മയ്യഴിയുടെ തീരങ്ങളില്‍ തുടികൊട്ടുന്ന മനസ്സ്‌ - ഭാഗം ഒന്ന്‌ Featured

Thursday, 13 March 2014 13:51 Written by  Published in സർഗസാക്ഷ്യം
എം മുകുന്ദന്‍. മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിമരുന്നിട്ട എഴുത്തുകരന്‍. കാലത്തിന്‍െറ നേര്‍ത്ത കാലൊച്ചപോലും ഏറെ ആശങ്കയോടെ, വേദനയോടെ മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ട മയ്യഴിയുടെ കഥാകാരന്‍. നാം കാണാതെ പോയ നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ മുകുന്ദന്‍ നമ്മുടെ മുന്നിലേയ്‌ക്ക്‌ കൗതുകത്തോടെ വാരിയെറിഞ്ഞു. നാല്‍പതോളം വര്‍ഷം ദല്‍ഹിയുടെ തിരക്കില്‍ കഴിയുമ്പോഴും മയ്യഴിയുടെ ഓരങ്ങളില്‍ അലഞ്ഞു തിരിഞ്ഞ മനുഷ്യരെ കണ്ടെത്താന്‍ മറന്നില്ല. ദാസനും ചന്ദ്രികയും കൊറുമ്പിയമ്മയും ദാവു റൈട്ടറും കൗസു അമ്മയും ഗിരിജാമിസ്സിയും ഗസ്‌തോന്‍ സായ്‌വും കുഞ്ഞിച്ചിരുതയുമൊക്കെ അതിലുണ്ടായിരുന്നു. മുകുന്ദന്‍െറ സ്വത്വം മൂന്നാറിലെ ഗോവന്ദന്‍ മാമയില്‍ വരെ എത്തി. ``ശൂന്യതയില്‍ നിന്ന്‌ രക്ഷപ്പെടാന്‍'' വേണ്ടി സാഹാത്യ അക്കാദമിയുടെ അധ്യക്ഷക്കസേരയില്‍ എത്തിയപ്പോഴും മുകുന്ദന്‍ തന്‍െറ നിലപാടുകളില്‍ ഉറച്ചുനന്നു. കേരളത്തിന്‍െറ ഭാഗമല്ലാത്ത മാഹായിലെ ഒരു`വിദേശി'യെ സാഹാത്യ അക്കാദമിയില്‍ കുടിയിരുത്തിയതിനെതിരെ ധാര്‍മ്മികരോഷം കൊണ്ട്‌ കേസ്‌ ഫയല്‍ ചെയ്‌ത ``അഭിമാനിയായ മലയാളി'യോടൊപ്പമാണ്‌ എന്നും മുകുന്ദന്‍. സ്വന്തം നിലപാടുകളെക്കുറിച്ചും, എഴുത്തിനെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചുമൊക്കെ മയ്യഴിയുടെ തീരങ്ങളിലിരുന്നു്‌ ഈ കഥാകാരന്‍ തന്‍െറ മനസ്സു തുറക്കുന്നു:
 
ആധുനികതയുടെ പേരില്‍ മുമ്പേതന്നെ ഏറ്റവുമധികം പഴിവാങ്ങേണ്ടിവന്ന എഴുത്തുകാരന്‍. എതിര്‍പ്പ്‌ വന്നത്‌ കൂടുതലും ഇടതുപക്ഷക്കാരില്‍ നിന്നും. വൈരുദ്ധ്യങ്ങള്‍ നിരവധി?
 
ഒരു കാലത്ത്‌ ആധുനികതയെ വളരെയധികം പേര്‍ എതിര്‍ത്തിരുന്നു. പ്രത്യേകിച്ച്‌ ഇടതുപക്ഷ പാര്‍ട്ടികള്‍. അതൊക്കെ മറികടന്ന്‌ ഞാനിപ്പോള്‍ ഇവിടെയെത്തി, ഒരു ഇടതുപക്ഷ സഹയാത്രികനായി. ഇതെങ്ങനെ സംഭവിച്ചു എന്ന്‌ പലരും ചൂണ്ടിക്കാട്ടി. ഇതൊരു വൈരുദ്ധ്യമാകാം. എന്‍െറ ഏറ്റവും മികച്ച മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എഴുതിയ സമയത്തുപോലും ഇ എം എസ്‌ അടക്കം, എന്നെ വിമര്‍ശിച്ചിട്ടുണ്ട്‌. എന്‍െറ കൃതികളില്‍ പൊതുവേകാണുന്ന ഒരു ഇരുണ്ട ദര്‍ശനത്തെയാണ്‌ പൊതുവില്‍ എല്ലാവരും വിമര്‍ശിച്ചിട്ടുള്ളത്‌. ആധുനികതയെ എനിക്കൊരു നൊസ്റ്റാള്‍ജിയ ആയി മാത്രമേ ഇപ്പോള്‍ കാണാനാവൂ. മാത്രമല്ല ഒരമ്പരപ്പുണ്ട്‌. കാരണം എങ്ങനെ എതിര്‍പ്പുകളെ അതിജീവിച്ചു എന്നതുതന്നെ. എനിക്ക്‌ തോന്നുന്നത്‌ എന്‍െറ തലമുറയില്‍പ്പെട്ട എഴുത്തുകാരില്‍ ഏറ്റുവും കൂടുതല്‍ എതിര്‍പ്പുകളെ അഭിമുഖീകരിച്ചത്‌ ഞാനാണ്‌. കൂടുതലും തെറ്റിദ്ധാരണകളുടെ ഫലമായിരുന്നു അത്‌. ഒരു കഥാപാത്രം ചരസ്സോ ഭാംഗോ കഴിക്കുന്നതു കൊണ്ട്‌ സാഹിത്യം മുഴുവന്‍ `ചരസ്‌സാഹിത്യ'മാകുമോ? അങ്ങനെയൊരു കഥാപാത്രത്തിന്‍െറ പെരുമാറ്റത്തെ ജനറലൈസ്‌ ചെയ്‌ത്‌ ആളുകള്‍ സ്വയം ഒരു കണ്‍ഫ്യൂഷനില്‍ എത്തുകയായിരുന്നു. ഹരിദ്വാറില്‍ മണിമുഴങ്ങുന്നു എന്ന നോവലിലെ രമേശ്‌പണിക്കര്‍ ചരസ്‌ വലിച്ചതു കൊണ്ട്‌ എല്ലാ കഥാപാത്രങ്ങളും അങ്ങനെയാകണമെന്നുണ്ടോ? അല്ലെങ്കില്‍ അതെഴുതിയ ഞാന്‍ അങ്ങനെയാകണമെന്നുണ്ടോ? എന്തായാലും `ഇമ്മച്ച്വര്‍' ആയ കാഴ്‌ച്ചപ്പാടില്‍ എത്തുകയായിരുന്നു ഒരു വിഭാഗം. അതൊരു വിഭാഗത്തിന്‍േറത്‌ രാഷ്ട്രീയമായിരുന്നു. എന്‍െറ അക്കാലത്തെ ഇടതുപക്ഷ പുരോഗമനവാദികളായിരുന്നു ആവിഭാഗത്തില്‍. മറ്റൊരു കൂട്ടര്‍ നമ്മുടെ നാട്ടിലെ സദാചാരവാദികളും. സദാചാരത്തിനെതിരെയുള്ള ഒരു കലഹമാണ്‌, ഒരു ഭീഷണിയാണ്‌ എന്‍െറ സാഹിത്യമെന്ന പ്രചാരണമായിരുന്നു അത്‌. ചുരുക്കത്തില്‍ ഒരു തലമുറയെ മുഴുവാന്‍ ചീത്തയായ രീതിയില്‍ സ്വാധിനിച്ചു എന്നെക്കെയുള്ള അഭിപ്രായങ്ങള്‍. ഇപ്പുറത്ത്‌ പുരോഗമന ഇടതുപക്ഷ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. പക്ഷേ ഈ എതിര്‍പ്പുകളെക്കുറിച്ച്‌ ഞാന്‍ ഒട്ടും ബോധവാനായിരുന്നില്ല. അതിന്‍െറ ആവശ്യവും എനിക്കുണ്ടായിരുന്നില്ല. ഞാനവരെ പുര്‍ണമായിട്ടും അവഗണിച്ചുകൊണ്ട്‌ ഞാന്‍ എന്‍െറ തൊഴില്‍ ചെയ്‌തു. അന്ന്‌ ആരോടെങ്കിലും കലഹിക്കാന്‍ പോയിരുന്നെങ്കില്‍, കീഴടങ്ങിയിരുന്നെങ്കില്‍ എനിക്ക്‌ എഴുതാന്‍ കഴിയുമായിരുന്നില്ല. അന്ന്‌ ആധുനികതയെക്കുറിച്ച്‌ ഒരുപാട്‌ പേര്‍ എഴുതിയിരുന്നു. പക്ഷേ അതൊക്കെ ആധുനികതയുടെ സൈദ്ധാന്തിക തലങ്ങളെക്കിറിച്ചാണ്‌, പ്രശ്‌നങ്ങളെക്കുറിച്ചാണ്‌. അതുപോരാ എന്ന്‌ എനിക്കു തോന്നി. ക്യൂബിസമുണ്ടാക്കിയ പിക്കാസോ ഒരു സൈദ്ധാന്തികനായിരുന്നില്ലല്ലോ. അത്തരമൊരവസ്ഥയിലായിരുന്നു ഞാനും. ഞാന്‍ പിക്കാസോ ആണെന്നല്ല പറയുന്നത്‌. സൈദ്ധാന്തികമായ ഒരുപാട്‌ വ്യവഹാരങ്ങള്‍ നടക്കുമ്പോള്‍ ഞാനതിനെ സര്‍ഗാത്മകമായി കണ്ടു.
 
ആധുനികതയുടെ കാര്യത്തിലുള്ള ഈ കൂട്ടിമുട്ടലില്‍ ആരായിരുന്നു ശരി, അല്ലെങ്കില്‍ ആരായിരുന്നു ശരിയല്ലാതിരുന്നത്‌. മറ്റുള്ളവരെപ്പറ്റി ഇപ്പോള്‍ പറയാന്‍ പറ്റില്ല. കാരണം വിജയന്‍ ഇന്നില്ല. ആനന്ദ്‌ ആധുനികതയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളല്ല. എന്‍െറ കാര്യത്തില്‍ സംഭവിച്ചത്‌ മറ്റൊന്നാണ്‌. ഞാന്‍ പ്രതികരിച്ചില്ല. ദല്‍ഹി ഒരകല്‍ച്ചയായിരുന്നു. എല്ലാം ദൂരെ നിന്നുമാത്രമേ കാണുമായിരുന്നുള്ളു. അതിനാല്‍ പെട്ടെന്ന്‌ പ്രതികരിക്കാനുള്ള ഒരാവശ്യം തോന്നിയിട്ടില്ല. മറിച്ച്‌ എന്‍െറ കാര്യത്തിലുള്ള മാറ്റം പ്രകടമാണ്‌. ദല്‍ഹി ജീവിതം ഏകദേശം അവസാനിപ്പിച്ച്‌ ഞാന്‍ നാട്ടിലേയ്‌ക്ക്‌ അടുത്തടുത്തുവരികയായിരുന്നു. ഞാന്‍ എഴുതിയിട്ടുള്ളതും നാട്ടിലെ പ്രശ്‌നങ്ങള്‍ തന്നെയാണ്‌. നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ നിരാശാബോധം, തൊഴിലില്ലായ്‌മ, അറുപതുകളില്‍ അവര്‍ നേരിട്ട ക്രൈസിസ്‌. കമ്യൂണിസ്റ്റ ്‌ പാര്‍ട്ടിയിലെ പിളര്‍പ്പ്‌ വികാരപരമായി ചെറുപ്പക്കാരെ ബാധിച്ചിട്ടുണ്ട്‌. ചൈനയുടെ ആക്രമണം മറ്റൊരുവശത്ത്‌. പഠിച്ചു കഴിഞ്ഞാല്‍ ജീവിതമാര്‍ഗ്ഗമില്ലാത്ത അവസ്ഥ ചെറുപ്പക്കാരെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്‌. നിരവധി അസ്വസ്ഥതകള്‍ അവര്‍ക്കുണ്ടായിരുന്നു. പക്ഷേ ഈ പ്രശ്‌നങ്ങളെ നേരിട്ട്‌ സ്‌പര്‍ശിക്കാതെ അസ്‌തിത്വവാദത്തിന്‍െറ തലത്തിലോ മറ്റോ കണ്ടു എന്നതാണ്‌ ഈ ആധുനിതകയുടെ പ്രത്യേകത. പക്ഷേ ഇന്ന്‌ ഇത്തരം പ്രശ്‌നങ്ങളെ ഞാന്‍ നേരിട്ട്‌ അഭിമുഖീകരിക്കുകയാണ്‌.
 
ഇപ്പോഴത്തെ പ്രശ്‌നങ്ങളോട്‌ ഞാന്‍ പ്രതികരിക്കുന്നുണ്ട്‌. പക്ഷേ എന്‍െറ ഭാഷയിലാണ്‌ ഞാനവയെ കണുന്നത്‌. ദിനോസറുകളുടെ കാലം ഞാന്‍ എന്‍േറതായ രീതിയാലാണ്‌ കാണുന്നത്‌. എഴുപതുകളിലെ ഒരു സാഹിത്യകാരന്‍ അതിനെ ഇങ്ങനെയായിരിക്കില്ല കാണുന്നത്‌. നാട്ടില്‍ ദിനോസറിനെ സങ്കല്‍പ്പിക്കാന്‍ പോലും അന്നത്തെ എഴുത്തുകാരന്‌ സാധിക്കില്ല. അന്നത്തെ എഴുത്തുകാര്‍ക്ക്‌ ഭാഷയുടേയും ശൈലിയുടേയും അഭാവമുണ്ടായിരുന്നു. തകഴിക്ക്‌ ശേഷമുള്ള കാലത്തെക്കുറിച്ചാണ്‌ പറയുന്നത്‌. ഇടതുപക്ഷ പുരോഗമന സാഹിത്യകാരന്മാരുടെ വരണ്ട ഭാഷയും കാഴ്‌ചയുടേയും ശൈലിയുടേയും അഭാവവും അവരുടെ കൃതികളെ സാഹിത്യമല്ലാതാക്കി. പക്ഷേ ഞാന്‍ എന്‍േറതായ രീതിയിലായിരുന്നു പ്രതികരിച്ചത്‌. ഉദാഹരണം ദിനോസറുകളുടെ കാലംതന്നെ. അവര്‍ക്കൊന്നും ഇത്‌ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. അക്കാലത്തല്ല എക്കാലത്തും സാധിക്കില്ല. അതിലെ ഭാഷയും ശൈലിയുമൊക്കെ ആധുനികതയില്‍ നിന്ന്‌ വന്ന ഒരാള്‍ക്കേ എളുപ്പമാകൂ. മറ്റുള്ളവര്‍ക്ക്‌ അത്‌ അസാധ്യമെന്നു പറയുന്നില്ല.
 
അമേരിക്കയിലെ പുതിയ എഴുത്തുകാര്‍ പോലും അവിടെ ചെറിയ ലോകത്തെ, ചെറിയ ചെറിയ സമകാലീനപ്രശ്‌നങ്ങളെക്കുറിച്ചാണ്‌ പറയുന്നത്‌. എഴുത്തിന്‌ ഒരു സ്ഥലത്ത്‌ നില്‍ക്കാന്‍ കഴിയില്ല. പ്രമേയങ്ങള്‍ക്കും ഒരു സ്ഥലത്ത്‌ സ്ഥിരമായി നില്‍ക്കാന്‍ കഴിയില്ല. ഭാഷയും പ്രമേയവും ശൈലിയും സഞ്ചരിക്കുന്നതിനോടൊപ്പം എഴുത്തുകാരും സഞ്ചരിക്കണം. വായനക്കാരും സഞ്ചരിക്കണം. ഈയൊരു മുവ്‌മെന്‍റില്‍ ഞാന്‍ വിശ്വസിക്കുന്നു. നിലപാടുകള്‍ മാറ്റാതെ ഒരു സ്ഥലത്തു ഉറഞ്ഞുപോകുന്നത്‌ വലിയ അപകടമാണ്‌. ഭാഷ, ശൈലി എന്നിവയൊക്കെ നവീകരിക്കുക ആവശ്യമാണ്‌.
 
എഴുത്തുകാരന്‍െറ സ്വകാര്യതയ്‌ക്ക്‌ പല മാനങ്ങളാണ്‌. അവന്‍െറ ഏകാന്തതയിലേയ്‌ക്ക്‌്‌, ധ്യാനത്തിലേയ്‌ക്ക്‌ വായനക്കാര്‍ അതിക്രമിച്ചു കടക്കുമ്പോള്‍...
 
കേരളത്തില്‍ ശക്‌തമായ വായനാസമൂഹമുണ്ട്‌. എല്ലാം തിരിച്ചറിയുന്ന, എഴുത്തുകാരനോടൊപ്പം നടക്കാന്‍ തയാറായിട്ടുള്ള ഒരുപറ്റം വായനക്കാര്‍. എന്നെപ്പോലുള്ളവരെ നിലനിര്‍ത്തുന്നത്‌ അവരാണ്‌. ഇതില്‍ വ്യത്യസ്‌തമായി ഞാനിവിടെ കണ്ടത്‌ എഴുത്തുകാരന്‍െറ സ്വകാര്യത- പ്രൈവറ്റ്‌ സ്‌പെയിസ്‌- വായനക്കാരനായാലും രാഷ്‌ട്രീയക്കാരനായാലും സാംസ്‌ക്കാരിക പ്രവര്‍ത്തകനായാലും അംഗീകരിക്കുന്നില്ല. ദല്‍ഹിയില്‍ ജീവിക്കുമ്പോഴും എന്‍േറതായ ഒരു ചെറിയ സ്‌പെയിസ്‌ ഞാന്‍ കാത്തുസുക്ഷിച്ചിരുന്നു. ഇവിടെ വായനാസമൂഹം എഴുത്തുകാരനെ കാണുന്നത്‌ പൊതുസ്വത്തായാണ്‌. എല്ലാത്തിനേയും ജനാധിപത്യവല്‍ക്കരിക്കാനുള്ള ഒരു ശ്രമമാണത്‌. ഇങ്ങനെ ജനാധിപത്യവല്‍ക്കരിച്ച്‌ എഴുത്തുകാരന്‍െറ സ്വകാര്യതയേയും കുടുംബത്തേയും മക്കളേയും പ്രേമത്തേയുമൊക്കെ ജനാധിപത്യവല്‍ക്കരിക്കുന്ന ഒരു രീതിയിലേയ്‌ക്ക്‌ നാം മാറിയിരിക്കുന്നു. ഇത്‌ വലിയൊരു പ്രശ്‌നമാണ്‌. എഴുത്തുകാരനെന്ന അവസ്ഥയിലുള്ള ഒരു ലോകം വേണ്ട എന്നാണവര്‍ പറയുന്നത്‌. അത്‌ അമിതമായ രാഷ്ട്രീയവല്‍ക്കരണം കൊണ്ട്‌ സംഭവിച്ചതാണ്‌. അതിന്‍െറ ദൂഷ്യവശങ്ങള്‍ വളരെ വലുതാണ്‌. സ്വന്തയായൊരു സ്‌പെയിസ്‌ ഇല്ലാതെ ഒരു സൃഷ്ടിയും സാധിക്കില്ല. എഴുത്തുകാരന്‌ മൗനം ആവശ്യമാണ്‌, ധ്യാനം ആവശ്യമാണ്‌. ഇതു പറഞ്ഞാല്‍ ബൂര്‍ഷ്വാസങ്കല്‍പ്പമാണെന്ന്‌ ജനം പറയും. എഴുത്തുകാരന്‍െറ സ്വകാര്യത നശിപ്പിക്കണം എന്നു പറയുന്നതിനോട്‌ എനിക്ക്‌ യോജിക്കാനാവില്ല. മികച്ച കൃതികള്‍ എഴുതിയിട്ടുള്ളവര്‍ സ്വന്തം ഏകാന്തത സുക്ഷിച്ചിട്ടുള്ളവരാണ്‌. എഴുത്തുകാരന്‍െറ ഏകാന്തതയിലേയ്‌ക്ക്‌, ധ്യാനത്തിലേയ്‌ക്ക്‌ അതിക്രമിച്ചു കടക്കുമ്പോള്‍ അവിടെ രചന തന്നെ അപകടപ്പെടുകയാണ്‌. ആ ഒരു ഭയം എന്നെ അലട്ടുന്നു.
 
കക്ഷിരഹിതനല്ലാത്ത വായനക്കാരനെ സംശയങ്ങളിലും വിവാദങ്ങളിലും കുരുക്കിയ നോവലായിരുന്നു കേശവന്‍െറ വിലാപങ്ങള്‍.
 
ഇ എം എസിനെക്കുറിച്ച്‌ എന്തെങ്കിലും എഴുതുക എന്നത്‌ ഒരാഗ്രഹമായിരുന്നു. ആ പുസ്‌തകത്തിനു വേണ്ടി പല വഴികളിലൂടെ കടന്നുപോയിട്ടുണ്ട്‌. അപ്പോള്‍ എനിക്ക്‌ തോന്നി എഴുത്തിന്‍െറ പ്രശ്‌നങ്ങള്‍ തന്നെ പ്രശ്‌നവല്‍ക്കരിച്ചിട്ട്‌ അത്‌ വിഷയമാക്കണമെന്ന്‌. അങ്ങനെയാണ്‌ ഇ എം എസ്‌ കടന്നുവന്നത്‌. പലരും കേശവന്‍െറ വിലാപങ്ങള്‍ വായിച്ചിട്ടു പറഞ്ഞു ഇതില്‍ ഇ എം എസ്‌ ഇല്ലല്ലോ എന്ന്‌. അദ്ദേഹം ഒരു തുറന്ന പുസ്‌തകമാണ്‌. സാധാരണഗതിയിലുള്ള ഒരു നോവല്‍ വളരെ എളുപ്പമാണ്‌. എനിക്ക്‌ തോന്നി അതുവേണ്ട. തികച്ചും വ്യത്യസ്‌തമായ, നേരത്തെ പറഞ്ഞ എഴുത്തിന്‍െറ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി, ഇ എം എസിന്‍െറ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ഒരു സൃഷ്ടി. എഴുതിക്കൊണ്ടിരിക്കുമ്പോള്‍ എനിക്ക്‌ തോന്നി കേശവന്‍ കുറശ്ശെ ഞാന്‍ തന്നെയായിമാറുന്നുണ്ടോ എന്ന്‌. എന്‍െറ ചില സംശയങ്ങള്‍, ചിന്തകള്‍, ചില അനുഭവങ്ങള്‍വരെ ഞാന്‍ കേശവനിലേയ്‌ക്ക്‌ പകര്‍ത്തിയിട്ടുണ്ട്‌.
 
പക്ഷേ, ഒരു സാമ്പ്രദായിക നോവലായിരുന്നു വായനക്കാര്‍ പ്രതീക്ഷിച്ചത്‌. ആദ്യമത്‌ വായനക്കാരെ നിരാശപ്പെടുത്തി. എല്ലാ ചര്‍ച്ചകളും ചുരുങ്ങിയത്‌, ``ഇത്‌ കമ്യൂണിസ്റ്റ്‌പക്ഷ രചനയാണോ, കമ്യൂണിസ്‌ണിറ്റ്‌വിരുദ്ധ രചനയാണോ'' എന്നതിലായിരുന്നു. മറ്റൊരു കൃതിയും ഇത്രമാത്രം വിവാദങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിട്ടില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ സംവാദങ്ങള്‍ എനിക്ക്‌ സന്തോഷം നല്‍കി. പക്ഷേ കേശവന്‍െറ വിലാപങ്ങള്‍ ഉയര്‍ത്തുന്ന ഒരുപാട്‌ പ്രശ്‌നങ്ങളുണ്ട്‌, സമസ്യകളുണ്ട്‌. അതൊന്നും വായനക്കാര്‍ കണ്ടില്ല.
 
പുലയപ്പാട്ടിന്‍െറ സമര്‍പ്പണത്തില്‍: ഒരു പഴയ കഥയാണ്‌. അന്ന്‌ ഞാന്‍ ദല്‍ഹിയിലെ ലജ്‌പത്‌ നഗറില്‍ താമസിക്കുകയാണ്‌. ഒരു ദിവസം രാവിലെ ഓഫീസിലേയ്‌ക്ക്‌ പോകാന്‍ വേണ്ടി ബസ്‌സ്റ്റോപ്പിലേയ്‌ക്ക നടക്കുമ്പോള്‍ അവിടെ ഒരു തൂപ്പുകാരി റോഡ്‌ തൂത്തുകൊണ്ടിരിക്കുന്നത്‌ കണ്ടു. ദല്‍ഹിലെ തൂപ്പുകാര്‍ ഹരിജനങ്ങളാണ്‌. തൂപ്പുകാരിയുടെ ചൂലിന്‍െറ അറ്റം അവളറിയാതെ അതിലെ വന്ന ഒരാളെ തൊട്ടുപോയി. സവര്‍ണനായ അയാള്‍ ഉടനെ തിരിഞ്ഞു നിന്നു ചീത്തവിളിക്കുകയും അടിക്കുകയും ചെയ്‌തു. ഒരു അടികൊണ്ടപ്പോള്‍ത്തന്നെ അവര്‍ റോഡില്‍ വീണു. അയാള്‍ വീണ്ടുവീണ്ടും അടിച്ചു. അവളുടെ വായില്‍ നിന്ന്‌ ചോര ഒഴുകി. മുപ്പതുവര്‍ഷമായി ആസംഭവം മായാതെ എന്‍െറ മനസ്സില്‍ കിടക്കുന്നു. കേരളത്തില്‍ ദളിത്‌ പീഡനം ചരിത്രത്തിന്‍െറ ഭാഗം മാത്രമാണ്‌. പക്ഷേ, ഉത്തരേന്ത്യയില്‍ അത്‌ വര്‍ത്തമാനകാലത്തിന്‍െറ നൊമ്പരമാണ്‌...
 
ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന നിസ്സഹായത ഉണ്ടാകാറുണ്ട്‌. ആ സമയത്ത്‌ പോക്കറ്റില്‍ തോക്കുണ്ടെങ്കില്‍ വെടിവച്ചിട്ടുണ്ടാകും. വടക്കന്‍ കേരളത്തിലെ മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഷയാണ്‌ അതില്‍ ഉപയോഗിച്ചിരിക്കുന്നത്‌. പുലയരുടെ പല പ്രയോഗങ്ങളും അതില്‍ ഞാന്‍ റെക്കോര്‍ഡ്‌ ചെയ്‌തുവയ്‌ക്കാന്‍ കഴിഞ്ഞു. കീഴ്‌ജാതിക്കാരായ തീയന്‍െറ മനസിലും ഒരു സവര്‍ണബോധമുണ്ടായിക്കും എന്ന്‌ ഞാനതില്‍ വിവരിക്കുന്നുണ്ട്‌. നാല്‍പതുവര്‍ഷത്തോളം നാട്ടില്‍നിന്ന്‌ അകന്നു നിന്നിട്ടുള്ള ഓര്‍മ്മകളാണ്‌ അതില്‍ തിരിച്ചുപിടിച്ചിരിക്കുന്നത്‌. അതിന്‍െറ ആശയാവിഷ്‌ക്കരണത്തില്‍ നിരവധി സംഭവങ്ങളുണ്ട്‌. പിന്നെ എന്‍െറ മുന്നില്‍ കെ ആര്‍ നാരായണനുണ്ടായിരുന്നു. പലപ്പോഴും കണ്ടിട്ടുണ്ട്‌, സംസാരിച്ചിട്ടുണ്ട്‌. അങ്ങനെയാണ്‌ ഈ ലോകം ഉണ്ടായത്‌. 
 
നാല്‍പതു വര്‍ഷത്തിനു ശേഷം ദല്‍ഹി വിട്ട്‌ അടച്ചിട്ടിരുന്ന വീട്‌ തുറന്നു അകത്തു കയറുമ്പോള്‍ മയ്യഴിയിലെ മാറ്റത്തെക്കുറിച്ച്‌ ബോധവാനാകുന്ന നിമിഷം...
 
മയ്യഴി മുഴുവാന്‍ മാറി. പക്ഷേ കഥാപാത്രങ്ങള്‍ മാത്രം മാറിയിട്ടില്ല. കഥാപാത്രങ്ങള്‍ ഒരുപക്ഷേ ഇന്ന്‌ വായനക്കാരുടെ മനസ്സിലാണ്‌. കൊഴമ്പിയമ്മ ഇന്ന്‌ വായനക്കാരുടെ മനസ്സില്‍ ജീവിക്കുകയാണ്‌. നാം തമ്മില്‍ കണ്ടുമുട്ടുന്നതിന്‌ മുമ്പാണ്‌ രണ്ടു ചെറുപ്പക്കാര്‍ മയ്യഴി കാണാന്‍ വന്നത്‌. അതും എം ടിയുടെ നാടായ കൂടല്ലൂരില്‍ നിന്ന്‌. അവര്‍ മയ്യഴി വായിച്ചവരാണ്‌. അവരുടെ മനസ്സില്‍ കഥാപാത്രങ്ങളുണ്ട്‌. മയ്യഴിയില്‍ കഥാപാത്രങ്ങളില്ല. കുറെ മനുഷ്യരെ ഞാന്‍ റെക്കോര്‍ഡ്‌ ചെയ്‌തുവച്ചു. പുലയപ്പാട്ടില്‍ ഒരു ഭാഷ റെക്കോര്‍ഡ്‌ ചെയ്‌തുവച്ചതു പോലെ. അതാണ്‌ എഴുത്തുകാരന്‌ നല്‍കുന്ന സംതൃപ്‌തി. ടോല്‍സ്റ്റോയി പറഞ്ഞ ആ കാലം ഇന്നില്ല. ആ സംഭവങ്ങളില്ല. പലപ്പോഴും പിറകോട്ടു പോയാലാണ്‌ മനസ്സിലാക്കാന്‍ കഴിയുക. ഞാനാരാണ്‌ എന്ന ചോദ്യം എന്‍െറ മിക്ക കഥകളിലുമുണ്ട്‌. അതിനെ പരിഹസിക്കുന്ന പുതിയ വിമര്‍ശകരുണ്ട്‌. കാരണം വര്‍ത്തമാന കാലത്തുനിന്ന്‌ അവര്‍ക്ക്‌ പിറകോട്ടുപോകാന്‍ കഴിയുന്നില്ല. അന്നത്തെ കാലത്തിലേയ്‌ക്ക്‌ പോയി നാം മയ്യഴി വായിക്കണം. വര്‍ത്തമാനകാലത്തില്‍ നിന്ന്‌ യുദ്ധവും സമാധാനവും വായിച്ചാല്‍ അബ്‌സേഡായി തോന്നാം. ആകാലം, അന്നത്തെ സാമൂഹ്യാവസ്ഥ ഇതൊക്കെ നാമറിയണം.
 
ഇന്നാണ്‌ മയ്യഴി എഴുതുന്നതെങ്കില്‍...
 
അന്ന്‌ ഞാന്‍ വളരെ റോയാണ്‌. വയസ്സ്‌ ഇരുപത്തഞ്ച്‌. കുറച്ചേ വായിച്ചിട്ടുള്ളു. സാഹിത്യ സിദ്ധാന്തങ്ങളും അറിയില്ല. അതിനൊരു കരുത്തുണ്ട്‌. ഒന്നും അറിയായ്‌മയില്‍ നിന്നുള്ള കരുത്ത്‌. ഇന്നാണെങ്കില്‍ വളരെ നൈസര്‍ഗികമായിട്ട്‌, വളരെ സ്‌പൊണ്ടേനിയസ്‌ ആയി എനിക്കെഴുതാന്‍ കഴിഞ്ഞെന്നുവരില്ല. ഒളരെ ആലോചനവേണ്ടിവരും. ഇന്ന്‌ എന്‍െറ കാഴ്‌്‌ച്ചപ്പാടും മാറിയിരിക്കുന്നു. സിദ്ധാന്തങ്ങള്‍ സര്‍ഗാത്മകതയെ ബാധിക്കും. നിഗൂഡതകളും സങ്കീരണതകളും സര്‍ഗാത്മകതയെ സഹായിക്കും. സാഹിത്യത്തിന്‍െറ ശത്രുവാണ്‌ ലോജിക്ക്‌. നമ്മുടെ മനസ്സ്‌ യുക്‌തിക്ക്‌ അടിമപ്പെട്ടാല്‍ പിന്നെ സാഹിത്യമുണ്ടാവില്ല. ഞാന്‍ വളരെ ചെറുപ്പത്തില്‍ എഴുതിയ നോവലാണ്‌ ആകാശത്തിന്‌ ചുവട്ടില്‍. അക്കാലത്ത്‌ സാമൂഹ്യനീതിയെക്കുറിച്ച്‌ ചിന്തിച്ചിരുന്നു. കഷ്ടപ്പെടുന്ന ഒരു കുട്ടിയെക്കുറിച്ചുള്ള ചിന്തകള്‍. ദൈവമോ പ്രകൃതിയോ ചെയ്‌തിട്ടുള്ള നിയമലംഘനത്തെ തിരുത്തുക എന്നത്‌ എഴുത്തുകാരന്‍െറ ധര്‍മ്മമാണെന്ന തോന്നല്‍. ഇത്ര വലിയ പദപ്രയോഗമൊന്നും എനിക്കറിയില്ല. പക്ഷേ ഏകദേശം ആശയം ഇതായിരുന്നു. അതിന്‍െറ ഫലമാണ്‌ ആകാശത്തിന്‌ ചുവട്ടില്‍ എന്ന ആദ്യകൃതി. 
 
(തുടരും) 
 
(ചിന്ത പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച പി കെ ശ്രീനിവാസന്റെ സര്‍ഗസാക്ഷ്യം- സൃഷ്‌ടിയുടെ പഞ്ചമുഖങ്ങള്‍ എന്ന പുസ്‌തകത്തില്‍നിന്ന്‌. മുകുന്ദന്റെ അഭിമുഖത്തിലെ പ്രസക്ത ഭാഗം)

Leave a comment

Make sure you enter the (*) required information where indicated. HTML code is not allowed.