ബോളിവുഡ് താരം നന്ദ അന്തരിച്ചു

posted on:

26 Mar 2014


മുംബൈ: ബോളിവുഡിന്റെ ആദ്യകാലതാരം നന്ദ (75) ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയില്‍ അന്തരിച്ചു. വര്‍സോവയിലെ വസതിയിലായിരുന്നു അന്ത്യം. തീന്‍ ദേവിയാന്‍, ഗുമംനാം, ദൂല്‍ കാ ഫൂല്‍, ദുല്‍ഹന്‍, ബാബി, നയാ സന്‍സാര്‍, ജബ് ജബ് ഫൂല്‍ കിലെ, മസ്ദൂര്‍, പരിണീത ഉള്‍പ്പെടെ എഴുപത്തിമൂന്നിലധികം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ഹിന്ദിയിലും മറാഠി സിനിമകളിലും അഭിനയിച്ചു.മറാഠി നടനും സംവിധായകനുമായിരുന്ന മാസ്റ്റര്‍ വിനായകിന്റെ മകളാണ്. വി. ശാന്തറാമിന്റെ മരുമകളാണ്. കോലാപ്പുരിലായിരുന്നു ജനനം. 1956ല്‍ വി. ശാന്താറാം സംവിധാനം ചെയ്ത 'തൂഫാന്‍ ഔര്‍ ദിയ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1959ല്‍ ബല്‍രാജ് സാഹ്നിക്കൊപ്പം 'ഛോട്ടി ബഹനി'ലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ശശി കപൂറിന്റെ ജോഡിയായാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ജബ് ജബ് ഫൂല്‍ കിലെ എന്ന ചിത്രമാണ് ഇതില്‍ പ്രധാനം. രാജേഷ് ഖന്നയോടൊപ്പം ദ ട്രെയിന്‍ എന്ന ചിത്രത്തിലും ഋഷി കപൂറിനൊപ്പം പ്രേംരോഗ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ദേവാനന്ദിനൊപ്പം 'കാലാബസാറി'ലും അഭിനയിച്ചു.

സിനിമാ നിര്‍മാതാവ് മന്‍മോഹന്‍ ദേശായിയുമായി വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍, അകാലത്തില്‍ ടെറസില്‍നിന്ന് വീണ് മന്‍മോഹന്‍ ദേശായി മരിച്ചതോടെ അവിവാഹിതയായി ജീവിക്കുകയായിരുന്നു.

ശവസംസ്‌കാരം വര്‍സോവയില്‍ നടന്നു. ബോളിവുഡിലെ പ്രമുഖര്‍ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.