ശ്രീകണ്‌ഠേശ്വരത്തിനു നാം കൊടുത്ത വാക്ക്‌

പി.കെ രാജശേഖരന്‍

11 Feb 2014

വേദനിച്ചുകൊണ്ടാണ് ഓരോ വാക്കും എഴുതിയതെന്നൊക്കെ പല എഴുത്തുകാരും പൊങ്ങച്ചം പറയാറുണ്ട്. എഴുത്തുകാരുടെ സര്‍ഗവേദന എന്ന കാല്‍പനികാശയമാണ് അതിനു പിന്നില്‍ . ഇന്ന് ഏതാണ്ടൊരു തമാശയുടെ ഛായ വന്നുപെട്ടിട്ടുണ്ട് സര്‍ഗവേദനയ്ക്ക്. ഉള്ളിലിരുപ്പു പകര്‍ത്താന്‍ ഉചിതമായ വാക്കു തേടുന്നതിന്റെ അസ്വാസ്ഥ്യമാണ് സര്‍ഗവേദന എന്ന സങ്കല്പമായി ഉദാത്തീകരിക്കപ്പെട്ടത്. എന്നാല്‍ വാക്കുകള്‍ തേടി അലയുകയും ഉറങ്ങാതിരിക്കുകയും രോഗികളും ദരിദ്രരുമാവുകയും ചെയ്തവരുടെ യഥാര്‍ത്ഥ വേദനകളെ സര്‍ഗവേദനയുടെ പരിധിയില്‍പ്പെടുത്തിക്കാണാറില്ല. ശബ്ദകോശങ്ങള്‍ക്കായി, നിഘണ്ടുക്കള്‍ക്കായി ജീവിതം സമര്‍പ്പിച്ചവര്‍ ഈ ഗണത്തില്‍പ്പെടുന്നു. ഭാഷയ്ക്കുവേണ്ടിയുള്ള ഏറ്റവും പവിത്രമായ സമര്‍പ്പണം നടത്തിയ അവര്‍ക്ക് നാം എന്തു ശ്രദ്ധാഞ്ജലിയാണു നല്‍കിയിട്ടുള്ളത്?

അന്നുമിന്നും മലയാളി തലങ്ങും വിലങ്ങും നോക്കുന്ന ശബ്ദതാരാവലി നിര്‍മിച്ച ശില്‍പി ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയ്ക്ക് നാം എന്താണു തിരിച്ചു നല്‍കിയത്. അദ്ദേഹത്തിന്റെ ഒരു പ്രതിമ? പേരില്‍ ഒരു പുരസ്‌കാരം? സ്മാരകമന്ദിരം? യൂണിവേഴ്‌സിറ്റി ചെയര്‍? ഒന്നുമില്ല. ശബ്ദതാരാവലി വിറ്റു പണമുണ്ടാക്കുന്നവര്‍ എന്തെങ്കിലും ചെയ്‌തോ? ഒന്നുമില്ല.

ഒന്നും പ്രതീക്ഷിക്കാതെ, അല്ലെങ്കില്‍ പ്രതീക്ഷിച്ചതൊന്നും കിട്ടാതെ രോഗപീഡകളാല്‍ വ്യഥിതനായി അറുപത്തെട്ടുവര്‍ഷം മുമ്പ് അദ്ദേഹം മരിച്ചു. അന്നത്തെ പത്രങ്ങള്‍ക്കു ആ മരണം വലിയൊരു വാര്‍ത്തപോലുമായില്ല. അനുശോചനയോഗങ്ങള്‍ പോലുമുണ്ടായില്ല. 1895 മുതല്‍ 1923 വരെ 28 വര്‍ഷം ഒറ്റയ്ക്കു കഠിനാധ്വാനം ചെയ്താണ് ശ്രീകണ്‌ഠേശ്വരം 'ശബ്ദതാരാവലി' പൂര്‍ത്തിയാക്കിയത്. എഴുതിയതും അച്ചടിമേല്‍നോട്ടം നടത്തിയതും പലതവണ പ്രൂഫ് വായിച്ചു തിരുത്തിയതും അദ്ദേഹം തന്നെ. വൈദ്യുതിയും ടൈപ്പ്‌റൈറ്ററും കമ്പ്യൂട്ടറും ഫോട്ടോ കോപ്പിയറും എന്തിന് ഇഷ്ടം പോലെ കടലാസു പോലും ഇല്ലായിരുന്ന കാലത്താണ് ആ അദ്ഭുതപ്രവര്‍ത്തനം ഒരു കുഞ്ഞിന്റെയും സഹായമില്ലാതെ അദ്ദേഹം ചെയ്തുതീര്‍ത്തത്. പ്രസാധകര്‍പോലുമില്ലാതെ. അതിനേക്കാള്‍ ശ്രേഷ്ഠവും വിശിഷ്ടവും വരിഷ്ഠവും പവിത്രവും മഹത്തുമായ എത്ര കര്‍മ്മങ്ങളുണ്ടായിട്ടുണ്ട് മലയാളത്തില്‍. എല്ലാ സാങ്കേതിക സൗകര്യങ്ങളും മുടക്കാന്‍ പണമുള്ള പ്രസാധകരും പി.എച്ച്.ഡി.ക്കാരും പ്രൊഫസര്‍മാരും വാങ്ങാന്‍ വായനക്കാരുമുണ്ടായിട്ടും ഇന്നും 'ശബ്ദതാരാവലി' തന്നെയല്ലേ താരം.

എന്നിട്ടും നാമെന്തുചെയ്തു. ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ ചിത്രം കണ്ടാല്‍ തിരിച്ചറിയുന്ന എത്രപേരുണ്ട്.
നന്ദികേട് എന്ന പദത്തിന് 'ശബ്ദതാരാവലി'യില്‍ ഒറ്റ അര്‍ത്ഥമേ അദ്ദേഹം നല്‍കിയിട്ടുള്ളൂ-'കൃതഘ്‌നത'. ഏറെപ്പറയേണ്ടെന്നു കരുതിയിട്ടുണ്ടാവും. 'ശബ്ദതാരാവലി' പകര്‍പ്പവകാശം തീര്‍ന്ന് പൊതുസ്വത്തായിക്കഴിഞ്ഞു. നാം ചെയ്തത് ഇത്രമാത്രം. നന്ദികേട് = കൃതഘ്‌നത.

'ശബ്ദതാരാവലി'യുടെയും ശ്രീകണ്‌ഠേശ്വരത്തിന്റെയും കഥ മലയാള പുസ്തകചരിത്രത്തിലെ അസാധാരണത്വമുള്ള ഒരധ്യായമാണ്. അതില്‍ വേദനയും സഹനവും ഏകാന്തതയും ത്യാഗവും നഷ്ടവും നാമരൂപങ്ങളായി നില്‍ക്കുന്നു. ഒറ്റമനുഷ്യന്റെ ഇതിഹാസം. 'ശബ്ദതാരാവലി'യുടെ രണ്ടാംപതിപ്പിന് 1930 ഒക്ടോബര്‍ 20 ന് ശ്രീകണ്‌ഠേശ്വരം എഴുതിയ മുഖവുരയില്‍ ഇങ്ങനെകാണാം: 'സുഖം എന്ന പദത്തിന്റെ അര്‍ത്ഥം എന്റെ നിഘണ്ടുവില്‍ കൊടുത്തിട്ടുണ്ടെന്നു വരികിലും പരമാര്‍ത്ഥത്തില്‍ അതെങ്ങനെയിരിക്കുമെന്നു ഞാന്‍ ഇതുവരെ അറിഞ്ഞിട്ടുള്ളവനല്ല. എന്റെ കുടുംബക്കാരും ബന്ധുക്കളും സ്‌നേഹിതന്മാരും അതിനുസാക്ഷികളാകുന്നു.' നിഘണ്ടുവില്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥം ഇങ്ങനെ:
സുഖം - (സുഖ) 1. ദുഃഖമില്ലായ്മ(സൗഖ്യം)

പര്യാ:- മുത്ത്, പ്രീതി, പ്രമദം, ഹര്‍ഷം, പ്രമോദം, ആമോദം, സമ്മദം, ആനന്ദം, ശര്‍മ്മം, ശാതം, 2. വൃദ്ധി, 3. ആരോഗ്യം, 4.സ്വര്‍ഗം, 5.ജലം
സൗഖ്യം ഒരിക്കലുമുണ്ടായില്ലെങ്കിലും മറ്റ് അപ്രധാനാര്‍ത്ഥങ്ങള്‍(ഹര്‍ഷം, ആമോദം, ആനന്ദം....) അദ്ദേഹത്തിനുണ്ടായിരിക്കണം. തന്റെ മഹായത്‌നം വിജയത്തിലെത്തിയപ്പോള്‍ .

ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള നിഘണ്ടു നിര്‍മാണത്തിനായി വാക്കുകള്‍ക്കുവേണ്ടിയുള്ള വായനതുടങ്ങിയത് 1895-ല്‍ ആയിരുന്നു. 1897 ല്‍ എഴുത്തുതുടങ്ങി. അക്കാലത്ത് തിരുവനന്തപുരത്ത് കണ്ടെഴുത്ത് (ലാന്‍ഡ് സര്‍വേ) വകുപ്പില്‍ ഗുമസ്തനായിുന്നു അദ്ദേഹം. നിഘണ്ടുവും ഗുമസ്തപ്പണിയും ചേര്‍ന്നുപോകില്ലെന്നു മനസ്സിലാക്കിയ പദ്മനാഭപിള്ള 1899-ല്‍ മജിസ്‌ട്രേറ്റ് പരീക്ഷ ജയിച്ച് ഒരു വര്‍ഷത്തെ അവധിയെടുത്ത് തിരുവനന്തപുരത്ത് വക്കീലായി പ്രവര്‍ത്തിച്ചു. നിഘണ്ടു നിര്‍മ്മാണത്തില്‍ മുഴുകി കോടതിയില്‍ പോകാത്തതിനാല്‍ കേസുമില്ല ഫീസുമില്ല എന്ന സ്ഥിതി വന്നപ്പോള്‍ എസ്.ടി.റെഡ്യാരെപ്പോലുള്ള പ്രസാധകര്‍ക്ക് തിരുവാതിരപ്പാട്ടുകളും മറ്റുമെഴുതി പകര്‍പ്പവകാശം വിറ്റാണ് അദ്ദേഹം വീട്ടുചെലവിനു വഴി കണ്ടെത്തിയത്. മലയാളത്തിനുവേണ്ടി വരിച്ച ദാരിദ്ര്യം. അത്തരം പലകൃതികള്‍ ജീവിക്കാന്‍ വേണ്ടി അദ്ദേഹമെഴുതിയിട്ടുണ്ട്. 1904-ല്‍ അതുവരെ ശേഖരിച്ച വാക്കുകളില്‍ നിന്ന് കുറച്ചുവാക്കുകളെടുത്ത് 'കീശാനിഘണ്ടു' എന്ന പോക്കറ്റ് ഡിക്ഷണറി പദ്മനാഭപിള്ള പ്രസിദ്ധീകരിച്ചു. 1916 ജൂലായ് 6 അതിന്റെ പകര്‍പ്പവകാശം തിരുവനന്തപുരം ചാലക്കമ്പോളത്തിലെ ആര്‍.ടി.പിള്ള എന്ന പുസ്തകവ്യാപാരിക്ക് അദ്ദേഹം വിറ്റു. മൂത്തമകന്‍ ജനിച്ചപ്പോള്‍ (1906) 'മദനകാമ രാജചരിതം' എന്ന സംഗീതനാടകമെഴുതേണ്ടിവന്നു പേറ്റു ചെലവു കണ്ടെത്താന്‍ !

ദാരിദ്ര്യം മാറ്റാന്‍ വക്കീല്‍പ്പണി വിട്ട് സര്‍ക്കാര്‍ ജോലിയിലേക്കു മടങ്ങിപ്പോയ പദ്മനാഭപിള്ള 1905-ല്‍ ജൂലായ് 13 ന് മലയാളത്തിനുവേണ്ടി ജോലി രാജിവെച്ചു. മാതൃഭാഷയ്ക്കുവേണ്ടി ജോലികളഞ്ഞ ആ വാക്കുതേടിയെ ബന്ധുക്കള്‍ പരിഹസിച്ചു. ശ്രീപദ്മനാഭന്റെ നാലുചക്രം കളഞ്ഞു കുളിക്കുക എന്ന മഹാപരാധം ചെയ്ത എന്നെ, 'നടുക്കടലില്‍ ചെന്നാലും നായ നക്കിത്തന്നെ കുടിക്കു'മെന്നു പരിഹസിച്ചതായി പദ്മനാഭപിള്ള ഡയറിയിലെഴുതി. വീണ്ടും വക്കീല്‍പ്പണി, വീട്ടു ചെലവിനു പുസ്തകമെഴുത്തുമായി അദ്ദേഹം വാക്കുകളുടെ നക്ഷരാശിയില്‍ മുഴുകി. 1917-ല്‍ 'ശബ്ദതാരാവലി'യുടെ കൈയെഴുത്തുപ്രതി പൂര്‍ത്തിയായി. 20 കൊല്ലം നിരന്തരമായി എഴുതിയുണ്ടാക്കിയ മലയാള വാക്കിന്റെ താരാപഥം. അത്രയും വലിയൊരു പുസ്തകം അച്ചടിക്കാന്‍ പ്രസാധകരാരും തയ്യാറായില്ല. വാക്കിനു വേണ്ടി നഷ്ടക്കച്ചവടത്തിനിറങ്ങാത്തവരെ എങ്ങനെ കുറ്റം പറയാനാണ്. ഒടുവില്‍ 'ശബ്ദതാരാവലി' പല ഭാഗങ്ങള്‍ (സഞ്ചിക) ആയി പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചു. ചാലക്കമ്പോളത്തിലെ പുസ്തകവ്യാപാരിയായ സ്‌നേഹിതന്‍ ജെ.കേപ്പയുമായി ചേര്‍ന്ന് 1917 നവംബര്‍ 13 ന് പദ്മനാഭപിള്ള 'ശബ്ദതാരാവലി'യുടെ ആദ്യസഞ്ചിക പുറത്തിറക്കി. മലയാളത്തിന്റെ ചരിത്രത്തില്‍ നക്ഷത്രചിഹ്നമിടേണ്ട ദിവസം. 1923 മാര്‍ച്ച് 16 ന് അവസാനത്തേതായ 22-ാം സഞ്ചിക പുറത്തുവന്നതോടെ 'ശബ്ദതാരാവലി'യുടെ ഒന്നാം പതിപ്പുപൂര്‍ത്തിയായി. എല്ലാം ചേര്‍ത്ത് 1584 പേജ്.

ഇന്ന് സാഹിത്യ പ്രവര്‍ത്തകസഹകരണസംഘം പ്രസിദ്ധീകരിക്കുന്ന 'ശബ്ദതാരാവലി'ക്ക് ആധുനികമായ ഡി.ടി.പി. അച്ചുനിരത്തലില്‍ 1769 പേജുണ്ട്. ഡി.സി.ബുക്‌സിന്റേതില്‍ ഡിമൈ നാലിലൊന്നു വലിപ്പത്തില്‍ 2055 പേജും. ശ്രീകണ്‌ഠേശ്വരത്തിന്റെ മരണത്തിനു (1946 മാര്‍ച്ച് 4) മുമ്പ് മൂന്നു പതിപ്പുകളേ ഉണ്ടായിട്ടുള്ളൂ. അതിനുശേഷമുള്ള പതിപ്പുകളിലെല്ലാം പുതിയ വാക്കുകള്‍ കൂടിച്ചേര്‍ക്കപ്പെട്ടു. അവയ്‌ക്കെല്ലാം പിതൃത്വം ഇന്നും ശ്രീകണ്‌ഠേശ്വരത്തിനു തന്നെ. യഥാര്‍ത്ഥത്തില്‍ ഇന്നത്തെ 'ശബ്ദതാരാവലി'കളിലുള്ള വാക്കുകളുടെ മുപ്പതുശതമാനമെങ്കിലും അദ്ദേഹത്തിന്റേതല്ല. നിഘണ്ടുകള്‍ വളരാനുള്ളവയാണല്ലോ. വളരട്ടെ.

ഇപ്പോഴും ഒരനുഷ്ഠാനമായി മലയാളി 'ശബ്ദതാരാവലി' മറിക്കുന്നു. എന്നാല്‍, ശ്രീകണ്‌ഠേശ്വരം ജി.പദ്മനാഭപിള്ളയ്ക്ക് എന്താണു നാം തിരിച്ചുകൊടുത്തത്. ഷെയ്ക്‌സ്​പിയറുടെ ഹാലെറ്റ് പറഞ്ഞതുപോലെ, നാം വായിക്കുന്നത് 'വാക്കുകള്‍, വാക്കുകള്‍, വാക്കുകള്‍'. ആ വാക്കുകള്‍ തേടി സുഖം നഷ്ടപ്പെട്ടവനു നല്‍കുന്നതും മറ്റൊരു വാക്ക് : കൃതഘ്‌നത.
Tags :
Print
SocialTwist Tell-a-FriendBUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education