരുന്നു. അങ്ങനെ വാസസ്ഥലവും കൃഷിസ്ഥലവും തമ്മിലുള്ള അന്തരം വര്‍ധിച്ചു. ഒന്ന് മറ്റൊന്നിന് സഹായകരമല്ല എന്ന സ്ഥിതി സംജാതമായി. ഫലത്തില്‍ ഗൃഹപരിസരം ചുറ്റിപ്പറ്റി വളരുകയും വികാസം പ്രാപിക്കുകയും ചെയ്തിരുന്ന ഹരിത-ആവാസവ്യവസ്ഥയ്ക്ക് താളംതെറ്റി. വീട്ടുകൃഷി എന്ന ആശയംതന്നെ അപ്രസക്തമായി. ഇതിന് സമാന്തരമായി സാമൂഹികതലത്തില്‍ വികാസം പ്രാപിച്ച വാണിജ്യകൃഷി (*്ൗൗവിരഹമാ മഷിഹരുാറുിവ) എന്ന ആശയം വീട്ടുകൃഷിയെത്തന്നെ അപ്രസക്തമാക്കി.


Stories in this Section