കേരളത്തിന്റെ പഗോഡകള്‍

Posted on: 23 Feb 2014


ചന്ദ്രകുമാര്‍മകരം, കുംഭം, മീനം മാസങ്ങള്‍ തെക്കന്‍ കേരളത്തില്‍
കെട്ടുകുതിരകളുടെ കാലം കൂടിയാണ്.
സവിശേഷമായ ഈ ഉത്സവസമ്പ്രദായത്തെയും
അതിന്റെ ചരിത്രപശ്ചാത്തലത്തെയും കുറിച്ച്പ്രാര്‍ഥിക്കുമ്പോള്‍ മനുഷ്യര്‍ ഏകാകികളാണ്. എന്നാല്‍, ഉത്സവത്തിന്റെ കെട്ടുകാഴ്ചകളില്‍ പങ്കെടുക്കുമ്പോള്‍ പാരസ്​പര്യത്തിന്റെ ആരവങ്ങളും കൂട്ടായ്മയുടെ ആഹ്ലാദങ്ങളും

ഉണരുന്നു. ആലപ്പുഴ, കൊല്ലം,
പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ
തെക്കന്‍ ജില്ലകളിലെ ക്ഷേത്രോത്സവങ്ങളില്‍ ഇത്തരം ഒത്തുചേരലുകള്‍ക്ക് കൂടുതല്‍ നിറപ്പകിട്ടണിയിക്കുന്ന ഒന്നാണ് അവിടത്തെ
കെട്ടുകാഴ്ചകള്‍.
ഉത്സവത്തിന് കെട്ടുകാഴ്ചകള്‍ അവതരിപ്പിക്കേണ്ടത് കരക്കാരുടെ അവകാശമാണ്. തങ്ങളുടെ
ശക്തിയുടെയും സമ്പന്നതയുടെയും അടയാളമായാണ് കരക്കാര്‍ ഇതിനെ കാണുന്നത്. കുതിര,
തേര്, കാള എന്നീ രൂപങ്ങളാണ് പ്രധാന കെട്ടുകാഴ്ചകള്‍. ഇവ ഒന്നിച്ചുള്ള ക്ഷേത്രങ്ങള്‍ കുറവാണ്. കുതിര മാത്രമുള്ള ക്ഷേത്രങ്ങളാണ് കൂടുതല്‍. ദേവി, ശിവന്‍, ശാസ്താവ് എന്നീ ക്ഷേത്രങ്ങളിലാണ് കുതിരരൂപങ്ങള്‍ കെട്ടിയെഴുന്നള്ളിക്കുന്നത്.

കെട്ടുകാഴ്ചകള്‍ക്ക് ബുദ്ധമത ഉത്സവങ്ങളുമായി ബന്ധമുണ്ടെന്നും ഇല്ലെന്നും വാദിക്കുന്നവരുണ്ട്. അതെന്തായാലും തെക്കന്‍കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ കെട്ടുകാഴ്ചകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമായ മലനടയിലും
കെട്ടുകാഴ്ചയുണ്ട്. മകരം, കുംഭം,
മീനം മാസങ്ങളിലാണ് ഇവിടങ്ങളില്‍ ഉത്സവം നടക്കാറുള്ളത്.
അടിക്കൂടാരം, ഇടക്കൂടാരം, തൊപ്പിക്കൂടാരം എന്നിവയാണ് കെട്ടുകുതിരയുടെ പ്രധാനഭാഗങ്ങള്‍. എട്ട് അംഗുലം കനമുള്ള ചെത്തിപ്പാകപ്പെടുത്തിയ രണ്ട് മരങ്ങളാണ് അടിക്കൂടാരത്തിന്റെ പ്രധാനഭാഗം. ആഞ്ഞിലി അല്ലെങ്കില്‍ തേക്കാണ് ഇതിന് ഉപയോഗിക്കുന്നത്. നീളത്തിലുള്ള നാല് തെങ്ങിന്‍ കീറുകള്‍ കവുങ്ങിന്റെ അലകുകള്‍കൊണ്ട് കെട്ടിയോജിപ്പിച്ചാണ് കുതിരക്കാല്‍ നിര്‍മിക്കുന്നത്. കുതിരക്കാലിന്റെ മുകള്‍ഭാഗത്താണ് ഇടക്കൂടാരം ഉറപ്പിക്കുന്നത്. ഇടക്കൂടാരത്തിന് മേലെ മേല്‍ക്കൂടാരം ഘടിപ്പിക്കുന്നു. പിരമിഡ് ആകൃതിയുള്ള മേല്‍ക്കൂടാരത്തിന് നാല്
വശങ്ങളുണ്ടാവും. അങ്ങനെയുള്ളവയെ കൂമ്പത്തൊപ്പി എന്നും മൂന്ന് വശങ്ങള്‍ മാത്രമുള്ളതിനെ പള്ളിമുഖം എന്നും വിളിക്കുന്നു.
വടക്കോട്ട് മുഖമുള്ള ദേവീക്ഷേത്രങ്ങളില്‍ പള്ളിമുഖമുള്ള എടുപ്പുകുതിരകളാണ് കെട്ടിവരുന്നത്. കണിയാംപൊയ്ക, ഏഴംകുളം എന്നീ
ദേവീക്ഷേത്രങ്ങളിലെ കുതിരകള്‍ പള്ളിമുഖമുള്ളവയാണ്.
കുതിര കെട്ടാന്‍ രണ്ടോ മൂന്നോ ദിവസമെടുക്കും. ചില സ്ഥലങ്ങളില്‍ നിലത്ത് കിടത്തിവെച്ചാണ് കെട്ടുക. അതിനുശേഷം കയര്‍കെട്ടി നാലുവശത്തുനിന്നും വലിച്ചുയര്‍ത്തും. ചെട്ടികുളങ്ങരയില്‍ കുതിരയെ കുത്തനെ
കെട്ടുന്നതിനുവേണ്ടി
വലിയ ഒരു 'ടവര്‍' സ്ഥാപിച്ചിട്ടുണ്ട്.

വലിയകുളങ്ങര ദേവീക്ഷേത്രത്തിന് പിന്‍ഭാഗത്തായി
ഒരു 'ടവര്‍' കാണാം. ഉത്സവം കഴിഞ്ഞാല്‍ കുതിരകളെ അഴിച്ചുമാറ്റാനാണിത്. തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ഇപ്പോഴും വമ്പനൊരു മാവാണ്
കുതിര കെട്ടാന്‍ ഉപയോഗിക്കുന്നത്. അത് കുതിരമാവ് എന്നറിയപ്പെടുന്നു.
15 മീറ്റര്‍വരെ ഉയരമുള്ള കുതിരകള്‍ ഇപ്പോള്‍ കെട്ടുന്നുണ്ട്.
പൊങ്കാലയിടുന്നതില്‍ സ്ത്രീകള്‍ക്കുള്ള പ്രാമുഖ്യമാണ് കുതിരയെടുപ്പില്‍ പുരുഷന്‍മാര്‍ക്കുള്ളത്.
കുതിരയെ ക്ഷേത്രസന്നിധിയില്‍ എത്തിക്കുക ശ്രമകരമാണ്. മുന്നോട്ടുപോകാനാകാതെ വഴിയില്‍ നിര്‍ത്തേണ്ടി വരുന്നത് കരക്കാര്‍ക്ക് അപമാനകരമാണ്.
കുതിരയെ വഴിയില്‍ ഇറക്കിയാല്‍പ്പിന്നെ ആ കരക്കാര്‍ക്ക് കുതിര കെട്ടാനുള്ള അവകാശം എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നതായി കേരളചരിത്ര നിഘണ്ടുവില്‍ പ്രൊഫസര്‍ എസ്.കെ. വസന്തന്‍ രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം ജില്ലയിലെ
പുത്തന്‍നട, കണ്ണമ്പ, കുറ്റിക്കാട്, കാപ്പില്‍, കൊല്ലം ജില്ലയിലെ കടയ്ക്കല്‍, പുറ്റിംഗല്‍, തൃപ്പനയം, കണിയാംപൊയ്ക., പത്തനംതിട്ടയിലെ ഏഴംകുളം, ആലപ്പുഴയിലെ ചെട്ടികുളങ്ങര, വലിയകുളങ്ങര തുടങ്ങിയ ദേവീക്ഷേത്രങ്ങളില്‍ കുതിരയെടുപ്പ് പ്രധാന ചടങ്ങാണ്.
ഈ ക്ഷേത്രങ്ങളിലെ ദേവിമാര്‍ കൊടുങ്ങല്ലൂരമ്മയോ അമ്മയുടെ സഹോദരിമാരോ ആണെന്ന്
വിശ്വസിക്കപ്പെടുന്നു. എന്നാല്‍, കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഇതുപോലുള്ള കെട്ടുകാഴ്ചകള്‍ ഇല്ല.
ഇക്കൂട്ടത്തില്‍ ഏറ്റവും വിപുലവും പ്രശസ്തവുമായത് ചെട്ടിക്കുളങ്ങരയിലെ കെട്ടുകാഴ്ചയാണ്.
ഇവിടെ ആറ് കുതിരകള്‍, അഞ്ച് തേര്, ഹനുമാന്‍, ഭീമസേനന്‍
എന്നിവയുണ്ടാകും. ഭരണിനാളില്‍ വൈകുന്നേരത്തോടെ കെട്ടുകാഴ്ചകള്‍ എത്താന്‍ തുടങ്ങും.
രാത്രിയിലാണ് ദേവിയുടെ എഴുന്നള്ളത്ത്. അടുത്തദിവസം കുതിരകള്‍ തിരിച്ചുപോകും. അശ്വതിനാളില്‍ ദേവി കൊടുങ്ങല്ലൂരേക്ക് പോകുമ്പോള്‍ യാത്രയാക്കുന്ന
ചടങ്ങുമുണ്ട്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം
കൊണ്ടുവരുന്ന കടലാസുകള്‍കൊണ്ടും മറ്റും നിര്‍മിച്ചവയടക്കം ചെറുതും വലുതുമായ നൂറുകണക്കിന് കുതിരകള്‍ ക്ഷേത്രപ്പറമ്പില്‍ നിറയും.
ദേവി അടുത്തുള്ള ശിവക്ഷേത്രത്തിലും മഹാവിഷ്ണുക്ഷേത്രത്തിലും സന്ദര്‍ശിക്കുന്നതാണ്
കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പ്രധാന ചടങ്ങ്. ദേവിയോടൊപ്പം
കുതിരകളുമുണ്ടാകും. ശക്തികുളങ്ങര ക്ഷേത്രത്തില്‍നിന്ന് ശാസ്താവ് വള്ളിക്കീഴ് ദേവീക്ഷേത്രത്തിലേക്ക് ദേവിയെ കാണാന്‍പോകുമ്പോള്‍ കുതിരകള്‍ കൂടെ പോകും. ചാത്തന്നൂര്‍ ഭൂതനാഥക്ഷേത്രത്തില്‍ ശാസ്താവിന്റെ ജന്മദിനാഘോഷമാണ് നടക്കുന്നത്. ചേന്നമന്‍ ക്ഷേത്രത്തിലേക്ക് തന്റെ പിതാവായ ശിവനെ കാണാന്‍
പരിവാരങ്ങളോടൊപ്പം ആനപ്പുറത്ത് ശാസ്താവ് പോകുന്നു. തിരിച്ചുവരുന്ന വഴി താഴെ വയലില്‍
എത്തുമ്പോള്‍ വലിയ വെടിമുഴങ്ങും. വെടിയൊച്ച കേട്ടാലുടന്‍ ആളുകള്‍ ആര്‍പ്പുവിളികളോടെ കുതിരയെയുമെടുത്ത് ശാസ്താവിന്റെ ക്ഷേത്രത്തിലേക്ക് പുറപ്പെടുകയായി.

കുതിരയെടുപ്പ് തുടങ്ങിയതെപ്പോള്‍, അത് അര്‍ഥമാക്കുന്നത് എന്ത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരമില്ല. 'കുതിര' എന്നാണ് പേരെങ്കിലും രൂപത്തി ല്‍ കുതിരയോട് ഒരു സാദൃശ്യവുമില്ല. ഒരു പഗോഡയെപോലെ
ആകാശത്തിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന മനോഹരമായ ഒരു രൂപമാണ് കുതിര. 1908-ല്‍ പ്രസിദ്ധീകരിച്ച ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസില്‍ ടി.എ. ഗോപിനാഥറാവു 'സവിശേഷവും അപൂര്‍വവുമായ ഈ ആചാരത്തിന്റെ ഉത്ഭവത്തെയോ പ്രകൃതത്തെയോ
കുറിച്ച് വിശദീകരിക്കാന്‍ പ്രദേശത്തെ ആളുകള്‍ക്ക് കഴിഞ്ഞിട്ടില്ലെ'ന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധമത ഉത്സവങ്ങളുടെ അവശിഷ്ടമാണ് ഇതെന്ന് കരുതാമെന്നും തേരുകള്‍ക്ക് നേപ്പാളിലെ അമ്പലങ്ങളോട് സാദൃശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചൈനീസ് സഞ്ചാരി ഫാഹിയാന്‍ ഉത്തരേന്ത്യയില്‍ക്കണ്ട ബുദ്ധമത ഉത്സവങ്ങളുടെ വിവരണത്തോട് ഇവയ്ക്ക്
സാമ്യമുണ്ടെന്നും ഗോപിനാഥറാവു പറയുന്നു.

കേരള വിജ്ഞാനകോശം
(പി.കെ. ഗോപാലകൃഷ്ണന്‍), ഫോക്‌ലോര്‍ നിഘണ്ടു (ഡോ. എം.വി. വിഷ്ണുനമ്പൂതിരി), ഹിന്ദു എന്‍സൈക്ലോപീഡിയ (ചീഫ് എഡിറ്റര്‍
ആചാര്യ നരേന്ദ്രഭൂഷണ്‍) എന്നിവയിലെല്ലാം കെട്ടുകാഴ്ചകള്‍ക്ക്
ബുദ്ധമതവുമായി സാദൃശ്യമുള്ള കാര്യം സൂചിപ്പിക്കുന്നത് കാണാം.
എടുപ്പുകുതിരയിലെ ഒരു ഭാഗമായ 'പ്രവിട' (പ്രഭട, പ്രവഡ)
മലയാളഭാഷയിലെ ഒരു വാക്കല്ല. സംസ്‌കൃതത്തില്‍ അതിന് 'ഗോതമ്പ്' എന്നാണ് അര്‍ഥം. വടക്കന്‍ അഫ്ഗാനിസ്താനില്‍നിന്ന് കണ്ടെടുത്ത ഇന്ത്യയില്‍നിന്നുള്ള ഒന്നാംനൂറ്റാണ്ടിലെ ബുദ്ധിസ്റ്റ് സ്വര്‍ണനാണയത്തിന്റെ ഒരുവശത്ത് ധര്‍മചക്രപ്രവിട എന്ന് 'ഖരോഷ്ടി'യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ധര്‍മത്തിന്റെ
ചക്രം പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ എന്നാണ് അത് അര്‍ഥമാക്കുന്നത്. ചില സ്ഥലങ്ങളിലെ എടുപ്പുകുതിരയില്‍ പ്രവടയ്ക്ക് മുകളിലായി ഒരു ബൊമ്മയെ ഘടിപ്പിക്കാറുണ്ട്. തൃക്കടവൂരിലേക്ക് കൊണ്ടുപോകുന്ന തേവള്ളിയിലെ കുതിരയില്‍ ഈ ബൊമ്മയെ കാണാം. കാറ്റില്‍ അതിന്റെ എതിര്‍വശത്തെ പമ്പരങ്ങള്‍ കറങ്ങുമ്പോള്‍ ബൊമ്മ ഒരു ദണ്ഡ് പിടിച്ചുകറക്കുന്നതായി കാണപ്പെടും. എടുപ്പുകുതിരയെ പ്രവര്‍ത്തിപ്പിക്കുന്നത് ഈ ബൊമ്മയാണെന്നാവാം ഇതിന്റെ സൂചന.

കാളിയുടെ വാഹനമായ വേതാളത്തിന്റെ രൂപമാണ് കെട്ടുകുതിരയെന്നും ശാസ്താവിന്റെ വാഹനമായ കുതിരയാണ് എടുപ്പുകുതിരയെന്നും പറയപ്പെടുന്നു. അപ്പോഴും എടുപ്പുകുതിരയുടെ രൂപം
യഥാര്‍ഥകുതിരയുടെ രൂപത്തില്‍നിന്ന് വളരെയധികം വ്യത്യാസം
പുലര്‍ത്തുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ബാക്കിയാവുന്നു. അലങ്കാരബദ്ധമായ ഒരു രൂപകമാണോ അതെന്ന് സംശയം
തോന്നാം. എടുപ്പുകുതിര കേരളത്തിന്റെ പഗോഡയാണെന്ന്
പറഞ്ഞാല്‍ യഥാര്‍ഥ പഗോഡയും ഇവയും തമ്മിലുള്ള വ്യത്യാസങ്ങളും മുന്നോട്ടുവരും. വാസ്തവത്തില്‍ ഇന്ത്യയിലെ സ്തൂപങ്ങളുടെ പരിഷ്‌കൃതരൂപമായാണ് പഗോഡകള്‍ ചൈനയിലെത്തിയത്. അവരുടെ വാസ്തുശില്പകല അവയെ എക്കാലത്തെയും സുന്ദരമായ എടുപ്പുകളാക്കിമാറ്റുകയായിരുന്നു.

ചൈനയിലെ ആദ്യ ബുദ്ധിസ്റ്റ് പഗോഡ എ.ഡി. 64-ല്‍ പണിത വൈറ്റ് ഹോര്‍സ് ടെമ്പിള്‍ ആണ്. തെക്കന്‍ ഹാന്‍ രാജവംശത്തിലെ മിങ്ദി ചക്രവര്‍ത്തി രണ്ട് ദൂതന്‍മാരെ ബുദ്ധമതം പഠിക്കാന്‍ ഇന്ത്യയിലേക്ക് അയച്ചെന്നും അവര്‍ ബുദ്ധമതപണ്ഡിതന്‍മാരായി തിരിച്ചെത്തിയപ്പോള്‍ ധാരാളം ബുദ്ധമതസൂക്തങ്ങള്‍ ചുമന്ന് ഒരു കുതിരയും അവരുടെ കൂടെയുണ്ടായിരുന്നു എന്നുമാണ് വിശ്വാസം.
ഈ കുതിരയുടെ ഓര്‍മയ്ക്കായാണ് 'വൈറ്റ് ഹോര്‍സ് ടെമ്പിള്‍'
എന്ന് പഗോഡയ്ക്ക് പേരിട്ടത്.
ഇത്തരത്തില്‍ എന്തെങ്കിലും
ബന്ധം എടുപ്പുകുതിരകള്‍ക്കും
യഥാര്‍ഥ കുതിരകള്‍ക്കും തമ്മിലുണ്ടോ എന്നറിയാന്‍ കഴിഞ്ഞിട്ടില്ല.
ബുദ്ധമതം വ്യാപിച്ച രാജ്യങ്ങളിലെല്ലാം പലതരത്തിലുള്ള പഗോഡകള്‍
കാണാം. തേര്, കുതിര എന്നിവ അത്തരം പഗോഡകളില്‍നിന്ന് ഗൗരവതരമായ വ്യത്യാസങ്ങള്‍ പുലര്‍ത്തുന്നുണ്ട്.
കുതിരകള്‍ താത്കാലികമായി കെട്ടിയുണ്ടാക്കുന്നതാണ്.
രണ്ടോ മൂന്നോ ദിവസമേ അവയ്ക്ക് നിലനില്പുള്ളൂ.
ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചിലപ്പോള്‍ പ്രതിഷ്ഠകള്‍ തന്നെയും
മാറുന്നതായി ചരിത്രത്തില്‍
കാണാം. എങ്കിലും അപ്പോഴും
കൂട്ടായ്മയുടെ ആഹ്ലാദങ്ങള്‍
സൃഷ്ടിക്കുന്ന പ്രമേയങ്ങള്‍ തുടരുകതന്നെ ചെയ്യുന്നു.
കാര്‍ഷിക ഉത്സവങ്ങള്‍ എന്നറിയപ്പെടുന്ന പലതും കൃഷി അന്യമായിട്ടും നിലനില്‍ക്കുന്നതിന് കാരണവും അതുതന്നെയാകാം.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/