http://whos.amung.us/stats/readers/ufx72qy9661j/

പയ്യനാട് ഇനി മലപ്പുറത്തിന്റെ കളിമുറ്റം

Posted on: 15 Jan 2014



മഞ്ചേരി: മലപ്പുറം നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം. പയ്യനാട് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച പന്തുരുണ്ടപ്പോള്‍ ആ പുല്‍ത്തകിടില്‍ മുത്തമിടാന്‍ കൊതിക്കുകയായിരുന്നു നാട്ടുകൂട്ടം.

തലമുറകള്‍ കൈമാറിവന്ന കളിയാവേശം തെല്ലും കൈമോശം വന്നില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയായിരുന്നു കാല്‍ലക്ഷത്തോളം വരുന്ന മലപ്പുറം പട. പന്തിന്പിന്നാലെ പായുന്ന നാടിന്റെ കളിമുറ്റമാകും ഇനി പയ്യനാട് സ്റ്റേഡിയം. ഈ പുല്‍മൈതാനിയില്‍ കളിച്ചുയരുന്ന കൗമാരം ലോകഫുട്‌ബോള്‍ ഭൂപടത്തില്‍വരെ 'കാലൊപ്പ്' ചാര്‍ത്തട്ടെയെന്നാണ് നാടിന്റെ പ്രാര്‍ത്ഥനയത്രയും.

ആര്‍പ്പുവിളികള്‍ക്ക് നടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സും ഫെഡറേഷന്‍ കപ്പും ഉദ്ഘാടനം ചെയ്തത്. കാല്‍പ്പന്തുകളിയുടെ പറുദീസയില്‍ കളിയും കളിസ്ഥലവും എത്തിയതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു. നാനാത്വത്തിന് നടുവിലും ഒരു ജനതയെ ഒന്നിച്ച് നിര്‍ത്തുന്ന കളിമന്ത്രം മുഖ്യന് കാണിച്ചുകൊടുക്കാനാവാത്ത സങ്കടത്തിലായിരുന്നു സംഘാടകരും നാട്ടുകാരും.

കേന്ദ്രമന്ത്രി ഇ.അഹമ്മദ് അധ്യക്ഷനായി. സ്റ്റേഡിയം നിര്‍മ്മിച്ചവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു. പവലിയന്‍, ഗാലറി ബ്ലോക്കുകള്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കോപ്ലക്‌സ് - ചീനിക്കാമണ്ണ് റോഡിന്റെ ശിലാസ്ഥാപനം മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വ്വഹിച്ചു. സ്റ്റേഡിയത്തിനകത്തെ റോഡ് മന്ത്രി ഡോ.എം.കെ. മുനീറും പ്രവേശന കവാടം മന്ത്രി എ.പി. അനില്‍കുമാറും ഉദ്ഘാടനം ചെയ്തു.

എം.ഐ. ഷാനവാസ് എം.പി, എം.എല്‍.എമാരായ അഡ്വ. എം. ഉമ്മര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, ഡോ. കെ.ടി. ജലീല്‍, ടി.എ. അഹമ്മദ് കബീര്‍, കെ.എന്‍.എ. ഖാദര്‍, കെ. മുഹമ്മദുണ്ണി ഹാജി, സി.മമ്മുട്ടി, പി. ശ്രീരാമകൃഷ്ണന്‍, പി.ഉബൈദുല്ല, പി.കെ. ബഷീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, കളക്ടര്‍ കെ.ബിജു, ജില്ലാ പോലീസ് മേധാവി പുട്ട വിമലാദിത്യ, ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ്​പ്രസിഡന്റ് കെ.എം.ഐ മേത്തര്‍ തുടങ്ങി കായിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു.



More News from Malappuram